ആക്രിക്കട

പത്രമാസികകളേറെ കെട്ടിക്കിടപ്പുണ്ടെന്‍
തട്ടിന്‍പുറം ചിതലരിച്ചു തുടങ്ങിനാന്‍
മല്‍ പ്രിയതമ വന്നു തെല്ലുനീരസത്തോടെ
ചൊല്ലിനേനിപ്രകാരം “മല്പ്രിയാ കേട്ടുകൊള്‍ക
തട്ടിന്‍പുറമാകെ ചിതലരിച്ചയ്യോ പത്രമാസികകള്‍
കൂമ്പാരം കെട്ടിപ്പൂട്ടി വെച്ചതിന്‍ ഫലമാകാം
ഇന്നത് മാറ്റിവേഗം ചെന്നാക്രിക്കടയതില്‍
കൊടുത്തുവരിക നീ തെല്ലുമേ മടിയാതെ
പ്രിയ തന്‍ രോഷം പൂണ്ട നോട്ടമേല്‍ക്കാന്‍ വയ്യാതെ
കയറീ തട്ടിന്‍ പുറത്തുള്ളൊരാ പത്രക്കെട്ടും
വര്‍ഷമേറെയായ് ഞാന്‍ നിധിപോല്‍ കാത്തുകാത്തൊരാ
കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ തന്‍ കുടീരങ്ങളാകെ
പത്രവും മാസികയും ഒക്കെയും കെട്ടിപ്പൂട്ടി
കൊച്ചു കൈവണ്ടി തന്നില്‍ കരേറ്റിടിനേന്‍ ഞാനും
മല്പ്രിയതമയവള്‍ ചൊന്നപോല്‍ ശീഘ്രമുടന്‍
തൊട്ടടുത്തുള്ളോരാക്രിക്കടയില്‍ചെന്നേന്‍ തോഴാ
എത്രയുണ്ടിതെന്നൊന്നു തൂക്കി നോക്കുമോ ഭവാന്‍ ?
എന്ന് ഞാന്‍ ചോന്നതൊട്ടും പിടിച്ചില്ലാക്രിക്കാരന്‍
തെല്ലു പുച്ഛത്തോടുടന്‍ ഉര ചെയ്താനവന്‍
കേള്‍ക്കു നീ തൂക്കാനും അളക്കാനും ഒന്നുമില്ല
ത്രാസും കേടാണ് പിന്നെ എന്നനുഭവം വെച്ച്
ചൊല്ലാം,ഞാന്‍ തരാം അമ്പത്താറുരൂപയിതിന്നാകെ
വേണമെങ്കില്‍ രൂപ വാങ്ങി താങ്കള്‍ക്ക് പോകാം
എത്രയും പരിതാപമോടെ ഞാന്‍ നിന്നീടവേ
തുരുമ്പിച്ച സൈക്കിള്‍ ചക്രങ്ങള്‍ക്കിടയിലാ
കെട്ടിവെച്ചോരു നല്ല പുസ്തകശേഖരങ്ങള്‍,
ഉള്ളൂരും, വള്ളത്തോളും,ആശാനും, ചെറുശ്ശേരി,
പിന്നെ ജി ശങ്കരക്കുറുപ്പിന്‍ കൃതികളും
ഒക്കവേ അലസമായ് ഇട്ടിരിപ്പൊരുകോണില്‍
തൊട്ടടുത്തഹോ മാറും, മൊഞ്ചുള്ളയുടല്‍കാട്ടി
ചിത്രകന്യകകള്‍ പുറംചട്ടയില്‍ കൊതിപ്പിക്കും
ഒത്തിരി പുസ്തകങ്ങള്‍ വൃത്തിയായടുക്കിയാ
ക്കടയില്‍ വില്‍ക്കാനായി വച്ചിരുന്നത് കണ്ടേന്‍
എന്തു വില ഈ പുസ്തകങ്ങള്‍ക്കൊക്കെ ഞാനും
തെല്ലു ശങ്കയോടൊന്നു കേട്ടതും ചൊല്ലിയവന്‍
അക്കോണിലിരിക്കുന്ന ചപ്പുചവറുകള്‍ക്കെല്ലാം
മൊത്തമായ് അഞ്ചുരൂപ പിന്നെയീകാണുന്നൊരാ
കൊച്ചു പുസ്തകങ്ങള്‍ക്കോരോന്നിനും വേണം
പത്തിന്റെ പുത്തന്‍ നോട്ടു കേള്‍ക്കു നീ മല്‍ സുഹൃത്തെ
ഓര്‍ത്തുപോയ് ഞാനിന്നീ കേരളക്കരയിലെ
സാക്ഷരരാം പൊന്മക്കള്‍ക്കാട്ടുന്നോരാഭാസങ്ങള്‍
വേണ്ടവര്‍ക്കിന്നീ മഹത്തുക്കള്‍തന്‍ കൃതികളും
അക്ഷരമാത്മാവുമുള്ള ചേതനാസന്തതികള്‍
വേണ്ടതതൊന്നുമാത്രമക്ഷരമറിയാത്ത
പാമരര്‍ മദ്യത്തിന്റെ ലഹരിയില്‍ തീര്‍ത്ത
സഭ്യതക്കുതകാത്തസന്മാര്‍ഗ്ഗ സാഹിത്യത്തിന്‍
താളുകള്‍ വായിക്കുവാന്‍ വേണ്ടതൊന്നുമാത്രം.

Generated from archived content: poem1_july5_12.html Author: ajay_menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here