വ്യാമോഹം.

പോകണം പിന്നിട്ടൊരാ –
വീഥികള്‍ തോറും വീണ്ടും,
ഏറിവന്നീടും മോഹം
എന്നുള്ളില്‍ നിറയവേ,
കാലത്തെ വെല്ലാനാര്‍ക്കും
ആവതല്ലല്ലോ പക്ഷെ,
ഏറിടാം മനോരഥ മേറ്റ-
മുത്സാഹത്തോടെ,
നാവോറു പാടും പാണന്‍,
ആടുന്ന തെയ്യങ്ങളും,
ചോരയും ചിന്തിയാര്‍ത്തു-
തുള്ളുന്ന കോമരവും,
നാഗങ്ങള്‍ പിണയുന്ന
കാവുകള്‍ , പിന്നെ ച്ചെറു-
മീനുകള്‍ പുളക്കുന്ന
നല്ലാമ്പല്‍ കുളങ്ങളും,
അന്തിക്കു നിലവിളക്കേന്തി-
ശ്രീരാമ നാമം ചൊല്ലുന്ന
പെണ്കിടാവും, പിന്നെയാ
ത്തൊടിയിലെ മുത്തശ്ശി മാവും,
തെന്നലാലോലമാടി ത്തിമിര്‍-
ത്താര്‍ക്കുന്ന ചെറു വയല്‍
ത്തുമ്പികള്‍ , തേന്‍ ചുരത്തും
കുഞ്ഞരി ത്തുമ്പപ്പൂവും,
എന്നിനി വീണ്ടും ഞാനാ-
പാടത്തു പൂക്കും കതിര്‍
പൊന്നിന്‍റെ പുതു മണം
മാറാത്ത പൂഞ്ചേലതന്‍
തുമ്പത്തു പിടിച്ചൊന്നു
കുഞ്ഞിളം പല്ലും കാട്ടി
ച്ചിരിച്ചും, നന്ദിനി പ്പയ്യിന്‍
വിക്രിതി ക്കിടാവിന്‍റെ
താരിളം മെയ്യില്‍ കുത്തി
നോവിച്ചും, രസിച്ചൊട്ടു
കളിച്ചും ,പിന്നെയന്നെന്‍
കയ്യിലെ പര്‍പ്പടകം
കവര്‍ന്ന കരിം കാക്ക
ചെന്നിടം നോക്കി, തെല്ലു
കരഞ്ഞും, പിന്നെ ക്കാണാ
ക്കുയിലിന്‍ പാട്ടിന്നെതിര്‍
പാട്ടുമായ് മരച്ചോട്ടില്‍
തളര്‍ന്നു മയങ്ങവേ
അമ്മ വന്നുണര്‍ത്തിയ
ക്കരങ്ങള്‍ രണ്ടും പിടിച്ചു
മ്മറക്കോലായിലെ ത്തിണ്ണയില്‍
കിടത്തിയിട്ടഞ്ചാറു പറഞ്ഞതും
ഉമ്മറക്കഴുക്കോലില്‍
അന്തിക്കു കൊളുത്തിയ
പുകഞ്ഞു കത്തും റാന്തല്‍
വിളക്കിന്‍ ചുറ്റും പാറും
ചിതല്‍ പാറ്റകള്‍, പിന്നെ
ചൊരിയും പേമാരിയില്‍
കരയും തവളകള്‍,
ചീവീടും മേല്‍ക്കുമേലെ,
മഴതോരുമ്പോള്‍ക്കാണു
മാകാശക്കീറില്‍ വന്നു
ചിരിക്കും താരങ്ങളും,
എന്‍ പ്രിയ തോഴര്‍ നിങ്ങള്‍
എങ്ങുപോയ് മറഞ്ഞിന്നു
വരുമെന്നോര്‍ത്തോര്‍ത്തു ഞാന്‍
കാലങ്ങള്‍ കഴിക്കുന്നു.

Generated from archived content: poem1_dec6_12.html Author: ajay_menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here