കെ.കെ.എസ്.ഓങ്ങല്ലൂർ എന്ന പേരിൽ കവിതകളും കഥകളുമെഴുതിക്കൊണ്ടിരിക്കുന്ന ശ്രീ. കെ.കെ.ശങ്കരനാരായണൻ വളരെക്കാലം കേരളാ പോലീസ് ഡിപ്പാർട്ടുമെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. ഓങ്ങല്ലൂർ ശങ്കരൻകുട്ടി എന്ന പേരിൽ തെക്കേമലബാറിലെ ഉത്സവപ്പറമ്പുകൾക്ക് സുപരിചിതനായ തായമ്പകക്കാരനാണ്. എന്നുമാത്രമല്ല അത്യാവശ്യം പാചകകലയും ശില്‌പവിദ്യയുമൊക്കെ ശ്രീ.കെ.കെ.എസിനു വശമാണ്. ഇങ്ങനെ സഹൃദയത്വത്തിന്റെ ഒരുപാടു കമ്പങ്ങളും കൗതുകങ്ങളുമായി ഈ ശുദ്ധ വളളുവനാട്ടുകാരൻ കുറേ വർഷങ്ങളായി സ്വന്തം ജീവിതംപോലെതന്നെ ആത്മാർത്ഥമായി പരിപാലിച്ചു കൊണ്ടുനടക്കുന്ന സർഗ്ഗപ്രവർത്തനങ്ങളുടെ ഭാഗമാണ് അദ്ദേഹത്തിന്റെ കവിതകളും. ‘പുലരിത്തുടിപ്പ്’ എന്ന പേരിൽ സമാഹരിക്കപ്പെട്ടിരിക്കുന്ന ഈ കവിതാപുസ്‌തകത്തിൽ കെ.കെ.എസിന്റെ കുട്ടിക്കവിതകളും മുതിർന്ന കവിതകളും രണ്ടു ഭാഗങ്ങളിലായി ചേർത്തിരിക്കുന്നു. ‘പുലരി’ എന്ന ആദ്യഭാഗം കുട്ടിക്കവിതകളുടേതാണ്. ഒരു വിശകലനമോ പരാവർത്തനമോ ആവശ്യമില്ലാത്തവിധം കുട്ടിത്തത്തിന്റെ പുലരിച്ചന്തം നിറഞ്ഞതാണ് ഈ കവിതകൾ. ഒരിക്കലും മുതിരാൻ കൂട്ടാക്കാത്ത ഒരു നിഷ്‌കളങ്കശിശുത്വം ഇവിടെ കെ.കെ.എസിലെ കവി പ്രകടിപ്പിക്കുന്നു.
‘കോഴികൾ കൂവുവാനെന്തേ പുലരുവാ
നേഴര നാഴിക രാവുളളപ്പോൾ
ബെല്ലടിച്ചീടാതലാറമടിക്കാതെ
വല്ലായ്‌മതെല്ലുമിയന്നിടാതെ?’ എന്നും,
ആകാശപ്പൊയ്‌കയിലെത്രയെത്ര
പൂവുകൾ പൂത്തുനില്‌പമ്മേ
എന്തൊരു ഭംഗിയാണെന്നോ കാണ്മാൻ
എന്നെയും നോക്കിച്ചിരിപ്പൂ“ എന്ന് കളങ്കലേശമില്ലാതെ വിസ്‌മയപ്പെട്ടുകൊണ്ടു ഈ കവിതകൾക്കുളളിലിരുന്ന് ഒരു കുട്ടി നഗ്നമായ മനസ്സുകൊണ്ട് ലോകത്തെ കാണുന്നു. ”പട്ടംപറത്തിയും വട്ടുകളിച്ചും ഇഷ്‌ടംപിടിച്ചും ഒത്തുകളിച്ചും വട്ടംകറങ്ങിയും നൃത്തം ചവിട്ടിയും ഊഞ്ഞാലിലാടിയും, പൊൻതിരുവാതിരവെളളത്തിൽ തുടിച്ചുകുളിച്ചും“ ഈ മനുഷ്യശിശു പലമൊഴി പാടി ജീവിതത്തെ ഉത്സവമാക്കി മാറ്റുന്നു.
‘തുടിപ്പ്’ എന്ന രണ്ടാം ഭാഗത്തിലാവട്ടെ കെ.കെ.എസിലെ ജന്മാർജിത കവിത്വം, കുട്ടിത്തം കൈവിടാതെതന്നെ മുതിർന്നിരിക്കുന്നത് നമുക്കു വായിക്കാം. ചെണ്ടമേളവും കേളുആശാനും സർപ്പയജ്ഞവും ചക്ക മടലും ശങ്കുണ്ണ്യാരും കോഴീടെ കൂക്കും പെപ്പെപ്പേ” എന്നിങ്ങനെ അസംബന്ധ കാവ്യഭംഗികൾ കൂടി കൊരുത്തിട്ട വളളുവനാടൻ നാടോടിത്തത്തിന്റെ കാവ്യകുതൂഹലം ഈ ഭാഗത്തെ ചില കവിതകളിൽ അന്തർഹിതസൗന്ദര്യം ചാർത്തിക്കുന്നുണ്ട്.
“നാഴ്യരിവെച്ചു
നാലാളുണ്ടു
ചേനാരുണ്ടു
ചേത്യാരുണ്ടു
പന്ത്രണ്ടാന
മടഞ്ഞിരുന്നുണ്ടു
നീർക്കോലിച്ചാത്തൻ
നീണ്ടിരുന്നുണ്ടു
കൊക്കരക്കോഴി കൊത്തിയിറങ്ങി
കൊറ്റിനു പുത്തൻ ജീവിതമെന്ത്!
കൊത്തും കിളയും കൊണ്ടുപിടിച്ചു”
എന്നിങ്ങനെ നാട്ടുചൊല്ലുകളും നാടോടിവാങ്ങ്‌മയങ്ങളും നിറഞ്ഞ് കവിത ഇവിടെ ഒരു ജനതയുടെ വാങ്ങ്‌മൂല സംസ്‌കൃതിയെ അതിന്റെ ആത്മാവാക്കിത്തീർക്കുന്നുണ്ട്. പ്രാചീനതയിൽ നിന്ന് ആവാഹിച്ചെടുത്ത ഒരുതരം ആധുനികതയാണിത്.
(അവതാരികയിൽനിന്ന്)
പുലരിത്തുടിപ്പ് (കവിതാസമാഹാരം)
കെ.കെ.എസ്. ഓങ്ങല്ലൂർ
വില – 45.00
റെയ്‌ൻബോ ബുക് പബ്ലിഷേഴ്‌സ്
Generated from archived content: book1_june23.html Author: aalangodu_leelekrishnan
Click this button or press Ctrl+G to toggle between Malayalam and English