സംഗമം

ഉച്ചച്ചൂട്‌ അസഹ്യമായിരുന്നു. രാധമ്മ ചാമ്പമരത്തണലിൽ ചുരുണ്ടുകൂടി കിടന്നു. അപ്പൂ, ഉറങ്ങ്‌ മോനേ. അപ്പുവിന്‌ ഉറങ്ങണ്ട. അമ്പലത്തിൽ നിന്നും കിട്ടിയ പൊതിച്ചോറ്‌ അവൻ ഭാണ്ഡത്തിൽ ഭദ്രമായി കെട്ടിവച്ചിരുന്നു. ചാമ്പയുടെ തണുത്തകാറ്റ്‌ രാധമ്മയെ തഴുകിയുറക്കി. അപ്പുവിന്‌ ഉറക്കം വന്നതേയില്ല. മരച്ചില്ലുകൾ അവനെ മാടിവിളിച്ചു എങ്ങനെയൊക്കെയോ അവൻ പിടിച്ചുകയറി. അൽപം കോടിയ ഒരു മരച്ചില്ലയിൽ കാലുകൾ കുടുക്കി ചാമ്പ തിന്നാനായി തുടങ്ങിയപ്പോഴാണ്‌ അപ്പു അത്‌ ശ്രദ്ധിച്ചത്‌. മുകളിൽ നിന്നു ചാമ്പക്കുരു തന്റെ മടിയിലേക്ക്‌ വീണുകൊണ്ടിരിക്കുന്നു. തല ഉയർത്തിനോക്കിയപ്പോൾ ഒരു സുന്ദരിയായ പെൺകുട്ടി

ഏയ്‌ അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു.

പേരെന്താ ?

ആബിദ

അവൾ അപ്പുവിന്റെ അടുത്തേക്കുവന്നു.

അപ്പുവിന്‌ ചാമ്പക്ക വേണോ?

നീലപുള്ളിക്കുത്തിട്ട വെള്ളപ്പാവാടക്കിടയിൽ നിന്നും കുറേ തുടുത്ത ചാമ്പയ്‌ക്കകൾ അവൾ അപ്പുവിനു നേരെ നീട്ടി.

എന്റെ പേരെങ്ങനെ അറിഞ്ഞു.

അറിയാം. അവൾ വീണ്ടും ചിരിച്ചു.

നിന്റെ വീടെവിടെയാ?

ഖസാക്കിൽ

ഖസാക്ക്‌, അപ്പു ആ പേര്‌ ആവർത്തിച്ചു.

അതെവിടെയാ?

അത്‌, ആ കാണുന്ന മലയിലാ അതിനപ്പുറത്ത്‌ ദൂരെനിൽക്കുന്ന മലയെ ചൂണ്ടികാണിച്ചുകൊണ്ട്‌ ആബിദ പറഞ്ഞു. അപ്പൂന്‌ ആ മലയുടെ പേരറിയോ?

ഇല്ല

ചിതലി

അപ്പു അവളെ കൗതുകത്തോടെ നോക്കി.

നീ എങ്ങനെ ഇവിടെ വന്നു?

ഞാൻ ഓടി വന്നതാണ്‌ എന്റെ അച്ഛനെയും വളർത്തമ്മയെയും വിട്ട്‌ എന്റെ ഉമ്മയുടെ അടുത്തേയ്‌ക്കു , അപ്പൂന്‌ അറിയോ എന്റെ ഉമ്മ എത്ര സുന്ദരിയാണ്‌. ഇരുണ്ട നിറം, വിടർന്നു കണ്ണുകൾ അനുപാതം തെറ്റിയ മൂക്കും, കാതും, ചാമ്പയുടെ നിറമുള്ള ചുണ്ടുകൾ. എടുത്തൂ പറയത്തക്ക ഭംഗിയില്ല ഒന്നിനും മൊത്തത്തിൽ ഒരു നിഷകളങ്കമായ ചന്തം. എന്നിട്ട്‌ അമ്മയെ കണ്ടോ?

ഇല്ല, ഉമ്മ എവിടെയാണെന്ന്‌ എനിക്കറിയില്ല.

ദൂരെ എവിടെ നിന്നോ ഒരു ചെണ്ടയുടെ ശബ്ദം കോട്ടു, അത്‌ തങ്ങളുടെ അടുത്തേയ്‌ക്കാണു വരുന്നതെന്ന്‌ അവർക്കു മനസ്സിലായി.

ഇലകൾക്കിടയിലൂടെ താഴേക്കു നോക്കിയപ്പോൾ ഒരു കുള്ളൻ അവന്റെ അരകെട്ടിൽ അവനോളം തന്നെ വലുപ്പമുള്ള ഒരു ചുവന്ന ചെണ്ട, അതിനു ചുറ്റും പച്ചയും ,നീലയും നിറമുള്ള ചാണ കെട്ടിമുറക്കിയിരിക്കുന്നു. അപ്പുവിനെ കണ്ടപ്പോൾ അവൻ മൃഗീയമയ സ്വരത്തിൽ അലറി, കുറച്ച്‌ ദൂരെ ക്ഷേത്രദർശനത്തിനായി വന്ന മന്ത്രിയുടെ സറ്റേറ്റ്‌ കാറിന്റെ ചില്ല്‌ തകർന്നു തരിപ്പണമായി. അയാൾ അത്‌ ശ്രദ്ധിച്ചതുപോലുമില്ല. കുള്ളൻ ഒറ്റച്ചാട്ടത്തിന്‌ മരകൊമ്പിൽ കയറി..

നീങ്ങിയിരിക്കപ്പൂ

അപ്പു അവൻ സ്ഥലം കൊടുത്തു.

ഓസ്‌കർ മെറ്റ്‌സെറാത്ത്‌.

അവൻ സ്വയം പരിചയപ്പെടുത്തി. ആബിദ അവനെ വിസ്മയത്തോടെ നോക്കി. ബീഭത്സമായ മുഖം. ആബിദയെ സൃഷ്ടിച്ച ശേഷം കണ്ണുത്തട്ടാതിരിക്കാൻ വേണ്ടി മഹാശിൽപി ഒപ്പിച്ച വികൃതിയാണോ ഈ സത്യം എന്ന്‌ അപ്പു സംശയിച്ചുപോയി.

പക്ഷെ, ഇവനും, എന്റെ പേരറിയാം, മൂവരുടെ ഭാരത്തിൽ ചാമ്പ തെല്ലൊന്നാടി.

അപ്പൂ, എനിക്കു നിന്നെ നന്നായറിയാം, ആബിദാ, നിന്റെയും മുഖത്ത്‌ വീണു കിടന്ന ചെമ്പൻ മുടി ഒന്നൊതുക്കികൊണ്ട്‌ അവൻ തുടർന്നു..

നീ ഉറങ്ങിക്കിടക്കുമ്പോൾ നിന്റെ ഉമ്മ നിന്റെയരികിൽ വന്നിരുന്നു. അവരുടെ സൗന്ദര്യം മുഴുവൻ നിനക്കു പകർന്നു തന്നു. എന്നിട്ട്‌, എങ്ങോട്ടെന്നില്ലാതെ നടന്നു നീങ്ങി. നിനക്കവരെ കണ്ടുമുട്ടാനവില്ല. കണ്ടാലും സൗന്ദര്യം നഷ്ടപ്പെട്ട അവരെ നീ തിരിച്ചറിയില്ല;;

ഇല്ല, എന്നെക്കണ്ടെങ്കിൽ ഉമ്മ എന്നെ വിളിച്ചുണർത്തുമായിരുന്നു. ഉമ്മയുടെ സൗന്ദര്യം ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല്ല്ല​‍്ലല്ലോ ഞാൻ

ഞാനെല്ലാം കണ്ടതാണ്‌ ആബിദാ, നിങ്ങളുടെ സമാഗമവേള അത്ര ക്ഷണികമായിരുന്നു. അനന്തതയിൽ നിന്നും വന്ന്‌ അനന്തതയിലേക്ക്‌ പോകുന്ന രണ്ട്‌ രേഖകളുടെ കേന്ദ്ര ബിന്ദു പോലെ. അളവുകേലിന്റെ കൃത്യത കൂടുംതോറും ബിന്ദുവിന്റെ വലുപ്പം പൂജ്യത്തിലേക്ക്‌ അടുക്കുന്നു. വാസ്തവത്തിൽ അളവുകോലിന്റെ ക്യത്യതക്കുറവ്‌ ,മാത്രമാണ്‌ ആ സമാഗമവേള. ആബിദായ്‌ക്കു അവനോട്‌ കടുത്ത വെറുപ്പാണു തോന്നിയത്‌, അപ്പുവിനും.

അപ്പൂ സത്യമാണ്‌ ഞാൻ പറഞ്ഞത്‌. മനുഷ്യബന്ധങ്ങളെല്ലാം അങ്ങനെത്തന്നെയാണ്‌. എന്തിന്‌ ഈ ജീവിതവും, ഇംഗീഷിലെ എസ്‌ക്‌ എന്ന്‌ അക്ഷരം പോലെ, അദ്ധ്യാപകൻ ഉത്തരക്കടലാസിലിടുന്ന തെറ്റ്‌ എന്ന്‌ ചിഹ്നം പോലെ എന്റെ അച്ഛൻ എവിടെയാണെന്നറിയോ? എന്തിനിത്‌ ചോദിച്ചുവെന്ന്‌ അപ്പുവിനറിഞ്ഞുകൂടാ.അറിയാം ഓസ്‌കർ പുഞ്ചിരിച്ചുകൊണ്ട്‌ പറഞ്ഞു. നിന്റെ അച്ഛനെയും അമ്മയെയും ഞാൻ കണ്ടിട്ടുണ്ട്‌. അപ്പൂ, എനിക്ക്‌ നിങ്ങളേക്കാൾ ഒരുപാടു പ്രായമുണ്ട്‌. മൂന്നാം വയസ്സിൽ സ്വന്തം ഇഷ്ടപ്രകാരം എന്റെ ഭൗതീകമായ്‌ വളർച്ചയ്‌ക്കു ഞാൻ വിരാമൈട്ടു. അന്നുമുതൽ ഈ ചെണ്ട എന്റെ കൈയ്യിൽത്തന്നെയുണ്ട്‌

നിന്റെ നാടെവിടെയാ?

ഡാൻസിംഗിൽ

അത്‌ എവിടെയാണെന്നു ചോദിക്കാൻ അവർ മുതിർന്നില്ല.

എന്റെ അച്ഛനെക്കുറിച്ച്‌ പറയൂ

പേരു ഹഫീസ്‌, ഖുറാൻ ഹൃദിസ്ഥമാക്കിയവൻ എന്നർത്ഥം.

ഓസ്‌കർ കഥ ആരംഭിച്ചു.

ഈ നാടിന്റെ സ്വാതന്ത്ര്യത്തിനായി മുസൽന്മാരെ സംഘടിപ്പിച്ച്‌ അബ്ദുൾ റഹ്മാൻ സായ്വിന്റെയും, അടുക്കളയും കിടപ്പറയുമില്ലാതെ ഒന്നും കാണ്ടിട്ടില്ലാത്ത്‌ സുഹറാബിയുടെയും മകൻ, നിന്റെ അച്ഛൻ, ജനനം ഒകടോബൃ 30 ഫെദൂർ ഡോസ്റ്റോവിസ്‌കിയുടെ ജന്മദിനം. അമ്മ പാർവ്വതി, അമ്പലവാസി ഈശ്വരവാര്യരുടെയും മാലതിവാരസ്യരുടെയും മകൾ രാധമ്മ?

പറയാം

അപ്പോൾ മരിച്ചില്ലകൾക്കിടയിൽ നിന്ന്‌ ഒരു മുഖം പ്രത്യക്ഷപ്പെട്ടു തേജസ്വയായ്‌ ഒരു ബാലൻ, കാഷായവസ്ര്തം ഇവൻ മാർക്കണ്ഡേയൻ. ഓസ്‌കർ അവനെ പരിചയപ്പെടുത്തി. എന്നും പതിനാറ്‌ വയസ്സായതുകൊണ്ട്‌ കാലത്തിന്റെ പ്രയാണ ഇവനൊരു വിഷയ്മോയല്ല, തിയതികൾ അറിയില്ല. ഇവനു രണ്ട്‌ തിയ്യതികൾ മാത്രം, കണ്ടതു കാണാനിരിക്കുന്നതും. ഞാൻ കണ്ടെതെല്ലാം ഇവനും കണ്ടിടുണ്ട്‌ നീ തുടർന്നോളൂ.

പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട ശേഷം മാർക്കണ്ഡേയൻ കഥ തുടർന്നു.

ഹാഫീസ്‌ പാർവ്വതിയെ പരിചയപ്പെടുന്നത്‌ ബി.എസ്‌.എ.ലിൽ ജോലി ചെയ്യുമ്പോഴായിരുന്നു. അവർ തമ്മിലിഷ്ടത്തിലായി. ശിവനും പാർവ്വതിയും പോലെ, രാധയും കൃഷ്ണനും പോലെ. മതി നിർത്ത്‌, ഹഫീസിനെ ഇങ്ങനെ അപമാനിക്കരുത്‌. ഓസ്‌കർ ചെണ്ടയിൽ ആഞ്ഞുതട്ടി., ന്യായാധിപനെപ്പോലെ.

നിന്റെ അച്ഛ്‌ൻ ഒരു തികഞ്ഞ നിരീശ്വരവാദിയായിരുന്നു. ആ പറഞ്ഞതിനു കമ്മ്യൂണിസ്റ്റ്‌ എന്ന അർത്ഥമില്ല എന്നു പ്രത്യേകം നിർദേശങ്ങളുണ്ട്‌ മാർക്കണ്ഡേയാ എന്റെ ചെണ്ടയും കോലും പോലെ, വിരലുകളും ഗിറ്റാറിന്റെ കമ്പിയും പേലെ, പിന്നെ, എന്തിന്‌ ആരും കണ്ടിട്ടില്ലാത്തവയെ നിരത്തുന്നു?.

എനിയ്‌ക്കു ഏറ്റവും ഇഷ്ടമുള്ള നിദർശന പേനയും കടലാസുമാണ്‌. ആ പ്രണയം എത്ര തീവ്രമാണെന്നറിയാമോ ആബിദാ എഴുത്ത്‌ എന്ന സമാഗമവേളയ്‌ക്കായി വർഷങ്ങളോളം മരമായി കാത്തുനിന്ന കടലാസ്‌, വർഷങ്ങളോളം ഭൂമിക്കിടയിൽ ലോഹമായി കിടന്ന്‌ പേനത്തുമ്പ്‌, അവരുടെ തീവ്രനുരാഗമാണ്‌ സാഹിത്യം എന്തെഴുതണമെന്ന്‌ തീരുമാനിയ്‌ക്കന്നതും അവരാണ്‌ . വായന രതിപോലെയാണെന്ന്‌ ഇറ്റാലോ കാൽ വിനോ പറഞ്ഞത്‌. വെറുതെയല്ല.

മാർക്കണ്ഡേയൻ കഥ തുടരുന്നു. ഇവരുടെയും വീട്ടുകാർ ആ പ്രണയത്തെ ശക്തമായി എതിർത്തു. നീ ഇന്നു മുതൽ ജോലിക്കു പോണ്ട, അതുകൊണ്ട്‌ പട്ടിണിയായലും വേണ്ടില്ല. ഈശ്വരവാര്യർ അലറി, അച്ഛനെ വേദനിപ്പിച്ചിട്ട്‌ എനിയ്‌ക്കു ഒന്നും വേണ്ട, പാർവ്വതി ഹഫീസിനോട്‌ പറഞ്ഞു. അനേകായിരം പാർവ്വതിമാർ പലപ്പേഴായി പല ദേശങ്ങളിലായി പറഞ്ഞ വാചകം.

ഐഇ കൊച്ചു ജീവിതത്തിൽ മനുഷ്യൻ നിർമ്മിക്കുന്ന വേർതിരുവുകൾ എത്ര പേരുകളാണ്‌? നിറം , ജാതി, മതം ദൈവം; ഓസ്‌കർ ഇടയ്‌ക്കു കയറി, ഞാൻ തുടരാം.

,കുറച്ച്‌ നേരത്തയ്‌ക്കു ഹഫീസ്‌ ഒന്നും മിണ്ടായില്ല. പാർവ്വതിയുടെ മുഖത്ത്‌ നോക്കി നിന്റെ അച്ഛനും എന്റെ ബാപ്പയും അവരവരുടെ ആചാരങ്ങളും മാമൂലുകളുമുണ്ട്‌, അവർക്കു ദൈവങ്ങളുമുണ്ട്‌. ഞാൻ ദൈവമില്ലാത്തവനാണ്‌. എനിയ്‌ക്കു നീ മാത്രമേയുള്ളു; ഹഫീസിന്റെ സ്വരം ഇടറി അയാളുടെ ചുമന്ന കണ്ണുകളിൽ അപ്പോൾ കണ്ടത്‌ വെറുപ്പണോ, അമർഷമാണോ, അതോ നിസ്സാഹയതയുടെ കൂരിരുട്ടാണോ എന്നെ നിനക്കറിഞ്ഞുകൂടാ. എന്നാലും ആണുങ്ങൾ കരയില്ല എന്നു പ്രറയുന്നത്‌ വെറും വിഡ്‌ഡിത്തമാണ്‌. പാർവ്വതി അയാളെ മാറോടണച്ചു അപ്പോൾ, അവൾ ഹഫീസിന്റെ അമ്മയായി, പിന്നീട്‌ നിന്റെയും.

ഗുജറാത്തിലോക്കു യാത്ര തിരിക്കുമ്പോൾ നിനക്കൂ നാലു വയസ്സാണ്‌. കൂടുംബക്കാരും നിന്റെ മുഖം പോലും കണ്ടിട്ടില്ലായിരുന്നു. അവിടെയൊരു എണ്ണക്കമ്പനിയിലായിരുന്നു. ഹഫീസിന്‌ ജോലി, അവരുടെ കൊച്ചു വാടകവീടിനുമുമ്പിൽ അവർ ഒരു സുഫിസന്യാസിയുടെ വചനം തൂക്കിയിട്ടു.

, ,Break the temples, brak the churches break the mosques But,never break man’s heart for that is where god resides.

.

അപ്പുവിന്റെ അമ്മ സുന്ദരിയായിരുന്നു. മാർക്കണ്ഡേയൻ കൂട്ടിച്ചേർത്തു.

ഗുജറാത്ത്‌., ഗാന്ധി പിറന്ന മണ്ണ്‌ അവിടെ, ഹഫീസ്‌ ഒരു കൊച്ചു സംഘനയ്‌ക്കു രൂപം കൊടുത്തു., സ്നേഹം, ആരോരുമില്ലാത്തവർക്കായി ഒരു സംഘടന , ഗാന്ധിയുടെ സ്വരാജ്യം നഷടപ്പെട്ടവർക്ക്‌ അത്‌ വീണ്ടെടുക്കാനൊരവസരം, കിഴവന്മാർ, അനാഥർ, വേശ്യകൾ , അതിനുപുറമെ എല്ലാവരുമുണ്ടായിരുന്നിട്ടും ആരുമില്ലാതായവർ, അവരിലൊരുത്തിയായിരുന്നു. രാധ. ആ പേരിട്ടത്‌ നിന്റെ അമ്മയാണ്‌ അതിനുമുമ്പ്‌ ബിൻസി എന്ന വേശ്യ ഇരുപത്തിരണ്ടാം വയസ്സിൽ അവളുടെ ഭർത്താവ്‌ അവളെ ഉപേക്ഷിച്ചതാണ്‌. അയാൾക്ക്‌ ദൈവവിളി ഉണ്ടായതാണത്രേ, സ്വാമി നിത്യാനന്ദയായി അയാൾ ഒരു മഠത്തിൽ ചേർന്നു. അതേ തെരുവിലാണു ബിൻസി വ്യഭിചരിച്ച്‌ തുടങ്ങിയതു. പിന്നെ,ഒരുപാട്‌ തെരുവുകൾ, ബസ്‌സ്റ്റാന്റുകൾ, ഓവർബ്രിഡ്‌ജുകൾ, അയാൾക്കു പിന്നെയും വെളിപാടുകളുണ്ടായി. സ്വാമി കുരിശിന്റെ വഴി സ്വീകരിച്ചു. പൊന്തക്കോസ്റ്റ്‌ ആയി രാധയെ തന്റെ ജീവിതത്തിലോക്കു തിരികെ വിളിച്ചു. ദിവസം അഞ്ഞൂറ്‌ രൂപ, അത്‌ തന്നാല്‌, നിങ്ങൾക്കുമെന്റെ ഭർത്താവാകാം. രാധ പറഞ്ഞു അവളെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവന്നത്‌ ഹഫീസാണ്‌. ആ ഇരുണ്ട ഏടുകൾ മറയ്‌ക്കാനായി പാർവ്വതി അവൾക്കു രാധ എന്ന്‌ പേരിട്ടു.

ആരൊക്കെയോ രാധമ്മയോട്‌ ഉറക്കെ സംസാരിക്കുന്നത്‌ കേട്ടവർ താഴേക്കു നോക്കി ഓ , അത്‌ ഒന്നുമില്ല. ഞാൻ അലറിയപ്പോൾ കൈയ്യിലുള്ള കുപ്പി ഉടഞ്ഞുപോയി തെറിച്ചത്‌. രാധമ്മയുടെ വസ്ര്തത്തിൽ, കശുമാങ്ങ വാറ്റിയ ചാരയമായിരുന്നു. കൈയ്യിലുണ്ടായിരുന്ന്‌ ബിയർതീർന്നപ്പോൾ ഒരു വലിയച്ഛന്റെ അലമാരയിൽ നിന്നും മോഷ്ടിച്ചതാണ്‌. ചാരയം കുടിച്ച്‌ അമ്പലപരിസരത്ത്‌ വന്നതിനാണ്‌ ആ ബഹളം വിഷമത്തിന്റെ കണികപോലുമില്ലാത്ത്‌ സ്വരത്തിൽ ഓസ്‌കാർ പറഞ്ഞു. കഥ തുടരൂ മാർക്കണ്ഡേയാ.

നിനക്ക്‌ ഒരനിയത്തി പിറക്കാൻ പോകുന്നുവെന്ന്‌ അറിഞ്ഞപ്പോൾ നിന്റെ അച്ഛൻ ആ തെരുവിലെ ഒട്ടുമിക്ക ആളുകളെയും വിരുന്നിനു ക്ഷണിച്ചു. ഗുജറാത്തി സൈറ്റയിലിലായിരുന്നു. അന്നത്തെ അത്താഴവിരുന്ന്‌. പാർവ്വതിയ്‌ക്കും അന്ന്‌ ഒരുപാട്‌ സമ്മാനങ്ങൾ കിട്ടി. ബാക്കി ഓസ്‌കർ പറയും മാർക്കണ്ഡേയന്റെ മുഖത്തെ വിഷമം. ആബിദ ശ്രദ്ധിച്ചു. ഓസ്‌കർ തുടർന്നു. നിന്റെ ഏഴാം പിറന്നളിന്‌ അച്ഛൻ നിനക്കൊരു ഗിറ്റാർ സമ്മാനിച്ചു. സന്റാലിമാഷായിരുന്നു. നിന്നെ ഗിറ്റാർ പഠിപ്പിച്ചത്‌. ഇടയ്‌ക്കു അച്ഛനും കൂടും. ചിലപ്പേഴൊക്കെ, ഞാനും പുറത്ത്‌ നിന്ന്‌ നിന്റെയൊപ്പം ഈ ചെണ്ട കൊട്ടിയിട്ടുണ്ട്‌, നീ അത്‌ ശ്രദ്ധിക്കാറില്ല.

2004 – ലെ വർഗ്ഗീയകലാപം, തെരുവികളിൽ മതത്തിന്റെ പേക്കോലങ്ങൾ ഉറഞ്ഞുതുള്ളിയത്‌ പെട്ടെന്നയിരുന്നും , നട്ടുച്ചയ്‌ക്കു അവർ നിങ്ങളുടെ വീട്ടിൽ കയറി വന്നു. തടിച്ച ഒരു മനുഷ്യൻ തന്റെ അച്ഛന്റെ കഴുത്ത്‌ പിടിച്ചു ഞെരിച്ചു.

അരേ, മാം മുസൽമാൻ നഹി, മേരേ കോനകോയീ അള്ള നഹീം രാം തോ ദിഖാ കമീനേ അയാൾ ഹഫീസിന്റെ മുണ്ടുയർത്തിയതും ശിരസ്സു ഛേദിച്ചതു ഒരുമിച്ചായിരുന്നു. തലയറ്റ ശരീരം നിലത്ത്‌ കിടന്ന്‌ പിടഞ്ഞു അള്ളാഹു ബാക്കി വച്ച അടയാളത്തിൽ നിന്ന്‌ പ്രാണന്റെ അവസാനതുടിപ്പ്‌ രേതസ്സായി ചിതറിയൊടുങ്ങി. നിന്റെ അമ്മയ്‌ക്കു സംഭവിച്ചതെന്താണെന്ന്‌ ഞാൻ പറയുന്നില്ല. അപ്പൂ, അവർ നിന്റെ അമ്മയുടെ ശവശരീരത്തെപ്പോലും വെറുതെവിട്ടില്ല. അതിനിടയിൽ ആരേ നിന്റെ തലയ്‌ക്കു ആഞ്ഞിടിച്ചു. നിനക്ക്‌ ബോധം നഷ്ടപ്പെട്ടു. നീ എല്ലാം മറന്നു. ജീവൻ എന്ന നിന്റെ പേര്‌ പോലും.

ഞാൻ പുറത്ത്‌ നിന്ന്‌ ചെണ്ടകൊട്ടി നിന്റെ ഗിറ്റാറിന്റെ സ്വരം കേട്ടില്ല. ഞാൻ ഉറക്കെ അലറി. ചില്ലുകൾ ചിന്നി ചിതറി. ഓസ്‌കാർ അപ്പുവിനെ നോക്കാതെ തിരിഞ്ഞിരുന്നു. ചെണ്ടെക്കിടയിൽ നിന്നും ഒരു കുപ്പി ചാരയമെടുത്ത്‌ ഒറ്റ മോന്തിന്‌ കുടിച്ചു.

അപ്പു ആബിദയുടെ മടിയിൽ തലവെച്ചുകിടന്നു. അവന്റെ കണ്ണുനീർ ഒരു ചാറ്റൽ മഴയായി പെയ്തിറങ്ങി. രാധ എങ്ങനെയോ രക്ഷപ്പെട്ടു. പേരായിരിക്കാം അവളെ രക്ഷിച്ചത്‌. അവർ പോയശേഷം അവൾ നിങ്ങളുടെ വീട്ടിനകത്ത്‌ കടന്നു. നിന്റെ ഞെരുക്കങ്ങൾ അവൾ കേട്ടു. ഭയമായിരുന്നു. നിങ്ങളെ ഒരുമിപ്പിച്ചത്‌. നിന്നെ അവൾ വാരിയെടുത്തു. നിന്റെ അമ്മ വിളിക്കുന്നതുപേലെ അവളും നിന്നെ അപ്പുവെന്ന്‌ വിളിച്ചു. നിന്നെയുംകൊണ്ട്‌ അവൾ നാട്ടിലേക്കൂ വണ്ടി കയറി. അവൾക്ക നിന്റെ ബന്ധുക്കൾ ആരെല്ലാമാണെന്ന്‌ അവൾക്കറിയില്ല. അവൾ അറിയാൻ ശ്രമിച്ചതുമില്ല.

അപ്പൂ, അന്ന്‌ നിനക്ക്‌, ലോകത്തേറ്റവും വലിയ ക്ലബിൽ അംഗത്വവും ലഭിച്ചു, തെറ്റു ചെയ്യാതെ ശിക്ഷിക്കപ്പെട്ടവരുടെ ക്ലബ്‌. ഈ ക്ലബിൽ ആബിദയും രാചമ്മയുമുണ്ട്‌. നിന്റെ കഥ ചരിത്രത്തിലെ ഏറ്റവും പഴയ കഥയാണ്‌. ഇത്‌ പലയിടത്തായി എത്ര വട്ടം പറഞ്ഞിട്ടുണ്ടെന്ന്‌ എനിക്ക്‌ തന്നെ നിശ്ചയമില്ല. നീയും ഇത്‌ പലതവണ കണ്ടതല്ല മാർക്കണ്ഡേയാ?

ഉണ്ട്‌ ഞാൻ കണ്ടിട്ടുണ്ട്‌, ജർമ്മനിയിൽ, ലിസ്‌ബനിയിൽ, തുർക്കിയിൽ എനിക്കു വർഷങ്ങളുടെ കണക്കറിയാത്തത്‌ കൊണ്ട്‌ ഒന്നും വേർതിരിക്കാനാവുന്നില്ല, ഭാഗ്യം;. താഴെ പ്രശ്നം വഷളാവുകയായിരുന്നു.

ഈ ജാതിക്കളെ കണ്ടാലറിയാം, കള്ളപ്പരിശകൾ, പോലീസ്‌ ചാക്കേച്ചേട്ടനെയും കൂട്ടി ഇപ്പൊ വരും. ആരോ ഒരാൾ അവിടെയ്‌ക്കു കടന്നു വന്നു.ചാരയത്തിന്റെ മണമാണോ പ്രശനം, കുടിച്ചശേഷം ആ കുപ്പി ഇവിടെയിട്ട്‌ പൊട്ടിച്ചത്‌ ഞാനാൺ. നേർത്ത്‌ നിഷകളങ്കമായ സ്വരത്തിൽ അയാൾ പറഞ്ഞു.

ഓ, അപ്പൊ നിന്റെയാണേ ഈ മുതല്‌? രാധമ്മയെ ചൂണ്ടിക്കാണിച്ച്‌ ഒരാൾ ചോദിച്ചു. ഇതു പോലെ രണ്ടെണ്ണത്തിനെ പാലത്തിന്റെ ചേട്ടിൽ നിന്ന്‌ പൊക്കി, കഴൊഞ്ഞയാഴച്ച.

ഞാൻ ഈ സ്ര്തീയെ അറിയുകപോലുമില്ലല്ലോ ആബിദ ഓസ്‌കറിനു നേരെ രൂക്ഷമായി നോക്കി. മിസ്‌കിൻ, അതാണ്‌ മിസ്‌കിൻ രാജകുമാരൻ, ദൈവത്തിനെ സ്വന്ത വിദൂഷകൻ,വിഡ്‌ഡി. പോലീസ്‌ കോൺസറ്റബിൽ ജനാർദ്ദനൻപിള്ളയും, കടക്കാരൻ ചാക്കോയും ജീപ്പ്പിൽ നിന്നും ഇറങ്ങി.

ഇവളാണോ?

രാധമ്മയുടെ നേരെ കൈചൂണ്ടി അയാൾ ചോദിച്ചു. അതെ, ഇവൾ തന്നെയാണ്‌ പാത്രങ്ങൾ കടയിൽ കൊണ്ടു വന്നത്‌,. ഊട്ടുപുരയിൽ നിന്നും പാത്രങ്ങൾ മോഷ്ടിച്ച കുറ്റമാണ്‌ ചാക്കോമാപ്പിള രാധയുടെമേൽ ചാർത്തിയത്‌.

രാധമ്മ ഒന്നു ഞെട്ടിയത്‌ പോലുമില്ല. അവൾക്കിത്‌ ഇപ്പോൾ ഒരു ശീലമായി കഴിഞ്ഞിരുന്നു.

ഇല്ല, എനിക്കൊന്നും അറിയില്ല,

ഔപചാരികതയ്‌ക്കുവേണ്ടി അവൾ പറഞ്ഞത്‌

അപ്പോൾ, നിങ്ങളുടെ ദൈവത്തിൻ സ്വന്തം സാധനങ്ങൾ പോലും സൂക്ഷിക്കാനറിഞ്ഞുകൂടാ?.

പറഞ്ഞതു മിസ്‌കിനായിരുന്നു.

ഫാ; ജനാർദ്ദനൻപിള്ള മിക്സിന്റെ കാരണത്തടിച്ചു.

മിക്സിൻ പുഞ്ചിരിച്ചു.

ഓ, ഇത്‌ കഞ്ചാവാ;

അല്ലാ, എനിയ്‌ക്കു നല്ലപോലെ വേദനിച്ചു. എന്നാൽ, കരഞ്ഞതുകൊണ്ട്‌ എന്റെ വേദന മാറില്ല. ഞാൻ അറിഞ്ഞ്‌ ഈ വേദന നിങ്ങൾക്കു തിരിച്ചു തരാൻ ഞാനാഗ്രഹിക്കുന്നില്ല. നിയമമത്‌. അനുവദിക്കുന്നില്ല. എന്നാൽ മറ്റൊരു കാര്യം. എന്തുപറയണമെന്നറിയാതെ എല്ലാവരും അയാളെ നോക്കി. അപ്പുവിന്‌ ആ മുഖത്ത്‌ ഒരുമ്മ കൊടുക്കാൻ തോന്നി അവൻ താഴേട്ടിറങ്ങാൻ നോക്കിയപ്പോൾ ആബിദ തടഞ്ഞു.

വേണ്ട അപ്പൂ, ഇനി അങ്ങോട്ട്‌ പോണ്ട

എന്താ നിന്റെ പേര്‌?

മിസ്‌കിൻ രാജകുമാരൻ

അതു കേട്ട്‌ ആളുകൾ പൊട്ടിച്ചിരിച്ചു.

എന്നാൽ രാജകുമാരനും രാജകുമാരിയും ഈ വണ്ടിയിലോട്ട്‌ കേറ്‌, അയാൾ അവരുടെ കൈകൾ ചേർത്ത്‌ വിലങ്ങ്‌ വച്ചു. രാധമ്മ അപ്പുവിനെ തിരഞ്ഞു, ഇല്ലാത്തു നന്നായി. അവർ ജീപ്പ്പിൽ കയറി. ജീപ്പ്പ്‌ ഗർജ്ജിച്ചുകൊണ്ട്‌ അകന്നുപോയി. നിലാത്ത്‌ അപരിചിതരായ ഒരാണും പെണ്ണും തോണിതുഴഞ്ഞ്‌ എങ്ങോട്ടോ പോകുന്ന സ്വപ്നം ഓസ്‌കർ പല രാത്രികളിലും കണ്ടിട്ടുണ്ട്‌. അവർ ആ പൊടിപടലങ്ങളിൽ നോക്കിയിരുന്നു. അന്നു രാത്രി അവരെല്ലാം മഴത്തുള്ളികളായി പെയ്തിറങ്ങി. കൈതോടുകളിലൂടെ പുഴകളിലൂടെ അവർ കടലിലേക്കൊഴുകി, വീണ്ടും ഒരു മഹാമാരിയായി പെയ്തിറങ്ങുന്നതും കാത്തു……….

* ആബിദ ; ഖസാക്കിന്റെ ഇതിഹാസം എന്ന്‌ നോവലിലെ ഒരു കഥാപാത്രം * . ജർമ്മൻ സാഹിത്യകാരനായ്‌ ഗുണ്ടർ ഗ്രാസ്സിന്റെ ദ ടിൻ ഡ്രം എന്ന കൃതിയിലെ കേന്ദ്ര കഥാപാത്രം. *മാർക്കണ്ഡേയൻ ; ശിവകടാക്ഷംകൊണ്ട്‌ മരണത്തിൽ നിന്ന്‌ രക്ഷനേടിയ മുനികുമാരൻ. * മിക്സിൻ; റഷ്യൻ സാഹിത്യകാരൻ ഡോസ്റ്റോവാസ്‌കിയുടെ കൃതിയിലെ നായകൻ

Generated from archived content: story12_sept26_08.html Author: abhilash_rh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here