അന്ന് ഭാരം ചുമപ്പോര്‍ക്ക് കല്ലത്താണിയും,
അന്തിക്ക് ചേക്കേറാന്‍ വഴിയമ്പലങ്ങളുമുണ്ടായിരുന്നു,
അന്ന് പാതവക്കത്ത് തണല്‍മരങ്ങള്‍
നിഴല്‍പ്പാവിരിച്ചു തേന്‍കനി നല്‍കി സ്വീകരിച്ചിരുന്നു,
അന്ന് നറും പാല്‍ തുളുമ്പും ചില്ലുകുപ്പികളേന്തി
ചെറുകിടാങ്ങള്‍ വീടുകള്‍തോറും നന്മ വിതറിയിരുന്നു
അന്ന് മാമാരച്ചില്ലകളില്‍ കരിംകാക്കകള്‍
കൂട്കൂട്ടി ച്ചുറ്റുവട്ടാരം കൊത്തിമിനുക്കിയിരുന്നു,
അന്ന് പുഴുവും പുല്‍ച്ചാടിയുമൊത്തുകൂടി
കുനുകുനെ മണ്ണിലുണ്മ നിറച്ചുകനിഞ്ഞിരുന്നു,
അന്ന് മാങ്കൊമ്പിലിരുന്നണ്ണാറക്കണ്ണന്‍
കുഞ്ഞുങ്ങളോട് കലപിലെ കിന്നാരം പറഞ്ഞിരുന്നു
അന്ന് പുഞ്ചപ്പാടങ്ങളില്‍ സ്വര്‍ണം വിളഞ്ഞു
നൂറുമേനി ,കര്‍ഷകര്‍ക്കുള്ളം കുളുര്‍ത്തിരുന്നു
ഇന്നോ
ഇന്ന് ഭാരമിറക്കാന്‍ വേണം ഭാരിച്ച മടിശ്ശീല
നോക്കുകൂലിയും പിന്നെയാരാന്റെയാട്ടും, തുപ്പും
ഇന്ന് പാത വക്കത്തെയാ വന വൃക്ഷങ്ങളപ്പാടെ
വേരോടെ പിഴുതങ്ങു നടപ്പാതകളാവുന്നു.
ഇന്ന് പ്ലാസ്റ്റിക് പഞ്ചരങ്ങള്‍ തന്നുള്ളില്‍ മൂടിക്കെട്ടി
ക്ഷീരമെന്നു പേരുള്ളോരു സാധനം കിട്ടുമല്ലോ
ഇന്ന് ട്രാഫിക് ലൈറ്റിന്‍ സോളാര്‍പാനലിന്‍
കീഴേകാക്കകള്‍ക്കെല്ലാമോരോഫ്ലാറ്റതുംകണ്ടേന്‍ ഞാനും
ഇന്ന് മണ്ണില്‍ നല്‍ വിളകള്‍ മുളക്കൊലാ
നഞ്ഞുറയും പ്ലാസ്റ്റിക്കവറിന്‍ കൂമ്പാരങ്ങള്‍
ഇന്ന് മാങ്കൊമ്പില്ലണ്ണാറക്കണ്ണനോ വരുകില്ല
നറുപുഞ്ചിരി തൂകാന്‍ മറന്നൂ കിടാങ്ങളും
ഇന്ന് ടിവി ,കമ്പ്യുട്ടര്‍, തുറന്നു വച്ചു പിള്ളേര്‍
നേടുന്നൂ പരിചയം രതിവൈകൃതങ്ങളില്‍,
ഇന്ന് പുഞ്ചപ്പാടങ്ങളില്ലുള്ളതോ കോണ്‍ ക്രീറ്റ്സൌധ
മെങ്ങെങ്ങും,പാതവക്കില്‍ ശീതള ഛായയുമില്ല;
എരിയും വെയിലിതില്‍ ഉരുകുന്നിന്നുഞാനും
എഴുതും കരങ്ങളും തളര്‍ന്നു പോകുന്നയ്യോ.
Generated from archived content: poem1_july14_12.html Author: ajay_menon