പുരോഹിതന്‍ വന്ന് അന്ത്യകൂദാശ കൊടുക്കുമ്പോള്‍ ബോധം കെട്ടിട്ടില്ലാത്ത രോഗിക്ക് മനസിലാകും അന്ത്യം അടുത്തെന്ന് . ആ തോന്നല്‍ അയാളെ മരണത്തിലെത്തിച്ചേക്കാം. രോഗി ആവശ്യപ്പെടുന്നെങ്കില്‍ മാത്രമേ ഇത്തരം അന്ത്യകൂദാശ നല്‍കാവൂ.
വൈദ്യശാസ്ത്രവും ഇതുപോലെ രോഗികളെ പേടിപ്പിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ മിക്ക പോസ്റ്ററുകളും ആളുകളെ പേടിപ്പിക്കുന്നവയാണ്. ഇവ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നത്. ടെലിവിഷനിലും പത്രങ്ങളിലും വരുന്ന ആരോഗ്യ ലേഖനങ്ങളിലെല്ലാം ഇത്തരം പേടിപ്പിക്കല്‍ അനവധിയാണ്. ഡോക്ടര്‍മാരുടെ റേഡിയോ പ്രഭാഷണങ്ങളിലും പരസ്യങ്ങളിലുമെല്ലാം ഇത്തരം ഭയപ്പെടുത്തലുകളുണ്ട്. വൈദ്യക്കച്ചവടക്കാരന്റെ തന്ത്രമാണിത്.
ഭയം രോഗത്തെ മൂര്‍ച്ഛിപ്പിക്കും. ശരീരത്തിന്റെ താളം തെറ്റിക്കും. മഴക്കാലം തുടങ്ങും മുമ്പേ ടെലിവിഷന്‍ വാര്‍ത്തക്കാര്‍ വരാന്‍ പോകുന്ന പനിയെക്കുറിച്ചു കണക്കു പ്രവചിക്കാന്‍ തുടങ്ങും. പനിക്കാര്‍ പലരും മരിക്കാന്‍ കാരണം ഈ ഭയം തന്നെയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഭയം രോഗപ്രതിരോധശേഷിയെ തകര്‍ക്കുമെന്നതു തന്നെ. ഇതു വായിക്കുന്നവരും പേടിക്കുമോ എന്നാണെന്റെ പേടി.
പേടിപ്പിക്കലില്‍ ഏറ്റവും ഭയാനകം ആംബുലന്‍സിന്റെ നിലവിളി ശബ്ദമാണ്. അപകടത്തില്‍ പെട്ട രോഗിക്ക് വഴിയില്‍ മാര്‍ഗ തടസ്സമുണ്ടാകാതിരിക്കാനാണ് ഈ നിലവിളി ശബ്ദം. അതിനു വണ്ടിയുടെ ഹോണും ഹെഡ് ലൈറ്റും പോരേ?നിലവിളി ശബ്ദം കേള്‍ക്കുന്ന രോഗിയുടെ അവസ്ഥ ചിന്തിക്കാത്തതെന്ത്? ഇതു കേള്‍ക്കുന്ന നാട്ടുകാരുടെ മുഴുവന്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കേണ്ട കാര്യമുണ്ടോ? ‘’ നിന്റെയൊക്കെ ജീവനിതാ ഞങ്ങളുടെ കൈലിലാണടാ’‘ എന്നു വൈദ്യകച്ചവടക്കാരന്‍ അവകാശപ്പെടാന്‍ ഈ നിലവിളി ശബ്ദം ഉപകരിക്കുമെങ്കിലും അതുണ്ടാക്കുന്ന ഭയം ദോഷം ചെയ്യുന്ന കാര്യം ആരും ആലോചിക്കാറില്ല.
ആദ്യം പറഞ്ഞ അന്ത്യ കൂദാശയുടെ അതേ ദോഷം വരുത്തുന്ന ഒരു പരിപാടിയാണ് ഐ. സി. യു . അതിന്റെ ഗുണങ്ങളും ആവശ്യകതകളും എന്തെല്ലാമാണെങ്കിലും അതില്‍ ബോധത്തോടെ കിടക്കുന്ന രോഗിയുടെ മാനസികാവസ്ഥ കൂടി ഒന്നു പരിഗണിക്കേണ്ടതാണ്. രോഗിക്ക് ഏറ്റവും ആശ്വാസം ലഭിക്കുന്ന വേണ്ടപ്പെട്ടവരുടെ സാന്നിധ്യം നിഷേധിക്കുക, സ്വാഭാവികമായ കാറ്റും വെളിച്ചവും മറ്റും നിഷേധിക്കുക, രാസമരുന്നു പ്രയോഗം , യന്ത്രസംവിധാനങ്ങളുടെ റേഡീയേഷന്‍ ഇങ്ങനെ അനവധി ഐ സി. യു പ്രശ്നങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നു. ഇത്തരം കാര്യങ്ങള്‍ ആരോഗ്യ ഏമാന്മാരോടു ചോദിക്കാന്‍ ആര്‍ക്കാണു ധൈര്യം? പെട്ടാല്‍ പെട്ടതു തന്നെ. വിധി വിശ്വാസം മനുഷ്യനില്‍ ഏറാന്‍ കാരണവും ഈ നിസ്സഹായതാ ബോധമാണ്.
എന്റെ വളരെയടുത്ത സുഹൃത്തായ ഒരു കത്തോലിക്കാ പുരോഹിതന്‍ പറഞ്ഞ കഥ ‘’ ബേബി സാറേ, ഈയിടക്കു ഞാനൊരു അപ്പൂപ്പനു അന്ത്യ കൂദാശ കൊടുക്കാന്‍ പോയി. മക്കളെല്ലാം ചുറ്റിനുമുണ്ട്. മൂക്കിലൂടെയും വായിലൂടെയും മറ്റെല്ലാ ദ്വാരങ്ങളിലൂടെയും കുഴലുകളിട്ടു ട്രിപ്പും കുത്തി അപ്പൂപ്പനെ കിടത്തിയിരിക്കുന്നു . അദ്ദേഹത്തിന്റെ ദയനീയമായ കണ്ണൂകള്‍ എനിക്കു നിങ്ങളുടെ പ്രകൃതി ചികിത്സയും മനശാസ്ത്രവുമൊന്നും അറിയില്ലെങ്കിലും അപ്പൂപ്പനെ ഇങ്ങനെ പീഢിപ്പിക്കുന്നതു ശരിയല്ല എന്നു തോന്നി. ഞാനാ മക്കളോടു പറഞ്ഞു എടാ ജോസഫേ, നിങ്ങടപ്പനേതായാലും ഇത്രയും പ്രായമൊക്കെയായി. ഇനി അങ്ങേരെ സമാധാനത്തോടെ യാത്രയാകാനനുവദിച്ചു കൂടേ എന്നു പറഞ്ഞുകൊണ്ട് ഞാന്‍ തന്നെ മൂക്കിലും വായിലും കടത്തിയിരുന്ന വള്ളികള്‍ ഊരി. ബാക്കി വള്ളികള്‍ മക്കളും ഊരി. ആ അപ്പൂപ്പനിപ്പോള്‍ യാതൊരു കുഴപ്പവും കൂടാതെ നാട്ടിലൂടെ ഇറങ്ങി നടപ്പുണ്ട്’‘
ഇങ്ങനെ അന്ത്യകൂദാശയില്‍ നിന്നും ഐ സി യു വില്‍ നിന്നും രക്ഷപ്പെട്ടവരനവധിയുണ്ട്. എങ്കിലും അന്ത്യകൂദാശയുടേയും ഐ സി യു വിന്റേയും ദോഷ വശങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ ആചാരവും അനുഷ്ഠാനവുമായി മാറുന്നു.
ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു വിശ്വാസത്തെക്കുറിച്ച് മനശാസ്ത്രത്തില്‍ വ്യാപകമായ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. നമ്മുടെ ആരോഗ്യം നമ്മുടെ കൈകളില്‍ തന്നെ എന്നു വിശ്വസിക്കുന്നവരും അതല്ല ബാഹ്യ ശക്തികള്‍ . ( ദൈവം – വൈദ്യ വിദഗ്ദ്ധര്‍, ഭാഗ്യം തുടങ്ങീയവ) ആണ് നമ്മുടെ ആരോഗ്യത്തേയും ആയുസ്സിനേയും നിയന്ത്രിക്കുന്നത് എന്നു വിശ്വസിക്കുന്നവരും തമ്മില്‍ ആരോഗ്യാനുഭവങ്ങള്‍ ഭിന്നരാണെന്നാണ് ഈ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. internals ആണ് ആരോഗ്യവാന്മാരാണെന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. അവനവന്റെ ആരോഗ്യം അവനവനില്‍ ഭദ്രം എന്ന ഗാന്ധിജിയുടെ സങ്കല്‍പ്പം തന്നെയാണീ ആധുനിക മനശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഓരോരുത്തരും അവനവന്റെ ഡോക്ടറാകാന്‍ ഗാന്ധിജി ഉപദേശിച്ചു. അദ്ദേഹത്തിന്റെ ‘’ സ്വരാജ്’‘ സങ്കല്‍പ്പം ശരീരത്തെയും മനസിനേയും സംബന്ധിച്ചു കൂടിയാണ്.
ഇതു ശരിക്കും ഉള്‍ക്കൊണ്ടിട്ടാകണം അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഗാന്ധിജിയുടെ ആരാധകനായത്. ഒബാമയുടെ ഗാന്ധിയാരാധന ഒരു നയതന്ത്രകുതന്ത്രമാണെന്നു സംശയിക്കുന്നവരുണ്ടാകാം. ആധുനിക മാനേജുമെന്റില്‍ വിദ്യാര്‍ത്ഥിയായിരിക്കെ അന്താരാഷ്ട്ര ജേര്‍ണല്‍ എഡിറ്റു ചെയ്ത ഒബാമാപ്പയ്യനു ഗാന്ധിജിയെ തിരിച്ചറിയാനായതു ലോകത്തിന്റെ ഭാഗ്യമായി കരുതേണ്ടതാണ്. ഒബാമയുടെ പിന്നിലുള്ളവരെ സംശയിച്ചാലും ഒബാമയെ സംശയിക്കാന്‍ തോന്നുന്നില്ല. സംശയവും അതിരു കവിഞ്ഞാല്‍ അപകടം ചെയ്യും. ഭയം പോലെ തന്നെ . ഭയത്തിന്റെ അളിയനാണു സംശയം. രണ്ടും യുക്തിരഹിതമായാല്‍ മനോരോഗലക്ഷണങ്ങളാകും.
ഭയത്തിന്റെ മൂലകാരണം മാലിന്യമാണ്. നമ്മുടെ രക്തകോശങ്ങളിലും മറ്റു മസ്സില്‍ മജ്ജ കോശങ്ങളിലും മാലിന്യം പെരുകുമ്പോഴാണ് ഭയമുണ്ടാകുന്നത്. സൈക്കോ തെറാപ്പികൊണ്ട് ഭയം മാറും. തെറ്റിദ്ധാരണകള്‍ മാറുമ്പോള്‍ ഭയം മാറും. എന്നാലതിനു പരിമതിയുണ്ട്. ശരീര കോശങ്ങള്‍ ശുദ്ധമായെങ്കിലേ ഭയം പൂര്‍ണ്ണമായും മാറുകയുള്ളു. പോഷണ ക്രമീകരണങ്ങളിലൂടെയും യോഗാസന ധ്യാന ക്രമീകരണങ്ങളിലൂടെയും ശരീര ശുദ്ധി കൈവരുത്തുന്നവരില്‍ ആദ്യത്തെ മാനസിക ഭാവം നിര്‍ഭയത്വമാണ്.’‘ ഭയപ്പെടരുത്’‘ എന്നു യേശു 365 പ്രാവശ്യം പറഞ്ഞിട്ടുള്ളതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ എല്ലാ അധികാര കേന്ദ്രങ്ങളും അധികാരം പിടിച്ചെടുത്ത് മറ്റുള്ളവരെ ഭയപ്പെടുത്തുകയാണ് . അറിവുള്ളവര്‍ അറിവില്ലാത്തവരെ ഭയപ്പെടുത്തുന്നു. വിദ്യാസമ്പന്നര്‍ വിദ്യാഹീനരെ പേടിപ്പിക്കുന്നു. അപകര്‍ഷതയിലാക്കുന്നു. മെഡിക്കല്‍ ടെക്നോളജി ഈ നിലക്ക് ഏറെ ദുരുപയോഗം ചെയ്യപ്പെട്ട ഒന്നാണ്. സംഗീത പണ്ഡിതന്‍ സംഗീതമറിയാത്തവനെ വിരട്ടുന്നു. അധികാരമുള്ള മന്ത്രിയും പോലീസും അധികാരമില്ലാത്തവനെ പേടിപ്പിക്കുന്നു. ജ്യോതിഷക്കാരനും വാസ്തു പറയുന്നവനും പുരോഹിതന്മാരുമൊക്കെ മനുഷ്യനെ പേടിപ്പിക്കുന്നവരില്‍ പെടും. കുട്ടികളെ , പട്ടികളെ , പാവം ഭാര്യയെ ഒക്കെ ചിലര്‍ പേടിപ്പിക്കുന്നു. ഇപ്പോഴിതു തിരിച്ചും സംഭവിക്കുന്നുണ്ട്. മക്കളുടെ പീഢനം പേടിച്ചു കഴിയുന്ന മാതാപിതാക്കള്‍ , ഭാര്യാപീഢനം ഏറ്റുവാങ്ങേണ്ടി വരുന്ന വരൊക്കെയുണ്ട്. പട്ടി മാത്രം യജമാനനെ പേടിപ്പിക്കാറില്ല. കൊല്ലാന്‍ കോടാലിയെടുത്താലും അവന്‍ വാലാട്ടി നില്‍ക്കും അറിവില്ലായ്മ മൂലം ഭയം മാറ്റാന്‍ ഒറ്റ മാര്‍ഗം അറിവു നേടുകയാണ്. ഭയത്തിന്റെ കാരണം കണ്ടെത്തുക. എല്ലാ അന്വേഷണങ്ങളും നമ്മെ ശരീര ശുദ്ധിയിലെത്തിക്കും.
Generated from archived content: essay1_mar16_12.html Author: a.s_sudeer