ഹിമത്തിൻ നൂലിഴ തുന്നുന്നു
നിന്റെ മനപ്പുടവ.
സ്വപ്‌നത്തിൻ
ഉറുമാൻ പഴം കൊത്തുന്നൂ
കരിങ്കാലൻ കാക്ക.
തിരകളെഴുതുന്നൂ
പുതുചരിത്രത്തിൻ മണലെഴുത്തുകൾ.
ഇലപ്പച്ചയിൽ നിണപ്പാടുകൾ
പ്രണയത്തിൻ അടിവസ്‌ത്രത്തിൽ
മുൾമുന തട്ടിയ പോറലുകൾ
രാവും
പേക്കിനാവും
നിന്റെ കൂട്ടുകാർ.
കടലിൻ സിംഫണിയിൽ കേൾക്കാം
വഴി തെറ്റിയവന്റെ രോദനം
കാറ്റിൻ
ചിറകിലേറാൻ ഒരു പക്ഷിക്കുഞ്ഞിന്റെ
തൂവലുപോലുമില്ലാത്തവൻ.
എന്റെ
മനസ്സിൻ മണൽത്തീരത്ത്
നിന്റെ സ്നേഹം
കരിമ്പിൻ ചണ്ടിയായി ചീഞ്ഞു
നാറുന്നു.
മഞ്ഞുകാലത്ത്
ഞാൻ പ്രണയിക്കാറില്ല
പെൻഗ്വിൻ പക്ഷിയെ
വേട്ടയാടുന്നവന്റെ
അന്നമാണ്
അപ്പോൾ പ്രണയം.
Generated from archived content: poem_april23.html Author: abdulsalaam