താജ്മഹലിൻറെ വിസ്മയങ്ങളിൽ നിന്ന് യാത്ര തിരിക്കുമ്പോൾ മനസ്സിൽ ഒരു ചോദ്യം മാത്രം ബാക്കി നിന്നു.
“ഭാര്യയെ… ഇത്രയധികം സ്നേഹിച്ച പുരുഷന്മാർ ഉണ്ടാവുമോ..?”
ഡൽഹിയിലേക്കുള്ള ടുറിസ്റ്റ് ബസ്സിലാണ് ഞങ്ങൾ. യാത്രയുടെ വിരസതയകറ്റാൻ ഗൈഡ് സരസമായി സംസാരിക്കുന്നു. ആഗ്രയിൽ നിന്ന് ഏകദേശം 50 കി.മീ ദൂരമേയുള്ളൂ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരക്ക്. ഇവിടെയാണ് കൃഷ്ണജന്മഭൂമി. ഇവിടെ ഒരു മണിക്കൂർ സമയമുണ്ട്. ദർശനസമയം അരമണിക്കൂർ മാത്രമേയുള്ളൂ. സമയം രാത്രി ഒൻപത് മണി കഴിഞ്ഞിരിക്കുന്നു. “വേഗം വേണം” ഗൈഡ് ധിറുതി കൂട്ടി.
ലോട്ടറി അടിച്ച സന്തോഷമായിരുന്നു പിന്നെ…
‘മഥുര ദർശനം’ ഞങ്ങളുടെ പ്ലാനിലെ.. ഇല്ലായിരുന്നു. അപൂർവ്വമായി കിട്ടിയ ചാൻസാണ് കൈവിട്ട് കളയുമോ?
ബസ്സിൽനിന്ന് പുറത്തേക്ക് കാലെടുത്തുവെച്ചതേ ശരീരം കോരിത്തരിച്ചു. ശ്രീകൃഷ്ണന്റെ കാൽപാദങ്ങൾ പതിഞ്ഞ ഭൂമിയാണ്. അവിടുത്തെ ഓരോ മണൽത്തരികൾക്കും പറയാനുണ്ടാകും കഥളേറെ..
മുനിഞ്ഞു കത്തുന്ന വഴിവിളക്കുകൾ തെളിച്ച വഴിയിലൂടെ ഞങ്ങൾ വേഗം നടന്നു. ഇരുവശങ്ങളിലും ചെറിയ കൊച്ചു കൊച്ചു കടകൾ. ദാരിദ്ര്യം വിളിച്ചോതുന്ന ചെറിയൊരു ഗ്രാമം. വളവ് തിരിഞ്ഞു വലത്തേ റോഡിലേക്ക് പ്രവേശിച്ചു ഞങ്ങൾ. ഇത്തിരി ദൂരം പിന്നിട്ടപ്പോഴെ കണ്ടു. ആ വലിയ ക്ഷേത്രം. ബാഗും മറ്റും കൗണ്ടറിലേപ്പിച്ചു. മൊബൈൽഫോൺ പോലും അനുവദിക്കില്ലത്രേ. മെറ്റല്‍ ഡിക്ടറ്ററിലൂടെ കടന്ന്, വിശദമായ ശരീരപരിശോധനയ്ക്കും ശേഷമേ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാനാകൂ…….
ക്ഷേത്രത്തിന് പുറത്തായി വലിയ മണികള്‍ തൂക്കിയിട്ടിരിക്കുന്നു. തിക്കിതിരക്കി അകത്തേക്ക് കടന്നു. കണ്ണഞ്ചിക്കുന്ന പ്രഭാപൂരവുമായി നിൽക്കുകയാണ് ശ്രീകൃഷ്ണക്ഷേത്രം…….
“രാധേ രാധേ രാധേ” എന്ന പ്രണയാദ്രമാം ഈരടികൾ നേർത്തു മുഴങ്ങുന്നു. രാധയെ അന്വേഷിക്കുകയാണോ..?
അകത്തളത്തിൽ നയനമനോഹരമായ ശ്രീകൃഷ്ണവിഗ്രഹം. ഒപ്പം പച്ചപട്ടിൽ പൊതിഞ്ഞു പ്രിയസഖി രാധയും. എനിക്ക് കണ്ണെടുക്കാൻ തോന്നിയില്ല. അത്രയ്ക്ക് മനോഹരമായമായിരുന്നു ആ കാഴ്ച!! പട്ടുടയാടകളിലും ആഭരണങ്ങളിലും മിന്നിത്തിളങ്ങുന്ന രാധയും, കൃഷ്ണനും. ഭക്തിയെക്കാളേറെ കൗതുകമായിരുന്നു മനസ്സ് നിറയെ……
ദർശനവും കഴിഞ്ഞ് തിരിച്ചെത്തി ബസ്സിൽ കയറാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നൊരു വിളി കേട്ടു തിരിഞ്ഞു നോക്കി.
രണ്ടു-മൂന്ന് പയ്യന്മാരാണ്. പത്തു വയസിൽ താഴെ പ്രായം. കയ്യിൽ ചെറിയ ബുക്ക്-ലെറ്റുകൾ. പോസ്റ്റ്കാർഡിന്റ്റത്രയും വലിപ്പമുള്ള ചെറിയ ബുക്കുകൾ. മഥുരയുടെ ഷോർട് ഹിസ്റ്ററി അടങ്ങുന്നവയാണ്.
“ഏക് ലേലിജിയെ.. ആന്റീ”
പയ്യൻ പ്രതീക്ഷയോടെ നിൽക്കുകയാണ്.
“എന്താ വില” ഞാൻ തിരക്കി.
“ബീസ് റുപ്യാ”
എനിക്ക് വേണ്ടിയിട്ടല്ല. ഇപ്പോൾ ഇന്റർനെറ്റിൽ നോക്കിയാൽ എന്താ അറിയാൻ പാടില്ലാത്തതായി. എങ്കിലും ഞാൻ ബാഗിൽ തിരഞ്ഞു. ഈ അസമയത്തു അവൻ ഇത് വിറ്റിട്ട് എന്തു കിട്ടാനാ. ഒരു ബുക്ക് വിറ്റാൽ ചിലപ്പോൾ ഒന്നോ-രണ്ടോ രൂപയാകും കമ്മീഷൻ കിട്ടുക.
ബാഗിൽനിന്ന് കിട്ടിയത് ഒരു പത്തുരൂപ മാത്രം. മറ്റ് ഗാന്ധി തലകൾക്കൊന്നിനും അവൻറെ പക്കൽ ചില്ലറ ഉണ്ടാവില്ലന്നെറിയാം.
മുഷിഞ്ഞ വേഷവുമായ് പ്രതീക്ഷയോടെ ബുക്കുലെറ്റും നീട്ടി പിടിച്ചു നിൽക്കുകയാണവൻ.
ബസ്സിൽ നിന്ന് ഗൈഡിൻറെ അനൗണ്‍സമെന്റ് കേട്ട് തുടങ്ങി. ബസ്സ് സ്റ്റാർട്ട് ചെയ്ത് നിർത്തിയിരിക്കുകയാണ്.
ആ പത്തുരൂപ ഞാനവന് നേരെ നീട്ടി.
“ഇസ്‌കോ തും രെക്കലോ, മുചേ.. ബുക്ക് നഹി ചാഹിയെ..”
പ്രതീക്ഷയ്ക്കു വിപരീതമാണ് പിന്നെ സംഭവിച്ചത്. അവൻ അത് വാങ്ങിക്കാൻ കൂട്ടാക്കിയില്ല. എത്ര നിർബന്ധിച്ചിട്ടും അവൻ ആ പൈസ വാങ്ങിക്കാൻ ഒരുക്കമല്ല. ബുക്ക് വിറ്റുകിട്ടുന്ന പൈസ മാത്രമേ അവൻ വാങ്ങിക്കൂ. അല്ലാത്തതൊന്നും അവനു വേണ്ട…
ചെറുപ്രായത്തിലേ ഇത്രയധികം ദൃഢനിച്ഛയവും, ആത്മവിശ്വാസവും, സത്യസന്ധതയും…
എന്നെ അത്ഭുതപെടുത്തുകയായിരുന്നു അവൻ. ദുഷ്ടമാരുടെയും, പിടിച്ചുപറിക്കാരുടെയും കപടലോകത്ത് ഇങ്ങനെയും ഒരു പയ്യൻ!
ഒരുമാത്ര ഞാൻ ആഗ്രഹിച്ചുപോയി അവൻറെ പക്കലുള്ള ബുക്സ്ത്രയും വാങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ…
ഒന്നിൽ കൂടുതൽ ബുക്ക്സ് അവൻ എനിക്ക് വിൽക്കില്ലെന്നും തീർച്ചയായി.
മഥുരയിലെ ഏതോ ഒരു കുടിലിൽ മകൻ അധ്വാനിച്ചു കൊണ്ടുവരുന്ന ഒരിത്തിരി ‘ആട്ട” യ്ക്കുവേണ്ടി (ഗോതമ്പു മാവ്) കാത്തിരിക്കുന്ന ഒരു അമ്മയെ…എനിക്കു കാണാം. മനസ്സുകൊണ്ട് ഞാനാമ്മയ്‌ക്ക് നന്ദി പറഞ്ഞു. ദാരിദ്ര്യമാണെങ്കിലും മകനെ നല്ലശീലങ്ങൾ പഠിപ്പിച്ചു വളർത്തുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ല ആ അമ്മ.
ഞങ്ങളുടെ സംഘത്തിലെ ചേച്ചിയോട് പത്തുരൂപ വാങ്ങി ഞാൻ അവനോട് ബുക്ക് വാങ്ങി.
പ്രത്യേകിച്ചൊന്നും സംഭവിക്കാത്തപോലെ അവനും കൂട്ടുകാരും ഇരുട്ടിലേക്ക് നടന്നു മറഞ്ഞു.
വർഷങ്ങൾ മൂന്നു-നാല് കൊഴിഞ്ഞു വീണെങ്കിലും ഇന്നും എൻറെ ഷെൽഫിൽ തന്നെയുണ്ട് ആ ചെറിയ ‘ബുക്ക്-ലെറ്റ്’.
ഇന്നവൻ വളർന്ന് വലുതായിട്ട് ഉണ്ടാവും… ഇപ്പോഴും തെരുവോരങ്ങളിൽ ബുക്ക് വിൽക്കുന്നുണ്ടാവുമോ ..?
യാതൊരു പ്രലോഭനങ്ങൾക്കും കീഴടങ്ങാത്ത മനസ്സാണത്. സത്യസന്ധതയും, ആത്മവിശ്വാസവും, ദൃഢനിച്ഛയവും മാത്രം മതി അവനു ജീവിക്കാൻ…
ഒരമ്മയ്ക്കു മാത്രമേ അതൊക്കെ പകർന്ന് കൊടുക്കാൻ കഴിയൂ. നമ്മുടെ അമ്മമാർക്കും അതിനു കഴിയട്ടെ എന്നാശിക്കുന്നു.