വക്കീലാഫീസിന്റെ ഹാഫ് ഡോര്‍ തള്ളിത്തുറന്ന് കൊടുങ്കാറ്റു പോലെ ഒരു സ്ത്രീ അവര്‍ ഓഫീസ് ടേബിളിന്റെ മുകളിലേക്കു കമിഴ്ന്നു വീണു. ഓഫീസ് മുറിയില്‍ കേസിനുള്ള നോട്ടുകള്‍ തയാറാക്കുകയായിരുന്ന വക്കീല്‍ ഞെട്ടിപ്പോയി.
കറുത്ത നിറത്തിലുള്ള ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ മിന്നല്‍ പോലെ കടന്നു വരുക, മേശയിലേക്കു വീഴുക പൊട്ടിക്കരയുക കഴിഞ്ഞ മുപ്പത്തി ആറു വര്‍ഷത്തെ വക്കീല്‍ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണ്.
‘’ ശങ്കുപ്പിള്ളേ…’‘ വക്കീല്‍ അല്‍പ്പം ഉച്ചത്തില്‍ തന്നെ വിളിച്ചു വിളിയോടൊപ്പം കാലുകൊണ്ട് കോളിംഗ് ബെല്ലിന്റെ സ്വിച്ചില്‍ അമര്‍ത്തി.
വക്കീല്‍ ശരിക്കും ഭയന്നിരിക്കുന്നുവെന്ന് വിളിയും ബെല്ലും ഒരുമിച്ചു കേട്ടപ്പോള്‍ ഗുമസ്തന്‍ ശങ്കുപിള്ളക്കു മനസിലായി. പിള്ള ഉടനെ ഓഫീസിലെത്തി.
‘’ ആരാണ് നിങ്ങള്‍ക്കെന്തു വേണം?’‘
ശങ്കുപിള്ളക്ക് ആറടിപൊക്കവും നല്ലവണ്ണവും പിരിയന്‍ മീശയും. പ്രായം 70 നു അടുത്തു വരും. ശബ്ദം ‘ ഫീമെയില്‍ ‘ ആണ്. അതുകൊണ്ടുതന്നെ വര്‍ത്തമാനം കുറവും പ്രവൃത്തി കൂടുതലുമാണ്.
അത്ര സുഖകരമല്ലാത്ത ഒരു ഫീമെയില്‍ വോയിസ് കേട്ടിട്ടാകണം ആ സ്ത്രീ സാവധാനം മുഖമുയര്‍ത്തി.
അവളുടെ കിതപ്പ് അപ്പോഴും മാറിയിരുന്നില്ല. നെറ്റിത്തടത്തില്‍ നിന്ന് വിയര്‍പ്പിന്റെ ചാലുകള്‍ താഴേക്ക് കണ്ണുകളിലൂടെ കണ്ണുനീരുമായി ലയിച്ചു മേശയുടെ ചില്ലില്‍ വീണ് ചിതറുന്നതു കണ്ടപ്പോള്‍ വക്കീലിന്റെ ഭയത്തിന്റെ മെര്‍ക്കുറി ലെവല്‍ താണു.
‘’ എന്താണു വേണ്ടത് നിങ്ങള്‍ ഏതാണ്’‘?
സ്ത്രീ അപ്പോഴും തേങ്ങുകയാണ്.
‘’ ആ കസേരയില്‍ ഇരിക്കു …’‘ ഫീമെയില്‍ വോയിസ്.
‘’ എന്താണ് കാര്യം?’‘ വക്കീല്‍ സൗമ്യനായി ചോദിച്ചു.
അവള്‍ കസേരയില്‍ ഇരുന്നുകൊണ്ട് പിള്ളയെ നോക്കി. ആ നോട്ടത്തിന്റെ അര്‍ത്ഥം വക്കീലിനു പിടി കിട്ടി.
വക്കീല്‍ രാമന്‍ പിള്ള ക്രിമിനല്‍ കോടതികളില്‍ ഗര്‍ജ്ജിക്കുന്ന സിംഹമാണ്. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ വസ്തു വിറ്റിട്ടാണെങ്കിലും കേസ് രാമന്‍പിള്ള വക്കീലിനെ ഏല്‍പ്പിച്ചാല്‍ പിന്നെ തിരിഞ്ഞു നോക്കേണ്ട അതു വിജയിച്ചതു തന്നെ. ആ രാമന്‍പിള്ളക്കു കക്ഷിയുടെ ശരീര ഭാഷ മനസിലാക്കാന്‍ തെല്ലും ബുദ്ധിമുട്ടില്ല.
ശങ്കുപിള്ളക്കും ആ നോട്ടത്തിന്റെ അര്‍ത്ഥം വ്യക്തമായി. വര്‍ഷമെത്രയായി പിള്ള ഈ പണിതുടങ്ങിയിട്ട്. പിള്ള ഓഫീസില്‍ നിന്നും ഇറങ്ങി ഗുമസ്തന്റെ കസേരയിലേക്കു നീങ്ങി.
‘’ ഇനീ പറയു എന്താണു പ്രശ്നം’‘
അവള്‍ തന്റെ വസ്ത്രങ്ങളെല്ലാം നേരെയിട്ടു. രണ്ടു കയ്യും കൊണ്ട് മുഖം തുടച്ചു ചുരിദാറിന്റെ ഷാള്‍ വൃത്തിയായി ധരിച്ചു.
‘’ പറയാം സാര്‍ എല്ലാം ഞാന്‍ പറയാം എല്ലാം ഇവിടെ പറയാനാണ് ഞാന്‍ സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍ നിന്ന് ചാടിയത്’‘
പറയട്ടെ എല്ലാം പറയട്ടെ പറയാന്‍ സമയം കൊടുക്കണം കക്ഷികള്‍ക്ക് അവര്‍ പറയുന്നതു മുഴുവന്‍ കേള്‍ക്കണം കേസുമായി ബന്ധമില്ലെങ്കിലും കേള്‍ക്കണം. നല്ല കേള്‍വിക്കാരനാണ് നല്ല വക്കീല്‍. ഇന്നാണെങ്കില്‍ രണ്ടാം ശനിയാഴ്ച കോടതികള്‍ എല്ലാം അവധിയാണ്.
വക്കീലവളെ ശ്രദ്ധിച്ചത് അപ്പോഴാണ്. തലമുടി ക്രോപ്പ് ചെയ്ത് നേവി കട്ടാക്കി വച്ചിരിക്കുന്നു. നല്ല വെളുത്ത നിറം. ഓമനത്വം തുളുമ്പുന്ന വട്ടമുഖം. ഒരു ഇരുപത്തഞ്ചു വയസെങ്കിലും കാണും ആരും ശ്രദ്ധിക്കുന്ന ഉയരം.
‘’ എന്നെ അയാള്‍ നശിപ്പിച്ചു’‘ അവള്‍ വീണ്ടും കരയാന്‍ തുടങ്ങി.
‘’ കരയല്ലെ കുട്ടി എല്ലാറ്റിനും പരിഹാരമുണ്ടാക്കാം പരിഹാരമില്ലാത്ത എന്തു പ്രശ്നമാണ് ലോകത്ത് പറയു എന്താണു പ്രശ്നം?’‘
‘’ പരിഹാരമില്ലാത്ത പ്രശ്നങ്ങളുണ്ട് സാര്‍ എല്ലാറ്റിനും പരിഹാരമുണ്ടാക്കാനാര്‍ക്കുമാകില്ല’‘
‘’ അതെന്തെങ്കിലുമാകട്ടെ പ്രശ്നം പറയു നമുക്ക് ശ്രമിച്ചു നോക്കാം ‘’ ‘’ ഞാന്‍ വിവാഹം കഴിച്ചിട്ടില്ല ബി. ഫാം പാസായി. പേര് ഗീത. അച്ഛനും അമ്മയും സഹോദരങ്ങളും ആരുമില്ല. ഒരനാഥ. ഓര്‍ഫനേജില്‍ നിന്നാണു വളര്‍ന്നതും പഠിച്ചതും. സ്പോര്‍ട്ട്സില്‍ ഞാന്‍ നാഷണല്‍ ചാമ്പ്യനായി. പെട്ടന്നാണ് എന്നില്‍ ചില മാറ്റങ്ങള്‍ വന്നത്. അതോടെ എന്റെ കഷ്ട കാലം ആരംഭിച്ചു. കഴിഞ്ഞ ആറുമാസമായി ഞാന്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ബന്ധനത്തിലാണ്. ‘’
പ്രശസ്തമായ ആശുപത്രിയില്‍ കഴിഞ്ഞ ആറുമാസമായി ബന്ധനത്തിലാണെന്ന അറിവ് വക്കീലിനെ അസ്വസ്ഥനാക്കി. ബന്ധനത്തിലിടാന്‍ തക്ക അസുഖത്തിന്റെ ചികിത്സ അവിടെ ഇല്ല. എങ്കിലും വക്കീല്‍ ബുദ്ധിയില്‍ സംശയനിവാരണത്തിനായി വക്കില്‍ ചോദ്യങ്ങള്‍ കോര്‍ത്തിണക്കാന്‍ തയ്യാറായി.
‘’ ബന്ധനത്തില്‍ എന്നു പറഞ്ഞാല്‍’‘
”അതു തന്നെ സര്‍ കയ്യും കാലും കെട്ടിയിട്ടുള്ള ബന്ധനം – അവരതിന്റെ ‘ ബെല്‍റ്റ്’‘ ചെയ്യുക എന്നാണു പറയുന്നത് ‘’ ഗീത കൈകള്‍ പൊക്കി കാണിച്ചു കണങ്കയ്യ് കെട്ടിയിട്ട് തൊലി പൊട്ടിയ പാടുകള്‍ കാണാം.
‘’ എന്തായിരുന്നു ഗീതക്കസുഖം”
‘’ എന്തായാലെന്താ സാര്‍ ചികിത്സിക്കാന്‍ ചെല്ലുന്ന രോഗിയ ചികിത്സിക്കുന്ന ഡോക്ടര്‍ അപമാനിക്കുമോ പീഡിപ്പിക്കുമോ ‘’?
‘’ ഇല്ല ഒട്ടും ശരിയല്ലാത്ത ഒരു നടപടിയാണത്. മെഡിസിന്‍ എത്തിക്സിനു വിരുദ്ധവും ഇന്‍ഡ്യന്‍ ശിഷാനിയമ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്”
‘’ എന്നെ എത്രയോ പ്രാവശ്യം ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റി ഓരോ പ്രാവശ്യവും ആ ഡോക്ടര്‍ എന്നെ …” ഗീത വാവിട്ടു കരഞ്ഞു.
‘’ അനസ്തേഷ്യ തന്നില്ലായിരുനോ’‘? വക്കീല്‍ ഡിഫന്‍സ് ആലോചിച്ചു പോയി. ബോധം നഷ്ടപ്പെട്ട ഇരകള്‍ എങ്ങിനെ പറയാന്‍ കഴിയും പീഢനകാര്യം.
‘’ അതെനിക്കറിയില്ല സര്‍ പക്ഷെ ഒന്നെനിക്കറിയാം എല്ലാം മുന്‍ കൂട്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നു’‘
”എല്ലാം വിശദമായി പറയണം സ്വീക്കന്‍സ് ബൈ സ്വീക്കന്‍സ് – മുറിയാതെ പറയണം’‘ വക്കീല്‍ റൈറ്റിംഗ് പാഡ് കയ്യിലെടുത്തു.
ഗീത പറഞ്ഞതെല്ലാം ഒരു സ്റ്റെനോഗ്രാഫറുടെ തന്മയത്വത്തോടെ വക്കീല്‍ കുറിച്ചെടുത്തു. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 354 അനുസരിച്ചു സ്ത്രീകളൊടുള്ള മര്യാദ ലംഘനം മാത്രമേ ഗീതാ വചനങ്ങളില്‍ നിന്നും വെളിവാകുന്നുള്ളു. പിന്നെ ചില മാറ്റങ്ങള്‍ കൂടി വരുത്തിയാല്‍ കേസ് ഗൗരവത്തിലാക്കാം.
‘’വല്ല നഖത്തിന്റെയോ പല്ലിന്റേയോ പാടുകള്‍? നേരിയ മുറിവുകള്‍ …’‘
‘’ എനിക്കറിയില്ല സര്‍ .. ഞാനെന്റെ ശരീരത്തിലേക്കു നോക്കാറേയില്ല എനിക്കു എന്നെ കാണുമ്പോള്‍ പേടിയാണ് അറപ്പാണ് വെറുപ്പാണ്’‘
ബന്ധനം വേണ്ടി വന്നതില്‍ തെറ്റില്ല എന്ന് വക്കീലിനു തോന്നിയില്ലെങ്കിലും പുറത്തിരുന്ന ശങ്കുപിള്ളക്കു തോന്നി.
‘’ ഒരമ്മയായി എന്റെ മക്കളെ മുലയൂട്ടി വളര്‍ത്താന്‍ കൊതിച്ചിരുന്ന ഒരു പാവം സ്ത്രീയാണ് സര്‍ ഞാന്‍’‘
‘’ അതിനെന്താണു കുഴപ്പം ഇനിയും മുലയൂട്ടാമല്ലോ ‘’
‘’ പറ്റില്ല സര്‍ …ആ ദുഷ്ടന്‍ എന്റെ … ഓപ്പറേഷനില്‍ എനിക്കു നഷ്ടമായത് എന്റെ മാതൃത്വമാണ്’‘
‘ ഇമ്പോസബിള്‍ ‘ വക്കീല്‍ അറിയാതെ പറഞ്ഞു പോയി ‘’ ക്രൂരമായ പീഢനം തന്നെ ‘’
‘’ പീഡനത്തില്‍ ഒതുങ്ങിയാല്‍ ഞാന്‍ ഇവിടെ അഭയം തേടി വരില്ലായിരുന്നു സര്‍. പക്ഷെ അയാളെന്നെ പലപ്പോഴായി ക്രൂരമായി ബലാത്സംഗം ചെയ്തു. അതിനു ശേഷം എന്റെ സ്ത്രീത്വം മൊത്തത്തില്‍ ഓപ്പറേറ്റു ചെയ്തു മാറ്റി സര്‍ ‘’
റൈറ്റിംഗ് പാഡില്‍ വകുപ്പുകളുടെ എണ്ണം കൂടി. കേസ് കൊള്ളാം – പ്രശസ്തനായ ഡോക്ടര്‍ നല്ല ന്യൂസ് വാല്യം – പക്ഷെ കക്ഷിയോട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചു മനസിലാക്കിയില്ലെങ്കില്‍ ‘’ ബൂമറാംഗ്’‘ ആയി മാറും കേസ്. മാത്രവുമല്ല കേസിന്റെ വരും വരായ്കകള്‍ കക്ഷിയെ പറഞ്ഞു മനസിലാക്കണം അതാണ് വക്കീലിന്റെ ധര്‍മ്മം.
‘’ പരാതി കൊടുക്കാം നല്ല കേസുമാണ് പ്രൊസിക്യൂട്രിക്സിന്റെ മൊഴി മാത്രം മതി പക്ഷെ ചില പരിശോധനകള്‍ വേണ്ടി വരും ‘’
‘’ ഞാനെന്തിനും തയ്യാറാണ് ‘’
വക്കീല്‍ ഇത്തരത്തിലുള്ള കേസുകളില്‍ നടത്തുന്ന വൈദ്യ പരിശോധനയെക്കുറിച്ചു ഗീതയെ വിശദമായി ധരിപ്പിച്ചു. അതുകേട്ടതും ഗീത ഉച്ചത്തില്‍ കരായന്‍ തുടങ്ങി.
‘’ ഇതൊന്നും നടക്കില്ല സര്‍ ഞാന്‍ ഒരു സ്ത്രീയാണെന്ന അവസാനത്തെ തെളിവും ആ ഡോക്ടര്‍ നശിപ്പിച്ചു കളഞ്ഞു സര്‍’‘
പെട്ടന്നാണ് വക്കീലിനു ട്രാക്കു മാറ്റി ചിന്തിച്ചാലോ എന്ന ആലോചന കടന്നു വന്നത്.
‘’ എന്തായിരുന്നു ചികിത്സ?’‘
ചികിത്സയുടെ വിവരങ്ങള്‍ വിശദമാക്കിയപ്പോള്‍ വക്കീലിനു കാര്യം പിടി കിട്ടി.
ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി ( ബ്രസ്റ്റ് മുറിച്ചു മാറ്റുന്ന ശസ്ത്രക്രിയ , ഗര്‍ഭപാത്രം മുറിച്ചു മാറ്റുന്ന ശസ്ത്രക്രിയ തുടങ്ങിയവയും ഓവറി ഫിലോപ്പിയന്‍ ട്യൂബ് എന്നിവ മുറിച്ചു മാറ്റാനും ജനനേന്ദ്രിയങ്ങള്‍ പുനസംവിധാനം ചെയ്യുന്ന ജി ആര്‍ പി എന്നിവയാണു നടന്നത്) ഇവര്‍ പറയുന്നതിന്റെ വാസ്തവം എന്തായാലും ബലാത്സംഗം എന്ന ഇരയുടെ പരാതി സ്വീകരിക്കാതിരിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ല . പക്ഷെ സ്ത്രീയായിരുന്നതിനു തെളിവില്ലാത്തതും അനസ്തേഷ്യ ഡിഫന്‍സും കാര്യങ്ങള്‍ വക്കീലിന്റെ ചൊല്‍പ്പടിക്കു നില്‍ക്കാത്ത അവസ്ഥയിലേക്കു പോകുകയാണ് എന്ന തിരിച്ചറിവും രാമന്‍ പിള്ളക്കുണ്ടായി.
പക്ഷെ മനസാക്ഷിക്കു നിരക്കാത്ത പണിയാണ് ആ അപ്പോത്തിക്കിരി കാണിച്ചത്. ഒരാള്‍ സ്ത്രീയായിരുന്നപ്പോള്‍ അവരെ ബലാത്സംഗം ചെയ്യുക പിന്നീട് പുരുഷനാക്കി മാറ്റുക. സ്ത്രീയെന്ന തിന്റെ തെളിവുകള്‍ എല്ലാം വിദഗ്ദമായി നശിപ്പിക്കുക. വൈദ്യ പരിശോധന നടത്തിയാല്‍ പുരുഷനാണെന്ന തെളിവു മാത്രം നില നില്‍ക്കുക.
‘’ വെരി വെരി കോമ്പ്ലിക്കേറ്റഡ് …’‘
എഴുതി തയ്യാറാകിയ തിരക്കഥയില്‍ കാര്യങ്ങള്‍ അവസാനിക്കുന്നത് ഇങ്ങനെ തന്നെയായിരിക്കും വിശദമായ ഗൂഢാലോചന – മെഡിക്കല്‍ ക്രിമിനല്‍ കോണ്‍സ്പിറസി . എന്തായാലും കേസ് കയ്യില്‍ ഒതുങ്ങതല്ല തൊട്ടാല്‍ പൊള്ളും എന്ന ഇന്റ്ട്യൂഷന്‍ വക്കീലിനുണ്ടായി തുറന്നു പറയുക.
‘’ സ്ത്രീയായിരുന്നു എന്നതിനു തെളിവില്ലാത്ത സാഹചര്യത്തില്‍ കേസ് ബുദ്ധി മുട്ടാണു ഗീതേ’‘
‘’ ഗീതയല്ല സാര്‍ ഗീതാനന്ദന്‍ ‘’ ഗീത നന്ദനന്‍ ഗൗരവത്തിലാണ്’
‘’ ഗീതാ നന്ദാ കേസ് പ്രയാസമാണ്’‘
‘’ അപ്പോള്‍ ഞാനനുഭവിച്ച വേദന മാനഹാനി എന്റെ മനസില്‍ നിന്നതൊന്നും മാറുന്നില്ല സര്‍. ഹോര്‍മോണ്‍ കുത്തി വച്ചാല്‍, കുറെ മാംസം മുറിച്ചു കളഞ്ഞാല്‍, കുറെ വച്ചു പിടിപ്പിച്ചാല്‍ മനസു മാറുമോ സര്‍? എന്റെ ശരീരം മാറ്റാന്‍ പറ്റും. പക്ഷെ, മനസൊരിക്കലും മാറില്ല സര്‍. എന്റെ സ്ത്രീത്വത്തിനേറ്റ മുറിവ് അഭിമാനത്തിനേറ്റ ക്ഷതം ഇതൊന്നും പരിഹരിക്കുവാന്‍ ഒരു വഴിയുമില്ലേ സര്‍’‘
വക്കീലാഫീസില്‍ സൂക്ഷിച്ചിരിക്കുന്ന നീതി ദേവതയുടെ പ്രതിമ നോക്കി ഗീതാനന്ദന്‍ കരയുകയാണ്.
നീതി ദേവതക്കു കണ്ണുകാണുകയില്ലല്ലോ എന്ന സമാധാനത്തില്‍ വക്കീല്‍ അടുത്ത കേസിന്റെ കെട്ടു തുറന്നു.
Generated from archived content: story1_feb1_14.html Author: advt_kc_suresh