ഈ സ്നേഹം ഞാൻ എന്ത് ചെയ്യും?
പാതാളത്തോളം ഊന്നിയ വേരുകളിൽ
വിണ്ടടർന്ന തടിയിൽ
ആകാശം തേടി പോയ ശിഖരങ്ങളിൽ
ഇളകിയാടുന്ന ഇലകളിൽ
ഇത്രകാലം ഒളിപ്പിച്ചു വച്ച ആത്മാവിൽ
അത് നിറയെ തളിർത്ത് പൂവിട്ട് നിൽക്കുന്നു
ഈ സുഗന്ധമെല്ലാം ഞാൻ എവിടെ പൊതിഞ്ഞു വെക്കും?
ഓരോ സ്വപ്നസുഷിരങ്ങൾക്കുള്ളിൽ നിന്നും
കാട്ടു പച്ചപ്പ് താണ്ടി അത് ദൂരെയെങ്ങോട്ടോ പരന്നു പോകുന്നു
ഈ കാറ്റിനെ ഞാൻ എങ്ങിനെ പിടിച്ചു കെട്ടും?
അകലെ പെയ്യുന്ന മഴയുടെ തണുപ്പ് കൊണ്ട്
അതെന്നെ മൂടുന്നു
പൊള്ളുന്ന വെയിലിലും
ഞാൻ നനഞ്ഞൊലിക്കുന്നു
ഈ ചിറകുകൾ ഞാൻ എങ്ങിനെ മറച്ചു വെക്കും?
ചില്ലു വെളിച്ചത്തിൽ വർണങ്ങൾ തൂവി
അതെന്റെ ആത്മാവിനെ
അവനുള്ളിടത്തേക്ക് പറത്തി കൊണ്ടു പോകുന്നു.
ഈ ചിരി ഞാൻ എങ്ങനെ പൂഴ്ത്തി വെക്കും?
ആ നക്ഷത്രക്കണ്ണുകൾ എപ്പോഴേ എന്നെ കണ്ടെടുത്തു
സങ്കടങ്ങളെ സന്ദേഹങ്ങളെ
വേവലാതികളെ
കാത്തിരുപ്പുകളെ
അതെപ്പോഴേ കൈപിടിച്ച്
കൂട്ടിലേക്ക് നടത്തി
ഈ മിടിപ്പ് ഞാൻ എങ്ങനെ മൂടി വെക്കും?
ഹൃദയം ഇടിച്ചു ചവിട്ടി തുറന്ന്
അതെന്റെ കണ്ണും കയ്യും വെട്ടിച്ച്
പുറത്തു ചാടുന്നു
ചങ്ങലകളെ കുടഞ്ഞെറിഞ്ഞ്
അറ്റം കാണാത്ത മരുഭൂമിയിൽ നിന്ന് കുതിച്ചു പൊങ്ങുന്നു
മലമുകളിൽ ചെന്ന് കിനാവൊഴുകുന്ന പുഴകളെ നോക്കിയിരിക്കുന്നു
നിലാവിന്റെ കൈകളിൽ കിടന്ന്
താരാട്ട് കേട്ട്
ഉമ്മകൾ വാരി പുതച്ചുറങ്ങുന്നു
ഈ നിമിഷത്തെ ഞാൻ എങ്ങനെ പറഞ്ഞു തരും?
സിരകളിലുന്മാദലഹരി മൂത്തെ,ന്നെ
ഞാൻ ജയിച്ചീടുമീ നിമിഷം
ഇന്നോളം പഠിച്ച ഭാഷകൾ കൊണ്ട്
ഇതിന്റെ അർത്ഥം മുഴുമിക്കാനാകുന്നില്ലല്ലോ…
ഇതുവരെയും കണ്ടുപിടിക്കപ്പെട്ട അളവുകോലുകൾ കൊണ്ട്
ഇതിനെ അടയാളപ്പെടുത്താനും…
good