പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്ര എപ്പോഴും മനസ്സിന് ആശ്വാസം നൽകുന്നു. മനസ്സിലെ സംഘർഷങ്ങൾക്കും പ്രയാസങ്ങൾക്കും ഈ ആത്മീയയാത്രകൾ ഏറെ ഫലപ്രദമായി തോന്നിയിട്ടുണ്ട്. അങ്ങനെ ഏറെ നാളായി ആഗ്രഹിക്കുന്ന ഒരു യാത്രയായിരുന്നു ഏർവാടിയിലേക്കുള്ളത്. ആലപ്പുഴയിൽ നിന്നും മധുര ബസ്സിലാണ് പോയത്. രാത്രിയായതിനാൽ യാത്രയുടെ ക്ഷീണമൊന്നും അറിഞ്ഞില്ല. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേയ്ക്കും മധുരയായി. പാലക്കാട് പൊള്ളാച്ചി വഴിയൊക്കെയാണ് പോയതെന്ന് ചെറിയൊരു ഓർമ്മയുണ്ട്. നേരം വെളുത്തു വരുമ്പോഴേയ്ക്കും മധുരയിലെത്തി. റെയിൽവേ സ്റ്റേഷന് അധികം ദൂരെയല്ലാതെ ഒരു ലോഡ്ജ് കണ്ടു പിടിച്ചു. അൽപ നേരം കിടന്നുറങ്ങി,ബസ്സിൽ ചാരിയിരുന്നുറക്കമായിരുന്നല്ലോ?
കുളിയും വിശ്രമവുമെല്ലാം കഴിഞ്ഞ് ഇന്ന് മധുരയിൽ കറങ്ങാം എന്ന് തീരുമാനിച്ചു . 2500 വർഷങ്ങൾ പഴക്കമുള്ള നഗരം. നൂറ്റാണ്ടുകളോളം പാണ്ഡ്യ രാജാക്കൻമാരുടെ തലസ്ഥാനമായിരുന്നു മധുര. വൈഗൈ നദിക്കരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ് മധുര.
ആദ്യം റെയിൽവേ സ്റ്റേഷനിൽ പോയി രാമേശ്വരത്തേക്കുള്ള ട്രെയിൻ സമയം അന്വേഷിച്ച് . വെളുപ്പിന് 6 മണിക്കാണ് ട്രെയിൻ. അതിനു മുമ്പ് പോയി ടിക്കറ്റ് എടുത്തു വെക്കണം. അല്ലെങ്കിൽ വെളുപ്പിന് വലിയ തിരക്കാവും. രാത്രി 12 കഴിഞ്ഞാൽ ടിക്കറ്റ് കിട്ടും..രാമേശ്വരം ട്രെയിനിൽ രാമനാഥപുരം സ്റ്റേഷനിൽ ഇറങ്ങി ഏർവാടിയിലേക്ക് പിന്നെയും ബസ്സിൽ പോകണം
മധുര മധുരമായി മധുര..
ആദ്യം കാണാൻ പോയത് മധുര രാജ കൊട്ടാരമാണ്. തിരുമലനായ്ക്കർ കൊട്ടാരം എന്നാണ് ഇത് അറിയപ്പെടുന്നത്. മധുരയുടെ പേരും പ്രശസ്തിയും ഉയർത്തിയ മധുര രാജാക്കൻമാരിൽ പ്രധാനിയായിരുന്നു തിരുമല നായ്ക്കർ.എ.ഡി.1636ൽ മധുര രാജാവായിരുന്ന അദ്ദേഹത്തിന്റെ കൊട്ടാരമാണിത്.1623 മുതൽ 1659 വരെ മധുര ഭരിച്ചിരുന്ന നായ്ക്കർ പരമ്പരയിലെ ഏറ്റവും പ്രശസ്തനായ രാജാവാണ് അദ്ദേഹം.മധുര മീനാക്ഷി ക്ഷേത്രവും ഇന്നത്തെ പ്രൗഡിയിൽ പുതുക്കി പണിതത് അദ്ദേഹമാണ്.
പാണ്ഡ്യ ചേര ചോള കാലത്ത് തന്നെ മധുരയിൽ പ്രൗഡിയോടെ ഈ കൊട്ടാരം പണിതെങ്കിലും ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും കയ്യേറ്റങ്ങളും കൊട്ടാരത്തെ നാശോൻമുഖമാക്കി. ദ്രവീഡിയൻ പേർഷ്യൻ നിർമ്മാണ ചാരുത നിറഞ്ഞു നിൽക്കുന്ന കൊട്ടാരം. 81 അടി ഉയരവും 19 അടി വണ്ണവും ഉള്ള വലിയ തൂണുകൾ ഇന്നും തലയുയർത്തി നിൽക്കുന്നു. ഭംഗിയാർന്ന നിറങ്ങളിൽ ഉള്ള ചിത്രപ്പണികൾ കൊട്ടാരതിന്റെ മനോഹാരിത കൂട്ടുന്നു.
കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളിൽ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് സംരക്ഷിക്കുന്നത് നടുത്തളവും നാടകശാലശാലയുമാണ്. നമ്മൾ ഇപ്പോൾ നിൽക്കുന്ന ഈ സ്ഥലമാണ് നടുത്തളം. നടുത്തളം രാജാവിന്റെ സഭാമണ്ഡപവും നാടകശാല നൃത്തമണ്ഡപവുമായിരുന്നു. ഇവിടെ നിന്നാൽ തന്നെ കാണാം അന്നത്തെ പ്രൗഡി ഇന്നും വിളിച്ചറിയിക്കുന്ന ചുവന്ന പട്ടിൽ പൊതിഞ്ഞ രാജസിംഹാസനം.
നാടകശാലയെന്ന മ്യൂസിയം
നാടകശാല ഇന്ന് ഒരു മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നു. ഇഷ്ടിക കൊണ്ട് പണിത് ചുണ്ണാമ്പും മുട്ടയുടെ വെള്ളയും ശർക്കരയും ചേർത്തുണ്ടാക്കിയ മിശ്രിതം തേച്ചാണ് വലിയ ഈ തൂണുകൾക്ക് ഇത്ര ഭംഗിയും മിനുസവും ഉണ്ടാക്കിയത്. നീണ്ടു നിരന്നു നിൽക്കുന്ന തൂണുകൾ മനോഹരം തന്നെ. അഴിജനലുകളും മുഖപ്പുകളും പേർഷ്യൻ ശൈലിയിലാണ്.
മൺപാത്രങ്ങൾ, പെയിന്റിംഗുകൾ, വെങ്കലശിൽപ്പങ്ങൾ ,പാത്രങ്ങൾ വരും തലമുറയ്ക്ക് കാണാനായി എല്ലാം ഇവിടെ സംരക്ഷിച്ചിരിക്കുന്നു..തിരുമലനായ്ക്കരുടെ ആകർഷകമായ പ്രതിമയും കാണാം..
കൊട്ടാരത്തിലുണ്ടായിരുന്ന ചിത്രങ്ങളും വെങ്കല കൽപ്രതിമകളും മ്യൂസിയത്തിൽ സജ്ജീകരിച്ചിരിക്കുന്നു. താംബൂലനീരിലാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. താംബൂലമെന്താണെന്ന് മോൾക്കറിയാമോ? വെറ്റില തന്നെ താംബൂലം. പഴമയുടെ മറ്റ് പല അടയാളങ്ങൾ പോലെ ഇതും ഇന്നത്തെ തലമുറയ്ക്ക് അന്യമായിരിക്കുന്നു,നമ്മുടെ മുത്തച്ഛൻമാരും മുത്തശ്ശിമാരുമൊക്കെ മുറുക്കിച്ചുവപ്പിച്ച് നടന്ന ഒരുകാലമുണ്ടായിരുന്നു.’’മുറുക്കിച്ചുവന്നതോ മാനം..’’എന്ന സിനിമാപാട്ട് ഇപ്പോഴും ഇടയ്ക്കിടെ കേൾക്കാറുണ്ടല്ലോ..വെറ്റിലയും പാക്കും വാസനച്ചുണ്ണാമ്പുമൊക്കെ ചേർത്ത് നീരിൽ പലനിറങ്ങളിൽ വരച്ച ചിത്രങ്ങൾ..കൽഫലകങ്ങളിൽ പ്രാചീന ലിപികളിൽ ചരിത്രവും രാജകൽപ്പനകളും രേഖപ്പെടുത്തി വെച്ചിരിക്കുന്നു. മൂന്നാം നൂറ്റാണ്ടു മുതൽ ഇപ്പോൾ വരെ തമിഴിലേക്കുള്ള ദ്രാവിഡ ഭാഷയുടെ മാറ്റം വിവരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
.കൊട്ടാരത്തിൽ നിന്നിറങ്ങുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു,അവിടെ നിന്ന് നേരെ പ്രശസ്തമായ ഗാന്ധി മ്യൂസിയത്തിലേക്കാണ് പോയത്. പോകുന്ന വഴി മധുര മെഡിക്കൽ കോളേജ് കണ്ടു. മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ചെറു രൂപം സർക്കാർ മ്യൂസിയത്തിൽ ആകർഷകമായി സജ്ജീകരിച്ചിരിക്കുന്നു. പല വലുപ്പത്തിലുള്ള മൺ ഭരണികൾ പ്രതിമകൾ എല്ലാം ഇവിടെ കാണാം.. നമ്മുടെ രാഷ്ട്ര പിതാവിന്റെ ഓർമ്മകളുണർത്തുന്ന ഗാന്ധി മ്യൂസിയത്തിന്റെ വളപ്പിൽ തന്നെയാണ് സർക്കാർ മ്യൂസിയവും.
ഗാന്ധിമ്യൂസിയത്തിൽ നിന്നിറങ്ങിയ ശേഷം മധുരയുടെ കച്ചവട കേന്ദ്രങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണം. വൈകുന്നേരമായപ്പോഴേയ്ക്കും പ്രശസ്തമായ മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ചുറ്റും നടന്നു കണ്ടു..മധുരയെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ആ ക്ഷേത്രമാണല്ലോ?പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ഡ്യരാജാവായ കുലശേഖര പാണ്ഡ്യനാണ് ക്ഷേത്രം നിർമ്മിച്ചത്.പിന്നീട് 13ഉം 16ഉം നൂറ്റാണ്ടുകൾക്കിടയിൽ ഇതിന്റെ 9 നിലകൾ പണീകഴിപ്പിക്കപ്പെട്ടു.കുലശേഖര പാണ്ഡ്യന്റെ കാലത്താണ് ക്ഷേത്രനഗരം പണിതത്.14 ഏക്കറിലായി ക്ഷേത നഗരം നിലകൊള്ളുന്നു.
4 വലിയ ഗോപുരങ്ങളും 8 ചെറിയ ഗോപുരങ്ങളും അടങ്ങിയതാണ് ക്ഷേത്രത്തിന്റെ കെട്ടിടം.ആയിരം കാൽ മണ്ഡപം,പുതു മണ്ഡപം,അഷ്ടശക്തി മണ്ഡപം,തൈപ്പക്കുളം,നായ്ക്കൽ മഹൽ എന്നിവയും ഈ ക്ഷേത്രതിന്റെ ഭാഗങ്ങളാണ്.
അതിനു ശേഷം അടുത്തുള്ള തെരുവിലെ കടകളിൽ ഒരു മിനി ഷോപ്പിംഗ്..ഭക്ഷണവും കഴിച്ച് നേരെ റൂമിലേക്ക്. രാത്രി പന്ത്രണ്ട് മണി കഴിയുമ്പോൾ റെയിൽവേ സ്റ്റേഷനിൽ ചെന്ന് ടിക്കറ്റ് എടുക്കാനുള്ളതാണ്. ടിക്കറ്റ് എടുത്ത് കയ്യിൽ വെച്ചപ്പോൾ ആത്മവിശ്വാസമായി. ഇനി രാവിലെ ട്രെയിൻ സമയമാകുമ്പോൾ സമാധാനമായിട്ട് ചെന്നാൽ മതിയല്ലോ?
വെളുപ്പിനെ കുടുംബ സമേതം റെയിൽവേ സ്റ്റേഷനിൽ എത്തി. ടിക്കറ്റിനായുള്ള ക്യൂവും ട്രെയിനിലെ തിരക്കും കണ്ടപ്പോൾ രാത്രി തന്നെ ടിക്കറ്റ് എടുത്തു വെച്ചത് നന്നായെന്ന് മനസ്സിലായി. ഏകദേശം മൂന്ന് മണിക്കൂർ ട്രെയിൻ യാത്ര കഴിഞ്ഞപ്പോൾ ഞങ്ങൾക്കിറങ്ങാനുള്ള രാമനാഥപുരം റെയിൽവേ സ്റ്റേഷനായി. .ചെന്നൈ എഗ്മൂറിൽ നിന്നുള്ള ട്രെയിനും രാമേശ്വരം ട്രെയിനുമാണ് പ്രധാനമായും ഇവിടെ സ്റ്റോപ്പുള്ളത്.. അവിടെ നിന്ന് ബസ്സിന് പോകാനായി ഒരു ഓട്ടോയിൽ കയറിയ കാര്യം ജീവിതത്തിൽ ഒരിക്കലും മറക്കില്ല.
ഓട്ടോയിൽ കയറി ഡ്രൈവറോട് പറഞ്ഞു, ബസ് സ്റ്റാൻറ്റിൽ പോകണം..ഒന്നും മിണ്ടാതെ ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്തു. കുറച്ചു കറക്കിയ ശേഷം സ്റ്റാന്റ്റിൽ വിട്ടു. ഓട്ടോ പോയ ശേഷം സ്റ്റാന്റിൽ നിന്ന് ഒരു വിഹഗവീക്ഷണം നടതിയപ്പോൾ അത്ഭുതം,അതാ കാണുന്നു ഞങ്ങൾ വന്നിറങ്ങിയ റെയിൽവേ സ്റ്റേഷൻ..മഹാനായ ഓട്ടോക്കാരാ,നിനക്ക് നമസ്ക്കാരം..റോഡ് മുറിച്ചു കടന്ന് ഇപ്പുറത്ത് വരാമായിരുന്ന ബസ്‍സ്റ്റാന്റിൽ പോകാനാണ് 50 രൂപയും വാങ്ങിച്ച് അയാൾ ഞങ്ങളെ ഒന്ന് കറക്കി കൊണ്ടിറക്കിയത്.ഇത് സ്ഥലം പരിചയമില്ലാത്തവരോട് ഇവർ സ്ഥിരം ചെയ്യുന്നതാകണം..
ഉച്ചയോടെ ഞങ്ങൾ ഏർവാടിയിലെത്തി. തമിഴ് നാട്ടിലെ രാമനാഥപുരം കീഴക്കര താലൂക്കിലെ ഒരു ഗ്രാമമാണ് ഏർവാടി.തിരുനെൽവേലി,മധുര,രാമനാഥപുരം എന്നീ മൂന്ന് നാടുകൾ ഉൾപ്പെട്ടതായിരുന്നു പാണ്ഡ്യ രാജ്യം.
ഇസ്ലാം മതപ്രചാരണത്തിനായി അറേബ്യയിൽ നിന്നെത്തി,രാമനാഥപുരത്തെ പാണ്ഡ്യ രാജാവായിരുന്ന വിക്രമപാണ്ഡ്യനുമായി യുദ്ധം ജയിച്ച് ഇബ്രാഹീം ബാദുഷയും സംഘവും കീഴടക്കിയ .പൗത്രമാണിക്യം എന്ന സ്ഥലം ഇസ്ലാമിക ഭരണത്തിൻ കീഴിലായതോടെ ഏർബദ് എന്നും പിന്നെ ഏർവാടി എന്നും അറിയപ്പെട്ടു എന്നാണ് ചരിത്രം.. പിന്നീട് 12 വർഷങ്ങൾക്ക് ശേഷം വീണ്ടും നടന്ന യുദ്ധത്തിൽ ഇബ്രാഹീം ബാദുഷയും മക്കളും അടക്കം പലരും രക്തസാക്ഷികളായി..എല്ലാവരെയും ഏർവാടിയിലും പരിസരങ്ങളിലുമായി അടക്കം ചെയ്തു.മഹാനായ ഇബ്രാഹീം ബാദുഷ [റ.അ] യും കുടുംബവും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. ആഗ്രഹ സഫലീകരണത്തിന് പ്രശസ്തമായതോടെ ജനങ്ങൾ ധാരാളമായി അവിടേക്ക് എത്താൻ തുടങ്ങി. ആ ദർഗയിലൂടെയുള്ള ആത്മീയ യാത്രയുടെ ഓർമ്മകൾ എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും.വിനോദയാത്രയോടൊപ്പം നടത്തിയ ഇത്തരം ആത്മിയ യാത്രകളാണ് സംഘർഷ നിർഭരമായ മനസ്സിന് ശാന്തി നൽകുന്നത്.
നാഗൂരിലേക്കുള്ള യാത്രയും അതിലൊന്നായിരുന്നു. എറണാകുളത്തു നിന്ന് നാഗൂരിലേക്ക് നേരിട്ട് ട്രെയിനുള്ളതു കൊണ്ട് യാത്ര വലിയ പ്രയാസമുണ്ടാക്കിയില്ല. രാത്രി 10 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചയോടെ നാഗൂരിലെത്തും. വേളാങ്കണ്ണി വഴിയുള്ള ട്രെയിനായതു കൊണ്ട് വലിയ തിരക്കായിരുന്നു. നമ്മൾ പോയത് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഷാഹുൽ ഹമീദ് ഔലിയ അന്ത്യവിശ്രമം കൊള്ളുന്ന നാഗൂരിൽ ഉറൂസ് വാർഷികം നടക്കുന്ന സമയമായതിനാൽ ഏറെ തിരക്കായിരുന്നു. ലോകപ്രശസ്തമായ ദർഗ്ഗയാണ് നാഗൂരിലേത്. തഞ്ചാവൂരിൽ നിന്ന് 78 കിലോമീറ്റർ അകലെയാണ് ഈ ദർഗ്ഗ. ദക്ഷിണേന്ത്യൻ ശൈലിയിൽ നിർമ്മിച്ച ദർഗ്ഗയ്ക്ക് 500 വർഷത്തിലധികം പഴക്കമുണ്ട്
തഞ്ചാവൂരിൽ നിന്ന് 78 കിലോമീറ്റർ അകലെയാണ് ഈ ദർഗ്ഗ. ദക്ഷിണേന്ത്യൻ ശൈലിയിൽ നിർമ്മിച്ച ദർഗ്ഗയ്ക്ക് 500 വർഷത്തിലധികം പഴക്കമുണ്ട്. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നാഗൂർ ആണ്ടവർ എന്നറിയപ്പെടുന്ന ശൈഖ് ഷാഹുൽ ഹമീദ് ഔലിയയുടെ മഖ്ബറയാണ് ഇവിടെ നാഗൂർ ബീച്ചും മനോഹരമാണ്,കുതിര സവാരിയുണ്ട്. അധികൃതർ വൃത്തിയോടെ ഈ ബീച്ചിനെ സംരക്ഷിച്ചിരിക്കുന്നു. വിദേശികളുൾപ്പെടെ നിരവധി സഞ്ചാരികളെ ആകർഷിക്കുന്ന ഈ ബീച്ചിനടുത്താണ് ഹസ്രത്ത് മിയാൻ ദർഗ്ഗ.
നാഗൂരിലെ ഭക്തി നിർഭരമായ പ്രാർത്ഥനകൾ കഴിഞ്ഞ് വേളാങ്കണ്ണിയിലേക്ക് ബസ്സിൽ പോയി. കടലിന്റെ തീരത്തോട് ചേർന്നു നിൽക്കുന്ന മനോഹരമായ ദേവാലയം.. വേളാങ്കണ്ണി ദേവാലയത്തെ ഇന്നു കാണുന്ന രീതിയിൽ പണിതത് പോർച്ചുഗീസുകാരാണ്. കടലിന് അഭിമുഖമായി 5 ഏക്കറോളം സ്ഥലത്ത് ദേവാലയം നില കൊള്ളുന്നു. മഠങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും ഇതിനോട് അനുബന്ധിച്ച് സ്ഥിതി ചെയ്യുന്നു. ചർച്ചിനോട് അനുബന്ധിച്ച് വേളാങ്കണ്ണി മ്യൂസിയവും ഉണ്ട് നേർച്ചകാഴ്ചകളും മാതാവിന്റെ ചരിത്രവും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു..
കടൽ അടുത്തു തന്നെയായതിനാൽ അവിടെയും ഒന്ന് കറങ്ങി. തിരിച്ച് പിന്നെയും നാഗൂരിലേയ്ക്ക്.. വൈകുന്നേരം അവിടുത്തെ ഭക്തി സാന്ദ്രമായ പ്രാർത്ഥനകളിൽ പങ്കെടുത്ത് നാഗൂരിന്റെ ടൗണിലൂടെ ഒരോട്ട പ്രദക്ഷിണം..ഭക്ഷണ ശാലകളും കടകളും അടങ്ങിയ ആഡംബരങ്ങളില്ലാത്ത മാർക്കറ്റ്. പിന്നീട് നമ്മുടെ നാട്ടിലും പ്രചാരത്തിലായ കൊത്തുപൊറോട്ട ആദ്യമായി നമ്മൾ കണ്ടത് നാഗൂരിൽ വെച്ചായിരുന്നു,
പിറ്റേന്ന് വൈകുന്നേരമുള്ള ട്രെയിന് എറണാകുളത്തെക്ക് തിരിച്ചു പോരുമ്പോൾ മനസ്സു നിറയെ ആത്മീയ അനുഭൂതി നൽകിയ സമാധാനമായിരുന്നു അല്ലേ മോളേ?സംഘർഷനിർഭരമായ ജീവിതത്തിൽ ഇത്തരം യാത്രകൾ മനസ്സിന് സമധാനവും ശാന്തിയും നൽകാൻ ഏറെ അനുയോജ്യമെന്നാണ് അനുഭവം.