ഇരുണ്ട ഗർത്തങ്ങളിൽ നിന്നുള്ള നിലവിളികൾ

പുരസ്‌കാരങ്ങൾ നേടിയ ഒമ്പതു കഥകളുടെ ഈ സമാഹാരം കഥകളുടെ വൈവിദ്ധ്യം കൊണ്ടും മൗലികതകൊണ്ടും തീർച്ചയായും ശ്രദ്ധിക്കപ്പെടും. ചന്ദ്രശേഖർ നാരായണന്റെ ഈ കഥകളെ ഞാൻ വിലയിരുത്തുന്നത്‌ കഥാകൃത്തുമായി നിരന്തരം ഇടപഴകുന്ന ഒരു സഹപ്രവർത്തകനെന്ന അധികാരം ഉപയോഗിച്ചാണ്‌. ഈ സമാഹാരത്തിലെ എല്ലാ കഥകളും പുരസ്‌കാരങ്ങൾ ലഭിക്കുന്നതിനു മുമ്പേ തന്നെ ഞാൻ വായിച്ചിരുന്നു. ഒരു കഥയെഴുതിക്കഴിഞ്ഞാൽ അത്‌ ഡി.ടി.പി ചെയ്ത്‌ അവനെന്നെ കാണിക്കുമായിരുന്നു. ഓരോ കഥകൾ വായിക്കുമ്പോഴും ഒരുതരം അമ്പരപ്പാണ്‌ എനിക്കുണ്ടായത്‌. അതിനുകാരണം ചന്ദ്രശേഖർ നാരായണൻ പ്രൊഫഷനെക്കുറിച്ചും വരുമാനത്തെക്കുറിച്ചുമുള്ള ഉൽക്കണ്‌ഠകളാണ്‌ മിക്കവാറും പങ്കുവെയ്‌ക്കാറുള്ളത്‌. ആഴത്തിലുള്ള സാഹിത്യപ്രശ്നങ്ങളോ സാമൂഹ്യ ഉൽക്കണ്‌ഠകളോ എന്തിന്‌ ഒരു സാഹിത്യകാരന്റെ മാനസീകമായ അരാജകത്വം പോലുമോ അവൻ പ്രകടിപ്പിച്ചുകണ്ടിട്ടില്ല. ഇങ്ങനെയുള്ള ഒരാൾ അതിതീഷ്ണമായ ചില കഥകളെങ്കിലും രചിക്കാനാവും വിധമുള്ള ആന്തരീകജീവിതം നയിക്കുന്നതെങ്ങനെ? എവിടുന്നാണിവൻ ഇത്രയേറെ പരുപരുക്കൻ കഥാപാത്രങ്ങളെ ഉദ്‌ഖനനം ചെയ്തെടുക്കുന്നത്‌? ജീവിതത്തിന്റെ തമോഗർത്തങ്ങളിലൂടെ ഇവന്‌ സഞ്ചരിക്കാൻ കഴിയുന്നതെങ്ങനെ? ഈ ചോദ്യങ്ങളാണ്‌ വാസ്തവത്തിൽ ചന്ദ്രശേഖർ നാരായണനെ കൂടുതൽ അറിയാൻ എന്നെ പ്രേരിപ്പിച്ചത്‌. തന്റെ യൗവ്വനകാലത്തെ ഉത്തരേന്ത്യൻ നഗരജീവിതത്തിനിടയിലെ അധോലോക ദൃശ്യങ്ങളോ, താൻ ജീവിക്കേണ്ടിവന്ന പിതൃ​‍ാധിപത്യ (Petriarchial) കുടുംബഘടനയുടെ ആധിപത്യമനോഭാവങ്ങളിൽ നിന്നോ, ഒരു പ്രസ്‌ ഫോട്ടോഗ്രാഫറായി ജോലി ചെയ്യവേ ഒപ്പിയെടുത്ത ദാരുണ സംഭവങ്ങളിൽനിന്നോ ഒരു അഭിഭാഷകനെന്ന നിലയിൽ തന്റെ മുന്നിൽ വരുന്ന വ്യത്യസ്തസ്വഭാവക്കാരായ കക്ഷികളുടെ അനുഭവ വിവരണങ്ങളിൽ നിന്നോ ഒരുപക്ഷേ അതിനെല്ലാമുപരിയായി തന്റെ ജന്മനാടായ കോൾപ്പടവുകളം കായലുകളും നിറഞ്ഞ അരിമ്പൂരും പരിസരത്തുമുള്ള മനുഷ്യരുടെ ജീവിതവും സ്വഭാവരീതികളും സൂക്ഷ്മമായി നിരീക്ഷിച്ചതിൽ നിന്നോ ഒക്കെയാവണം ഈ കഥാകൃത്ത്‌ മോൾഡ്‌ ചെയ്യപ്പെട്ടത്‌.

ഈ സമാഹാരത്തിലെ കഥകളിലെ ഓരോ കഥാപാത്രങ്ങളും തന്റെ സവിശേഷമായ നിരീക്ഷണത്തിന്‌ വിധേയമായിട്ടുള്ളവരാണെന്നുറപ്പ്‌. അത്രയ്‌ക്ക്‌ പരിചിതമായും, വിശ്വസനീയവുമായാണ്‌ അവരുടെ ചിത്രീകരണം. ചന്ദ്രശേഖരന്‌ കഥാപാത്രങ്ങളോടാണ്‌ കൂടുതൽ ആഭിമുഖ്യം. കഥയോടല്ല. അതിസൂക്ഷ്മമായി തന്റെ കഥാപാത്രങ്ങളെ രൂപപ്പെടുത്തുമ്പോൾ കഥ ജനിക്കുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ടു തന്നെ ഓരോ കഥകളിലെ കഥാപാത്രങ്ങൾക്കും അസാമാന്യമായ മിഴിവും വ്യക്തിത്വവും കയ്‌വരുന്നു.

9 പുരസ്‌കാരകഥകൾ(ചന്ദ്രശേഖർ നാരായണൻ)

പ്രസാ ഃ തിങ്കൾ ബുക്സ്‌

വില ഃ 50രൂ.

പുസ്തകം വാങ്ങുവാൻ സന്ദർശിക്കുക www.dcbookstore.com

Generated from archived content: book1_nov27_07.html Author: adv.premprasad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here