നിലക്കാത്ത ചിത്രതരംഗം

മലയാളി മനസ്സിൽ ആഴത്തിൽ പതിഞ്ഞതാണ്‌ ചിത്രയുടെ സ്വരമാധുരി. രാത്രിമഴയുടെ സംഗീതംപോലെ വറ്റാത്ത ഗൃഹാതുരതയിലേക്ക്‌ തളളിവിടുന്ന ശബ്‌ദസാന്നിധ്യം. മികച്ച ഗായികക്കുളള എട്ടാമത്‌ ദേശീയ അവാർഡിലൂടെ വീണ്ടും മലയാളത്തിന്റെ അഭിമാനമായിരിക്കുകയാണ്‌ ദൈവീകത കളിയാടുന്ന ഈ ശബ്‌ദം.

ഭരദ്വരാജ്‌ ഈണം പകർന്ന തമിഴ്‌ ഗാനത്തിലൂടെയാണ്‌ ഇക്കുറി ചിത്ര പുരസ്‌കാരത്തിന്‌ അർഹയായത്‌. ‘ഓട്ടോഗ്രാഫി’ലെ ‘ഒവ്വൊരു പൂക്കളുമേ ശൊൽകിറതേ വാഴ്‌വെന്നാൽ പോരാടും പോർക്കളമേ’ എന്ന ഗാനം ആത്മാർത്ഥതയോടെ ആലപിച്ചതിനാണ്‌ അംഗീകാരം. ഉച്ചാരണ മികവിലും ഭാവപൂർണിമയിലും മറ്റെല്ലാ തമിഴ്‌ ഗായികമാരെയും ഈ ഗാനത്തിലൂടെ ചിത്ര പിന്തളളി എന്നതാണ്‌ വാസ്‌തവം. ഭാഷ ഏതുമാകട്ടെ നൂറുശതമാനം ആത്മാർത്ഥതയാണ്‌ ഈ മലയാളി ഗായികയുടെ ലക്ഷ്യം. ചിത്രയുടെ സ്വരസാന്നിധ്യമില്ലാത്ത ഒരുദിവസം മലയാളിക്ക്‌ സങ്കല്പിക്കാൻപോലും കഴിയില്ല. റേഡിയോയും ടെലിവിഷനും തുറന്നാൽ ചിത്രയുടെ ഒരുവരി പാട്ടിൽ ഒരായിരം പാട്ടിന്റെ സഫലതയുമായി മാത്രമേ നമുക്ക്‌ പിന്തിരിയാനാകൂ. മെഗാ പരമ്പരകളുടെ അവതരണ ഗാനങ്ങളിലേറെയും ഈ ഗായികയുടെ ശബ്‌ദത്തിൽ പിറന്നവയാണ്‌.

യുവഗായികമാരുടെ തളളിക്കയറ്റത്തിലും ഇന്നും മുൻനിരയിൽ തന്നെയാണ്‌ ചിത്രയുടെ സ്ഥാനം. പുഞ്ചിരിക്കുന്ന മുഖവുമായി മാത്രം സ്‌റ്റേജ്‌ ഷോകളിൽ പ്രത്യക്ഷപ്പെടുന്ന ഈ ഗായിക യുവഗായകരെപ്പോലെ ഇളകിയാട്ടത്തിലൂടെയല്ല ശ്രോതാക്കളുടെ മനസ്സിൽ ഇടം തേടിയതെന്നതും ശ്രദ്ധേയമാണ്‌. അർധശാസ്‌ത്രീയഗാനങ്ങൾക്കുപോലും അറിയാതെ ചുവടുവെക്കുന്ന യുവഗായകർ ചിത്രയെ മാതൃകയാക്കേണ്ടതാണ്‌.

‘അച്ചുവിന്റെ അമ്മ’യിലെ ‘എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ’ എന്ന ഗാനത്തിലൂടെ ചിത്ര ജനപ്രീതിയിൽ മുന്നിലെത്തിയിരിക്കുകയാണ്‌. ഇളയരാജ സംഗീതം പകർന്ന ഈ ഗാനം ഫോൺ ഇൻ പ്രോഗ്രാമുകളുടെ അവിഭാജ്യ ഘടകമായിട്ട്‌ നാളേറെയായി.

സെമി ക്ലാസിക്കൽ ഗാനങ്ങളിൽ ചിത്ര പാടി തിളങ്ങുന്നത്‌ തെല്ലൊരു അത്ഭുതത്തോടെ മാത്രമേ ഉൾക്കൊളളാനാകൂ. അനശ്വര സംഗീതജ്ഞൻ രവീന്ദ്രൻ ഈണം പകർന്ന ‘കളഭംതരാം ഭഗവാനെൻ മനസുംതരാം…’ (വടക്കുംനാഥൻ) എന്ന ഗാനത്തിലൂടെ ഭാവപ്രപഞ്ചം തീർക്കാൻ ചിത്രക്കേ കഴിയൂ. കല്യാണി രാഗത്തിൽ അധിഷ്‌ഠിതമായ എണ്ണിയാലൊടുങ്ങാത്തത്ര ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്‌. വൈശാഖ പൗർണമിയോ (പരിണയം), ചീരപ്പൂവുകൾക്കുമ്മ കൊടുക്കുന്ന (ധനം), പൂവരമ്പിൻ താഴെ പൂക്കളം (വിദ്യാരംഭം), അറിയാതെ അറിയാതെ (ഒരു കഥ ഒരു നുണക്കഥ), അങ്ങനെ എത്രയെത്ര ഗാനങ്ങൾ. അടുത്തിടെ ഇറങ്ങിയ ‘ചന്ദ്രോത്സവ’ത്തിലെ ‘പൊൻമുളം തണ്ടുമൂളം പാട്ടിൽ ഞാൻ കേട്ടു…’ എന്ന ഗാനത്തിലും കല്യാണിയുടെ ‘ഫ്രഷ്‌നസ്‌’ നിലനിർത്താനായത്‌ ഒരു ഗായിക എന്ന നിലയിൽ ചിത്രയുടെ നേട്ടം തന്നെയാണ്‌. അർപ്പണ മനോഭാവത്തോടെ ആലപിക്കുന്ന ഗായകർക്കു മാത്രം സ്വന്തമാകുന്ന അപൂർവ്വ സൗഭാഗ്യം.

1979-ൽ ‘അട്ടഹാസ’ത്തിനുവേണ്ടി ‘ചെല്ലം ചെല്ലം’ എന്ന ഗാനത്തിലൂടെയാണ്‌ ചിത്ര സിനിമാലോകത്ത്‌ എത്തിയത്‌. അനശ്വര സംവിധായകൻ പത്മരാജന്റെ ‘നവംബറിന്റെ നഷ്‌ട’മാണ്‌ പുറത്തിറങ്ങിയ ആദ്യ ചിത്രം. ‘അരികിലോ അകലയോ…’ എന്ന ഗാനം അരുന്ധതിക്കൊപ്പമാണ്‌ ചിത്ര ആലപിച്ചത്‌.

എം.ജി. രാധാകൃഷ്‌ണന്റെ സംഗീത സംവിധാനത്തിൽ ആലപിച്ച ‘രജനീ പറയൂ…’ (ഞാൻ ഏകനാണ്‌) ആണ്‌ ചിത്രയുടെ ആദ്യത്തെ സോളോ ഗാനം. ജെറി അമൽദേവിന്റെ ‘ആയിരം കണ്ണുമായ്‌…’ (നോക്കെത്താദൂരത്ത്‌) പ്രശസ്‌തിയിലേക്ക്‌ ഉയർത്തി. പുരസ്‌കാരങ്ങൾ എന്നും ചിത്രക്കു പുറകെയായിരുന്നു. രാഷ്‌ട്രം പത്മശ്രീ നൽകി ആദരിച്ച ചിത്ര 1985 മുതൽ 95 വരെ തുടർച്ചയായി പത്തുവർഷം സംസ്ഥാനത്തെ മികച്ച ഗായികയായിരുന്നു. 99ലും 2000ത്തിലും 2002ലും ഇത്‌ തുടർന്നു.

1985-ൽ പുറത്തിറങ്ങിയ ‘സിന്ധുഭൈരവി’യിലെ ‘പാടറിയേ…’ എന്ന ഗാനത്തിലൂടെയാണ്‌ ചിത്ര ആദ്യമായി ദേശീയാംഗീകാരം നേടുന്നത്‌. കാംബോജി രാഗത്തിൽ പാടിപ്പതിഞ്ഞ ‘മരിമരി നിന്നെ മുരളിന…’ എന്ന ത്യാഗരാജ കീർത്തനത്തിന്റെ പല്ലവി സാരമതി രാഗത്തിൽ ഇളയരാജ ഈ ഗാനത്തിനൊടുവിൽ വിളക്കിച്ചേർത്തത്‌ പൂർണതയിലെത്തിച്ചത്‌ ചിത്രയുടെ അനുപമമായ സ്വരമാധുരിയായിരുന്നു. 1986, 88, 96, 97 വർഷങ്ങളിലും ചിത്ര രാജ്യത്തെ മികച്ച ഗായികയായി.

വിവിധ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ഈ ഗായിക ഇതിനകം പാടിക്കഴിഞ്ഞു. തുടക്കത്തിൽ ഉത്തരേന്ത്യൻ ഭാഷകളുമായി ഉണ്ടായിരുന്ന അടുപ്പക്കുറവും ചിത്ര പരിഹരിച്ചു കഴിഞ്ഞു. അതിനു തെളിവാണ്‌ അടുത്തിടെ പുറത്തിറങ്ങിയ ‘പരിണീത’ എന്ന ചിത്രത്തിലെ ‘രാത്‌ ഹമാരി തോ..’ എന്നു തുടങ്ങുന്ന ഗാനം. ശന്തനു മൊയ്‌ത്രയുടെ സംഗീത സംവിധാനത്തിൽ ജന്മംകൊണ്ട ഈ ഗാനത്തിൽ പക്വമായ ഉച്ചാരണ ശുദ്ധി പുലർത്തുന്ന ഗായികയെ കാണാം.

Generated from archived content: cinema2_july20_05.html Author: ajay_k_das

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English