പ്രണയത്തിന്റെ അനന്തസാന്ത്വനം

പ്രണയം എന്ന മനുഷ്യവികാരത്തിന്റെ ശാശ്വതത്വവും അന്തമില്ലായ്‌മയുമാണ്‌ ശ്രീമതി കയ്യുമ്മുകോട്ടപ്പടി എന്ന കവയിത്രിയുടെ പ്രധാന കാവ്യവിഷയം. “ചോരത്തുളളികൾക്കുപോലും പ്രണയമെന്ന വികാരമുണ്ടെന്നു കൽപിക്കുന്ന ഹൃദയസംഗീതം ഈ കവിതകളിലുണ്ട്‌. മാംസനിബദ്ധമായ ഒരു ശരീരവികാരമല്ല ശ്രീമതി കയ്യുമ്മുവിന്‌ പ്രണയം. ”ദേവാലയാങ്കണത്തിൽ വിരിഞ്ഞ പനിനീർപ്പൂവിന്റെ ഹൃദയ സൗരഭ്യമാണ്‌. (കവിത, നഷ്‌ടസ്വപ്‌നം) ചൂടാൻ രണ്ടിതൾ മുല്ലപ്പൂ മാത്രം മോഹിക്കുന്ന ജീവിതത്തിന്റെ നിസ്വ പ്രാർത്ഥനയാണ്‌. (കവിതഃഎനിക്കീ ജീവിതം) അഞ്ഞൂറ്‌ എപ്പിസോഡ്‌ പിന്നിട്ടിട്ടും ബാക്കിയാവുന്ന പ്രണയ മുത്തശ്ശിയുടെ പാൽപ്പുഞ്ചിരിയാണ്‌. (കവിതഃ എപ്പിസോഡുകൾ അവസാനിക്കുന്നില്ല) പ്രേമകുടീരങ്ങളിൽ ബാക്കിയാവുന്ന നോവിന്റെ പാരിജാതങ്ങളാണ്‌. (കവിതഃ പ്രേമഗീതം) നിന്റെ മിഴികളിൽ വിരിഞ്ഞ പ്രണയ പ്രപഞ്ചങ്ങളിൽ എന്നെ ഞാനെവിടെയാണ്‌ തിരയേണ്ടത്‌. എന്നും രണ്ടു കണ്ണുണ്ടായിട്ടും നിന്നെ കൺനിറയെ കാണാനാവുന്നില്ലല്ലോ“ എന്നും പേർത്തും പേർത്തും വിഷാദപ്പെടുത്തുന്ന മനുഷ്യവസന്തമാണ്‌.

പ്രണയത്തിന്റെ ആത്മീയതയിലേക്ക്‌ നിത്യതീർത്ഥാടനം ചെയ്യാൻ കൊതിക്കുന്ന ഈ കവിതകളുടെ അന്തർഹിതങ്ങളിൽ നിലാവും ഏകാന്തതയും പ്രാണഹർഷവും വിരഹവും കണ്ണുനീരും നിറഞ്ഞ ഒരു ജൈവ ഹൃദയനികുഞ്ഞ്‌ജം മരിക്കാത്ത മനുഷ്യപ്രതീക്ഷയായി നിലനിൽക്കുന്നുണ്ട്‌. തീർത്തും കാല്‌പനികമായ ഒരിച്ഛയാണ്‌ പ്രണയാനുഭവത്തിന്റെ ഈ അമരത്വത്തെ കവിതയുടെ അന്തർബലമാക്കുന്നത്‌. അത്‌ മനുഷ്യ മഹിമാവിനെ സംബന്ധിച്ചുളള വാക്കിന്റെ ശുഭ പ്രതീക്ഷയാണ്‌. സ്വന്തം മരണത്തെ ജയിക്കാൻ കവയിത്രി ആത്മാവിലണിഞ്ഞു നടക്കുന്ന കവിതയുടെ ഉണ്മയാണ്‌. അതുകൊണ്ടാണ്‌, ”നാലുവരി എഴുതാൻ കഴിഞ്ഞില്ലെങ്കിൽ എന്നേ ഞാൻ ആത്മഹത്യ ചെയ്‌തേനെ (കവിതഃ ജ്വാല) എന്ന്‌ കയ്യുമ്മു തന്റെ കവിതക്കുളളിൽ തന്നെ ആത്മകഥ കുറിച്ചു വയ്‌ക്കുന്നത്‌.

“പകൽ കത്തിയെരിഞ്ഞതും

രാവമർന്നതും

രാക്കിളി കൂടണഞ്ഞതും

കാണാത്തൊരച്ഛനെ

ഓർത്തു കിടന്നതും

അതു തൻ ചുണ്ടിൽ വിതുമ്പും

രാഗമായ്‌ പാടിയുറക്കി

കാറ്റായുയരും മഴപ്പൂക്കൾ

കൊഴിഞ്ഞതും

കിനാക്കൾ തകർന്നതും

കനവിൽ അരുമക്കിടാവിനെ പാടിയുറക്കി

ഞാൻ അലയുന്നു വീണ്ടും

അറിയാത്ത തീരങ്ങളിൽ.”

– (അറിയാത്തതീരം)

ഇങ്ങനെ നിരന്തരത തേടിക്കൊണ്ടിരിക്കേണ്ടതും ഒരിക്കലും പൂർണ്ണമായും കണ്ടെത്താനാവാത്തതും, പൂർണ്ണത്തിൽ നിന്നും പൂർണ്ണമെടുത്താലും പിന്നെയും പൂർണ്ണമായിരിക്കുന്നതുമായ പ്രണയാനുഭവത്തിന്റെ കാവ്യസഞ്ചാരം കയ്യുമ്മുവിന്റെ ഒട്ടുമിക്ക കവിതകളിലും വായിക്കാം. അതുകൊണ്ടുതന്നെ സ്വയം നിലനിൽക്കാൻ പ്രാപ്‌തിയുളള ഈ വരികൾക്ക്‌ ഔപചാരികമായ ഭാവുകങ്ങളൊന്നും നേരാതെ സുമനസ്സുകൾ ഇവയെ സ്വീകരിച്ചുകൊളളും എന്ന പ്രതീക്ഷയോടെ, ശ്രീമതി കയ്യുമ്മുവിന്റെ കവിതകൾ ഞാൻ സഹൃദയ സമക്ഷം അവതരിപ്പിച്ചുകൊളളുന്നു.

പ്രണയത്തിന്റെ അനന്തസാന്ത്വനം, കയ്യുമ്മു, വില – 40.00, ഉൺമ പബ്ലിക്കേഷൻസ്‌

Generated from archived content: book2_may4.html Author: aalangodu_leelekrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here