തിന്മയുടെ ബീജം

ജീവിതത്തില്‍ പലപ്പോഴായി ചെയ്തു കൂട്ടിയ കര്‍മ്മങ്ങള്‍ അവ രണ്ടു തട്ടുകളിലാക്കുമ്പോള്‍ തിന്മയുടെ വശത്തേക്കു കൂടുതല്‍ ചരിവ്! എങ്ങനെ ചരിവ് വരാതിരിക്കും. അത്തരമൊരു ജനനമാണല്ലോ രാവിന്റെ യാമങ്ങളില്‍ ഇരുട്ടിന്റെ മറക്കുള്ളിലെ രതിക്രീഡകളിലെ സ്കലിത ബീജങ്ങളിലേക്കു നന്മയുടെ ഉറവകളുമായി ഇറങ്ങി വന്ന മാലാഖമാര്‍ ഭ്രാന്തിപെണ്ണിനെ കീഴടക്കുന്ന ഏതോ ദുഷ്ടയുവത്വത്തിന്റെ വന്യവും നീചവുമായ പ്രവര്‍ത്തി കണ്ട് ഒഴുകി നടന്ന മേഘത്തുണ്ടുകളിലൂടെ വന്നിടത്തേക്കു തന്നെ മടങ്ങി. ഇരുട്ടില്‍ കാത്തു നിന്ന ആത്മാക്കള്‍ തിനമയുടെ ജീവകണികകള്‍ പാവമാ ഭ്രാന്തിയുടെ ഉള്ളറകളില്‍ നിക്ഷേപിച്ചു. പിന്നീട് എന്തൊക്കെ നടന്നിരിക്കും?

ഓര്‍മ്മ ഉറച്ചു തുടങ്ങുമ്പോള്‍ കള്ളുഷാപ്പിലെ കപ്പപ്പുഴുക്കും ഇറച്ചിക്കറിയും തയ്യാറാക്കുന്നതിന്റെ വാസനകള്‍ക്കിടയിലൂടെ ഓടി നടക്കുകയായിരുന്നു. ചത്തു കിടന്ന ഭ്രാന്തിത്തള്ളയുടെ മാറത്തുനിന്നടര്‍ത്തിയെടുത്ത കുഞ്ഞിനെ പാറുവമ്മ തന്റെ രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ കൂടെ വളര്‍ത്തി. ജീവിതത്തില്‍ കിട്ടിയ ഒരേയൊരു സൗഭാഗ്യം അതിന്റെ മറുവിലക്കപ്പുറം പാറുവമ്മയെയും മക്കളെയും സ്നേഹിച്ചു.

മണ്ട പോയ തെങ്ങുകളും കമ്യൂണിസ്റ്റ് പച്ചകളും കൊണ്ട് ആളനക്കമില്ലാത്ത പറമ്പിലിട്ടാണ് പാറുവമ്മയുടെ കെട്ടിയോന്‍ കേശവന്‍ കാളകളെ കൊല്ലുക. വയറൊട്ടി എല്ലുകളുര്‍ന്നു ദൈന്യതയുടെ അവതാരം പോലെ നില്‍ക്കുന്ന അവയെ നിര്‍ദ്ദയം അടിച്ചു വീഴ്ത്തി ചൂടാറാതെ തൊലി പൊളിച്ച് ഇറച്ചി വില്‍ക്കുന്ന കേശവനെയാണ് കണ്ടു വളര്‍ന്നത്. സന്ധ്യകളില്‍ ചാരായമടിച്ച് ഉടുതുണി ഭാരമായി വലിച്ചെറിഞ്ഞ് കിടക്കുന്ന കേശവനെ അച്ഛാ എന്നു വിളിച്ചു. വളര്‍ന്ന തന്നിലേക്ക് ആസ്വഭാവമഹിമ വളര്‍ന്നത് സ്വഭാവികം.

പിത്തശൂല പിടിച്ച് ചെറുക്കന്‍ എത്ര പെട്ടന്നാണ് വളര്‍ന്നത്. കപ്പപ്പുഴുക്കും കാളയിറച്ചിയും പേശികളില്‍ ചൂടും ചോരയും നിറച്ചു. മസിലുകള്‍ ഉരുണ്ടു കളിക്കുന്ന നീണ്ട കൈകാലുകള്.‍ കറുത്തിരുണ്ട മുടിയും കട്ടമീശയും. പുരുഷത്വത്തിന്റെ കരുത്തും ഉറപ്പുമായി ഇറച്ചിക്കടയില്‍ നിവര്‍ന്നു നില്‍ക്കുമ്പോള്‍ അച്ഛനോടുള്ളതിനേക്കാള്‍ സൗഹാര്‍ദ്ദവുമായി പരിചയക്കാര്‍. വീടിനടുത്തുള്ള കനാലിലെ ഒഴുക്കുവെള്ളത്തില്‍ നീന്തിത്തുടിച്ച് കയറിപ്പോകുന്ന തന്നെ നോക്കി ഒളിഞ്ഞും തെളിഞ്ഞും നാണിക്കുന്ന സൗന്ദര്യങ്ങളെ ഒന്നിനെയും നിരാശപ്പെടുത്താതെ അടുപ്പിച്ചു നിര്‍ത്തി. നിലാവുള്ള രാത്രികളില്‍ ഉറക്കം വരാതെ കിടക്കുമ്പോള്‍ സിരകളില്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വികാരങ്ങള്‍ കിനിഞ്ഞിറങ്ങി. മദം പൊട്ടിയ കരിവിരനെപ്പോലെ പരക്കം പാഞ്ഞ് കാട്ടിക്കൂട്ടിയെതെന്തെല്ലാം.

ഒടുവില്‍ സിറ്റൗട്ടിലെ ഈ ചാരു കസേരയില്‍ ഒടിഞ്ഞു മടങ്ങിയുള്ള കിടപ്പ് പാറുവമ്മയുടെ പെണ്മക്കളെ പട്ടിണിക്കിടാത്തവന്മാരുടെ കൂടെത്തന്നെ പറഞ്ഞയച്ചു. കൊന്നു കൂട്ടിയ മിണ്ടാപ്രാണികളുടെ ശാപമായി രിക്കാം സംസാരിക്കാന്‍ പറ്റാതെ പെട്ടൊന്നൊരു ഇടിമിന്നലില്‍ വളര്‍ത്തച്ഛന്റെ മരണം. പൊള്ളലേറ്റ് പകുതി ജീവന്‍ പോയ ശരീരവുമായി കിടന്നും ഇരുന്നു ഒരു ജീവിതം ബാക്കിയായി. ലോകത്തെല്ലാത്തിനോടും യാത്രാവചനം ചൊല്ലി വിവാഹിതനാകാത്തതിനാല്‍ ഒരു സ്ത്രീയുടെ കണ്ണുനീര്‍ കാണാതെ കഴിഞ്ഞു. അന്ത്യത്തിനായുള്ള കാത്തിരിപ്പ്. അതുരു വല്ലാത്ത കാത്തിരിപ്പു തന്നെ. പാറുവമ്മയുടെ നിസ്വാര്‍ത്ഥമായ മാതൃസ്നേഹത്തിനു മാത്രം ഇന്നും ഒരു കുറവുമില്ല. ആ കടം എങ്ങെനെ വീട്ടൂമെന്നുമാത്രം അറിയില്ല. മറുകരതാണ്ടാനുളള ഈ പ്രയാണത്തില്‍ വിധിയുടെ ചരടുവലിയിലെ പാവകള്‍. അവ കളിക്കുന്നു ഒന്നുമറിയാതെ.

Generated from archived content: story1_dec22_12.html Author: achamma_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here