ശുനകന്റെ അങ്കിൾ

“പാണ്ടൻ നായുടെ പല്ലിന്‌ ശൗര്യം

പണ്ടേപ്പോലെ ഫലിക്കുന്നില്ല”

വളരെ കാലങ്ങൾക്ക്‌ മുമ്പും നമ്മുടെ നാട്ടിൽ പട്ടികൾക്ക്‌ മറ്റു മൃഗങ്ങളേക്കാൾ അല്പം സ്ഥാനം നൽകുന്നുണ്ടായിരുന്നെന്നതിന്റെ ഉദാഹരണമാണല്ലോ ഈ കവിത. എങ്കിലും ഒരു പരിധി നൽകിയിരുന്നു. എന്നാൽ അനാഥരായ നായ്‌ക്കളെ ‘വരത്ത’ എന്ന്‌ മുദ്രകുത്തി ഉപദ്രവിക്കുക ഒരു പതിവായിരുന്നു. കാരണം അവ പേപ്പട്ടികളോ കട്ടുതീനികളോ ആകാറുണ്ട്‌. സനാഥരായ മനുഷ്യരേപ്പോലും ഉപദ്രവിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിലെന്ത്‌ ക്രൂരതയിരിക്കുന്നു. എന്നാൽ ഒരു പാശ്‌ചാത്യകവി പട്ടിയെ നോക്കി ഇന്നു പാടുകയാണെങ്കിൽ

“എങ്കിലുമെൻ ഓമനാൾക്ക്‌ താമസിക്കാൻ എൻ മുറിയിൽ

പട്ടുതുണികൊണ്ടുതീർത്ത പട്ടുമെത്ത ഞാൻ ഒരുക്കാം” എന്നായിരിക്കാം.

ഇന്ന്‌ പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്രത്യേകിച്ച്‌ നോർത്ത്‌ അമേരിക്കയിൽ പട്ടികളുടെ സ്ഥാനം അത്രമാത്രം ഉയർന്ന്‌ കഴിഞ്ഞു. “ഹിസ്‌ മാസ്‌റ്റേഴ്‌സ്‌ വോയ്‌സ്‌” അഥവാ തന്റെ യജമാനന്റെ ശബ്‌ദം എന്ന ലേബലിലുളള സ്വനഗ്രാഹിയന്ത്രത്തിന്റെ ഉടമ ഇന്നായിരുന്നുവെങ്കിൽ ജയിലിൽ കയറുമായിരുന്നു-പട്ടിയെ ദാസന്റെ പട്ടികയിൽ ആക്കിയതിൽ ഹ്യൂമൻ സൊസൈറ്റി ‘സൂ’ ചെയ്യുമായിരുന്നു. ഒരിക്കൽ ഒരു പട്ടിയെ തലോടിക്കൊണ്ടിരുന്ന ഒരു വെളളക്കാരി പെൺകുട്ടിയോട്‌ “നീ ഇതിന്റെ യജമാനത്തിയല്ലേ” എന്ന്‌ ചോദിച്ചത്‌ അവൾക്ക്‌ ഒട്ടും ഇഷ്‌ടപ്പെട്ടില്ല. അവൾ പറഞ്ഞു ഇവൻ എന്റെ എല്ലാമാണെന്നു പോലും. നായ്‌ക്കളുടെ അസൂയാർഹമായ ഈ ഉയർച്ചയുടെ കാരണം അവരുടെ നിസ്വാർത്ഥമായ സ്‌നേഹവും സേവനവും അല്ലേയെന്ന്‌ തോന്നിപ്പോകുന്നു. ഏതൊരവസ്‌ഥയിലും യാതൊരു വ്യവസ്ഥയുമില്ലാതെ, വളർത്തുന്നവരെ സ്‌നേഹിക്കുന്ന സ്‌നേഹത്തിന്റെ പകുതിയെങ്കിലും മനുഷ്യനുണ്ടായിരുന്നെങ്കിൽ ഈ ലോകം മറ്റൊരു പറുദീസായിമാറിയേനെ… പുനർജൻമമുണ്ടെങ്കിൽ അമേരിക്കയിലെ സായിപ്പിന്റേയോ, മദാമ്മയുടെയോ ഒരു പട്ടിയായി ജനിക്കണമെന്ന്‌ ഒരു സുഹൃത്ത്‌ ഒരിക്കൽ എന്നോട്‌ പറയുകയുണ്ടായി. അത്‌ എത്രയോ വാസ്‌തവമെന്ന്‌ ഇപ്പോൾ ബോധ്യപ്പെട്ടു.

മില്ല്യൺ ഡോളറുകളുടെ കൊട്ടാരത്തിലെ അന്തപ്പുരത്തിൽ ശയനമുറിയിൽ ദമ്പതികളുടെ നടുവിൽ ശയിക്കുന്ന ശുനക രാജാക്കൻമാരും, ശുനകറാണിമാരും ഉണ്ട്‌. സ്വന്തം രക്‌തത്തിൽ പിറന്ന കുട്ടികൾ മറ്റു മുറികളിലോ, നാനിമാരുടെകൂടെയോ ആവാം… കുട്ടികൾ വളരുമ്പോൾ പൊടിതട്ടിപ്പോകുമ്പോൾ പട്ടികൾ എന്നും കൂട്ടിനുണ്ടാകും എന്നുളളതായിരിക്കാം ഇതിന്‌ കാരണം. വിലയേറിയ കാറുകളുടെ അകത്ത്‌ കിടന്ന്‌ വിലസുന്നത്‌ കണ്ടാൽ തോന്നും ഇവരുടെ രാജയോഗം.

ഒരു ന്യായാധിപൻ (സുപ്രീംകോർട്ട്‌ ജഡ്‌ജി) തന്റെ പട്ടിയുമായി സവാരിക്കിറങ്ങവേ, നിരത്തിൽവച്ച്‌ അത്‌ വിസർജ്ജിക്കാൻ തുടങ്ങിയത്‌ അപ്പോൾതന്നെ ബാഗിലാക്കി നൈവേദ്യം പോലെ കൊണ്ടുപോകുമ്പോൾ, പട്ടിയോട്‌ പറയുന്നത്‌ പോലെ തോന്നി. “യുവർ ഓണർ, ഞാൻ ഇത്‌ കളഞ്ഞിട്ട്‌ വരട്ടെ.”

ഒരിക്കലൊരു വിലകൂടിയ മെർസിഡസ്‌ കാറിന്റെ പുറകിലെ സീറ്റിൽ ഒരു ശുനകവീരൻ രണ്ട്‌ വെളുമ്പിസുന്ദരികളുടെ നടുവിൽ ഇരിക്കുന്നു. രണ്ടുപേരും അവന്റെ ദേഹം മുഴുവൻ തടകിക്കൊണ്ടിരിക്കുന്നതിനോടൊപ്പം കവിളിലും ചുണ്ടിലും മാറി മാറി ചുംബിച്ചുകൊണ്ടിരിക്കുന്നു. സുഖസുഷുപ്‌തിയിലവൻ വാലാട്ടി ചുംബിക്കുന്നവർക്ക്‌ അർഹമായ പ്രതിഫലം നൽകുന്നു. സുഹൃത്ത്‌ പട്ടിയാകാൻ ആഗ്രഹിച്ചതിൽ തെറ്റില്ലെന്ന്‌ കാലം മനസ്സിലാക്കിത്തന്നു. പട്ടിക്കുവേണ്ടി സമ്പാദ്യം മുഴുവൻ മാറ്റിവയ്‌ക്കുന്നവരും ചാകുമ്പോൾ അവർക്ക്‌ പ്രത്യേക കല്ലറ പണിയുന്നവരും കല്ലറയിൽ പോയി നിത്യവും പ്രാർത്ഥിക്കുന്നവരും ഇവിടെയുണ്ട്‌. പട്ടി ചാകുന്നതിന്‌ മുമ്പ്‌ അന്ത്യകൂദാശ കൊടുക്കാത്തതിൽ പ്രതിഷേധിച്ച്‌ പളളി ഉപേക്ഷിച്ചവരുമുണ്ട്‌. അടുത്തയിടയ്‌ക്ക്‌ മെട്രോ ടൊറോന്റോ ന്യൂസ്‌പേപ്പറിൽ “പട്ടികൾ എല്ലാം സ്വർഗ്ഗരാജ്യത്തിലേക്ക്‌…‘ എന്ന തലക്കെട്ടോടെ വാർത്തയും പടവും വന്നു. കുറെ വൃദ്ധദമ്പതികളും കുറെയധികം പട്ടികളും ഒരു പളളി നിറച്ച്‌. പാസ്‌റ്റർ എല്ലാവരെയും അനുഗ്രഹിച്ച്‌ സ്വർഗ്ഗത്തിലേക്ക്‌ ആനയിച്ചു. ഇങ്ങനെ പോയാൽ ഇവറ്റകളുടെ ഭാവി എത്രയോ അത്യുന്നതിയിൽ…

ഇനി അവയുടെ ആകൃതി ഒന്ന്‌ നോക്കാം… എത്രയോ വിചിത്രം… ഏതെല്ലാം രൂപത്തിൽ പരുവപ്പെടുത്തി ബ്രീഡ്‌ ചെയ്‌തിരിക്കുന്നു. എലിപോലുളള പട്ടി, പുലി പോലുളള പട്ടി, ആടുപോലുളള പട്ടി, ചീവീട്‌ പോലുളള പട്ടി, കാട്ടുപോത്തിനെപ്പോലുളള പട്ടി, കട്ടുറുമ്പിനെപ്പോലുളള പട്ടി, പോക്കറ്റിലിടാവുന്ന പട്ടി, എളിയിൽ തിരികാവുന്ന തരത്തിലുളള പട്ടി, കമ്പിളി മുറിച്ചിട്ടപോലുളളത്‌, നിലംതുടയ്‌ക്കുന്ന മോപ്പ്‌ പോലിരിക്കുന്നത്‌… അങ്ങനെ ധാരാളം.

ഏതായാലും പട്ടികളെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ പതിവില്ലാതെ പഴയ സുഹൃത്ത്‌ ജോണിന്റെ ഫോൺ കോൾ വന്നു. മുമ്പ്‌ എല്ലാ വീക്ക്‌എൻഡുകളിലും എവിടെയെങ്കിലും ഞങ്ങൾ കൂടുന്നവരാണ്‌. എത്രയോ ബർത്ത്‌ഡേ പാർട്ടികൾ ആഘോഷിച്ചിരിക്കുന്നു… ഇന്ന്‌ ജോണിന്റെ വിളിയിലുമുണ്ട്‌ ഒരു ക്ഷണം- ”ഒത്തിരി നാളായല്ലോ നമ്മളൊന്ന്‌ കൂടിയിട്ട്‌, അടുത്തതിന്റെ പിന്നത്തേ ശനിയാഴ്‌ച ഫ്രീ ആണോ?“ ഒന്നും ചിന്തിക്കാതെ ഓകെ പറഞ്ഞു. ഇപ്പോൾ ആരും വിളിക്കുന്നില്ല, ആർക്കും പഴയപോലെ കുക്ക്‌ ചെയ്യാനോ വീട്‌ വൃത്തിയാക്കാനോ വയ്യാ… തന്നെയുമല്ല ആരുടെയും മക്കൾ കൂടെയില്ല. വല്ലപ്പോഴുമൊരു ”പോട്ട്‌ലക്ക്‌“… അത്ര മാത്രം.

ഏതായാലും പറഞ്ഞുവെച്ച ദിവസം വന്നു. ഭാര്യയോട്‌ വിവരം പറഞ്ഞപ്പോൾ പഴയപോലെ മൂഡില്ലായെന്ന്‌ പറഞ്ഞെങ്കിലും സമയമായപ്പോൾ ഒരുങ്ങിവന്നു. അടുത്ത പ്രശ്‌നം- ഒരു വീട്ടിൽ പോകുമ്പോൾ വെറും കയ്യോടെ എങ്ങനെ പോകും? പ്രശ്‌നം ഭാര്യയോടവതരിപ്പിച്ചു. ഉപയോഗമില്ലാത്ത പല സാധനങ്ങൾ ഉണ്ട്‌ അവയിലൊന്ന്‌ എടുക്കാമെന്ന്‌ അവൾ പറഞ്ഞു. പല വീടുകൾ കയറിയിറങ്ങി ഞങ്ങളുടെ വീട്ടിൽ ചേക്കേറിയ കുറെ ഗിഫ്‌റ്റുകൾ ഉണ്ട്‌, സ്ഥലവും ലാഭിക്കാമല്ലോ. അങ്ങനെ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഏതോ കുഴമ്പ്‌ പരുവത്തിലുളള വൈൻ ബോട്ടിൽ എടുത്ത്‌ ഒരു പഴയ ഗിഫ്‌റ്റ്‌ ബാഗിലാക്കി. ഭാര്യ രണ്ട്‌ മൂന്ന്‌ പ്രാവശ്യം സ്‌റ്റൗ ഓഫ്‌ ചെയ്‌തെന്ന്‌ ഉറപ്പ്‌ വരുത്തി വീട്‌ പൂട്ടി. വണ്ടിയെടുത്ത്‌ ജോണിന്റെ വീടിന്റെ മുമ്പിലെത്തി. ഭാഗ്യത്തിന്‌ ഡ്രൈവേയിൽ തന്നെ പാർക്കിംഗ്‌ കിട്ടി. മുമ്പൊക്കെ ഒരു മൈൽ അകലെവരെ പോയി പാർക്ക്‌ ചെയ്‌തിട്ടുണ്ട്‌. ഗിഫ്‌റ്റ്‌ ബാഗ്‌ ഭാര്യയെ ഏല്പിച്ചിട്ട്‌ ഞാൻ ബെൽ അടിച്ചു. പൊതുവേ ക്ഷീണമാണെങ്കിലും ജോണി തന്നെ വന്ന്‌ സന്തോഷത്തോടെ വാതിൽ തുറന്നു; സ്വാഗതം ചെയ്‌തു. തൊട്ടുപുറകെ വീട്ടുകാരിയും മുടിയൊക്കെ ബോംബ്‌ ചെയ്‌ത്‌ ചായം പുരട്ടി മദാമ്മ സ്‌റ്റെലിൽ വന്ന്‌ ”ഹായ്‌ വരണം വരണം ഒത്തിരി നാളായല്ലോ കണ്ടിട്ട്‌“ എന്ന്‌ പറഞ്ഞ്‌ രണ്ട്‌ പേരെയും ഹഗ്‌ ചെയ്‌ത്‌ അകത്തോട്ട്‌ ആനയിച്ചു. വീട്ടുകാരി കൈയ്യിൽ എന്തോ എളിയോട്‌ ചേർത്ത്‌ പിടിച്ചിട്ടുണ്ട്‌. ഒരറ്റം ചെളി പിടിച്ച ”മോപ്പ്‌“ ആണെന്ന്‌ ആദ്യം കരുതി. പിന്നെ ഒന്നുകൂടെ സൂക്ഷിച്ച്‌ നോക്കിയപ്പോൾ മനസ്സിലായി ഏതോ ജീവനുളള വസ്‌തുവാണെന്ന്‌. ഒരുവശം അനങ്ങുന്നുണ്ട്‌, പോരാത്തതിന്‌ ’കിർ കിർ‘ എന്നൊരു ശബ്‌ദവും-ഒരു കുഞ്ഞ്‌ പട്ടി (യഥാർത്ഥത്തിൽ പട്ടിയുടെ ശബ്‌ദമല്ല, പട്ടിയുടേയും ചീവീടിന്റെയും, പൂച്ചയുടേയും എല്ലാം കൂടെ ബളെൻഡ്‌ ചെയ്‌ത്‌ ഉണ്ടാക്കിയ സ്വരം). വീട്ടുകാരി പട്ടിയെ ഞങ്ങൾക്ക്‌ പരിചയപ്പെടുത്തി. ”ദിസ്‌ ഈസ്‌ പീഡർ“ (പീറ്റർ). കുട്ടികൾ അമേരിക്കൻ സ്‌റ്റൈലിൽ വിളിക്കുന്നപോലെ തന്നെ. കൊളളാം നല്ല പേര്‌, ഞാൻ മനസ്സിലോർത്തു… കർത്താവിന്റെ പ്രധാന ശിഷ്യന്റെ പേര്‌ തന്നെ.

ഇതിനോടകം കുടിക്കാനുളള വക പറയാതെ തന്നെ ഗൃഹനാഥൻ കൊണ്ടുവന്നു. ഞങ്ങളെക്കൂടാതെ നേരത്തെ വന്ന മറ്റൊരു ദമ്പതികൾ ഉണ്ട്‌. അടുത്തകാലത്ത്‌ ഗൾഫിൽ നിന്ന്‌ വന്നവരാണ്‌. കാഴ്‌ചയിൽ എല്ലാവരും പ്രായത്തിൽ ഒരുപോലെ തോന്നിക്കുന്നവർ… ഗൾഫുകാരൻ ഫുൾസ്യൂട്ടിലാണ്‌. ”ഗുഡ്‌ ഈവനിംഗ്‌“ എന്ന്‌ സംബോധന ചെയ്‌തുകൊണ്ട്‌ യഥാസ്ഥാനത്ത്‌ ഇരുന്ന്‌ ചായയാണ്‌ കുടിക്കുന്നത്‌. പോട്ടയിൽ പോയതിൽ പിന്നെ മറ്റൊന്നും കൈകൊണ്ട്‌ തൊടുകില്ലത്രേ… ഗൾഫിന്റെ ഗുണങ്ങളും മഹത്വങ്ങളും അവർ പറയാൻ തുടങ്ങി. ഇവിടെ വരാനുളള കാരണങ്ങും… കാനഡായിൽ ഉദ്ദേശിച്ച പോലുളള ഗുണങ്ങളൊന്നുമില്ലെന്നും… ഗൾഫിൽ വേലക്കാരുമൊക്കെയായി ’ഷെയ്‌ക്കി‘നെപ്പോലെ കഴിഞ്ഞവരാണെന്നും… വർണ്ണന തുടർന്നു.

വീട്ടുകാരിയാകട്ടെ പട്ടിയെപ്പറ്റിയും അതിന്റെ ഗുണഗണങ്ങളെപ്പറ്റിയും വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ഈ പട്ടിയുടെ സ്ഥാനത്ത്‌ ഒരു പേരക്കിടാവ്‌ ഇരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്ന്‌ ഞാൻ മനസ്സിൽ വിചാരിച്ചു. പക്ഷേ അത്‌ ഈ ജന്മത്ത്‌ നടക്കില്ലെന്ന്‌ തോന്നുന്നു. കാരണം രണ്ട്‌ സംസ്‌കാരങ്ങളുടെ നടുവിൽ ഹോമിക്കപ്പെട്ട്‌ പ്രായം കഴിഞ്ഞിട്ടും കല്ല്യാണം കഴിക്കാതെ കോൺഡത്തിൽ (കണ്ടോമിനിയം) കഴിയുകയാണ്‌ മക്കൾ. അവർക്ക്‌ പറ്റിയ ആരെയും കിട്ടുന്നില്ല പോലും.

പട്ടിയെപ്പറ്റിയുളള വർണ്ണന തുടർന്നുകൊണ്ടേയിരുന്നു. എല്ലാവരേക്കാളും പ്രായം തോന്നിക്കുന്ന ഗൾഫുകാരൻ എല്ലാവരേയും ’ആന്റി‘, ’അങ്കിൾ‘ എന്നൊക്കെ സംബോധന ചെയ്‌ത്‌ വിളിക്കാൻ തുടങ്ങി. വെളുപ്പെല്ലാം കറുപ്പിച്ച്‌ തലമുടി മുറിച്ച്‌ ഉളള പ്രായത്തിലും പത്ത്‌ വയസ്സ്‌ കുറച്ച്‌ തോന്നിക്കുന്ന ഭാവത്തിൽ കഴിയുന്ന കൊച്ചമ്മ ബ്രേക്ക്‌ ഇട്ടപോലെ നിശബ്‌ദയായി. കാരണം ഇങ്ങനൊരു വിളി തന്നെ കിളവിയായെന്ന ഭയത്തിൽ എത്തിച്ചുകാണണം. ചായക്ക്‌ പകരം മറ്റവനെ സ്വല്‌പം അകത്താക്കിയിരുന്നെങ്കിൽ ആന്റിയുടെ സ്ഥാനത്ത്‌ വല്ല ’ചേച്ചി‘യെങ്കിലും ആയിരുന്നേനേം എന്ന്‌ ഞാൻ കരുതി. കൂടാതെ സ്വല്‌പം അശ്ലീലം കലർന്ന തമാശ ഒന്നും പറയാൻ പറ്റാതായി. ബുഷിനെപ്പറ്റിയും സദ്ദാം ഹുസൈനെപ്പറ്റിയും കുറെ പറഞ്ഞു.

സ്വല്‌പം മറ്റവൻ അകത്തായ ഞാൻ വാൽസല്യത്തോടെ ശുനകൻകുഞ്ഞിനെ ഒന്ന്‌ ആംഗ്യം കാണിച്ചു. അവൻ വാലാട്ടി. പെട്ടെന്ന്‌, വീട്ടുകാരി പട്ടിയെയുംകൊണ്ട്‌ എന്റെ അടുത്തേക്ക്‌ നീങ്ങി ”പീഡർ, ദിസ്‌ ഈസ്‌ ജോയി അങ്കിൾ, ഗീവ്‌ ഹിം ഏ കിസ്സ്‌“ എന്ന്‌ പറഞ്ഞുകൊണ്ട്‌ എന്റെ മുഖത്തോടടുപ്പിച്ചു. ചുരുണ്ട്‌ കിടക്കുന്ന കരുമ്പടത്തിന്റെ മുറിഞ്ഞ ചരട്‌പോലെ വായിക്ക്‌ ചുറ്റുമുളള രോമത്തിൽനിന്ന്‌ എന്തോ ദ്രാവകം ഒലിക്കുന്നുണ്ട്‌. മീനിന്റെ തലയും തൊലിയുമൊക്കെ ചേർത്തുണ്ടാക്കിയ ടിൻ ഫിഷ്‌ ഡിന്നർ കഴിഞ്ഞ്‌ വായ്‌ കഴുകിയിട്ടില്ലെന്ന്‌ തോന്നി…. എന്തോ പഴുത്ത കൊഞ്ചിന്റെ നാറ്റംപോലെ. വീട്ടുകാരിയുടെ നാസാരന്ധ്രത്തിന്റെ സെൻഷേനൊക്കെ നഷ്‌ടപ്പെട്ടിട്ടുണ്ടായിരിക്കാം. പല്ലില്ലാതെ മോണകാട്ടിച്ചിരിക്കുന്ന ശിശുവിനെ എന്നപോലെ പട്ടിയുടെ മോന്ത എന്റെ മുഖത്തോട്‌ മുട്ടിച്ചു, എന്നിലെ പഴയ മലയാളി ഉണർന്ന്‌ ഉണ്ടായ ദേഷ്യം ഉളളിലൊതുക്കി. ’ച്‌ഛീ നായിന്റെ മോനേ… മാറടാ‘ എന്ന്‌ പറയാൻ തുനിഞ്ഞ്‌.. പക്ഷേ ’ച്‌ഛീ‘ മാത്രമേ പുറത്ത്‌ വന്നുളളൂ. ബുദ്ധിയുളള പട്ടി പുറകോട്ട്‌ മാറി, ബുദ്ധിയില്ലാത്ത വീട്ടുകാരിയാകട്ടെ അലർജിയാണെന്ന്‌ പറഞ്ഞ്‌ പേപ്പർ ടവ്വൽ തന്നു. ഏതായാലും മുഖത്ത്‌ മറ്റിയ പട്ടി ലായനി തുടയ്‌ക്കുവാൻ സാധിച്ചു.

വീണ്ടും പട്ടിവിശേഷവും നാട്ടുവിശേഷവുമൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു. ശുനകന്റെ ചുംബനമേറ്റ ഞാൻ എന്റെ പൂർവ്വകാല ജീവിതത്തിലേക്ക്‌ അല്‌പം യാത്ര ചെയ്‌തു. കൗമാരം വിട്ടുമാറാൻ തുടങ്ങിയ കാലം.. പട്ടികളെ എറിയുന്ന പ്രായം. ഞങ്ങളുടെ അയൽവാസി അലക്കുകാരി ജാനകിക്ക്‌ ആരോ ഉപേക്ഷിച്ച്‌ കിട്ടിയ പട്ടിക്കുഞ്ഞ്‌…. നല്ല വർഗ്ഗത്തിൽപെട്ടതാണെങ്കിലും പെൺപട്ടിയായതുകൊണ്ട്‌ ആരോ കളഞ്ഞതാണ്‌. അത്താണിയായി ജാനകിയുടെ വീട്ടിൽ വന്നുകയറി. ജാനകിക്ക്‌ തുണയായി. പല വീടുകളിൽ നിന്നുമുളള തീറ്റയിൽ അവൾ സുന്ദരിയായി യൗവനത്തിൽ പ്രവേശിച്ചു. പല കിങ്കരന്മാരും അവളുടെ പുറകേ കൂടി. ഒഴിഞ്ഞ കപ്പക്കാലായിൽ പല സമ്മേളനങ്ങൾ നടന്നു, നടുക്ക്‌ സുന്ദരിപ്പട്ടി, ചുറ്റും പൂവാലന്മാർ തമ്മിൽ മത്സരം-അവളെ ആകർഷിക്കാനായി ഓലിയിടുന്നു… ഡാൻസ്‌ ചെയ്യുന്നു…. അങ്ങനെ എന്തെല്ലാം ഗോഷ്‌ഠികൾ. ഞാൻ പലപ്പോഴും അവരെ കല്ലെടുത്ത്‌ എറിഞ്ഞ്‌ ഓടിച്ചിട്ടുണ്ട്‌.

അങ്ങനെ കന്നിമാസത്തിലെ ഒരു ഉത്സവദിവസം എവിടെ നിന്നോ ഒരു കറുമ്പൻ പട്ടി, അവൻ എല്ലാവരേയുംകാൾ ശക്‌തൻ.. വലിയവൻ. ഒറ്റയ്‌ക്ക്‌ അവളുടെ പുറകേ കറങ്ങുന്നത്‌ എനിക്കിഷ്‌ടപ്പെട്ടില്ല… അവൻ ഡാൻസ്‌ ചെയ്യുന്നു… ഒരുതരം റാപ്പ്‌ മ്യൂസിക്ക്‌​‍്‌ പുറപ്പെടുവിക്കുന്നു… എന്റെ ഭാവം കണ്ടിട്ടാവണം, നാണത്തോടെ പെൺപട്ടി ഒഴിഞ്ഞുമാറി…. കൂട്ടത്തിൽ അവനും പോയി.

ഒരു ദിവസം സ്‌കൂൾ വിട്ട്‌ വന്നപ്പോൾ ഞാൻ ആ കാഴ്‌ച കണ്ട്‌ അന്തംവിട്ടുപോയി. ആ കറുമ്പൻ സുന്ദരിപ്പട്ടിയെ കീഴ്‌പ്പെടുത്തുന്നു!! പിരിയാത്ത ബന്ധം….! എനിക്ക്‌ ഉളളിൽ കലിയാണ്‌ തോന്നിയത്‌. ആ കറുമ്പനാകട്ടെ, ജ്വലിക്കുന്ന കണ്ണുകളോടെ എന്നെ നോക്കി മുറുമുറുക്കുന്നു. ജാനകിയുടെ പെൺപട്ടി നാണത്തോടെ തലകുനിച്ച്‌ നിൽക്കുന്നു…”അരിയും തിന്നു…. ആശാരിയേയും കടിച്ചു, എന്നിട്ടും പട്ടിക്ക്‌ മുറുമുറുപ്പ്‌“ എന്തും വരട്ടേയെന്ന്‌ കരുതി ഒരു കരിങ്കൽ ചീൾ എടുത്ത്‌ അതിനിട്ട്‌ ഒരു ഏറ്‌ കൊടുത്തു. രണ്ടുപേരും അലറികൂവി നടുക്ക്‌ നിന്ന ചെറുമരത്തിന്റെ രണ്ടുവശത്തുമായി ബന്ധം വേർപ്പെടുത്തി ഓടി. വേർപാടിന്റെ ശക്തിയിൽ ചെറുമരം പോലും കുലുങ്ങി.

ദാമ്പത്യബന്ധത്തിലെ രതിസുഖവിഘ്‌നം ഏല്‌പിച്ച വേദനയിൽ അവൾ എന്നെ ശപിച്ചു കാണണം. ”എന്നെങ്കിലും എന്റെ സന്തതി നിന്റെ മുഖത്ത്‌ ചക്കരമുത്തം വയ്‌ക്കട്ടേ“ എന്ന്‌. കുടിച്ചൊഴിഞ്ഞ ഗ്ലാസ്‌ റീ ഫിൽ ചെയ്യാൻ ഗൃഹനാഥൻ വിളിച്ചപ്പോഴാണ്‌ ഓർമ്മയിൽ നിന്ന്‌ ഉണരുന്നത്‌. ഒപ്പം ഭാര്യ ഓർമ്മിപ്പിച്ചു ”മതി, ഡ്രൈവ്‌ ചെയ്യേണ്ടതാണ്‌“.

Generated from archived content: humour1_mar14_08.html Author: abraham_alexander

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here