അറ്റങ്ങൾ രണ്ടിലും
ജന്മ-മൃതികൾതൻ
ക്രൂദ്ധമുഖങ്ങൾ;-
തുറിച്ച നോക്കും.
മദ്ധ്യത്തിൽ പൂത്ത
മലരിന്നിതളിന്മേൽ
മന്ദമരിക്കുന്ന
വാൽപ്പുഴുവും!
കണ്ടിട്ടു,മെല്ലാമ-
റിഞ്ഞിട്ടും വാഴ്‌വിന്റെ
പുഞ്ചിരിയുംകൊണ്ടൊ-
രുവയസ്സൻ.
മുൾമുനമെത്തയി-
ലാണെങ്കിലും സുഖ-
നിദ്രയെപ്പുൽകും
പടുകിഴവൻ!
കൂർക്കം വലിച്ചു
തിരിഞ്ഞുമറിയുമ്പോൾ,
കൂച്ചുവിലങ്ങിൻ
‘വളക്കിലുക്കം’!
പ്രജ്ഞ വെടിഞ്ഞു
മനുഷ്യൻ പുലമ്പുന്ന
ജല്പനം പോലു-
മിടിമുഴക്കം!
ദുഃഖത്തെ സൗഖ്യമായ്-
ക്കുത്തി വെളുപ്പിക്കും
വൃദ്ധനെക്കണ്ടാൽ
കറുകറുപ്പ്.
ഉളളുറക്കത്തിലു-
ണർച്ച; -ഉണർച്ചയി-
ലുളളതുറക്ക-
ച്ചടവയാൾക്ക്!
ജീവിതത്തോടൊട്ടി-
ച്ചേർന്നു കിടക്കുമ്പോൾ
ജീവനിൽ വീണ്ടുമൊ-
രുത്രസിപ്പ്.
പൂവിതളിന്മേലി-
ഴയും പുഴുവിനെ
ദൂരേയ്‌ക്കെറിയാൻ
മുറുമുറുപ്പ്!
Generated from archived content: poem_kizhavanum…html Author: abdulrehiman_pt
Click this button or press Ctrl+G to toggle between Malayalam and English