ചിലരെ ചരിത്രം സൃഷ്ടിക്കുന്നു. ചിലര്‍ ചരിത്രവും . രാഷ്ട്രീയത്തില്‍ , പൊതുജീവിതത്തില്‍ ഒരു മന്ദമാരുതനായി കടന്നുവന്ന് സൃഷ്ടി- സ്ഥിതി- സംഹാരമൂര്‍ത്തിയേപ്പോലെ കൊടുങ്കാറ്റായി ആഞ്ഞടിച്ച് തന്റെ അസ്തിത്വം അടയാളപ്പെടുത്തി കടന്നുപോയ, കേരളം കണ്ട എക്കാലത്തേയും കരുത്തനായ രാഷ്ട്രീയ നേതാവ് കെ. കരുണാകരന്‍ ചരിത്രസൃഷ്ടാവിന്റെ ഗണത്തില്‍ പെടുന്നു. അചഞ്ചലമായ ഈശ്വരവിശ്വാസവും അപരിമേയമായ ഇച്ഛാശക്തിയും അവിഛിന്നമായ പാര്‍ട്ടിക്കൂറും കൈമുതലായിരുന്ന കരുണാകരന്‍ അണികളിലണുവായി സംക്രമിച്ച് അവരുടേയും കേരളത്തിന്റേയും ‘ ലീഡര്‍’ ആയി മാറിയത് ഏറെ എഴുതപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്.
അതില്‍ നിന്നൊക്കെ വ്യത്യസ്തമായി , കരുണാകരന്‍ എന്ന വ്യക്തിയെ , നേതാവിനെ, ഭരണാധികാരിയെ, കുടുംബനാഥനെ മനശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ വിശകലനം ചെയ്യുവാന്‍ ശ്രമിക്കുകയാണ് ഈ ചെറു ഗ്രന്ഥത്തിലൂടെ ശ്രീകാന്ത് നാരായണന്‍. പറഞ്ഞുപഴകിയ വാക്കുകളില്‍ നിന്നും എഴുതി തീര്‍ന്ന വരികളില്‍ നിന്നും വേറിട്ടുള്ള ഈ അപഗ്രഥനം അതുകൊണ്ടു തന്നെ ശ്രദ്ധേയമാകുന്നു.
മുഖസ്തുതികളിലും വിമര്‍ശനങ്ങളിലും മുഴുകിയും ഒതുങ്ങിയും കുതറിത്തെറിച്ചും നിന്നിരുന്ന കരുണാകരനെന്ന വ്യക്തിയുടെ സത്ത ,സൂക്ഷ്മവിശകലനത്തിനു വിധേയമാക്കുകയാണിവിടെ. കരുണാകരനില്‍ അന്തര്‍ലീനമായ ധാരകളെ ഇഴപിരിച്ചെടുത്ത് വിശകലം ചെയ്യാന്‍ മുതിര്‍ന്നതു തന്നെ അഭിനന്ദാര്‍ഹമാണ്. അതില്‍ ശ്രീകാന്ത് നാരായണന്‍ വിജയിച്ചിരിക്കുന്നു എന്നത്, അദ്ദേഹത്തിന്റെ രചനാ സമ്പ്രദായത്തിനു കിട്ടുന്ന അംഗീകാരമാവും. അത് ഒരു എഴുത്തുകാരന്‍ എന്ന് നിലക്ക് മുന്നോട്ടുപോകാനുള്ള ഊര്‍ജം പകരും.
കരുണാകരനെ സ്വാധീനിച്ച വ്യക്തികള്‍, അദ്ദേഹം അടിയുറച്ചു നിന്നു പ്രവര്‍ത്തിച്ച പ്രസ്ഥാനങ്ങള്‍ , അദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലം, രീതി, ദൈവഭക്തി എന്നിവയൊക്കെ , മനുഷ്യപക്ഷത്തും മനശാസ്ത്രത്തിന്റെ പശ്ചാത്തലത്തിലും നിന്ന് ശ്രീകാന്ത് വിശകലനവും വിചാരണയും നടത്തുന്നു. അത് എത്രകണ്ട് സ്വീകാര്യമാണ് , സത്യസന്ധമാണ് എന്ന് ഈ ഗ്രന്ഥം വായിച്ചുപോകുമ്പോള്‍ നമുക്ക് ബോധ്യമാകും.
ഏഴു പതിറ്റാണ്ടിലേറെ നീണ്ട കരുണാകരന്റെ രാഷ്ട്രീയ ജീവിതം കയറ്റിറക്കങ്ങളുടേയും ലാഭ- ചേതങ്ങളുടേയും സമ്മിശ്രമായിരുന്നു. അനുയായികളുടെ ആരവങ്ങള്‍ക്കു നടുവില്‍ അധികാരത്തിന്റെ ചെങ്കോലും കിരീടവുമായി വിരാജിക്കുമ്പോഴും എതിരാളികളുടെ ആക്രമണത്തിന്റെ കുന്ത മുന അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. കാലഗണന കൂടാതെ ഇച്ഛാനുസരണം അവര്‍ അദ്ദേഹത്തിന് ഓരോ അപരനാമങ്ങള്‍ ചാര്‍ത്തിക്കൊടുത്തു. – കരിങ്കാലി , കൊലയാളി, ചാരന്‍ അങ്ങനെ . പക്ഷെ , അവര്‍ ഒരുക്കിയ ഓരോ കെണിയും , എതിരാളികളുടെ പാതിബലം കൂടി പിടിച്ചു വാങ്ങി കരുണാകരന്‍ തകര്‍ത്തു. ഇടയ്ക്കൊക്കെ അനുചരവൃന്ദം കല്ലു വീണ പായല്‍ പോലെ തെന്നിമാറി. പിന്നെ പൂര്‍വാധികം ശക്തിയോടെ അടുത്തുകൂടി, അതിനെയൊന്നും അദ്ദേഹം തരിമ്പും കൂസിയില്ല. തനിക്കു തോന്നുന്നത് ശരിയെന്നു ബോധ്യമായാല്‍ , ഏത് എതിപ്പുകളേയും മറികടന്ന് നടപ്പിലാക്കുവാനുള്ള ദൃഢനിശ്ചയം അദ്ദേഹത്തിന് സ്വായത്തമായിരുന്നു. രാഷ്ടീയബാഹ്യമായൊരു ബന്ധം കാത്തുസൂക്ഷിക്കുവാന്‍ എപ്പോഴും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അവിടെ സങ്കുചിതമായ രാഷ്ട്രീയ- ജാതി- ചിന്തകള്‍ക്കൊന്നും സ്ഥാനമില്ലായിരുന്നു. കലാകാരന്മാരോടും അധ:സ്ഥിതരോടും കുഞ്ഞുങ്ങളോടുമൊക്കെ സ്നേഹതീഷ്ണമായൊരടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തില്‍ പട്ടികജാതി വകുപ്പ് കൈകാര്യം ചെയ്ത, ആ വിഭാഗത്തില്‍പ്പെടാത്ത ഒരേയൊരാള്‍ കരുണാകരനായിരുന്നു. – അതും മുഖ്യമന്ത്രിയായിരിക്കുമ്പോള്‍.!
ജലധാരപോലെ ഒഴുകിയെത്തുന്ന അനുയായികളായിരുന്നു എന്നും കരുണാകരന്റെ ഊര്‍ജം. അണികളുടെ അകമ്പടിയില്ലാതെ അദ്ദേഹത്തെ കാണുക അപൂര്‍വമായിരുന്നു. അവര്‍ ചുറ്റുമുള്ളപ്പോള്‍ ലീഡര്‍ മദ്ധ്യാഹ്നസൂര്യനേപ്പോലെ ജ്വലിച്ചു. അല്ലാത്തപ്പോള്‍ കരയ്ക്കിട്ട മത്സ്യം പോലെ പിടച്ചു. നടുവില്‍ നിന്ന് ഇളകിയാടുകയും ഇടക്കിടെ മാത്രം തന്നിലേക്കു ചായുകയും ചെയ്തവരേപ്പോലും അദ്ദേഹം കൂടെ കൂട്ടി. – അവര്‍ എപ്പോള്‍ വേണമെങ്കിലും മറുകണ്ടം ചാടുമെന്ന് ഉറപ്പുണ്ടായിട്ടുകൂടി കോണ്‍ഗ്രസിലെ പിളര്‍പ്പുകളില്‍ പലപ്പോഴും പാണ്ഡവപക്ഷത്തായിരുന്നു. കൗരവപ്പട ആയുധബലത്തിലും കാലാള്‍കരുത്തിലും എതിര്‍ത്തുനില്‍ക്കുമ്പോഴും നഖശിഖാന്തം ഒരു പോരാളിയായി അദ്ദേഹമവരെ നേരിട്ടു. പടയാളികള്‍ പലരും കൊഴിഞ്ഞുപോകുകയും ചില സേനാനായകര്‍ ഒഴിഞ്ഞു മാറുകയും ചെയ്തപ്പോഴും യുദ്ധം ജയിക്കാനുള്ള അദ്ദേഹത്തിന്റെ ഇച്ഛാശക്തിക്കു മുന്നില്‍ എല്ലാം നിഷ്പ്രഭമാവുകയായിരുന്നു.
പ്രത്യശാസ്ത്ര വിശാരദനായ സൈദ്ധാന്തികനോ ഉജ്വലവാഗ്മിയോ ഒന്നുമായിരുന്നില്ല കരുണാകരന്‍. പക്ഷെ, കടലുപോലെയും കരിവീരനേപ്പോലെയും എത്ര കണ്ടാലും മതിവരാത്തൊരു ആകര്‍ഷണവലയം അണികളെ കരുണാകരനോടു ചേര്‍ത്തു നിര്‍ത്തി. അ രഹസ്യങ്ങളുടെയൊക്കെ പൊരുള്‍ തേടുകയാണ് ഗ്രന്ഥകാരന്‍. ‘’ ഇന്നു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ നാളത്തേക്കു മാറ്റി വയ്ക്കരുത്’‘ എന്ന ബഞ്ചമിന്‍ ഫ്രാങ്കിളിന്റെ തത്ത്വ ചിന്ത കരുണാകരനില്‍ അന്വര്‍ഥമാകുന്നതായി ശ്രീകാന്ത് നാരായണന്‍ സമര്‍ഥിക്കുന്നു.
ചിത്രം വര പഠിക്കാന്‍ തൃശൂരിലെത്തി , സ്വാതന്ത്ര്യസമരത്തിലാകര്‍ഷിക്കപ്പെട്ട് കോണ്‍ഗ്രസ്സിന്റെ നാലണ മെമ്പറായി , പ്രജാമണ്ഡലം പ്രവര്‍ത്തകനായി പടികള്‍ ചവിട്ടിക്കയറി അധികാരചിഹ്നങ്ങള്‍ ഓരോന്നായി അണിഞ്ഞ കരുണാകരനേപ്പോലെ ഒരു ലീഡര്‍ അണികള്‍ക്ക് വേറെ കിട്ടില്ല; ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല’‘ പാരാസൈക്കോളജി എന്ന മന:ശാസ്ത്രശാഖ വികാസം പ്രാപിച്ചിട്ടില്ലാത്തതിനാല്‍ , കരുണാകരന്റെ മരണാനന്തരജീവിതം , അണികളെ വിട്ട് ഇഹലോകത്തുനിന്ന് പോയോ എന്നറിയാന്‍ മാര്‍ഗമില്ല എങ്കില്‍ അത് പഠനവിഷയമാക്കേണ്ടതായിരുന്നു’‘ എന്ന ശ്രീകാന്തിന്റെ നിരീക്ഷണത്തില്‍ നിന്നു തന്നെ, കരുണാകരനും പ്രവര്‍ത്തകരുമായിട്ടുള്ള ആത്മബന്ധത്തിന്റെ തീവ്രത വെളിവാക്കുന്നു. . ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത തരത്തില്‍ മന:ശാസ്ത്ര സിദ്ധാന്തത്തിന്റെ പിന്‍ബലത്തോടെയുള്ള ഈ രചന കരുണാകരനെ കുറിച്ചുള്ള വിവരശേഖരണത്തില്‍ ഒരു ഈടുവെപ്പാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തുടക്കക്കാരനെന്ന നിലയില്‍ വന്നു ഭവിച്ച ചില അപാകങ്ങള്‍ ഗ്രന്ഥത്തില്‍ കാണുമെങ്കിലും ഗ്രന്ഥകര്‍ത്താവിന്റെ ഉദ്ദേശ്യശുദ്ധിയെ മാനിച്ച് അത് പൊറുത്തുകൊടുക്കാവുന്നതേയുള്ളു.
ലീഡര്‍- ഇച്ഛാശക്തിയുടെ പ്രതിരൂപം ഒരു മന:ശാസ്ത്ര കാഴ്ചപ്പാടിലൂടെ – ശ്രികാന്ത് നാരായണന്‍
പ്രസാധനം – H&C Publishung House
പേജ് – 64
വില – 50 രൂപ
Generated from archived content: book1_jan7_12.html Author: a_sethumadhavan
Click this button or press Ctrl+G to toggle between Malayalam and English