മദ്യമെന്ന ഭീകരന്‍

രാസപരമായി കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നിവയുടെ സംയുക്തമായ എതനോള്‍ അല്ലെങ്കില്‍ ഈതൈന്‍ ആല്‍ക്കഹോള്‍ ആണ് മദ്യത്തിലെ അടിസ്ഥാന വസ്തു (ലഹരി വസ്തു). നിറമില്ലാത്തതും കഴിച്ചാല്‍ എരിച്ചില്‍ ഉണ്ടാക്കുന്നതും കത്തിച്ചാല്‍ കത്തുന്നതുമായ ദ്രാവകമാണ് ശുദ്ധമായ ആല്‍ക്കഹോള്‍. ഇതു തുറന്നുവച്ചാല്‍ എളുപ്പം ബാഷ്പീകരിച്ചു പോകും.

ഈഥൈല്‍ ആല്‍ക്കഹോളിന് ഗ്രേയ്ന്‍ ആല്‍ക്കഹോള്‍ എന്നും പറയും. ഇതില്‍ വിഷാംശം ഉണ്ട്. എങ്കിലും വളരെ വേഗം മാരകമാകുകയില്ല. എന്നാല്‍ ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് കൂടുന്നതനുസരിച്ചും ഉപയോഗത്തിന്റെ കാലദൈര്‍ഘ്യമനുസരിച്ചും അപകടാവസ്ഥയിലെത്തും.

പുളിപ്പിക്കല്‍( fermantation) പ്രക്രിയയിലൂടെയും ഡിസ്റ്റിലേഷന്‍ പ്രക്രിയയിലൂടെയും മദ്യം ഉത്പാദിപ്പിക്കാം.

മദ്യം ശരീരത്തില്‍

ആല്‍ക്കഹോളിന്റെ അംശം രക്തത്തില്‍ കൂടുന്തോറും ലഹരിയും വര്‍ധിക്കും. മദ്യപന്റെ രക്തത്തിലെ മദ്യത്തിന്റെ തോത് അളക്കുന്നത് ലിറ്ററിന് ഇത്ര മില്ലിഗ്രാം എന്ന തോതിലാണ്. ഇതിന് BAC (Blood Alcohol Concentration)എന്നു പറയും. ഉദാഹരണത്തിന് BAC ലിറ്ററിന് 1000 മില്ലിഗ്രാം ആകുമ്പോള്‍ സംസാരം കൂടും. നിയന്ത്രണം വിട്ട് ഉച്ചത്തില്‍ സംസാരിക്കും. അരുതുകളും വിലക്കുകളും ലംഘിക്കും.

BAC 2000-3000 മില്ലിഗ്രാം ആകുമ്പോള്‍ കൈകാലുകള്‍ വിറയ്ക്കും. ദേഹമാകെ തളരും. ബോധം നഷ്ടപ്പെടാം. BAC 4000-7000 മില്ലിഗ്രാം ആകുമ്പോള്‍ മരണം സംഭവിക്കാം. മദ്യം ശരീരത്തിലെ ഓരോ അവയവങ്ങളെയും തകര്‍ക്കുന്നു.

മദ്യം കരളിനെ ബാധിക്കുന്നു

ആല്‍ക്കഹോളിന്റെ ഓക്‌സീകരണം നടക്കുന്നത് കരളിലായതിനാല്‍ അമിതമായ മദ്യപാനം കരളിന്റെ പ്രവര്‍ത്തനത്തിന്റെ ഭാരം വര്‍ധിപ്പിക്കുന്നു. ഇതുമൂലം കരള്‍വീക്കം, മഞ്ഞപ്പിത്തം, സിറോസിസ് എന്നിവ ബാധിക്കുന്നു. കരള്‍ ദ്രവിച്ച് ഇല്ലാതാകുന്ന പ്രക്രിയയാണ് സിറോസിസ്.

ദഹനേന്ദ്രീയ വ്യൂഹം

അന്നനാളത്തിനകത്തെ ശ്ലേഷ്മ സ്തരത്തെ മദ്യം നശിപ്പിക്കുന്നു. ഇത് രക്തസ്രാവത്തിന് കാരണമാക്കുന്നു. ക്യാന്‍സര്‍ വരുത്തുന്നു

ആമാശയത്തിനകത്ത് പൊട്ടലുകള്‍ക്കും പഴുപ്പുകള്‍ക്കും കാരണമാകാം. ഗ്യാസ്‌ട്രൈറ്റിസ്. ആമാശയ വ്രണങ്ങള്‍ എന്നിവ ഉണ്ടാക്കുന്നു. ആദ്യം ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുമെങ്കിലും പിന്നീട് വിപരീത ഫലം ഉണ്ടാകും. ദഹനം നടക്കാതെ വേഗത്തില്‍ വിസര്‍ജിക്കുകയും ശാരീരിക ക്ഷീണം ഉണ്ടാകുകയും ചെയ്യുന്നു.

രക്തപര്യയന വ്യൂഹം

രക്തംകട്ടപിടിക്കാനുള്ള കഴിവിനെ മദ്യം കുറയ്ക്കുന്നതിനാല്‍ രക്തസ്രാവമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. രക്തക്കുഴല്‍ പൊട്ടി രക്തം ഛര്‍ദിച്ച് മദ്യപന്‍ മരിക്കാനിടയുണ്ട്.

ഹൃദയം

മദ്യത്തില്‍ ഉത്തേജിതമായ ഹൃദയം ഒരു ദിവസത്തില്‍ 8000 പ്രാവശ്യത്തോളം കൂടുതല്‍ മിടിക്കേണ്ടിവരുന്നു. ഹൃദയത്തിന്റെ അമിതപ്രവര്‍ത്തനം ഹൃദയപേശികളെ ബാധിക്കാം. കാര്‍ഡിയാക് മയോപ്പതി എന്ന ഹൃദയപേശികളെ ബാധിക്കുന്ന രോഗം വരാം. ഹൃദയസ്തംഭനത്തിന് കാരണമാകാം.

ശ്വസന വ്യൂഹം

മദ്യം രക്തത്തില്‍ ഒരു പരിധിയില്‍ കൂടുതലാകുമ്പോള്‍ തലച്ചോറിലെ ശ്വാസോച്ഛ്വാസ കേന്ദ്രം പ്രവര്‍ത്തനരഹിതമാവുകയും ശ്വാസോച്ഛ്വാസം നിന്നു മരണം സംഭവിക്കുകയും ചെയ്യാം.

പ്രത്യുത്പാദനേന്ദ്രീയ വ്യൂഹം

ലൈംഗിക ഉത്തേജനം ആദ്യ ഘട്ടത്തില്‍ ഉണ്ടാകാമെങ്കിലും ക്രമേണ ലൈംഗിക ശേഷിക്കുറവിന് മദ്യം കാരണമാകുന്നു. മദ്യപിക്കുന്ന സ്ത്രീകളില്‍ അണ്ഡോത്പാദനത്തിന് തടസമുണ്ടാകാനിടയുണ്ട്. ഗര്‍ഭച്ഛിദ്രത്തിനുള്ള സാധ്യതയും കൂടുതലാണ്. ജനിക്കുന്ന കുഞ്ഞിന് ബുദ്ധിമാന്ദ്യവും അംഗവൈകല്യവും ഉണ്ടാകാം..

ക്യാന്‍സര്‍

മദ്യപാനികളില്‍ വായ്, നാക്ക്, അന്നനാളം, കരള്‍ എന്നിവിടങ്ങളില്‍ ക്യാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണ്.

വൃക്കകള്‍ക്കു കേടു വരുത്തുന്നു

ശരീരത്തിലെ മാലിന്യങ്ങളെ പുറത്തുകളയുന്ന വൃക്കകളെ മദ്യം നശിപ്പിക്കുന്നു. മൂത്രം പോകാന്‍ ബുദ്ധിമുട്ട്, ശരീരമാസകലം നീര്, മൂത്രത്തില്‍ പഴുപ്പ്, വേദന, മൂത്രത്തില്‍ കല്ല്, തളര്‍ച്ച, മയക്കം, ഞെട്ടല്‍ ഇഴയെല്ലാം മദ്യം വൃക്കകളെ നശിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നു. മദ്യപന്റെ ശരീരത്തിന് രോഗ പ്രതിരോധ ശക്തി കുറയുന്നതു കൊണ്ട് മറ്റു രോഗങ്ങളും പിടിപെടാന്‍ സാധ്യത കൂടുതലാണ്.

Generated from archived content: essay1_sep5_13.html Author: adv_charli.paul_ma.llb

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here