രാവിലെ തന്നെ ഞാനും ഭാര്യയും എറണാകുളത്തേക്കു പുറപ്പെട്ടു. ലോഫ്ലോര്‍ ബസിലെ ഗന്ധകമണം ഭാര്യക്ക് അല്പ്പം അസ്വസ്ഥയുണ്ടാക്കിയെങ്കിലും കാണാനും അനുഭവിക്കാനും പോകുന്ന ‘ സമരം ‘ അതിന്റെ രീതി ഓര്‍ത്തപ്പോള്‍ മനസ്സ് ആഹ്ലാദത്തിലായിരുന്നു.
മറൈന്‍ ഡ്രൈവില്‍ വന്‍ ജനാവലി. മാധ്യമങ്ങളുടെ വാനുകള്‍, ടി വി കണ്ണുകള്‍, പോലീസ് , ജലപീരങ്കി എന്നു വേണ്ട സകല സന്നാഹങ്ങളും .
ഞാനും ഭര്യയും മറൈന്‍ഡ്രൈവിലേക്കു കടന്നപ്പോള്‍ തന്നെ രണ്ടു ചെറുപ്പക്കാര്‍ ഓടിയെത്തി. വെളുത്ത ഫുള്‍കൈ ബനിയന്‍ നെഞ്ചത്തു ചുവന്ന മഷിയില്‍ എന്തോ എഴുതി പിന്‍ ചെയ്തിട്ടുണ്ട് നീല നിക്കര്‍ ഒരു ഗോളി ലുക്കാണ് എന്നെ അവര്‍ തടഞ്ഞു .
” പ്ലീസ് അങ്കിള്‍ യു ആര്‍ നോട്ട് അലൗഡ്”
” വൈ? എനിക്കെന്താ കുഴപ്പം എനിക്കു പ്രവേശനം അനുവദിക്കാത്തത് എന്തു കൊണ്ടാണ് എന്താണ് കുഴപ്പം ”?
” എജ് ഓവര്‍, എക്സ്പയേഡ് മെഡിസിന്‍” എന്തോ ഫലിതം പറഞ്ഞതു പോലെ അവര്‍ പരസ്പരം നോക്കി ചിരിച്ചു. അവരുടെ കൂടെ ഭാര്യയും ചിരിയില്‍ പങ്കു ചേര്‍ന്നു. അര്‍ത്ഥം മനസിലായി കാണില്ല. ഭര്‍ത്താവ് കാലാവധി കഴിഞ്ഞ മെഡിസിനാണ് എന്നാണവര്‍ പറഞ്ഞതെന്ന് .
” മാഡം പോന്നോളൂ മാഡങ്ങള്‍ക്കു നോ ഏജ് ലിമിറ്റ് ” ഗോളിയിലൊരുവന്‍ പറഞ്ഞു .
” നീ തന്നെ പോകണ്ട ,… അതു ശരിയാകില്ല ”
” ശരിയാവും .. ഇത്രടം വന്നിട്ട് ഇളം പിള്ളേരല്ലെ മക്കളെ പോലെ കരുതിയാല്‍ മതി”
”തങ്കം പോകരുത് … നിനക്കതു പറഞ്ഞാല്‍ മനസിലാകില്ല പിള്ളര് മക്കളേപ്പോലെയെ ഉള്ളു മക്കളല്ലല്ലോ”
” വരു മാഡം …” അവര്‍ അവളെ ഇരു കൈകളും പിടിച്ച് ദൂരെ ഒരു കൗണ്ടറിലേക്കു കൊണ്ടു പോയി. അവള്‍ എന്നെ തിരിഞ്ഞു നോക്കിയതേ ഇല്ല.
” മൗത്ത് ഇന്‍ഡെപ്ഷന്‍ ‘ കൗണ്ടറില്‍ ചെന്ന് എല്ലാവരും വായ് ,പല്ല് എന്നിവ വൃത്തിയാക്കണം തുടര്‍ന്ന് ‘ ഫേസ് ഇന്‍ഡെപ്ഷന്‍ കൗണ്ടറി’ ല്‍ ചെന്ന് മുഖം ഡെറ്റോള്‍ ഉപയോഗിച്ച് വാഷ് ചെയ്ത് പൗഡര്‍ പൂശി വൃത്തിയാക്കണം ” അനൗണ്‍സ്മെന്റ് ആണ് . ” തുടര്‍ന്ന് സമരാര്‍ത്ഥികളെ ” ചുണ്ടും കവിളും ” മാത്രം പുറത്തു കാണത്തക്കവിധം ഉളള നീല ഗൗണും ധരിപ്പിക്കുന്നതാണ് സഹകരിക്കുക ”
അല്പ്പ സമയത്തിനകം മറൈന്‍ഡ്രൈവില്‍ നിറയെ വെളുത്ത മുഖം മൂടിയും നീല ഗൗണും ധരിച്ച രൂപങ്ങള്‍ കൂട്ടം കൂട്ടമായി എത്തിത്തുടങ്ങി അതിലേതാണ് എന്റെ ഭാര്യ ? ആര്‍ക്കും ആരേയും തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ.
അല്പ്പം പ്രായം കൂടിയ ഗോളി രൂപത്തോടു ഞാന്‍ ചോദിച്ചു.
” ഈ വേഷത്തില്‍ അച്ഛന്‍ മകളേയോ അമ്മ മകനേയോ സഹോദരന്‍ സഹോദരിയേയോ എങ്ങിനെ തിരിച്ചറിയും മിസ്റ്റര്‍? കവിളും ചുണ്ടും കണ്ടാല്‍ ആങ്ങള പെങ്ങമ്മാരെ തിരിച്ചറിയുന്നതെങ്ങിനെയാണ്? മുഖം മൂടി മാറ്റു ”
അയാള്‍ എന്നെ സൂക്ഷിച്ചു നോക്കി തിരിഞ്ഞു നടന്നു.
ഞാനാകെ അസ്വസ്ഥനായി. രാജത്തെ എങ്ങിനെ കണ്ടു പിടിക്കും? ആ കൂട്ടത്തില്‍ എവിടെയോ ഉണ്ട് .
ഞാന്‍ അല്പ്പം ഉയരത്തില്‍ കയറി നിന്നു ഭാര്യയുടെ പേര്‍ ഉറക്കെ വിളിച്ചു. എന്നോടൊപ്പം പലരും അവരുടെ ബന്ധപ്പെട്ടവരുടെ പേരുകള്‍ വിളിച്ചു.
വിളി കേട്ടാല്‍ അവര്‍ മടങ്ങി വരും തീര്‍ച്ച. പക്ഷെ ഞങ്ങളുടെ വിളീ കേള്‍ക്കാന്‍ കഴിയാത്ത രീതിയില്‍ ചെവി മൂടിയുള്ള മുഖം മൂടിയാണ് ധരിപ്പിച്ചിരിക്കുന്നത്. മുഖം മൂടിയുടെ ബധിരതയിലും അന്ധകാരത്തിലുമാണവര്‍. തിരിഞ്ഞു നോക്കാന്‍ പോലും കഴിയാതെ കൂട്ടം കൂട്ടമായി നീങ്ങുകയാണ് അന്ധകാരത്തിന്റെ തുരങ്കത്തിലൂടെ… സ്വാതന്ത്ര്യത്തിന്റെ സാങ്കല്പ്പിക വെളീച്ചത്തെ ലക്ഷ്യമിട്ട് .
Generated from archived content: story2_nov3_14.html Author: advt_kc_suresh