അനന്തതയിൽ,
എന്റെ കപ്പലിനെ പിന്തുടരുന്ന ഈ മത്സ്യങ്ങളുടെ ആഹ്ലാദം,
എന്നെ വിസ്‌മയിപ്പിക്കുന്നു.
യുദ്ധസജ്ജരായിരച്ചെത്തുന്ന ജലത്തിന്റെ സൈനികർക്കിടയിൽ,
മിന്നലുകൾ പോലെ,
നൂറ്റാണ്ടുകൾക്കു മുൻപേ മറഞ്ഞുപോയൊരു വൻകരയുടെ
ഉജ്ജ്വലമായ ഓർമ്മകൾപോലെ,
അവരെന്നെ ഊർജ്ജസ്വലനാക്കുന്നു.
ഞാൻ ഒരു കടൽജീവിയല്ല.
എനിക്കു മുങ്ങിമരിക്കേണ്ടിയിരിക്കുന്നു.
ജലത്തിന്റെ അപരിചിതമായ കനം,
എന്റെ കപ്പൽപ്പായകളെ ശ്വാസം മുട്ടിച്ചു തുടങ്ങിയിരിക്കുന്നു.
മുങ്ങിത്താഴുമ്പോൾ, കടലിരമ്പം എന്റെ ശരീരത്തെ
ലംബവും തിരശ്ചീനവുമായി പിളർത്തുമ്പോൾ,
ഈ മത്സ്യങ്ങൾ,
ജീവന്റെ അവസാനത്തെ സാക്ഷ്യപത്രങ്ങൾ,
എത്ര നിർഭീതരായ സഹയാത്രികർ!
ഓരോ കപ്പൽച്ചേതവും കടലിനുത്സവമാണ്.
അതുപാടുന്നതു കേൾക്കൂഃ
“മഞ്ഞുമല പിളർത്തുന്നതിനു മുൻപ്,
ഇതൊരു ജലപാത്രമായിരുന്നു.
മുങ്ങിമരിക്കും മുൻപ്, ഇതൊരു നാവികനായിരുന്നു.
ഛേദിക്കപ്പെടും മുൻപ്,
ഇതു സ്വപ്‌നങ്ങൾ നിറഞ്ഞൊരു മസ്‌തിഷ്‌ക്കമായിരുന്നു.”
പക്ഷേ,
വയലുകൾ നിറഞ്ഞൊരു ഭൂഖണ്‌ഡത്തെക്കുറിച്ച്-
അവസാനഗാനമാലപിച്ചുകൊണ്ടല്ലാതെ,
ഒരു നാവികനും മരിച്ചു താഴുന്നില്ല.
അവർ നിലവിളിച്ചാൽ,
കടലുകൾ തന്നെ മുങ്ങിപ്പോകുമെന്നതുകൊണ്ട്.
ഓരോ നാവികന്റെയും ഹൃദയം, കാലത്തെ ഉൽപാദിപ്പിക്കുന്ന
ഘടികാരമാണ്.
അവരുടെ വേദപുസ്‌തകങ്ങൾ നിറയേ,
കപ്പൽപ്പായകളിൽനിന്നും പൊട്ടിപ്പുറപ്പെട്ട
കൊടുങ്കാറ്റുകളുടെ ചരിത്രമാണ്.
ഈ കടൽ,
എനിക്കൊരു മുങ്ങൽവസ്‌ത്രം മാത്രമാണ്.
ദൈവരഹിതമായ, നിശ്ശൂന്യമായ ഒരിടം!
അവിടെ, സ്വന്തം കപ്പൽപ്പായകളാൽ ചുറ്റിവരിയപ്പെട്ട
ഒരു നാവികന്റെ ജഡം,
പിന്തുടരുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ ആഹ്ലാദത്താൽ
വിസ്‌മിതനാകുന്നു.
Generated from archived content: poem_june11.html Author: aj_mohdshafeer