നിരാകരണത്തിന്റെ ആഖ്യാനരൂപങ്ങൾ

മലയാളത്തിലെ സൈബർകഥകളെക്കുറിച്ച്‌ ഒരു വിചാരം

കേരളീയന്റെ ഉത്തരാധുനികമായ സംവേദനരീതികൾക്ക്‌ കൂടുതൽ വ്യക്തത കൈവന്നത്‌ തൊണ്ണൂറുകളിലാണ്‌. എഴുത്തിനേയും വായനയേയും പുതിയ കാഴ്‌ചപ്പാടിൽ കാണാനും ആധുനികതയുടെ ഉറക്കപ്പിച്ചിനെ കുടഞ്ഞുകളയാനും നാം തയ്യാറായതും ഈ ദശകത്തിലാണ്‌. ഇതിന്‌ പ്രേരകമായ ഘടകങ്ങളുടെ വിശകലനം അതിരുകളില്ലാത്ത ആഗോളവത്‌ക്കരണത്തിലേക്കും ആത്മവിസ്‌മൃതിയോളമെത്തുന്ന ഉദാരവത്‌ക്കരണത്തിലേക്കും നാശോന്മുഖമായ പ്രത്യയശാസ്‌ത്രബോദ്ധ്യങ്ങളിലേക്കുമൊക്കെ നമ്മെ കൊണ്ടു ചെന്നെത്തിക്കും. എന്നാൽ ഇവയോടൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ടതാണ്‌ വിവരസാങ്കേതികവിദ്യയുടെ രംഗത്തുണ്ടായ വിസ്‌മയകരമായ കുതിപ്പുകളും, സമൂഹം, ചരിത്രം, സംസ്‌ക്കാരം എന്നിവയെ സംബന്ധിച്ച നമ്മുടെ ധാരണകളിൽ വരുത്തിയ മാറ്റങ്ങളും. ഇത്തരം മാറ്റങ്ങളോടുകൂടി മാധ്യമങ്ങൾക്കുവേണ്ടി പൂക്കുന്ന കാഴ്‌ചകളുടെ ഒരു സമൂഹമായി നാം മാറുകയും ചെയ്‌തു.

വിവരസാങ്കേതികരംഗത്തുണ്ടായ ചലനങ്ങളിൽ പ്രധാനം കമ്പ്യൂട്ടർ സാങ്കേതികതയുടെ വരവാണ്‌. ഇത്‌ മുന്നോട്ടുവച്ച നാല്‌ സങ്കല്‌പനങ്ങൾ – പ്രതീത്യാത്മകത, പുനഃപ്രയോഗപരത, ജാലകസംവിധാനം, ബിംബസങ്കലനം എന്നിവ-മനുഷ്യഭാവനയെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. പുതിയ അറിവിനു വേണ്ടിയുളള മനുഷ്യന്റെ വിശപ്പ്‌ വെറും ‘യാഥാർത്ഥ്യം’കൊണ്ടു മാത്രം തൃപ്‌തിപ്പെടുന്ന ഒന്നല്ല. ഈ ആർത്തിയോടൊപ്പം നവസാങ്കേതികതയുടെ ഉപലബ്‌ധികൾ കൂടിയായപ്പോൾ പുതിയൊരുതരം ‘യാഥാർത്ഥ്യം’ തന്നെ രൂപമെടുത്തു. അതാണ്‌ പ്രതീത്യാത്മകയാഥാർത്ഥ്യം. 1991-ൽ ഇതേക്കുറിച്ച്‌ പുസ്‌തകമെഴുതിയ ഹോവാർഡ്‌ റെയിൻഗോൾഡ്‌ ഈ യാഥാർത്ഥ്യം രൂപമെടുക്കുന്നതിന്‌ അനിവാര്യമായ മൂന്ന്‌ ഘടകങ്ങളെക്കുറിച്ച്‌ പറയുന്നുണ്ട്‌. കാഴ്‌ചക്കാരന്‌ മുഴുകാനും ഇടപെടാനും സഞ്ചരിക്കാനും ഉളള സൗകര്യമുണ്ടെങ്കിൽ മാത്രമേ ഒന്നിനെ പ്രതീത്യാത്മക യാഥാർത്ഥ്യമെന്ന്‌ വിളിക്കാവൂ. കമ്പ്യൂട്ടറിന്റെ ബഹുമാദ്ധ്യമസ്വഭാവവും നെറ്റും വെബ്ബുമടങ്ങുന്ന ഓൺലൈൻസംസ്‌ക്കാരവും ഈ മൂന്നിനും സൗകര്യമൊരുക്കി നമ്മെ പുതിയൊരു യാഥാർത്ഥ്യത്തിലേക്ക്‌ നയിക്കുന്നു. മാന്ത്രികതയാർന്ന സൈബർസ്‌പേസ്‌ ഈ കൃത്രിമയാഥാർത്ഥ്യം സ്വയം സൃഷ്‌ടിക്കുന്ന, ഒരിക്കലും വാസ്‌തവമാകാനിടയില്ലാത്ത മിഥ്യാലോകമാണ്‌. ജീവിവർഗങ്ങളുടെയും ഇലക്‌ട്രോണിക്‌ സംവിധാനങ്ങളിലെയും സ്വയംവിനിമയശേഷിയെ താരതമ്യം ചെയ്‌തു പഠിക്കുന്ന ശാസ്‌ത്രമായ സൈബർനെറ്റിക്‌സ്‌ എന്നതിൽ നിന്നാണ്‌ സൈബർ എന്ന വാക്ക്‌ സ്വീകരിച്ചിരിക്കുന്നത്‌. ചിഹ്നസമൃദ്ധിയാർന്ന ഈ ‘ലോകം’ പുതിയൊരു ചിഹ്നമണ്‌ഡലം തന്നെ നമുക്ക്‌ മുന്നിൽ അനാവരണം ചെയ്‌തിരിക്കുന്നു.

കമ്പ്യൂട്ടറുകളെക്കുറിച്ച്‌ പരാമർശമുളള മലയാളത്തിലെ ആദ്യത്തെ കഥ ഒരു പക്ഷേ, എഴുപതുകളുടെ പകുതിയിൽ ഒ.വി.വിജയൻ എഴുതിയ പാറകൾ ആയിരിക്കും. അതിൽ താൻവാൻ എന്ന കഥാപാത്രം തന്റെ സംഭാഷണത്തിനിടയിൽ ഒരിടത്ത്‌ ഇങ്ങനെ പറയുന്നുഃ “ആരുടെയും രാജ്യങ്ങളിന്നില്ല. ആരും ജീവിച്ചിരിപ്പില്ല, നിങ്ങളും ഞാനുമൊഴിച്ച്‌. അതാണ്‌ കമ്പ്യൂട്ടറുകൾ പറയുന്നത്‌.”(നവീനകഥഃ1977). ഈ ഒറ്റസൂചനകൊണ്ടുതന്നെ വിജയൻ വിഭാവനം ചെയ്‌തത്‌ ആഗോളതലത്തിൽ നിലനിൽക്കുന്ന ഒരു കമ്പ്യൂട്ടർ നെറ്റ്‌ വർക്കിനെയാണെന്ന്‌ മനസ്സിലാക്കാൻ വിഷമമില്ല. അതുകഴിഞ്ഞ്‌ കാൽനൂറ്റാണ്ടാവുന്ന ഈ സന്ദർഭത്തിൽ സൈബർസ്‌പേസിന്റെ നാനാതരം പരിണതികളെ അഭിമുഖീകരിക്കാനും ഭാവനാത്മകവ്യവഹാരങ്ങളെ പ്രതീത്യാത്മകയാഥാർത്ഥ്യത്തിന്റെ ചിഹ്നവ്യവസ്ഥകൊണ്ട്‌ സമകാലികമാക്കാനും അങ്ങനെ സാഹിത്യഭാവനയെ നവീകരിക്കാനുമുളള ചില ശ്രമങ്ങൾ മലയാളകഥയിലും ഉണ്ടായിരിക്കുന്നു. ഡോ.പി.കെ.രാജശേഖരൻ എഡിറ്റ്‌ ചെയ്‌ത ‘ഭാവനാതീതംഃമലയാളത്തിലെ സൈബർകഥകൾ’ എന്ന കൃതി നല്‌കുന്ന സൂചന അതാണ്‌.

തികച്ചും ശ്രദ്ധേയമായൊരു സൈബർകഥയാണ്‌ എം.നന്ദകുമാറിന്റെ ‘വാർത്താളി ഃ സൈബർസ്‌പേസിൽ ഒരു പ്രണയ നാടകം’. ഒരു ഉപന്യാസത്തിന്റെ തലക്കെട്ടുളള ഈ കഥ മഹാഖ്യാനങ്ങളുടെ പാരമ്പര്യത്തെ നിരാകരിക്കുകയും മനുഷ്യ-കമ്പ്യൂട്ടർ ഇടപെടലിനെ ആഭിചാരപ്രയോഗത്തിന്റെ അന്തരീക്ഷത്തിൽ പുനർനിർവചിക്കുകയും ചെയ്യുന്നു. വംശാവലിയുടെ വെർച്വൽ റിയാലിറ്റി സൃഷ്‌ടിച്ച്‌ രസിക്കാറുളള നെറ്റ്‌ ട്രെയിനർ ഹരി നെറ്റിലെ തന്റെ കൂട്ടുകാരി രമണിയെ വീണ്ടും വീണ്ടും കണ്ടുമുട്ടുന്നു. അവരുടെ സംഭാഷണങ്ങൾക്കിടയിൽ ഹരിയുടെ മുത്തശ്ശന്റെ മന്ത്രവാദക്കളവും ആഭിചാരവിധികളും ഇടകലരുന്നു. മന്ത്രവാദവും പ്രതീത്യാത്മകതയും സമഭാവത്തിൽ കൂടിക്കലർന്ന്‌ ഒടുക്കം രമണിയുടെ തനിരൂപം വെളിപ്പെടുന്നതോടെ ഒരു പൊട്ടിത്തെറിയിൽ സ്‌ക്രീൻ നിശ്ചലമാകുന്നു. മന്ത്രവാദിയായ മുത്തശ്ശൻ താൻ തന്നെയാണെന്ന്‌ സമ്മതിക്കുന്ന ഹരി ബഹുവ്യക്തിത്വങ്ങളുടെ ശൃംഖലയായി മാറുന്നു. പ്രതീത്യാത്മകയാഥാർത്ഥ്യം സൃഷ്‌ടിക്കുന്ന മഹാശൂന്യതയിൽ ആദിമപ്രകൃതിയിലെന്നതുപോലെ ഒറ്റപ്പെടുകയും പഴയ കാലത്തിന്റെ ചിഹ്നങ്ങൾ അയാളുടെ ബോധത്തിൽ അപനിർമ്മിക്കപ്പെടുകയും ചെയ്യുന്നു. കലയുടെ സ്വകീയമായ മാജിക്ക്‌സ്വഭാവും നവസാങ്കേതികത മുന്നോട്ടുവയ്‌ക്കുന്ന പ്രതീത്യാത്മകതയും കൈകോർത്താൽ ഭാവിയുടെ കല മാജിക്‌റീയലിസവും കടന്ന്‌ ഫാന്റസിയുടെ നഗ്നരൂപങ്ങളായി മാറാനാണ്‌ സാധ്യതയെന്ന്‌ ഈ കഥ സൂചന നല്‌കുന്നു.

വെളളിനേഴി ഗ്രാമത്തിന്റെ പൂർവചരിത്രത്തെയും സൈബർസ്‌പെയ്‌സിന്റെ നിലനില്‌പിനേയും പാരഡിയുടെ സ്വരവിശേഷവുമായി ആക്രമിക്കുന്ന കഥയാണ്‌ സുനന്ദന്റെ ‘വെളളിനേഴി ഡോട്ട്‌ കോം’. ആട്ടക്കഥയും തുളളലും കിളിപ്പാട്ടും വി.കെ.എൻ.ശൈലിയും കൂട്ടിച്ചേർത്തുളള മിശ്രരചനാരീതിയിലൂടെ ആഖ്യാനതലത്തെ വ്യത്യസ്‌തമാക്കുവാൻ കഥാകൃത്തിന്‌ കഴിഞ്ഞിരിക്കുന്നു. ആഗോളവത്‌ക്കരണത്തിന്റെ തിന്മകൾക്കെതിരെയുളള പ്രാദേശികമായ ചെറുത്തുനില്‌പ്പെന്ന കാഴ്‌ചപ്പാടിൽ രാഷ്‌ട്രീയമായി വായിക്കാവുന്ന ഒരു കഥയാണിതെന്നു തോന്നാം. അതിനപ്പുറം പുതിയ കാലത്തിന്റെ സത്താനഷ്‌ടത്തെ പ്രാദേശികസ്വത്വത്തിന്റെ പ്രതിഷ്‌ഠാപനത്തിലൂടെ പ്രതിരോധിക്കുവാനുളള ശ്രമമാണെന്നും പറയാം. എന്നാൽ വായനയുടെ ഒടുക്കമെത്തുമ്പോൾ എല്ലാ വ്യാഖ്യാനങ്ങളെയും അപ്രസക്തമാക്കികൊണ്ട്‌ ഒരു വികേന്ദ്രീകൃതവ്യവഹാരമായി ഈ കഥ മാറുന്നു. കഥയും കവിതയുമൊക്കെ വികേന്ദ്രീകൃതവ്യവഹാരങ്ങളായി മാറുകയെന്നതാണ്‌ കലയുടെ ഭാവിയിലേക്കുളള ഒരു വഴിയെന്ന്‌ ഈ കഥ പ്രവചിക്കുന്നു.

സൈബർസ്‌പേസ്‌ പകർന്നുതരുന്ന മറവിയും ഉദാസീനതയും എങ്ങനെ മനുഷ്യന്‌ അഭയമാകുന്നു എന്നാണ്‌ ‘ചില പ്രീ മോഡേൺ ഇടപെടലുകൾ’ എന്ന കഥയിലൂടെ വിനു എബ്രഹാം അന്വേഷിക്കുന്നത്‌. സോഷ്യൽ ആക്‌ടിവിസ്‌റ്റായിരുന്ന സുധാകരന്റെ ഇന്റർനെറ്റിലേക്കുളള പ്രവേശം ഒരു വിസ്‌മൃതിയിലേക്കുളള പലായനമായി അയാൾക്കുതന്നെ അംഗീകരിക്കേണ്ടിവരുന്നു. ഉത്തരാധുനികകല ഭാവക്ഷയമാർന്ന്‌ ജഡമായിത്തീരുന്നതിനൊരു ഉദാഹരണമായി ഈ കഥയെ പരിഗണിക്കാം. കുശലപ്പുരകളിലെ സ്ഥിരംപ്രതികരണങ്ങളെ പിൻപറ്റുന്നവയാണ്‌ ഐസക്ക്‌ ഈപ്പന്റെയും (ക്രിസ്‌റ്റീനറോസേറ്റി ഇന്റർനെറ്റിൽ) ബി.മുരളിയുടെയും (ചാറ്റൽമഴയിലെ ഏകാകി) കഥകൾ. രണ്ടിലും ഓൺലൈൻ സംസ്‌ക്കാരം കാഴ്‌ചവയ്‌ക്കുന്ന ഏകാന്തതയും നിസ്സഹായതയും അവിശ്വാസവും നിഴലിക്കുന്നു. കൊച്ചുബാവയുടെ ‘കൊക്കരണി’യും സേതുവിന്റെ ‘അടയാളവാക്യങ്ങളും പഴയ തലമുറ പുതിയകാലത്തിന്റെ പ്രതീതികളെ എങ്ങനെ കണ്ടു&കാണുന്നു എന്നതിന്റെ സാക്ഷ്യപത്രങ്ങളാണ്‌. ഗൃഹാതുരതയും ഭീതിയും ഇരമ്പുന്ന മനസ്സുകളോടെ അവർ ഈ കഥകളിൽ നിറഞ്ഞു നിൽക്കുന്നു.

വെബ്‌സൈറ്റ്‌ എന്ന ചന്ദ്രമതിയുടെ കഥയിൽ വായനയെ ഉന്മിഷത്താക്കുന്ന ഒന്നും തന്നെയില്ല. ഒന്നു രണ്ടു ഇ-മെയിലും ഒരു ഹോംപേജ്‌ സന്ദർശനവുമാണ്‌ ഈ കഥയെ സമാഹാരത്തിൽ ഉൾപ്പെടുത്താൻ എഡിറ്ററെ പ്രേരിപ്പിച്ചതെന്ന്‌ തോന്നുന്നു. വി.വിനയകുമാറിന്റെ കാശ്‌മീരി അംബ്രി നല്ല കഥയാണെങ്കിലും ഈ സമാഹാരത്തിൽ ഉൾപ്പെടുവാനുളള അതിന്റെ യോഗ്യത ചോദ്യം ചെയ്യപ്പെടാവുന്നതാണ്‌. ആമുഖപഠനത്തിൽ സൈബർകഥകൾക്ക്‌ എഡിറ്റർ നല്‌കുന്ന നിർവചനം മുൻനിറുത്തിയാണ്‌ ഇത്‌ പറയുന്നത്‌. ഇവിടെ പരാമർശിച്ച കഥകൾകൂടാതെ മലയാളത്തിലെ ആദ്യത്തെ സൈബർനോവലായ നൃത്തം, സി.വി.ബാലകൃഷ്‌ണന്റെ ദിശ എന്നീ കൃതികളിൽ നിന്നുളള ഓരോ ഭാഗങ്ങൾ കൂടി ഈ സമാഹാരത്തിലുണ്ട്‌.

സൈബർസ്‌പേസിന്റെ ആഴപ്പരപ്പുകളെ ആവിഷ്‌ക്കരിക്കുക വഴി ഇതിനകം ശ്രദ്ധിക്കപ്പെട്ട രണ്ടു കഥകൾ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിക്കാണുന്നില്ല. സേതുവിന്റെ മറ്റൊരു രചനയായ ’തിങ്കളാഴ്‌ചകളിലെ ആകാശം‘ (1996). ഇ.ഹരികുമാറിന്റെ ’ജംറയിലെ ചെകുത്താൻ‘(1998) എന്നിവയാണ്‌ അവ. ബഹിരാകാശത്തിലൂടെ സർഫിംഗ്‌ നടത്തികൊണ്ടിരിക്കുന്ന അജയന്റെയും ഊർമ്മിളയുടെയും പ്രതികരണങ്ങളിലൂടെ വലിയൊരു ആധിയായി തീരുന്ന സൈബർസ്‌പേസിനെ ഈ കഥയിലൂടെ സേതു പരിചയപ്പെടുത്തുന്നു. പ്രതീത്യാത്മക യാഥാർത്ഥ്യത്തിന്റെ ഭ്രമങ്ങളിലൂടെ മുന്നോട്ടുപോയി ഒടുവിൽ കമ്പ്യൂട്ടർസ്‌ക്രീനിൽ ഒരു ഐക്കണായി മാറുന്ന രാജേഷിന്റെ വിധി ഭംഗിയായി ചിത്രീകരിക്കുന്ന കഥയാണ്‌ ജംറയിലെ ചെകുത്താൻ.

തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ചില പോരായ്‌മകളുണ്ടെങ്കിലും എഴുത്തിന്റെ സമകാലികതയെ സമ്പന്നമാക്കുന്നവിധത്തിൽ പ്രതീത്യാത്മക യാഥാർത്ഥ്യത്തിന്റെ ലോകത്തെ പരിചയപ്പെടുത്തുകയും അതിനു നേർക്കുളള മലയാളിയുടെ നിലപാട്‌ വ്യക്തമാക്കുകയും ചെയ്യുന്ന ഈ സമാഹാരം, ഉത്തരാധുനികതയുടെ പ്രശ്‌നപരിസരത്തിൽ വിശേഷിച്ചും പ്രസക്തമാണ്‌. കമ്പ്യൂട്ടർ സാക്ഷരതയിൽ പിന്നോക്കം നില്‌ക്കുന്ന ഒരു ജനതയും അതിലുമേറെ പിന്നിൽ നില്‌ക്കുന്ന എഴുത്തുകാരുമുളള നമ്മുടെ സമൂഹത്തിൽ ഭാവനയുടെ രംഗത്ത്‌ ഈവിധമുണ്ടാകുന്ന ചെറിയ കുതിപ്പുകൾ പോലും പ്രോത്സാഹനം അർഹിക്കുന്നു. അത്തരം ചലനങ്ങളെ കണ്ടറിയാനും ഒട്ടും വൈകാതെ സാഹിത്യചരിത്രത്തിന്റെ താളുകളിൽ വരവ്‌ ചേർക്കുവാനും പി.കെ.രാജശേഖരനെ പോലെയുളള നിരൂപകരും ഡി.സി.ബുക്‌സ്‌ പോലെയുളള പ്രസാധകരും ഉണർന്നിരിക്കുന്നത്‌ ആഹ്ലാദകരം തന്നെ. അവർക്കു നാം നന്ദി പറയുക.

Generated from archived content: essay_nirakaranam.html Author: abhimanyu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഎഴുത്ത്‌ഃ പുതിയ വഴികൾ
Next articleകണ്ണീരുപ്പ്‌
വായനക്കാർക്ക്‌ അഭിമന്യുവിനോട്‌ എന്തും ചോദിക്കാം. അഭിമന്യു ചക്രവ്യൂഹത്തിലെ അടവുകൾ പഠിച്ചവനാണ്‌ എന്നോർക്കുക. അഭിമന്യുവിനെ ഉത്തരം കിട്ടാതെ അടിയറവു പറയിക്കുന്ന ചോദ്യത്തിന്‌ 250 രൂപാ വിലയുളള പുസ്‌തകങ്ങൾ സമ്മാനമായി നൽകുന്നതാണ്‌. ഇ-മെയിലിൽ ചോദ്യങ്ങൾ ഇംഗ്ലീഷിലും അയക്കാവുന്നതാണ്‌. അത്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്‌. Address: HASH(0x7fbdb485ba28)

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here