ഇരട്ടമൈനകൾ

ദുബായിൽ കാക്കകൾ വളരെ അപൂർവ്വമാണ്‌. രാവിലെ ഓഫീസിലേക്കുള്ള വഴിയിൽ മുഴുവൻ ഷെമി തെരയുന്നതു ഇരട്ട മൈനകളെയാണ്‌. സ്‌കൂളിലെ ഡിപാർട്ട്‌മെന്റ്‌ ഹെഡ്‌ കാരൻ വൂഡിന്റെ വായിലെ കൊളോക്യൽ ഭാഷയുടെ അതിർ വരമ്പുകൾ മുറിഞ്ഞ്‌ പോകാതിരിക്കാനുള്ള മുൻ കരുതൽ മാത്രമാണ്‌ ഇരട്ടമൈനകളെ വഴിയിൽ കാണുക എന്നത്‌. ഇപ്പോൾ ഞങ്ങൾ കരാമ വിട്ടു എമിറെറ്റ്‌സ്‌ റോഡിൽ എത്തി. തേടി തേടി കണ്ണു കുഴയുന്നതല്ലാതെ മൈനകളെ കാണാനേയില്ല. എഫ്‌.എം. റേഡിയോയിൽ നിന്നും ട്രാഫിക്‌ തടസ്സങ്ങൾ ഉയർന്നു വരുന്നു. രണ്ട്‌ കിലോമീറ്റർ അകലെ അവിചാരിതമായ ഒരു അപകടം. സ്‌കൂളിൽ എത്തിച്ചേരാൻ ഇനി ഏഴ്‌ മിനിട്ട്‌ ബാക്കി. ഷെമിയുടെ ഹൃദയമിടിപ്പു വ്യക്തമായി എനിക്കു കേൾക്കാം. ഇനിയും കാണാൻ കഴിഞ്ഞിട്ടില്ലാത്ത കാരൻ വുഡിന്റെ ഉറഞ്ഞുതുള്ളുന്ന മുഖം എന്നെയും അലോസരപ്പെടുത്തന്നുണ്ട്‌. ബർ ദുബായിലെ ബേബി സിസ്‌റ്ററുടെ കയ്യിൽ കുഞ്ഞിനെ ഏല്‌പ്പിച്ചു വേഗത്തിൽ വിട്ടിട്ടും ദുരിതം മാത്രം ബാക്കി. ഞായറാഴ്‌ചയുടെ മൗനവും മടിയും റോഡിലെ ട്രാഫിക്കിൽ കാണാം. ട്രാഫിക്കിലെ കുരുക്കിൽ ഒച്ചിനെപ്പോലെ ഇഴയുമ്പോൾ നിങ്ങൾ അടുത്ത ട്രാക്കിൽ ഒരേ വേഗത്തിൽ ഇഴയുന്ന സഹവേഗനുമായി ചങ്ങാത്തത്തിലാവുക. എഫ്‌.എമ്മിലെ നൈല ഈ കുരുക്കിൽ പെട്ടുപോയ ഹതഭാഗ്യർക്കായി ധൈര്യം കൊടുക്കാൻ ശ്രമിക്കുന്നു. നാല്‌പതു മിനിട്ടു വൈകി ഓഫീസിൽ എത്തിയതും മൊബൈൽ ശബ്‌ദിച്ചു. മറുതലയ്‌ക്കൽ ഷെമിയാണ്‌. “ഇക്കാ ഞാൻ ഇരട്ട മൈനകളെ കണ്ടു. സ്‌കൂൾ ഗാർഡന്റെ ബൊഗൈൻ വില്ലുകൾ പടർന്നു കിടക്കുന്ന കോണിൽ വെച്ച്‌ ഞാൻ അവയെ കണ്ടു. കാരൻ വുഡ്‌ അവയ്‌ക്കു അരി മണികൾ എറിഞ്ഞു കൊടുക്കുകയായിരുന്നു. ഞാൻ ചെന്നു കയറുമ്പോൾ പിന്നെ ഞാൻ ഒന്നും കേട്ടതേയില്ല.” മുന്നിലെ കാർ പാർക്കിന്റെ വെള്ള വരയിട്ട അതിരുകളിൽ എന്തോ കൊത്തി വലിക്കുന്ന ഇരട്ട കാക്കകളെ ഞാൻ വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി.

Generated from archived content: story1_mar11_10.html Author: a_umar.farook

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English