ദൈവത്തിന്റെ സ്വന്തം നാട്ടിലിരുന്ന് ഇഞ്ചിഞ്ചായി മരിക്കാം

ആധുനിക കാലത്ത് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം നമുക്കെല്ലാം പരിചിതമാണ്. കേരളത്തില്‍ പല പ്രദേശങ്ങളിലും മരണാവശ്യസഹായ സഹകരണ സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. ഒരു വീട്ടില്‍ മരണം ഉണ്ടാകുമ്പോള്‍ സാമ്പത്തികമായും ശാരീരികമായും സാമൂഹികമായും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്ന തിനാണ് മരണാവശ്യ സഹായ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവിടെ വിവക്ഷിക്കുന്നത് മരണ സഹായ സഹകരണ സംഘത്തെക്കുറിച്ചാണ്.

കേരളത്തില്‍ അന്തര്യാമിയായി പ്രവര്‍ത്തിക്കുന്നതും നമ്മള്‍ ഓരോരുത്തരും പ്രത്യക്ഷമായോ പരോക്ഷമായോ അതിലെ അംഗങ്ങള്‍ ആയിരിക്കുന്നതോ അതല്ലെങ്കില്‍ ആ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനഫലങ്ങളില്‍ ഭാഗഭാക്കുകള്‍ ആയിട്ടുള്ള തുമായ ഒരു സഹകരണ സംഘമാണിത്. അതിന്റെ പ്രവര്‍ത്തനം വളരെ ആലോചനാമൃതമാണ്. ചിന്തിക്കുന്തോറും, അതിന്റെ വ്യാപ്തിയും പരപ്പും നമ്മെ അത്ഭുതപ്പെടുത്തും. ഉള്ളില്‍ പരിഹാസവും പരിഭ്രാന്തിയും വളര്‍ത്തുകയും ചെയ്യും.’‘ മരണ സഹായ സഹകരണസംഘം’‘ പരസ്പരം മരിക്കാന്‍ സഹായിക്കുന്ന സഹകരണ സംഘം.

കേരളത്തിലെ ജനങ്ങള്‍ ഇക്കാലത്ത് ഉപഭോഗതൃഷ്ണയുടെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു. അതോടൊപ്പം തന്നെ ശരീരം വിയര്‍ക്കുക, അധ്വാനിക്കുക, മണ്ണില്‍ എന്തെങ്കിലും ജോലി ചെയ്യുക എന്നു‍ള്ളതൊക്കെ വളരെ മോശമായി കരുതുകയും ചെയ്യുന്നു. അതുകൊണ്ടാണ് മേല്‍പ്പറഞ്ഞ സഹകരണ സംഘത്തിന് ഇവിടെ നല്ല വേരോട്ടം കിട്ടിയത്. എങ്ങനെയാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനമെന്നു നോക്കാം. കേരളത്തിലെ ചന്തകളില്‍ ലഭിക്കുന്ന അരി, പച്ചക്കറികല്‍ , പഴങ്ങള്‍ , പലവ്യജ്ഞനങ്ങള്‍ , മരുന്നുകള്‍ എന്നിവ യെല്ലാം വന്‍തോതില്‍ മായങ്ങളും കീടനാശിനികളും രാസവസ്തുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇതൊരു പുതുമയുള്ള കാര്യമൊന്നുമല്ല എല്ലാവര്‍ക്കും അറിവുള്ളതല്ലെയെന്നു ആരും ചോദിക്കും. എന്നാല്‍ ഇവിടെ പറയുന്ന മരണസഹായ സഹകരണ സംഘത്തിന്റെ മൂലധനം മാത്രമാണ് മേല്‍പ്പറഞ്ഞവയൊക്കെത്തന്നെയും. പച്ചക്കറി ഉത്പാദിപ്പിക്കുന്നവര്‍ രഹസ്യമായി ചെയ്യുന്ന ഒരു സംഗതിയുണ്ട്. അവര്‍ക്ക് സ്വന്തം കുടുംബത്തിലേക്കാവശ്യമുള്ളവ പ്രത്യേകം മാറ്റി നിര്‍ത്തുന്നു. അവയില്‍ കീടനാശിനികളോ , രാസവസ്തുക്കളോ പ്രയോഗിക്കുന്നില്ല മറ്റുള്ളവര്‍ക്ക് വേണ്ടി അതായത് വില്‍ക്കാന്‍ വേണ്ടി തയാ‍റാക്കുന്ന പച്ചക്കറികള്‍ മുഴുവന്‍ ഉയര്‍ന്ന തോതില്‍ കീടനാശിനികളും രാസവസ്തുക്കളും പ്രയോഗിച്ച് അത്യാകര്‍ഷകമാക്കി വില്‍ക്കുന്നു.വാ‍ങ്ങുന്നവര്‍ സന്തോഷപൂര്‍വ്വം വാങ്ങിക്കൊണ്ടുപോകുന്നു. പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നവന്‍ നല്ല സന്തോഷം; വിഷമില്ലാത്തവയാണ് താന്‍ കഴിക്കുന്നതെന്ന്. എന്നാല്‍ ഈ വ്യക്തി ചന്തയില്‍നിന്നും വാങ്ങുന്ന മറ്റു സാധനങ്ങള്‍ ഏതു തരത്തിലുള്ളതാണ് . അരി ഉല്‍പ്പാദിപ്പിക്കുന്ന മില്ലുകാര്‍ കൂടുതല്‍ തൂക്കം കിട്ടാനും, തരം താണ അരിക്ക് നല്ല മണവും നിറവും ലഭിക്കാനുമായി അതില്‍ പലതരം കൃത്രിമങ്ങള്‍ – രാസവസ്തുക്കള്‍ -വരെ ചേര്‍ക്കുന്നു. പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്നവര്‍ നല്ല പച്ചക്കറി കഴിക്കുമെങ്കിലും ചോറ് ഉണ്ണുന്നത് രാസവസ്തുക്കള്‍ ധാരാളം അറ്റങ്ങിയതാണ്. അരി ഉല്പാദിപ്പിക്കുന്ന മില്ലുകാരും സ്വന്തം ആവശ്യത്തിന് നല്ല അരി തന്നെ പ്രത്യേകം തയ്യാറാക്കും.ഇവിടെയും മായമില്ലാത്ത ചോറ് ഉണ്ണുന്നുവെന്ന് അഹങ്കരിക്കുമ്പോള്‍ പഴം, പച്ചക്കറി തുറ്റങ്ങിയവയുടെ സ്ഥിതിയെന്താണ്.

പഴങ്ങളുടെ കാര്യം അതിലും ഭയങ്കരം. മാസങ്ങള്‍ കഴിഞ്ഞാലും ചീത്തയാകാത്ത ഓറഞ്ചും ആപ്പിളും മറ്റും ഇന്ന് സുലഭമാണ് . വാഴപ്പഴമാണെങ്കില്‍ നേരെ മറിച്ചുമാണ്. ഇന്നലെ പച്ചക്കായ്. ഇന്ന് മഞ്ഞനിറം. നാളെ ചീഞ്ഞുതുടങ്ങും. മഞ്ഞനിറമാകുമ്പോഴേക്കും വിറ്റു തുടങ്ങും.

യാതൊരുവിധ മായം ചേര്‍ക്കാത്ത മത്സ്യം വാങ്ങുന്ന കച്ചവടക്കാര്‍ പക്ഷേ, മത്സ്യത്തിന് വലുപ്പവും തൂക്കവും ഉണ്ടാകാന്‍ വേണ്ടി അമോണിയ പോലുള്ള രാ‍സവസ്തുക്കള്‍ പ്രയോഗിക്കുന്നു. കൂടാതെ മത്സ്യം കേടാകാതെയിരിക്കാന്‍ ക്ലോറിന്‍ പോലുള്ള രൂക്ഷമായ രാസവസ്തുക്കളും ചേര്‍ക്കുന്നു. അവരും സ്വന്തം വീട്ടിലെ ഉപയോഗത്തിന് ഏറ്റവും ശുദ്ധമായ മത്സ്യം എടുത്ത് മറ്റിവയ്ക്കുന്നു. സന്തോഷത്തോടെ അഹങ്കാരത്തോടെ നല്ല മീന്‍ കഴിക്കുന്നു. പക്ഷേ, അരി, പച്ചക്കറികള്‍, ചായപ്പൊടി, ഇറച്ചി തുടങ്ങി വന്‍ തോതില്‍ കൃത്രിമം കലര്‍ന്ന സാധനങ്ങള്‍ അവരും വാങ്ങിക്കഴിക്കുന്നു.

എല്ലാവരും സര്‍വ്വസാധാരണമായി ഉപയോഗിക്കന്നതാണല്ലോ തുവരപരിപ്പ്. ഇതില്‍ കച്ചവടക്കാര്‍ വന്‍ തോതില്‍ കേസരിപരിപ്പ് മായം ചേര്‍ക്കുന്നു. ഞരമ്പുകള്‍ക്ക് ബലഹീനത ഉണ്ടാകുന്നതാണ് കേസരിപരിപ്പ് . പരിപ്പ് വില്‍ക്കുന്നവന്‍ സ്വന്തം ആവശ്യത്തിന് കേസരി ചേര്‍ക്കാത്ത നല്ല പരിപ്പ് തന്നെ ഉപയോഗിക്കുന്നു.മറ്റുള്ളവര്‍ക്ക് കേസരി ചേര്‍ത്തതും നല്‍കുന്നു. എന്നാല്‍ ചായ കുടിക്കുമ്പോള്‍ ഈ പാവം അറിയുന്നില്ല (ഓര്‍ക്കുന്നില്ല)നല്ലൊരളവില്‍ കോള്‍ടാര്‍ കലര്‍ത്തിയ ചായപ്പൊടിയുടെ ചായയാണ് താന്‍ കുടിക്കുന്നതെന്ന്. കോള്‍ടാര്‍ നാഡീഞരമ്പുകളെ തളര്‍ത്തിക്കളയുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ബാറിലെ വിശേഷങ്ങള്‍ മിണ്ടാതിരിക്കുകയാണ് ഭേദം.അവിടത്തെ ആഹാരസാധനങ്ങളുടെ ആകര്‍ഷകമായ രുചിയുടെ പിന്നാമ്പുറങ്ങള്‍ പറയുക എളുപ്പമല്ല.ഒരിക്കല്‍ ഒരു ഡോക്ടര്‍ പത്രത്തില്‍ ഒരു ചെറിയ ഉദാഹരണം എഴുതിയിരുന്നു. രുചിയേറിയ കടലവറുത്തതില്‍ യൂറിയായുടെ അംശം ധാരാളമായിരുന്നു പോലും.

ഇതിലൊക്കെ ഭയങ്കരം ഇറച്ചിക്കച്ചവടക്കാരുടെപരിപാടികളാണ്. പോത്തിന്റെ വൃക്കകള്‍ തകരാറിലാക്കുന്ന കുത്തിവയ്പ്പ് നടത്തിയശേഷം മൂന്നോ നാലോ ദിവസങ്ങള്‍ കഴിഞ്ഞാണ് അവയെ കൊല്ലുക. ഇറച്ചിക്ക് തൂക്കം വലരെ വര്‍ദ്ധിക്കും. കൂടാതെ നല്ല പുഷ്ടിയും തോന്നും. അതും പോരാഞ്ഞ് ആര്‍ത്തി മൂത്ത് പെരുത്ത് ഇറച്ചിക്കോഴികളില്‍ മന്തിന്റെ സിറം വരെ കുത്തിവ്യ്ക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. രോഗബാധയാല്‍ വലയുന്ന പശുവിനെ ക്ഷേത്ര വളപ്പില്‍ അറുത്ത കേസ് പത്രത്താളുകളില്‍ വന്നതിന്റെ മഷി ഉണങ്ങിയിട്ടില്ല. ഇവരൊക്കെ സ്വന്തം വീട്ടിലെ ആവശ്യത്തിന് നല്ല ഇറച്ചി എടുത്തു വയ്ക്കുവാനും, നല്ല ഉരുക്കളെ എടുക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നു. എന്നാല്‍ ഇവര്‍ വാങ്ങുന്ന മറ്റു സാധനങ്ങളുടെ കാര്യം എന്താണ്.

ഇനി ഇവരെല്ലാം ഒന്നുചേരുന്നിടമാണ് മരുന്നുകടകള്‍. “കുടിച്ച പാലും മറുപാലും” കക്കുമെന്നു പറഞ്ഞപോലെയാണിവിടം. നല്ല കമ്പനികളുടെ നല്ല മരുന്നുകള്‍ക്കു പകരം വ്യാജമായ കടലാസു കമ്പനികളുടെ “തട്ടിക്കൂട്ടു” മരുന്നുകളും അന്യസംസ്ഥാനങ്ങളിലുള്ള ചേരികളിലെ കുടിലുകളില്‍ ആകര്‍ഷകമായ പായ്ക്കറ്റുകളില്‍ നിറയ്ക്കപ്പെടുന്ന ഗ്ലൂക്കോസും നല്‍കി കൊള്ളലാഭം നേടുവാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ഏറെയാണ് ഈ രംഗത്ത് ഇപ്പോള്‍ . ഒരു രോഗത്തിന് മരുന്നു വാങ്ങിയാല്‍ അയാള്‍ രോഗങ്ങളുടെ വിളനിലമായി മാറുന്ന അവസ്ഥ. ഈ കടക്കാരും അവരുടെ വീടുകളിലേക്ക് ഈ തട്ടിക്കൂട്ടു മരുന്നുകള്‍ എടുക്കുകയില്ല. അടുത്ത സുഹൃത്തുക്കള്‍ക്കും അവ വില്‍ക്കുകയില്ല. നല്ല മരുന്നുകള്‍ കഴിക്കുന്നുവെന്ന് അവര്‍ അഭിമാനിക്കുന്നു. എന്നാല്‍ അവര്‍ ചന്തയില്‍നിന്നും വാങ്ങുന്ന മറ്റ് സാധനങ്ങളുടെ കാര്യം ഓര്‍ത്തു നോക്കുക. തീരുന്നില്ല ഈസംഘത്തിന്റെ ചങ്ങലക്കണ്ണികള്‍. സ്വാര്‍ത്ഥത ഉറഞ്ഞുകൂടിയ ഹൃദയത്തിനുടമകളായ കേരളീയരുടെ “മരണ സഹായ സഹകരണ സംഘം” അതിവേഗം ബഹുദൂരം പുഷ്ടിപ്പെട്ടുകൊണ്ടിരിക്കുന്നു.

Generated from archived content: essay1_june27_12.html Author: agastin_chilambikunnelvennala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here