ഒരഹങ്കാരി ശബ്‌ദിക്കുന്നു; ശബ്‌ദിക്കാതിരിക്കുന്നു

“ഞാനില്ലയെങ്കിൽ മലയാളഭാഷ

ജ്ഞാനം ചുരത്താത്തൊരു ഹീനയല്ലോ.”

അഹർനിശം ധാർഷ്‌ട്യവചസ്സുരച്ചു

അഹങ്കരിക്കാത്തവനെന്തുമർത്ത്യൻ?

“സാഹിത്യമെന്നാൽ പ്രതിഭാവിലാസ-

രാഹിത്യമ,ല്ലെന്നുടെ സിദ്ധികണ്ടോ?

ഞാനെത്രവട്ടം ഉലകത്തിനോടു

വാവിട്ടു, പക്ഷേ ജലരേഖയായി!”

വമ്പുണ്ട്‌ കൊമ്പന്നതുപോൽ കുറുമ്പും

അമ്പെയ്‌തുകൊല്ലെന്നു ഹസിച്ചു ലോകം.

“ഒറ്റപ്പെടുത്താൻ പലകുറ്റമോതി

ഒറ്റിക്കൊടുത്തു മതികെട്ടവന്മാർ.

തെറ്റിത്തെറിക്കുന്നവനൊറ്റയാനെ-

ന്നൊറ്റക്കുശുമ്പന്നുമറിഞ്ഞുകൂട.

എൻതൂലികത്തുമ്പിലെ ജീവരക്തം

എന്തേ ജ്വലിച്ചെന്നുമറിഞ്ഞുകൂടാ!”

ധിക്കാരി,ചൊല്ലും മൊഴിപൂർത്തിയാക്കാ-

നൊക്കാതെ പെട്ടെന്ന്‌ കുഴഞ്ഞുവീണു.

ഔദ്ധത്യവും, ചാതുരിയാർന്ന വാക്കും,

ഔന്നത്യവും മൃത്യു കവർന്നെടുത്തു.!

കണ്ണീരുമായപ്പൊഴുമാസദസ്സിൽ

കൈകൂപ്പിനിന്നെൻ മലയാളഭാഷ.

‘ഞാ’നെന്നുകൂറും അനുശോചകർക്കും

ജ്ഞാനം ചൊരിഞ്ഞു മലയാളഭാഷ!

*തലക്കനംകൊണ്ടു തലയില്ലാതായിപ്പോയ ചില എഴുത്തുകാരെ ഓർത്തുകൊണ്ട്‌.

Generated from archived content: poem_april2.html Author: abdulrehiman_pt

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here