എന്റെ മഴവില്ല്‌

തികഞ്ഞ വിജനത. കനത്തു പെയ്യുന്ന മഴ. മനസ്സ്‌ തെന്നിതെന്നിപോകുന്നു. ഇനി വയ്യ. കാർ റോഡരികിലേക്ക്‌ ഒതുക്കിനിർത്തി. വ്യക്തതയില്ലാതെ ഒരു പാടു ഓർമ്മകൾ തീത്തുള്ളികൾ പോലെ മനസ്സിൽ അവിടവിടെ വീഴുന്നു. വീഴുന്നിടമെല്ലാം ദ്രവിച്ചു പോകുന്ന പോലെ. പൊട്ടിയടരുന്ന മനസ്സിനെ പൂർവ്വരൂപത്തിലാക്കാൻ ചുറ്റുപാടുമുള്ള പ്രകൃതിയിലേക്ക്‌ വെറുതെ നോക്കിയിരുന്നു. മഴ പെയ്‌തു കൊണ്ടേയിരിക്കുന്നു. പലതാളത്തിൽ മുഖമുയർത്തി രണ്ടുകൈകളും നിവർത്തി മഴയെ സ്വീകരിക്കുന്ന പ്രകൃതിക്ക്‌ ഒരു കാമുകിയുടെ വിവിധ ഭാവങ്ങൾ. ചിലപ്പോൾ പാതിയടഞ്ഞ കൺപോളകൾക്കു മുകളിലൂടെ ഒലിച്ചിറങ്ങുന്ന ജലകണങ്ങളോടെ, കവിളിലേക്ക്‌ വീണ്‌ നനഞ്ഞൊട്ടിയ മുടിയിഴകളോടെ, നാണിച്ചു കൂമ്പി നിൽക്കുന്ന ഭാവം…. ചിലപ്പോൾ പരിഭ്രാന്തിയോടെ കൈ തട്ടിമാറ്റി മുഖം തിരിക്കുന്ന ഭാവം…. ചിലപ്പോൾ പാളിനോക്കുന്ന വശ്യഭാവം….

ഗ്ലാസ്സിന്റെ വിടവിലൂടെ കാറ്റത്ത്‌ കുറേ മഴത്തുള്ളികൾ കവിളത്തു പതിച്ചു. അവളുടെ കൈകളുടെ തണുത്ത സ്‌പർശം പോലെ ഗൗരി….. മനസ്സിലെ ഒരു മഴവില്ലായിരുന്നു അവൾ. കാണാം. കൊതിക്കാം. പക്ഷേ അപ്രാപ്യം.

അവളോടുള്ള എന്റെ സ്‌നേഹം തീയായിരുന്നു. എന്റെ ഓരോ രോമകൂപത്തിൽ നിന്നും നാക്കു നീട്ടുന്ന തീനാളങ്ങൾ. ഞാൻ ആ സ്‌നേഹനാളങ്ങളുമായി ജ്വലിച്ചുനിന്നു. എന്നെ അപ്പോൾ തൊട്ടാൽ പൊള്ളുമായിരുന്നു. അവളുടെ വിരൽതുമ്പ്‌ ഒന്നു സ്‌പർശിച്ചാൽ മതി എന്റെ അഗ്‌നി ശമിക്കാൻ. ആ സ്‌പർശനം കിട്ടാതെ എരിഞ്ഞൊടുങ്ങിയ എന്റെ യൗവ്വനം. ഒരിക്കലും പറഞ്ഞില്ല എന്റെ സ്‌നേഹം വാക്കുകളിൽ. അടുത്തെത്തുമ്പോൾ ആ ചൂടിൽ അവൾ പകച്ചുനിൽക്കുന്നത്‌ ഞാനറിഞ്ഞു. എല്ലാം അവളറിയുന്നുണ്ടായിരുന്നു.

ഒന്നും സംഭവിച്ചില്ല. സ്‌നേഹമുണ്ടെന്നും ഒരുമിച്ചു ജീവിക്കാമെന്നും പരസ്‌പരം പറയാനുള്ള പ്രായമായോ എന്നറിയാതെ പിരിഞ്ഞു. ജീവിതം വഴിമുട്ടിനിന്നില്ല. പലതും നേടിയും നഷ്‌ടപ്പെട്ടും അതു മുൻപോട്ടുപോയി. ഇലകൾക്കിടയിൽ പതുങ്ങിയിരുന്ന ശലഭം ചിറകടിച്ചു പറന്നുയരുന്നതുപോലെ അവളുടെ ഓർമ്മകൾ മനസ്സിൽ ഇടയ്‌ക്കിടെ ചിറകടിക്കും.

ഗൗരി വിവാഹിതയായത്‌ കുറേ നാളുകൾക്കു ശേഷമാണറിഞ്ഞത്‌. അല്ലെങ്കിൽ പ്രാണവേദനയാൽ ഞാൻ പിടഞ്ഞേനെ. മാഞ്ഞുപോയ എന്റെ മഴവില്ലിനെ മറ്റൊരാൾ ചെപ്പിനുള്ളിലാക്കി അടക്കുന്നത്‌ എനിക്ക്‌ ചിന്തിക്കാനാകുമായിരുന്നില്ല. അവളുടെ സ്‌പർശനം മറ്റൊരാളുടെ തീയണയ്‌ക്കുന്നത്‌ എനിക്ക്‌ സങ്കൽപ്പിക്കാനാകുമായിരുന്നില്ല. അസൂയയും നിരാശയും കൊണ്ട്‌ ഞാൻ തണുത്തുറഞ്ഞു. എന്നിലെ അഗ്‌നി കെട്ടടങ്ങി. വാശിയോടെ ഞാൻ വിവാഹം കഴിച്ചു. അവളെ സ്‌പർശിച്ചപ്പോൾ എന്നിലെ അഗ്‌നിനാളങ്ങൾ വീണ്ടും നാവുനീട്ടുമെന്ന്‌ ഞാൻ പ്രതീക്ഷിച്ചു. ഇല്ല സ്വയം എരിയുന്ന അഗ്‌നിഗോളമാവുന്ന ആ പ്രണയം ഞാൻ പിന്നീട്‌ അറിഞ്ഞതേയില്ല.

ഗൃഹസ്‌ഥനും പിതാവുമായി. കടമകൾ ഭംഗിയായി നിർവഹിക്കപ്പെടുന്ന ചതഞ്ഞ ഒരു ജീവിതം. ചിലപ്പോഴെങ്കിലും കത്തിമുനപോലെ തുളഞ്ഞുകയറുന്ന ആ സ്‌നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കൊതിച്ചു. പാവം ഒരു ഭാര്യ. മിടുക്കരായ കുട്ടികൾ. ആരെയും കുറ്റം പറയാനാകാതെ സ്വയം കുറ്റപ്പെടുത്തി ജീവിച്ചു.

വർഷങ്ങൾക്കു ശേഷം ഞാൻ ഗൗരിയെ ഒരു വിവാഹസ്‌ഥലത്തുവെച്ചു കണ്ടു. കാൽപനിക സൗന്ദര്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ജീവിതമാണവളുടേത്‌ എന്ന്‌ ഒറ്റ നോട്ടത്തിൽ ഞാനറിഞ്ഞു. എന്റെ മഴവില്ല്‌ കാഴ്‌ചശക്തിയില്ലാത്ത ഒരുവന്റെ മുൻപിൽ തെളിഞ്ഞതുപോലെ വ്യർത്ഥമായി തീർന്നിരുന്നു. അവളുടെ ഭർത്താവ്‌ നനഞ്ഞതുപോലെയുള്ള അവളുടെ കണ്ണുകളുടെ സൗന്ദര്യം കണ്ടിട്ടില്ല. അതിലെ മിന്നിമറയുന്ന ഭാവങ്ങൾ കണ്ടിട്ടില്ല. മനസ്സിനുള്ളിലെ കവിതപോലെ സൗന്ദര്യമുള്ള സങ്കൽപങ്ങളറിഞ്ഞിട്ടില്ല. അവൾ അപ്പോഴും സുന്ദരിയായിരുന്നു. എന്റെ മനസ്സ്‌ പ്രണയം കൊണ്ട്‌ കുതിരുന്നത്‌ അദ്‌ഭുതത്തോടെ ഞാനറിഞ്ഞു. ഗൗരിയെ നേർക്കുനേർ കണ്ടപ്പോൾ ഒരു കാമുകന്റേതുപോലെ എന്റെ കൈവിരലുകൾ തണുത്തു. ഈശ്വരാ… ഇപ്പോഴും…..

ഗൗരിയിൽ ഭാവമാറ്റമൊന്നും കണ്ടില്ല. പണ്ടത്തെക്കാൾ ധൈര്യത്തോടെ അവളെന്നെ നോക്കി വിടർന്നു ചിരിച്ചു. ആ കൈകൾ രണ്ടും കൂട്ടിപ്പിടിച്ച്‌ ഗൗരി നീയിത്രനാളും എവിടെയായിരുന്നു?‘ എന്ന്‌ വിഹ്വലതയോടെ ചോദിക്കാനാണ്‌ തോന്നിയത്‌. പകരം ഞാൻ പഴയൊരു പരിചയക്കാരനായി.

“ഗൗരി ഇപ്പോൾ….?”

“ഞാൻ ചെന്നൈയിലാണ്‌. വല്ലപ്പോഴുമേ നാട്ടിൽ വരാറുള്ളൂ.”

“ജോലിയെന്തെങ്കിലും…..?”

“ധാരാളം വീട്ടുജോലി ചെയ്യുന്നുണ്ട്‌ അത്രതന്നെ”. അസംതൃപ്‌തിയുടെ ഒരു മിന്നലാട്ടം ആ കണ്ണുകളിൽ കണ്ടുവോ“

ഗൗരിയെ ചുറ്റിപ്പിടിച്ച്‌ രണ്ടാൺകുട്ടികൾ. അവളുടെ ഭർത്താവ്‌ കല്ല്യാണസ്‌ഥലത്തുണ്ടായിരുന്നെങ്കിലും അവളോടൊപ്പം കണ്ടതേയില്ല. അവൾ മക്കൾക്ക്‌ കുഞ്ഞുരുളകൾ ഉരുട്ടികൊടുക്കുന്നതും അരുമയായിട്ട്‌ അവരുടെ വായ തുടയ്‌ക്കുന്നതുമൊക്കെ സാകൂതം ഞാൻ നോക്കിയിരുന്നു. പോകാൻ നേരം യാത്ര ചോദിക്കാൻ ഗൗരി വന്നു.

”ഗൗരീ വല്ലപ്പോഴും ഒന്നു വിളിക്കൂ“

അവൾ ഒന്നു പിടഞ്ഞതുപോലെ തോന്നി. ഒരു നിമിഷം ആ മുഖംമൂടി ഊർന്നു വീണുവോ? ഒരു പിടിവള്ളി കിട്ടിയതുപോലെ അവൾ ധൃതിയിൽ പറഞ്ഞു.

”വിളിക്കാം വിളിക്കാം“.

ഇടയ്‌ക്കൊക്കെ ഞങ്ങൾ വിളിച്ചു. ആ വിളികളിലൂടെ അവളുടെ ജീവിത യാത്രയുടെ തിക്കും തിരക്കും പാളം തെറ്റലുകളുമൊക്കെ ഞാനറിഞ്ഞു. അവർക്ക്‌ ഒന്നിനും നേരമില്ലായിരുന്നു. എല്ലാവരും അവളെ ഉപയോഗിച്ചു. ഭർത്താവും മക്കളും ബന്ധുക്കളുമെല്ലാം. എന്നാൽ അവൾ എന്തെങ്കിലും ജീവിതത്തിൽ ചെയ്യുന്നതായി ആർക്കും തോന്നിയതുമില്ല. ഒരിക്കൽ അവൾ പറഞ്ഞു.

”എന്റെ ജീവിതം പോയി. തിരെ നിലവാരമില്ല എനിക്കിന്ന്‌. നന്നായി പാചകം ചെയ്യും ഞാൻ. പക്ഷെ ഒരു പുസ്‌തകം പോലും ഞാൻ വായിക്കില്ല. പേനയെടുക്കുന്നത്‌ അടുക്കളയിൽ സാധനങ്ങൾ തീരുമ്പോൾ ലിസ്‌റ്റെഴുതാനാണ്‌. ജോലി ചെയ്‌തു ചെയ്‌തു തളർന്ന്‌ വൈകുന്നേരം ഞാൻ ഒരു കസേരയിലിരിക്കും. എന്നിട്ട്‌ സീരിയലുകൾ കണ്ടാസ്വദിക്കും. അങ്ങനെ ഞാൻ പൂർണ്ണമായും ഒരു വീട്ടമ്മയാകും.

കോളേജിൽ പഠിക്കുന്ന കാലത്ത്‌ നന്നായി വായിക്കുകയും എഴുതുകയും ചെയ്‌തിരുന്ന ഒരാളുടെ വാക്കുകൾ.

“ഗൗരിക്ക്‌ ഒരു ജോലിക്ക്‌ ശ്രമിച്ചൂടെ?”

“അപ്പോ വീട്ടുജോലി ആരുചെയ്യും? ആരുനോക്കും കുട്ടികളെ? ജോലി ഇല്ലാത്തയാളായിരിക്കണം തന്റെ ഭാര്യയെന്ന്‌ എന്റെ ഭർത്താവിന്‌ നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാ എന്റെ കല്ല്യാണം നടന്നത്‌. അല്‌പം കൂടി താമസിച്ചെങ്കിൽ എനിക്ക്‌ ജോലി കിട്ടിപ്പോയേനെ. അങ്ങനെ ധാരാളം ശമ്പളമുള്ള ഒരാളുടെ ഭാര്യയാകാൻ എനിക്കു കഴിഞ്ഞു.

ആത്മനിന്ദയായിരുന്നു ആ വാക്കുകളിൽ.

കുട്ടികൾ വളരുന്നതും ഭർത്താവിനു തിരക്കേറുന്നതും ബന്ധുക്കൾ നഗരത്തിൽ വരുമ്പോൾ ഒരു മുന്നറിയിപ്പുപോലും തരാതെ വീട്ടിൽ വന്നു താമസിക്കുന്നതും ജോലി ചെയ്‌തു ചെയ്‌തു തളരുന്നതും അവൾ പറഞ്ഞു.

”ഗൗരി ഒരു ജോലിക്കാരിയെ വെക്കൂ“.

”എന്റെ കയ്യ്‌ കൊണ്ട്‌ ഉണ്ടാക്കിയ ഭക്ഷണമേ എന്റെ ഭർത്താവും കുട്ടികളും ബന്ധുക്കളും കഴിക്കൂ. ഭയങ്കര സ്‌നേഹമാ അവർക്കെന്നോട്‌. എല്ലാകാര്യത്തിനും ഞാൻ തന്നെ വേണം.“ അവൾ ഒരു ചിരിചിരിച്ചു. ഞാൻ നിശ്ശബ്‌ദനും നിസ്സഹായനുമായി.

”എന്നെ കണ്ടിട്ടില്ലല്ലോ അടുത്തിടെ ഞാൻ ഒരു പാടു മാറി. ബാക്കി വരുന്ന ആഹാരം തിന്നുതിന്നു ഞാൻ തടിച്ചു. എന്റെ കൈപ്പത്തികൾ പരുക്കനാണ്‌. എന്റെ കണ്ണുകൾ വീട്ടിലെ പൊടിയും അഴുക്കും മാത്രം കാണുന്നു. എന്റെ ശരീരത്തിന്‌ കറികളുടെ ചെടിച്ച മണമാണ്‌. എന്റെ ഭർത്താവ്‌ മടുപ്പോടെ എന്നെ നോക്കുന്നത്‌ ഞാൻ കണ്ടു.“

പിന്നീട്‌ കുറേ നാളുകൾക്കു ശേഷമാണ്‌ ഗൗരി വിളിച്ചത്‌. ഞാനും പല കാര്യങ്ങളാൽ തിരക്കിലായിരുന്നു.

”ഇപ്പോ എന്റെ ജോലിത്തിരക്ക്‌ കുറച്ചു കുറഞ്ഞിട്ടുണ്ട്‌. മക്കൾ രണ്ടും ഹോസ്‌റ്റലിലാണ്‌. ഭർത്താവ്‌ ആഴ്‌ചയിലൊരിക്കലേ വരൂ. ഓ ഇനി ഞാനില്ലെങ്കിലും കുഴപ്പമില്ല. എല്ലാവരെയും ആഹാരം കൊടുത്തു കൊടുത്ത്‌ ഞാൻ ഒരു കരയ്‌ക്കെത്തിച്ചു. എന്റെ പാചകരീതി പഴഞ്ചനുമായി, എന്നെപോലെ. മക്കൾ കഴിഞ്ഞ തവണ വന്നപ്പോ പറയുകയാ അമ്മേടെ വെപ്പൊക്കെ ഇപ്പോ തീരെ മോശംന്ന്‌“.

എന്റെ മഴവില്ലേ. ജിവിതത്തിന്റെ വേനൽ കടുത്ത്‌ നിന്റെ നിറങ്ങൾ പലതും വാർന്നു പോവുകയാണല്ലോ. ഞാൻ വെറുമൊരു കാഴ്‌ചക്കാരനായി…

പിന്നെയും ഞാൻ ഗൗരിയെ കണ്ടു. തീരെ ക്ഷീണിച്ചിരുന്നു അവൾ. എല്ലാം ഒന്നവസാനിച്ചെങ്കിൽ എന്ന മടുത്ത ഭാവം. ആദ്യമായി അവളുടെ കണ്ണു നിറയുന്നത്‌ ഞാൻ കണ്ടു.

”ഞാനിപ്പോൾ തീരെ ഒറ്റപ്പെട്ടിരിക്കുന്നു. എ​‍െൻ ഭർത്താവ്‌ റിട്ടയർ ചെയ്‌ത ശേഷം നേരത്തേതിനേക്കാൾ നല്ല ജോലി കിട്ടിപ്പോയി. ചില്ലറ അസുഖങ്ങളുള്ളതിനാൽ എനിക്ക്‌ കാവലായി ഒരു സ്‌ത്രീയെ ഏർപ്പാടാക്കിയിട്ടുണ്ട്‌. അവരാണിപ്പോൾ വീട്ടുകാര്യങ്ങൾ നോക്കുന്നത്‌. ഞാനിപ്പോൾ, കഥയുടെ മുന്നോട്ടുള്ള പോക്കിൽ ഒന്നും സംഭാവന ചെയ്യാനില്ലാത്ത കഥാപാത്രമാണ്‌. എപ്പോ വേണമെങ്കിലും വേണ്ടാന്നു വെക്കാവുന്ന ഒരു അനാവശ്യ കഥാപാത്രം.“

ജീവിതം ആരെയും കാത്തുനിൽക്കാതെ മുൻപോട്ടു പൊയ്‌ക്കൊണ്ടിരുന്നു. സ്വാഭാവികമായ പലതും നടന്നു. മകളുടെ വിവാഹം. ഗൗരിയുടെ മൂത്തമകന്റെ വിവാഹം. അവൻ ഒരു തമിഴത്തിയെ വിവാഹം കഴിച്ച്‌ കൂടുതൽ അന്യനായി. മറ്റേ മകൻ അമേരിക്കയ്‌ക്കും പോയി. അവൾ നാട്ടിലെ വീട്ടിലേക്ക്‌ താമസം മാറി. ഞങ്ങൾ പലപ്പോഴും കണ്ടു. ഇപ്പോൾ ഞങ്ങൾക്ക്‌ പ്രണയമില്ല. അതിനുമപ്പുറത്തെ ഏകതാഭാവം. ഒരു മുഖത്തിന്റെ രണ്ടുവശങ്ങൾ പോലെയായിരുന്നു ഞങ്ങൾ. ഒന്നിച്ചു കാണുമ്പോഴോ സംസാരിക്കുമ്പോഴോ മാത്രം പൂർണ്ണത. അനിവാര്യമായ കൂടിച്ചേരലുകൾ.

മഴ ഒന്നു നിലച്ചിരിക്കുന്നു. ഇനി കരയാൻ വയ്യാത്തതുപോലെ ഞാൻ കാർ സ്‌റ്റാർട്ടാക്കി. ഇനി പോയില്ലെങ്കിൽ എനിക്ക്‌ ഗൗരിയെ കാണാൻ സാധിക്കില്ല. ഇന്നലെ വരെ ഈ ഭൂമിയിലെ വായുവിൽ അവളുടെ ശ്വാസവുമുണ്ടായിരുന്നു. ഇന്ന്‌…. ജീവ വായു കിട്ടാതെ എന്റെ ഹൃദയം പിടയുന്നപോലെ തോന്നി.

പഴയ ആ വീടിനു മുൻപിൽ അധികം ആളുകൾ നിൽപ്പില്ല. നാടുമായി അവർക്ക്‌ വലിയ ബന്ധമില്ലായിരുന്നല്ലോ. കാറിൽ നിന്ന്‌ ഇറങ്ങിയ ഉടൻ ചാറ്റൽമഴ തുടങ്ങി. എന്റെ കണ്ണിൽ, കവിളിൽ, ചുണ്ടിൽ ഒക്കെ നനവ്‌. ഈ മഴ എന്റെ ഗൗരിയാണോ? കൊതിയോടെ അവൾ എന്നെ തലോടുകയാണോ?

അന്ത്യകർമ്മങ്ങൾക്കായി അവളെ മുറ്റത്ത്‌ കിടത്തിയിരിക്കുന്നു. ടാർപോളിൻ വലിച്ചു കെട്ടിയതിനാൽ അവൾ നനയില്ല. അവളുടെ ഇരുവശത്തും ഈറനുടുത്ത്‌ അവളുടെ രണ്ട്‌ ആൺമക്കൾ. കൂടാതെ അവളുടെ സഹോദരിയുടെ മക്കളും. അവൾ ഒരു രാജ്ഞിയെപ്പോലെ ശയിക്കുന്നു. ഇരുവശവും ആരോഗ്യദൃഢഗാത്രരായ കിങ്കരന്മാർ. എനിക്ക്‌ ചിരിക്കണമെന്ന്‌ തോന്നി. എല്ലാവരും എന്റെ ഗൗരിയെ ബഹുമാനത്തോടെ നോക്കുന്നു. നാലു ചെറുപ്പക്കാർ കൈപിണച്ച്‌ തലകുനിച്ച്‌ ഇരുവശവും. ചുറ്റും വേറെയാരൊക്കെയോ…. എല്ലാവരും എന്റെ ഗൗരിയുടെ മുൻപിൽ തലകുനിച്ച്‌ ശവശരീരത്തിന്‌ കിട്ടുന്ന ബഹുമാനം! ജീവിച്ചിരുന്നപ്പോൾ അവൾക്ക്‌ ഒരിക്കലും ലഭിക്കാതെ പോയ അംഗീകാരം. കണ്ണുതുറന്ന്‌ നീയൊന്ന്‌ നോക്കൂ ഗൗരി. ഇവരെല്ലാം എല്ലാ ജോലിയും നിനക്കായി ഇന്ന്‌ മാറ്റിവെച്ചിരിക്കുന്നു. ഇതു കണ്ടാൽ നീയും നിർത്താതെ ചിരിക്കും.

എവിടെ നിന്റെ ഭർത്താവ്‌? നിന്നെ സ്‌നേഹിക്കാതെ സ്വന്തമാക്കിയവൻ. തിണ്ണയിൽ ഒരു കസേരയിട്ട്‌ ഇരുപ്പുണ്ട്‌ അയാൾ. ഞാൻ അയാളുടെ കണ്ണുകളിലേക്ക്‌ നോക്കി നഷ്‌ടബോധം? കുറ്റബോധം? ഇല്ല. ഒന്നുമില്ല. നിറയാത്ത കണ്ണുകൾ. ഒരു സ്വാഭാവിക പ്രക്രിയയ്‌ക്ക്‌ സാക്ഷിയാകുന്ന ഭാവം. സ്‌നേഹവും സുഖവും പകർന്നു തന്ന ആ ശരീരത്തെ അയാൾ നോക്കുന്നുണ്ടായിരുന്നില്ല.

കുഞ്ഞുരുളകൾ വാരിക്കൊടുത്ത അമ്മയുടെ വായിലേക്ക്‌ മക്കൾ വായ്‌ക്കരിയിടുന്നു. കടം വീട്ടുകയാണോ അവർ? പക്ഷേ അരുമയോടെ ആ ചുണ്ടുകൾ അവർ തുടച്ചില്ല. ഗൗരി പോവുകയാണ്‌. മക്കളുടെ ചുമലിലേറി. എന്റേ രാജ്ഞി പല്ലക്കിലേറി….. അവൾ കിടന്നിടത്തെ ശൂന്യതയാണ്‌ ഞാനാദ്യം ശ്രദ്ധിച്ചത്‌. അത്‌ കാണെക്കാണെ വലുതായി വന്നു. രാക്ഷസരൂപം പൂണ്ട്‌ എന്നെ വിഴുങ്ങുവാൻ വായ്‌പിളർന്ന്‌…. തല കുടഞ്ഞ്‌ ഞാൻ അവിടെ നിന്ന്‌ നീങ്ങി.

ഗൗരി കിടക്കുന്നു. അവളുടെ ചിത ഒരു വിവാഹമണ്ഡപമായി മാറുകയാണോ? വിറകുകൾ അടുക്കിയടുക്കി അവളെ അവർ മറച്ചു. എന്റെ മഴവില്ല്‌ അസ്‌തമിച്ചു. അഗ്‌നി സീൽക്കാരശബ്‌ദത്തോടെ അവളെ പുണർന്നു. ഞാനല്ലേ ആ അഗ്‌നി? എന്റെ ഗൗരി അതറിയുന്നുണ്ടാകും. പ്രേമപാരവശ്യത്തോടെ അവളുടെ ചുണ്ടുകൾ പിളരുന്നത്‌ ഞാനറിഞ്ഞു. കത്തുന്ന കണ്ണുകൾ തുറന്നുവരുന്നതും നിർവൃതിയോടെ വീണ്ടും അടയുന്നതും ഞാനറിഞ്ഞു. ശരീരം മുഴുവൻ തുളുമ്പുന്ന സ്‌നേഹാഗ്‌നിയിൽ വിറയലോടെ അവൾ…..

നഷ്‌ടം! ആരുമറിയാത്ത എന്റെ നഷ്‌ടം! നഷ്‌ടങ്ങളൊന്നുമറിയാത്ത ഭർത്താവ്‌. മരുമകൾ കൊണ്ടുകൊടുത്ത ചായ കുടിച്ച്‌ ക്ഷീണമകറ്റുന്നു. മകൻ മൊബൈൽ ഫോണിൽ ഉറക്കെയുറക്കെ സംസാരിക്കുന്നു. മറ്റൊരു മകൻ ആരുടെയോ കുട്ടിയെ കൊഞ്ചിക്കുന്നു. ആളുകൾ കർമ്മങ്ങൾ തീർന്നു കിട്ടിയ തൃപ്‌തിയോടെ പിരിയുന്നു. വീണ്ടും ഏകയായോ ഗൗരി നീ?

ഭാരമേറിയ ശരീരത്തോടെ ഞാൻ കാറിൽ കയറി. ചിതയിൽ നിന്നുയർന്ന ഒരു പുകച്ചുരുൾ കാറിന്റെ വാതിലിലൂടെ ഒതുക്കത്തോടെ അകത്തേക്ക്‌ കയറി. ഒരു നവവധുവിന്റെ വിവശമായ ഭാവത്തോടെ ഗൗരീ ?! ! എനിക്കറിയാം. പിരിയാനാവില്ല നിനക്കെന്നെ. കൊണ്ടുപോവുകയാണ്‌ ഞാനവളെ എല്ലാവരെയും സാക്ഷിനിർത്തി. ഒടുവിൽ ഞാനവളെ തേടി. കണ്ണുനീർപോലും പിണങ്ങിപ്പോയ എന്റെ കണ്ണുകൾ വിജയാഹ്‌ളാദത്താൽ ഭ്രാന്തമായി തിളങ്ങി.

Generated from archived content: story_competition3.html Author: a_suman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English