സുലോചന മരിച്ചിട്ടില്ല മരിക്കുകയുമില്ല

സുലോചനയുടെ ആത്മകഥ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. അത്‌ എഡിറ്റ്‌ ചെയ്ത്‌ പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്തത്‌ ദേശാഭിമാനി അസിസ്‌റ്റന്റ്‌ എഡിറ്റർ രവികുറ്റിക്കാടാണെന്നും ഞാൻ മനസിലാക്കിയിരുന്നു. പുസ്തകമാക്കുന്നതിനു മുമ്പ്‌ ഞാൻ ആ ആത്മകഥ സശ്രദ്ധം വായിച്ചു മനസിലാക്കി. ആ ആത്മകഥക്കു നമ്മുടെ സാംസ്‌കാരിക മന്ത്രി എം.എ ബേബി സ്തുത്യർഹമായ ആമുഖം എഴുതികഴിഞ്ഞിട്ടുണ്ട്‌. ആ ആമുഖം സരളവും ആശയഗംഭീരവുമാണെന്നും പറയാതിരിക്കാൻ വയ്യ. അതിനുശേഷം പുസ്തകത്തിനു ഒരവതാരിക എഴുതുന്നതു അധികപ്പറ്റാണെന്നു എനിക്കു തോന്നുന്നു. ഈയവസരത്തിൽ വള്ളത്തോളിന്റെ ഒരു ഗാനശകലം ഞാനോർത്തുപോകും ‘കാവ്യം സുഗേയം, കഥ രാഘവീയം കർത്താവു തുഞ്ചത്തെഴുത്തച്ഛനെന്ന ദിവ്യൻ ചൊല്ലുന്നതേ ഭക്തിമയസ്വരത്തിൽ ആനന്ദലബ്ധിക്കിനിയെന്തുവേണം’.

ഈ ആത്മകഥ സുലോചനയുടെ നാവിൽ നിന്നൂർന്നു വന്ന ഐതിഹാസികമായ കലാസൃഷ്ടിയാണ്‌. സുലോചന അറിയപ്പെടുന്ന ഒരു ഗായികയും നടിയുമാണ്‌. സരളവും ശാലീനസുഭഗവുമായ ഒരു ആഖ്യാനരീതി നിലനിർത്തുന്ന ഈ കഥാകഥനം വളരെയേറെ മേന്മയർഹിക്കുന്നു. പിന്നെ ഈ ആഖ്യാനത്തിനു ലളിതവും സുന്ദരവുമായ ഒരു മുഖവുര നൽകി എം.എ ബേബി പുസ്തകത്തെ അനുഗ്രഹിച്ചിട്ടുണ്ട്‌. ഇതു കൊണ്ടൊക്കെത്തന്നെ ഈ കഥാകഥനത്തിൽ നിന്ന്‌ എനിക്കു കിട്ടിയ ആനന്ദലബ്ധിയിൽ മുഖവുര കൊണ്ട്‌ വെള്ളം ചേർക്കാൻ എനിക്കു മനസു വരുന്നില്ല. എന്റെ സഖിയും സഖാവുമായ ആ ഗായിക നടിയുടെ ആഗ്രഹപ്രകാരം അവരുടെ ഓർമകൾ എളിമയോടെ വായനക്കാർക്കു കാഴ്‌ചവയ്‌ക്കുകയാണ്‌.

കെ.പി.എ.സി രൂപം പ്രാപിച്ചശേഷം ആദ്യമായി എന്നെയും രാജനേയും അഭിമുഖീകരിച്ച പ്രശ്നം ഒരു ഗായികനടിയെ സമ്പാദിക്കുകയെന്നതായിരുന്നു. അന്ന്‌ 1952-53 കാലത്തു ടേപ്‌ റെക്കോർഡറിൽ സംഗീതം ഒഴുകിത്തുടങ്ങിയിട്ടില്ലായിരുന്നു. നാടകാഭിനയത്തിൽ പാട്ടും പറച്ചിലും ഒരുപോലെ കൈവന്നിട്ടുള്ള നടീനടന്മാർക്കേ അന്ന്‌ അംഗീകാരം ഉണ്ടായിരുന്നുള്ളൂ അന്ന്‌ അവ രണ്ടും കൈമുതലായ ഒരു സുന്ദരിയായ നടിയെ അന്വേഷിച്ചു ഞാനും രാജനും പരക്കം പാഞ്ഞു നടക്കുകയായിരുന്നു. ഒരു ദിവസം ഇലവക്കിട്ട കാമ്പിശ്ശേരിയുടെ തറവാടിനടുത്ത്‌ ഒരു പാട്ടുകാരി നടിയുണ്ടെന്നറിഞ്ഞു അങ്ങോട്ടു വച്ചുപിടിച്ച്‌ സൈക്കിളിലായിരുന്നു സവാരി. പെട്ടെന്നു ഒരു ഇറക്കത്തിലേക്കു വഴി തിരിഞ്ഞു. എന്റെ സൈക്കിളിന്റെ ബ്രേയ്‌ക്ക്‌ പൊട്ടി. സൈക്കിൾ യാത്രയിൽ കൂടുതൽ പരിശീലനം സിദ്ധിച്ച രാജൻ ബ്രെയ്‌ക്ക്‌ കട്ടക്കുപകരം എന്റെ ഉപ്പൂറ്റി വീലിൽ വച്ചു. മരണവെപ്രാളത്തോടെ ഞാൻ ആയുസിനെ രക്ഷിക്കാൻ സൈക്കിളിൽ നിന്നും എടുത്തു ചാടി. വെളിച്ചമില്ലാതെ ഞാൻ ചെന്നുവീണതു കട്ടിയുള്ള പുല്ലിലായിരുന്നു. രാജൻ മേലോട്ടു കയറിവന്നു. അപ്പോഴേക്കു വിളക്കുമായി ആളുകൾ സംഭവസ്ഥലത്തെത്തി. അവർ കണ്ട കാഴ്‌ച! ഞാൻ വീണതിന്‌ ചുറ്റും പാറക്കല്ലുകൾ നിറഞ്ഞ പ്രദേശമായിരുന്നു. അപകടമേഖലയിൽ നിന്നു ജനങ്ങൾ എന്നെ രക്ഷിച്ചെടുത്തു. അതോടുകൂടി നടിയെ തേടിയുള്ള സൈക്കിൾയാത്രയ്‌ക്കു വിരാമമായി. ഉത്തരാ സ്വയംവരത്തിലെ ദൂതൻ പാടിയതുപോലെ ‘പിന്നെയും അന്വേഷിച്ചു നടന്നു’ എന്ന ഓർമ തികട്ടിവന്നു. ഞങ്ങളുടെ അന്വേഷണം തലസ്ഥാനനഗരിയിലേക്കു മാറ്റി. അവിടെ എന്റെ ഒരുത്തമ സുഹൃത്തു വക്കീൽ വേഷത്തിൽ ജീവിച്ചിരുന്നു. പകുതി സമയം വക്കീൽപ്പണിയും അല്ലാത്ത സമയം ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കലും കോർത്തിണക്കിയ രാജാമണി എന്റെ സുഹൃത്തു മാത്രമല്ല കലാസ്നേഹിയുമായിരുന്നു. രാജാമണിയാണ്‌ ആദ്യമായി സുലോചന എന്ന ഗായകനടിയെ ഞങ്ങൾക്കു പരിചയപ്പെടുത്തിത്തന്നത്‌. അന്നു സുലോചന പുളിമൂട്ടിലെ ഒരു ഇരുനില കെട്ടിടത്തിൽ കുടുബത്തോടൊപ്പം താമസിക്കുകയായിരുന്നു. സുലോചനയെപ്പറ്റി വാതോരാതെ പ്രശംസിച്ചു സംസാരിച്ചെങ്കിലും, അവൾ പാടിയ പാട്ടിനെപ്പറ്റിയും പ്രതിപാദിച്ചുകൊണ്ടാണു ഞങ്ങൾ അവളുടെ വീട്ടിലേക്കു തിരിച്ചത്‌. രാജാമണി അന്നു തിരുവനന്തപുരത്തെ അറിയപ്പെടുന്ന ഒരഭിഭാഷകനായിരുന്നു. അദ്ദേഹത്തിന്റെ അമ്മായിഅപ്പനുമായി പുത്തൻ ചന്തയിൽ താമസിച്ചുവരികയായിരുന്നു. രാജാമണിയെ കണ്ടപ്പോൾ തന്നെ സുലോചന താണുവണങ്ങി. സുലോചനയോടൊപ്പമുള്ള വീട്ടുകാർ വെളിയിലേക്കു വന്നു. അന്നു സുലോചനയെ കണ്ടാൽ കുമാരനാശാൻ പാടിയതുപോലെ “ചാമ്രനായകന്റെ കിടാത്തി”യാണെന്നു തോന്നും. അവൾക്കു നല്ല സരള സുന്ദരമായ ശരീരപ്രകൃതമായിരുന്നു. കണ്വാശ്രമത്തിൽ കണ്ട ശകുന്തളയെപോലെ ലാളിത്യവും സൗന്ദര്യവും അവൾക്കുണ്ടായിരുന്നു. രാജാമണി ഞങ്ങളെ പരിചയപ്പെടുത്തി. എന്നെ കമ്മ്യൂണിസ്‌റ്റു പ്രസ്ഥാനത്തിന്റെ അതികായനെന്നും രാജനാണെങ്കിൽ പുകൾപ്പെറ്റ എം.എൽ.എയും. ഞങ്ങളുടെ ആഗമനോദ്ദേശം രാജൻ തുറന്നു പറഞ്ഞു. പാർട്ടിക്കുവേണ്ടി ഒരു കലാസമിതി ഉണ്ടാക്കിയെന്നും അതിനുവേണ്ടി ‘എന്റെ മകനാണു ശരി’ എന്ന നാടകത്തിനു പാട്ടുപാടി അഭിനയിക്കുന്ന ഒരു നടിയെ വേണം. അതിനൊരുക്കമാണോ എന്നറിയാനാണു ഞങ്ങൾ വന്നത്‌ എന്നും പറഞ്ഞു. സുലോചന ഒന്നും പറഞ്ഞില്ല.

“പാരം വിസ്മയമാർന്ന വിസ്‌പാരിത താരയായ” ആ മൈക്കണ്ണി നിന്നു. മനോഹരമായ ഇരുനിറം, ഒതുങ്ങിയ ശരീരം, നീണ്ടു നിവർന്ന നയനങ്ങൾ. അങ്ങനെ ആ കുട്ടി ആകർഷകത്വമുള്ള ഒരു കൊച്ചു സുന്ദരിയായിരുന്നു. കണ്വാശ്രമത്തിലെ ശകുന്തളയെപ്പോലെ അല്പം നാണം ഭാവിച്ചു. ബഹുമാന്വിതയായി ഞങ്ങളെ സ്വീകരിച്ചു. അച്ഛൻ നാഗർകോവിലിൽ നിന്നു വന്നതിനുശേഷം മറുപടി അറിയിക്കാമെന്നവൾ പറഞ്ഞു. രാജനാണെന്നു തോന്നുന്നു ഒരു കുസൃതിചോദ്യം തൊടുത്തുവിട്ടു. പാടുമെന്നു കേട്ടിട്ടുണ്ട്‌. കഴിയുമെങ്കിൽ പാടൂ. കുറുപ്പുചേട്ടന്റെ ആഗ്രഹമാണ്‌. കുടുംബാംഗങ്ങളും പാട്ടു പാടാൻ പ്രോത്സാഹിപ്പിച്ചു. മേൽസ്ഥായിയിലേക്കു ഒഴുകിയെത്തുന്ന ഗാനം അതി മനോഹരമായി സുലോചന പാടി. ഞങ്ങൾ മൂന്നുപേരും തരിച്ചിരുന്നുപോയി.

പാട്ടിൽ അന്തർലീനമായ ഭാവം സുന്ദരമായി അവൾ പ്രകാശിപ്പിച്ചു. ഞങ്ങളുടെ കണ്ണുനിറഞ്ഞു. എന്തുവില കൊടുത്തും ത്യാഗം സഹിച്ചും സുലോചന കെ.പി.എ.സിയിൽ വേണം എന്ന്‌ ഞങ്ങൾ തീരുമാനിച്ചു. ഒരു ആശ്വാസനിധിയായി ഞാൻ 25രൂപ സമ്മാനിച്ചു. സമിതിയിൽ ചേർന്ന്‌ എന്തെങ്കിലും ചെയ്യുന്നതിനു മുമ്പു സംഭാവന വാങ്ങുന്നതു ശരിയല്ല. സുലോചന മുരുക രാജന്‌ 25 രൂപ കൊടുത്തു. എന്നിട്ടു പറഞ്ഞുഃ പ്രസിഡന്റ്‌ ലുബ്ധനാണ്‌. തന്ന രൂപ കുറവാണ്‌. അങ്ങനെ ഞങ്ങൾ പച്ചമലയാളത്തിൽ പറഞ്ഞാൽ നടിക്ക്‌ അച്ചാരം കൊടുത്തു മടങ്ങി. അടുത്ത ദിവസം സുലോചനയും അച്ഛനും വന്നു. മാഞ്ഞാലികുളം ലോഡ്‌ജിൽ. സുലോചന അഭിനയിച്ചതു യാഥാസ്ഥിതികനായ ഒരു വൃദ്ധന്റെ മകളായിട്ടാണ്‌. ശാരി എന്നു പേര്‌. ഞാൻ അവളുടെ അച്ഛനായിട്ടും. അന്നുമുതൽ സുലോചന മരിക്കുന്നതുവരെ ജീവിതത്തിലും കലാപ്രസ്ഥാനത്തിലും ഞാൻ അവളുടെ അച്ഛനായി മാറിയിരുന്നു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി’ എന്ന നാടകത്തിൽ ജന്മിയായ കേശവൻനായരുടെ മകളായ സുമാവലിയായി അഭിനയിച്ചു.

സുലോചനയുടെ വളർച്ച അവിശ്വസനീയമായ ഒന്നായിരുന്നു. ആദ്യം പാട്ടു മുന്നിലും അഭിനയം പിന്നിലുമായിരുന്നു. ക്രമേണ ആ കുട്ടി സമൃദ്ധമായ അഭിനയം നാടകങ്ങളിൽ അനുവാചകർക്കു സമ്മാനിച്ചു. “നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി” എന്ന നാടകത്തിൽ അവൾ സ്വന്തം പിതാവിന്റെ ക്രൂരതകൾ ചോദ്യം ചെയ്യുന്ന വിപ്ലവകാരിയായി വളർന്നുകഴിഞ്ഞു. അപ്പോഴേക്കും കെ.പി.എ.സിയിൽ അനുഗ്രഹീത സംഗീത സംവിധായകനായ ദേവരാജനും ഒ.എൻ.വിയും ചേർന്ന്‌ ഒരു ഗാനകാലം സൃഷ്ടിക്കാൻ തുടങ്ങിയിരുന്നു. ഒ.എൻ.വിയുടെ കാവ്യമധുരമായ പാട്ടും, ദേവരാജന്റെ കർണാടക സംഗീതത്തിൽ തേൻതുള്ളി ചാലിച്ച സംഗീതവും ഉണ്ടാക്കി. ആ സംഗീത സദസിന്റെ പൂർണമായ ഉത്തരവാദിത്വം ദേവരാജനായിരുന്നു. സുലോചനയുടെ പാട്ടുകൾ കേവലം അനാകർഷകമായ അർത്ഥമില്ലാത്ത വരികളായിരുന്നില്ല. ഗ്രാമങ്ങളിൽ അലയടിച്ചുയർന്ന വിപ്ലവ പ്രസ്ഥാനത്തിന്റെ ചൂടും ചൂരും ആ ഗാനങ്ങൾക്കുണ്ടായിരുന്നു. അവ കേരളത്തിൽ മാത്രമല്ല ഇന്ത്യയുടെ എല്ലാ നഗരങ്ങളിലും ഞങ്ങൾ പാടിക്കൊണ്ടു സഞ്ചരിച്ചിരുന്നു. ക്രമേണ സമരവീര്യമുള്ള ഒരു വലിയ വിപ്ലവ സമൂഹത്തിനു സംഗീതം പകരുന്ന സമര സംഘടന ആയി കെ.പി.എ.സി വളർന്നു. നാടകവും സംഗീതവും ഒന്നുപോലെ സമ്മേളിച്ചിട്ടുള്ള കെ.പി.എ.സി ഇന്ത്യയ്‌ക്കാകെ വികാരധാരപകർന്നു.

ബോംബെയിലും ഡൽഹിയിലും കൽക്കത്തയിലും നാടകം കളിച്ചു. ബോംബേയിൽ പൃഥ്വിരാജ്‌കപൂറായിരുന്നു ഞങ്ങളെ സ്വീകരിച്ചത്‌. പണ്ഡിറ്റ്‌ നെഹ്‌റു ഡൽഹിയിൽ ഞങ്ങൾക്ക്‌ ഊഷ്മളമായ വരവേല്പ്‌ തന്നു. രണ്ടര മണിക്കൂർ ഇരുന്ന്‌ അദ്ദേഹം നാടകം കണ്ടു. സുലോചനയുടെ ഗാനനിർഝരി ആ മഹാമനുഷ്യനെ കോരിത്തരിപ്പിച്ചു. “നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും” പണ്ഡിറ്റ്‌ നെഹ്‌റുവിനെ പരമാനന്ദത്തിൽ ആറാടിച്ചു. അങ്ങനെ കമ്മ്യൂണിസ്‌റ്റുകാരായ ഞങ്ങളെ സ്വന്തം തറവാട്ടിലെ സന്താനങ്ങളായി അനുഗ്രഹിക്കാൻ നെഹ്‌റുവിനു കഴിഞ്ഞു.

സുലോചന പാവപ്പെട്ട ഒരു പെൺകിടാവിൽ നിന്നു മാറി അച്ചടക്കവും നേതൃത്വപാടവവും പ്രകടിപ്പിച്ചു. ഇരുത്തംവന്ന ഒരു കമ്മ്യൂണിസ്‌റ്റുകാരിയായി ആ കൊച്ചു പെൺകുട്ടി വളർന്നുകഴിഞ്ഞിരുന്നു. ഒരിക്കൽ വാനിൽ ചെങ്കൊടി പറപ്പിച്ചു പാട്ടുപാടി കോഴിക്കോട്ടു ഞങ്ങളുടെ നാടകസംഘം സഞ്ചരിക്കുകയായിരുന്നു. ചെങ്കൊടി കണ്ട്‌ പ്രക്ഷുബ്ധനായി ഞങ്ങളുടെ മുൻപിൽ എടുത്തുചാടി ‘നിർത്തെടാ വണ്ടി’ എന്ന്‌ ഒരാൾ ആക്രോശിച്ചു. കൊടിയഴിക്കാൻ ആജ്ഞാപിച്ചു. കമ്മ്യൂണിസ്‌റ്റു പാർട്ടിയുടെ കൊടിയാണ്‌ അഴിക്കില്ല എന്നു ഞാൻ പറഞ്ഞു. ആക്രമണോത്സുകനായി അയാൾ എന്നെ സമീപിച്ചപ്പോൾ ദുർഗ്ഗാദേവിയെപ്പോലെ സുലോചന എടുത്തുചാടി. ഞങ്ങളുടെ കൊടിയേയോ പ്രസിഡന്റിനേയോ തൊടാൻ പറ്റില്ല എന്നവൾ ശക്തിയായി അലറി. സുലോചനയുടെ ശക്തിയായി വിജയകുമാരിയും ഉണ്ടായിരുന്നു. സി.ഐയെ ആശ്വസിപ്പിക്കാനെന്നവണ്ണം കെ.പി.ആർ രംഗത്തെത്തി. അതാണു സുലോചന. കോവളത്തു വച്ചു വേറൊരു സംഭവം നടന്നു. ഞങ്ങളുടെ നാടകത്തിന്‌ നിരോധനം ഉണ്ടായി. ഞാൻ കെ.പി.എ.സി സഖാക്കളുടെ അനൗപചാരിക യോഗം വിളിച്ചു കൂട്ടി. നിരോധനാജ്ഞ ലംഘിക്കണമെന്നു പറഞ്ഞു. ഞങ്ങളുടെ അഭിപ്രായത്തോടു ഏറെ പേരും യോജിക്കുകയായിരുന്നു. നിരോധിച്ച നാടകം നിരോധനം ലംഘിച്ചു കളിക്കണമെന്നും പറഞ്ഞു. അതിൽ ഉറച്ചു നിന്നതു സുലോചനയായിരുന്നു. നിരോധനം ലംഘിച്ചു നാടകം കളിച്ചു. ഞങ്ങളെ അറസ്‌റ്റുചെയ്തു പോലീസ്‌ സ്‌റ്റേഷനിൽ കൊണ്ടുപോയി. കെ.എസ്‌ ജോർജ്ജിന്റെയും സുലോചനയുടേയും ഗാനമേള അവിടെ തകർക്കുകയായിരുന്നു. പോലീസിന്‌ ഞങ്ങളെ മോചിപ്പിക്കേണ്ടിവന്നു. നിരോധനം നിയമവിരുദ്ധമാണെന്നു ഹൈക്കോർട്ടിൽ നിന്നു വിധി സമ്പാദിച്ചു. കമ്യൂണിസ്‌റ്റു പാർട്ടിയുടെ സമ്മേളനങ്ങളിലും പ്ലീനങ്ങളിലും ഞങ്ങൾ പാട്ടുപാടും. ആലുവയിലെ പാർട്ടി സമ്മേളനത്തിൽ സുലോചനയുടെ നേതൃത്വത്തിൽ അതീവ സുന്ദരമായ കലാപരിപാടികൾ ഞങ്ങൾ കാഴ്‌ചവച്ചു.

പിന്നീടു സുലോചനയുടെ വളർച്ച അതിഗംഭീരമായിരുന്നു. സുലോചന അഭിനയിച്ച ഏറ്റവും നല്ല കെ.പി.എ.സി നാടകം ‘മുടിയനായ പുത്രനാണ്‌’. സുലോചനയുടെ കഥാപാത്രം ചെല്ലമ്മ എന്ന യുവതി ആ നാടകത്തിൽ ജീവിക്കുകയായിരുന്നു. അഭിനയത്തിന്റെ പടവുകൾ ചാടിക്കയറി സുലോചന നടിയെന്ന നിലയിലും, രാഷ്ര്ടീയനേതാവെന്ന നിലയിലും മിന്നിത്തിളങ്ങുകയായിരുന്നു.

സുലോചന കേവലം ഭാഗ്യാന്വേഷിയായ കലാകാരിയായിരുന്നില്ല. കെ.പി.എ.സിയിൽ കൂടി പാർട്ടിയുടെ പ്രബുദ്ധയായ പ്രവർത്തകയായി സുലോചന രൂപാന്തരപ്പെട്ടു. രാഗവും സമരവീര്യവും അവളുടെ മുഖമുദ്രയായി.

കൊടാകുളങ്ങര വാസുപിള്ളയുടെ കൊലക്കേസ്‌ നടന്ന അവസരത്തിൽ ഒരു ദിവസം ഞാനും ഒ. മാധവനും കൂടി സുലോചനയുടെ വീട്ടിൽ എത്തി. തിരുവല്ലയിലായിരുന്നു നാടകം. യാഥാസ്ഥിതികനായ അച്ഛൻ കൊലപാതകികളുടെ കൂടെ അയക്കില്ല എന്നു പറഞ്ഞു. ഞങ്ങളാരും മധുസൂദനൻപിള്ളയെ കൊന്നവരല്ല. പക്ഷേ ഞങ്ങളുടെ ഗൂഡാലോചന നടന്നുവെന്നു തെളിയിക്കാനുള്ള സാഹചര്യത്തെളിവുകൾ പോലീസിനുണ്ടായിരുന്നു. സുലോചനയുടെ അഭിപ്രായം, കെ.പി.എ.സി പ്രസിഡന്റും കെ.പി.എ.സിയും എവിടെ നാടകം കളിച്ചാലും ഞാനും നാടകത്തിൽ അഭിനയിക്കും. എന്നതായിരുന്നു. വാസുപിള്ളയെ തൂക്കിൽ നിന്നും ഒഴിവാക്കാൻ പാർട്ടി പൂന്നൂസിനെ ഡൽഹിക്കയക്കേണ്ടതായിട്ടുണ്ടായിരുന്നു. ദൗത്യം ഫലിച്ചില്ല. അതിനും പണം വേണമായിരുന്നു. ഞാനെന്റെ ഭാര്യയുടെ മാലയും കൊണ്ടാണു തിരുവനന്തപുരത്ത്‌ എത്തിയത്‌. അതുകൊണ്ട്‌ പണം തികയില്ലായിരുന്നു. അപ്പോഴെനിക്കു സുലോചനയുടെ രൂപം ഓർമവന്നു. ഞാൻ വിവരം പറഞ്ഞു. ഒന്നും ചോദിക്കാതെ 5 പവന്റെ മാല ഊരിത്തന്നു. വാസുപിള്ളയുടെ ജീവൻ രക്ഷിക്കണം. സുലോചന പറഞ്ഞു. സുലോചനയുടെ അച്ഛനതു രസിച്ചില്ല. ഇതു ഒരിക്കലും നിനക്കു തിരിച്ചുകിട്ടില്ല. ഈ മാലയും വളയും കെ.പി.എ.സി ഉണ്ടാക്കിത്തന്നതാണ്‌. അച്ഛൻ മൂടു മറക്കരുത്‌. കെ.പി.എ.സിക്കുവേണ്ടി ജീവൻ വരെ കൊടുക്കാൻ ഞാൻ തയ്യാറാണ്‌ – ധീരന്മാരായ രാജ്യസ്നേഹികളാണവർ.

കെ.പി.എ.സിയുടെ ഉയർച്ചയിലും, വളർച്ചയിലും പൂർണമായ വിശ്വാസം സുലോചനയ്‌ക്കുണ്ടായിരുന്നു. മരിക്കുന്നതിന്‌ ഏതാനും മാസം മുൻപ്‌ ‘എന്റെ ജീവിതം’ പുസ്തകപ്രകാശനവേളയിൽ ‘ചെപ്പുകിലുക്കണ ചങ്ങാതി’ എന്നു തുടങ്ങുന്ന പാട്ട്‌ അവൾ പാടി. ആ പാട്ട്‌ എന്നെ കുറിച്ചാണെന്നു ഞാൻ ഓർത്തുപോയി. മരണം വരെ അവളുടെ ചെപ്പുകിലുക്കണ ചങ്ങാതിയായിരുന്നു.

ആ ചെപ്പ്‌ ഉജ്വലമായ കലാപ്രസ്ഥാനമായിരുന്നു. സുലോചനയുടെ മരണം അറിഞ്ഞപ്പോൾ ഞാൻ ഓടി കായംകുളത്ത്‌ എത്തി. ആദ്യത്തെ റീത്ത്‌ ആ മനോഹാരിണിയുടെ മൃതശരീരത്തിൽ സമർപ്പിച്ചു.

എന്റെ ഉള്ളിൽ സുലോചന ഇന്നും മരിച്ചിട്ടില്ല. മരിക്കുകയുമില്ല.

(തൃശൂർ കറന്റ്‌ ബുക്സ്‌ പ്രസിദ്ധീകരിക്കുന്ന കെ.പി.എ.സി സുലോചനയുടെ ‘അരങ്ങിലെ അനുഭവങ്ങൾ’ പുസ്തകത്തിനെഴുതിയ അവതാരിക)

അരങ്ങിലെ അനുഭവങ്ങൾ (കെ.പി.എ.സി സുലോചന)

പ്രസാ ഃ കറന്റ്‌ ബുക്സ്‌

വില ഃ 75രൂ.

പുസ്തകം വാങ്ങുവാൻ സന്ദർശിക്കുക “www.dcbookstore.com”

Generated from archived content: bookreview1_aug14_07.html Author: adv_g_janardhanakuruppu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here