പേടിയാണമ്മേ അച്ഛനെ ….

‘അമ്മതന്‍ കൂടെ വന്നിടാമെങ്കിലും
പോകില്ലൊരിക്കലുമച്ഛന്‍റെ കൂടെ ഞാന്‍
പേടിയാണമ്മേയെനിക്കെന്‍റെയച്ഛനെ
പാരിതില്‍ ഞാനൊരു ഭാഗ്യഹീന’
ഇങ്ങിനുരചെയ്യും പെണ്‍കൊടി ജീവിക്കും
ആധി നിറഞ്ഞൊരു നൂറ്റാണ്ടിത് !
എവിടെപ്പിഴച്ചു നമ്മുക്കെന്‍റെ സോദരാ,
എവിടെപ്പിഴച്ചു പോയെവിടെപ്പിഴച്ചു പോയ്‌!
കൊട്ടിഘോഷിക്കല്ലേ പുകള്‍പ്പെറ്റ പൈതൃകം
പൊള്ളയാം വാക്കുകള്‍ ഛര്‍ദ്ദിച്ചിടാതിനി
ഘോരാന്ധകാരമഖിലവും മൂടുമ്പോള്‍
ഇരുളിന്‍റെയാത്മാവ് ഗതിയില്ലാതലയുമ്പോള്‍
കാഴ്ചയില്ലാത്തൊരാ കണ്ണുകളൊക്കെയും
കാക്കകള്‍ കാഷ്ഠിക്കും സ്മാരകങ്ങള്‍ !
ഹൃദയത്തില്‍ നിന്നും പടരും വിപത്തിന്‍റെ
വേരുകള്‍ ഹൃദയങ്ങള്‍ താണ്ടിടുമ്പോള്‍
അതു പിന്നെ കാഴ്ചകള്‍ തല്ലി കെടുത്തിടും
അതിഘോരാന്ധകാരം നിറയും പാരില്‍ ..
എവിടെപ്പിഴച്ചു നമ്മുക്കെന്‍റെ സോദരാ,
എവിടെപ്പിഴച്ചു പോയെവിടെപ്പിഴച്ചു പോയ്‌ !
അസുരന്‍മാര്‍ താണ്ഡവനൃത്തമാടിടുമ്പോള്‍
ആസുരചിന്തകളെങ്ങും നിറയുമ്പോള്‍
കണ്ണുകള്‍ മൂടിയ നീതിതന്‍ ദേവത
നിദ്രയിലാണ്ടു കിടന്നിടുമ്പോള്‍
നേരിന്‍റെ നേരിയ പൊന്‍വെട്ടങ്ങള്‍ വെറും
കേട്ടു മറന്ന പഴങ്കഥകള്‍ !
അച്ഛനുമമ്മയും കൂടെപ്പിറപ്പോരും
ഭോഗസംസ്ക്കാരത്തിന്‍ മൂശയില്‍ വാര്‍ത്തൊരു
അര്‍ത്ഥരഹിതമാം വാക്കുകളായിന്ന് !
എവിടെപ്പിഴച്ചു നമ്മുക്കെന്‍റെ സോദരാ,
എവിടെപ്പിഴച്ചു പോയെവിടെപ്പിഴച്ചു പോയ്‌!
നേരിന്‍റെ നേരിയ പൊന്‍ത്തരിവെട്ടവും
ഊതി കെടുത്താതിരിക്കെന്‍റെ സോദരാ,
കരയുവാന്‍ കണ്‍കളില്‍ കണ്ണുനീരില്ലിന്നു
വറ്റി വരണ്ടൊരു വേനല്‍ത്തടാകമായ് ..
കനിവിന്‍റെയിത്തിരി പൊന്‍നാളമെങ്കിലും
കൂട്ടായ് തിരയുവാന്‍ പോരുന്നുണ്ടോ…?
എവിടെപ്പിഴച്ചു നമ്മുക്കെന്‍റെ സോദരാ,
എവിടെപ്പിഴച്ചു പോയെവിടെപ്പിഴച്ചു പോയ്‌!

Generated from archived content: poem1_june28_13.html Author: abdul_shukkur_kt

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here