കണ്ണാടിയുടെ
ആഴങ്ങളിൽനിന്ന്
ഓരോ മുഖവും
എവിടെയാണ്
അപ്രത്യക്ഷമാവുന്നത്?
ഓർത്ത് വെച്ചിരുന്നെങ്കിൽ
എത്ര മുഖങ്ങൾ മുങ്ങിയെടുക്കേണ്ടിവരും.
കളവ് ചെയ്ത്
നാട് വിട്ടവന്റെ
പരിഭ്രമം നിറഞ്ഞ
മുഖവും
ഒരാളെക്കൊന്ന്
ഓടിപ്പോയവന്റെ
വലിഞ്ഞ് മുറുകിയ
മുഖവും
തിരഞ്ഞെടുക്കാൻ
ബുദ്ധിമുട്ടുണ്ടാവില്ല
പോലീസുകാർക്ക്.
ഓർത്ത് വെച്ചിരുന്നെങ്കിൽ
വണ്ടിയപകടത്തിൽ മരിച്ച
സുഹൃത്തിനോട് സംസാരിക്കാൻ
ശ്മശാനത്തിൽ
പോകേണ്ടിവരില്ല.
കൂടെയിരുന്ന്
മുഖം നോക്കിയ
മരണത്തെ
ഓർത്ത് വെച്ചിട്ടില്ല
ഒരു കണ്ണാടിയും
ഭയപ്പെടുത്താനെങ്കിലും.
എങ്കിലും
കാറ്റടിച്ച് വിളക്ക് കെടും
ചില രാത്രികളിൽ
പൊട്ടിയ കണ്ണാടിയിൽ
ചോര കിനിയുന്ന
ചുണ്ടുമായി ചിലർ പ്രത്യക്ഷപ്പെടും.
മറക്കാനുളള
സങ്കടംകൊണ്ട്
സൂക്ഷിച്ച് വെച്ചതാകും
ഓർമയുടെ കണ്ണാടി.
Generated from archived content: poem1_apr26_08.html Author: abdulhakkim_edakkazhiyur