പരിണാമം

ഭീകരർ താണ്ഡവമാടുന്നു മുറ്റും

മൃഗമുഖമാർന്ന പുകച്ചുരുളായ്‌

എരിഞ്ഞടങ്ങുന്നു പ്രതാപമെല്ലാം

അലയുന്ന പ്രേതങ്ങളേറി വരുന്നു;

സാത്താനെ തളയ്‌ക്കുവാൻ തോക്കുമേന്തി

ഭക്‌തർ നയിക്കുന്നു സംഘനൃത്തം

സാത്താനും ഭക്‌തനും മർത്യനെന്ന

സത്യം ഏവരും വിസ്‌മരിപ്പൂ.

ഏകനാം ദൈവത്തിൻ പലമുഖങ്ങൾ

മർത്യനെ ചാമ്പലായ്‌ മാറ്റുന്നനുദിനം.

പ്രാണഭയത്തിലോടുന്ന മർത്യന്റെ

ഹൃത്തിന്റെ വേദനയാരറിവൂ.

തീറ്റ വിതറിയങ്ങരികെ വിളിച്ചിട്ട്‌

ഊറ്റനാം ബോംബിട്ട്‌ ഭസ്‌മമാക്കി

കാറ്റിൽ പറക്കുന്ന ധൂളിയിലിന്നിതാ

ഉഗ്രനാം സർപ്പത്തിൻ രുദ്രഭാവം.

അധർമ്മമൂർത്തിയെ കാണുന്ന ഭീതിയാൽ

നെടുവീർപ്പുകളിങ്ങേറിടുന്നു

ഏതും സഹിപ്പാനെളുതല്ലെനിക്കെന്ന്‌

ചൊല്ലി ധരിത്രിയും തുടിച്ചീടുന്നു.

പ്രകൃതിയുമങ്ങനെ നിന്നു ഞരങ്ങുന്നു,

ഭൂമിതൻ പണികളും വെന്തുതുടങ്ങി

മൂലപദാർത്ഥങ്ങൾ കത്തിയഴിയുന്ന

നാഴിക നമ്മോടടുത്തിടുന്നു.

സൃഷ്‌ടാവും, സൃഷ്‌ടിസംഹാരകനും

താനെന്നരുളിയ തന്ത്രമിതേ

കാലത്തിൻ അന്തകനായി വന്നു

മർത്യരെ നോക്കി പല്ലിളിപ്പൂ.

ഏകകോശം പിന്നെ മാമൂലായി മാറി

വാലതോ അങ്ങറ്റ്‌ മനുഷ്യനായി

ഇന്നിതാ മർത്യനു വീണ്ടും കിളിർക്കുന്നു

അന്നറ്റുപോയതാം നീണ്ടവാല്‌.

Generated from archived content: poem1_mar30_06.html Author: abraham_thekkemuri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here