ഞങ്ങൾ ഇന്റലിജന്റാ

തന്റെ പേര്‌ രാമനന്നല്ലേ.

അയ്യോ, അല്ലസാർ, കൃഷ്‌ണനെന്നാണ്‌.

എയ്‌, അങ്ങനെയാകാൻ വഴിയില്ല.

സത്യമായിട്ടും കൃഷ്‌ണനെന്നാണ്‌.

അച്‌ഛൻ.

ഭാസ്‌ക്കരൻ.

അവിടെയും തെറ്റി. നിന്റെ പേര്‌ രാമൻ, അച്‌ഛൻ മാധവൻ.

രണ്ടും അങ്ങനെയല്ല സാർ.

നിനക്ക്‌ എങ്ങനെ അറിയാം.

അമ്മ പറഞ്ഞു തന്നിട്ടുള്ളതാ.

ആ കഴുതയ്‌ക്ക്‌ തെറ്റിയെങ്കിലോ.

എന്റെ എസ്‌.എസ്‌.എൽ.സി, റേഷൻ കാർഡ്‌……

അതിലെല്ലാം തിരുത്തലുകൾ വന്നുകൂടെ.

ഇല്ല. ഒരു തിരുത്തലും വന്നിട്ടില്ലസർ. എനിക്കറിയാം.

എങ്കിൽ ചോദിക്കട്ടെ. നിന്റെ ഇടതുവിരലിന്റെ നഖത്തിന്റെ നീളമെത്രയാണ്‌.

അത്‌…. അത്‌…… (അവൻ വിരൽ തിരിച്ചും മറിച്ചും നോക്കി) അറിയില്ല സർ.

(എല്ലാപേരും കൂട്ടത്തോടെ ചിരിക്കുന്നു)

പിന്നെ എങ്ങനാട പണ്ടാരോ ഇട്ടപേരും, പണ്ടാരോ പറഞ്ഞുതന്ന അച്‌ഛനും കൃഷ്‌ണനും ഭാസ്‌ക്കരനും തന്നെ ആകുന്നത്‌.

അത്‌…… സർ…… ഒരു പക്ഷേ നിങ്ങൾ പറയുന്നതിലും സത്യം ഉണ്ടായിരിക്കാം.

ഉണ്ടായിരിക്കാമെന്നല്ല, ഉണ്ട്‌.

നിങ്ങൾക്ക്‌ എവിടെ……

ഞങ്ങൾ ഇന്റലിജന്റ്‌ ഓഫിസേഴ്‌സ്‌..

ചുമ്മാതല്ല.

സർക്കാരിന്റെ ശമ്പളം പറ്റുന്നത്‌. സത്യം കണ്ടെത്താനാണ്‌. അപ്പോൾ എഴുതാമല്ലോ നിന്റെ പേര്‌ രാമൻ, അച്‌ഛൻ ഭാസ്‌ക്കരൻ. റൈറ്ററേ എഴുതിക്കോ, അവന്‌ പൂർണ്ണസമ്മതമാണ്‌.

ഭാസ്‌ക്കരൻ മകൻ രാമൻ അർദ്ധരാത്രിയിൽ നഗര മദ്ധ്യത്തിൽ ബോംബുമായി…..

സർ അത്‌ ബോംബല്ല. വിഷുവിന്‌ കുട്ടികൾക്ക്‌ പൊട്ടിക്കാനുള്ള പടക്കമാണ്‌.

പടക്കവും ചെറിയ ബോംബാണ്‌.

അർദ്ധരാത്രിയെന്ന്‌ എഴുതിയിരിക്കുന്നു, വൈകുംന്നേരമല്ലേ.

കൂടുതൽ മസിൽ പിടിക്കാൻ നിൽക്കണ്ട. ഒപ്പിടെടാ…..

സർ, സാറിന്റെ ജാതി ഏതാ…..

Generated from archived content: story1_may27_10.html Author: abdullatheef_pathiyankara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English