(കവി ദിവംഗതനായ ദിവസം എഴുതിയത്)
ഒരു മലയാള സന്ധ്യ പൊലിഞ്ഞു
ഒരു പൂങ്കുയില്‍ പാടിയൊഴിഞ്ഞു
അന്തി മയങ്ങിയ വേളയില്‍ നീ
ഒന്നും മിണ്ടാതെ മിണ്ടാതെ പോയി
ഓഎന്‍വി മൂന്നക്ഷരമോ, അല്ല
ഞങ്ങളെ മഞ്ഞക്കോടിയണിയിച്ച സത്ത
മഞ്ഞള്‍ പ്രസാദങ്ങള്‍ ചാര്‍ത്തി
മലയാള മങ്കയെക്കൊഞ്ചിച്ച തത്ത
ഈ അപാര പ്രപഞ്ചത്തിന്‍
വീണതന്‍ തന്ത്രികള്‍ മീട്ടി
പുല്ലില്‍ ശലഭത്തില്‍ പുല്ലാങ്കുഴലിലും
സംഗീതം കണ്ട പ്രതിഭ
ആരോരുമില്ലാതെ മാഴ്കും
കാതരയാമൊരു പെണ്ണിന്‍
ഉത്തരേന്ത്യന്‍ കദനത്തിന്‍
ഗദ്ഗദം പാടിയ തത്തേ
നിനക്കാകുമോ പാടിപ്പിരിയാന്‍
ഭാരതം വിട്ടു പറക്കാന്‍
ഇല്ല നീ ഭാരതവര്‍ഷത്തിന്‍
ആചാര്യനാം കവിവര്യന്‍
സൂര്യഗീതങ്ങള്‍ പാടി തളരാത്ത
ഗംഗതന്നാദിമസത്ത
അസ്തംഗതനായ സൂര്യന്‍
ഈ രാത്രത്തില്‍ മഗ്ന്നായീടാം
പക്ഷെ, ഉറങ്ങാന്‍ ശ്രമിക്കും
ഹൃത്തിന്നിടന്നാഴിയിങ്കല്‍
നിന്‍റെ കാലൊച്ചയെപ്പഴും കേള്‍ക്കാം
ബാലാരുണന്മാരുദിക്കും
സൂര്യഗീതങ്ങള്‍ പാടി ജ്വലിക്കും
ഓഎന്‍വി എങ്ങു മരിക്കാന്‍
ഓണത്തിനുണ്ടോ ചരമം