ഇന്ന് കേരളത്തിന്റെ വലിയ ഒരു പ്രശ്നമാണ് മാലിന്യസംസ്ക്കരണം എന്നുള്ളത്. ചീഞ്ഞളിഞ്ഞ മാലിന്യവും , മഴയും വൃത്തിയാക്കാത്ത കാനകളും, കൊതുകും കേരളത്തെ എവിടെ എത്തിക്കുമെന്ന് അറിയില്ല. അല്‍പ്പം ശ്രദ്ധ വച്ചാല്‍ മാലിന്യത്തില്‍ നിന്നും കേരളത്തിന് കോടികളുടെ വിദേശനാണ്യം നേടാന്‍ കഴിയുമെന്നാണ് എന്റെ അഭിപ്രായം . വഴിയിലെ മാലിന്യങ്ങള്‍ ജനങ്ങള്‍ വാരിക്കൊണ്ടു പോകാനും വരെ സാധ്യതയുണ്ട്.
മാലിന്യം – മണ്ണിര – മീന്‍, ചെമ്മീന്‍,
ഞണ്ട്, താറാവ് – വിദേശനാണ്യം
കോഴി, പന്നി
മണ്ണിര കമ്പോസ്റ്റിനെക്കുറിച്ച് പലരും ധാരാളം സംസരിക്കാറുണ്ട്. ഒരു അടി കൂടി മുന്നോട്ട് കടന്ന് മാലിന്യത്തില്‍ മണ്ണിര കൃഷി തന്നെ നടത്തുക. ചെറുപ്പകാലത്ത് മണ്ണീര കോര്‍ത്ത് ചൂണ്ടയിട്ട് മീന്‍ പിടിച്ചിട്ടുള്ള അനുഭവത്തില്‍ നിന്നാണ് ഈ അഭിപ്രായം പറയുന്നത്. കല്ല്, ഇരുമ്പ്, പ്ലാസ്റ്റിക് ഇവ ഒഴിച്ചുള്ളതെല്ലാം മണ്ണിര ഭക്ഷിക്കും. കേരളത്തില്‍ ആയിരക്കണക്കിന് ടണ്‍ മണ്ണിര ഉല്‍പ്പാദിപ്പിക്കുവാനുള്ള മാലിന്യം ഉണ്ടാകുന്നുണ്ട് ഓരോ വര്‍ഷവും. അഞ്ച് സെന്റ് സ്ഥലമുണ്ടെങ്കില്‍ ലോഡുകണക്കിന് മാലിന്യം നിരത്താം. മറ്റൊരു അഞ്ചുസെന്റില്‍ നിന്ന് മണ്ണെടുത്ത് അരയടി ഘനത്തില്‍ മാലിന്യം മൂടുക. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മണ്ണിര വിത്തു വിതക്കുക. വീണ്ടും കുറച്ച് മണ്ണ് മുകളില്‍ വിരിക്കുക . കുറച്ചു ദിവസത്തേക്ക് ആവശ്യാനുസരണം നനച്ചു കൊടുക്കുക. ഏകദേശം 90 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ മാലിന്യം ഭക്ഷിച്ച് മണ്ണിരകള്‍ നന്നായി വളര്‍ന്നിരിക്കും. അവയെ ശേഖരിച്ച് മത്സ്യം, ചെമ്മീന്‍ , ഞണ്ട്, കോഴി , താറാവ്, പന്നി തുടങ്ങിയവയെ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് വില്‍ക്കുക. വീണ്ടും അതേ സ്ഥലത്ത് പ്രക്രിയകള്‍ ആവര്‍ത്തിക്കാം. വലിയ കോര്‍പ്പറേഷനുകളില്‍ ഒരു പത്തേക്കറും , മുന്‍സിപ്പാലിറ്റി / പഞ്ചായത്തുകളില്‍ രണ്ടോ മൂന്നോ ഏക്കര്‍ വീതം സ്ഥലവും ഉണ്ടെങ്കില്‍ ഇത് പ്രാവര്‍ത്തികമാക്കാമെന്നു തോന്നുന്നു. ഇത് വിജയിച്ചാല്‍ മാലിന്യപ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകും. പെരുച്ചാഴി ( പന്നിയെലി) യുടെ ശല്യം വരാത്തവിധത്തില്‍ മുന്‍ കരുതല്‍ എടുക്കേണ്ടതുണ്ട്. ആദ്യം പരീക്ഷണം നടത്തി നോക്കി വിജയമെന്നു കണ്ടാല്‍ വിപുലമായ തോതില്‍ നടത്തിയാല്‍ മതിയല്ലോ . മീനുകള്‍ , കോഴി, താറാവ്, പന്നി എന്നിവയ്ക്കെല്ലാം മണ്ണിര പ്രകൃതി ദത്തമായ ആഹാരമാണ്. ഒന്നോ രണ്ടോ തൊഴിലാളികളും ഒരു പൊക്ലിയിനും ഉണ്ടെങ്കില്‍ ജോലികള്‍ ചെയ്യാന്‍ സാധിക്കും. കരാര്‍ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി പ്രാവര്‍ത്തികമാക്കുകയും ചെയ്യാം. മാലിന്യസംസ്ക്കരണത്തിന് ധാരാളം പണം ചിലവഴിക്കുന്ന കൂട്ടത്തില്‍ ഈ നിര്‍ദ്ദേശവും ഒന്നു പരീക്ഷിച്ചു നോക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Generated from archived content: essay2_feb16_12.html Author: agastin_chilambikunnelvennala