കതിർ മണ്ഡപത്തിൽ നിലവിളക്ക് തെളിഞ്ഞു. കൊട്ടും കുരവയും തുടങ്ങി മുഹൂർത്തം ആരംഭിച്ചു.
വധൂവരൻമാർ എത്തിയെങ്കിലും അവർ മണ്ഡപത്തിലേക്ക് കയറിയില്ല മറിച്ച് അവരുടെ അലങ്കരിച്ച മൊബൈൽ ഫോണുകൾ മണ്ഡപത്തിലെ സ്‌റ്റാന്റുകളിൽ അഭിമുഖമായി വച്ചു. കാർമ്മികൻ എടുത്തുകൊടുത്ത മാലകൾ മൊബൈലുകൾ പരസ്‌പരം ചാർത്തുമ്പോൾ വധുവിന്റെ മൊബൈലിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് വധുവരൻമാർ നിർവികാരരായി നിന്നു. മംഗല്യം കഴിഞ്ഞ് വധുവരൻമാർ മൊബൈലുകൾ പരസ്‌പരം വച്ച് മാറി നെഞ്ചോടു ചേർത്ത് പിടിച്ചു.
ഇത് കണ്ട് ആശ്ചര്യപ്പെട്ടവരോട് വരന്റെ അടുത്ത ബന്ധുവാണ് മറുപടി പറഞ്ഞത്.
“ചെറുക്കൻ അമേരിക്കയിൽ, പെണ്ണ് ഇംഗ്ലണ്ടിൽ. നാലഞ്ച് വർഷമായി അവർ പ്രണയത്തിലായിരുന്നു. പരസ്‌പരം കണ്ട് മുട്ടുന്നത് ഇപ്പോൾ മാത്രം; ഇത്രയും കാലം അവരുടെ ചുടുചുംബനങ്ങളും നെടുവീർപ്പുകളും പൊട്ടിച്ചിരികളും ഏറ്റ് വാങ്ങിയത് ഈ മൊബൈലുകൾ ആയിരുന്നു. സത്യത്തിൽ മൊബൈലുകൾ തമ്മിലായിരുന്നു യഥാർത്ഥ പ്രണയവും.”
Generated from archived content: story1_feb25_09.html Author: abdullatheef_pathiyankara