കവിയും വിവർത്തകനും. മലയാളത്തിലും ,ഇംഗ്ലീഷിലും എഴുതുന്നു . 1946 ൽ ബോംബയിൽ ജനനം . ബോംബയിലാണ് ജനിച്ചതെങ്കിലും പിതാവിന്റെ രോഗം മൂലം സ്വാദേശമായ പാലക്കാട്ടാണ് കുട്ടിക്കാലം ചിലവഴിച്ചത്. കേരളയൂണിവേഴ്സിറ്റി ,പാലക്കാട് ഹേമാംബിക സംസ്‌കൃത സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബോംബെ ,കുവൈറ്റ് എന്നിവിടങ്ങളിൽ പബ്ലിക് റിലേഷൻ ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്. വളരെ വൈകി 60 താം വയസ്സിൽ എഴുതിത്തുടങ്ങി. ലോകപ്രശസ്ത കവിത വെബ്സൈറ്റായ പോയം ഹണ്ടറിൽ കവിതകൾ ഉൾപ്പെട്ടിട്ടുണ്ട് . ഇതുവരെ പുസ്തകങ്ങൾ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. പാബ്ലോ നെരൂദയുടെ കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഭാരതീയ വേദാന്തത്തെപ്പറ്റിയുള്ള ലേഖനങ്ങൾ വിവിധ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഖസാക്കിന്റെ ഇതിഹാസം, നാലുകെട്ട് ബാല്യകാല സഖി, നഗ്നരും മരണപ്പെട്ടവരും, ഞാൻ മരിച്ചു കിടക്കുമ്പോൾ, നളിനി, അദ്ധ്യാത്മ രാമായണം തുടങ്ങിയ കൃതികളാണ് തന്റെ എഴുത്തിനെ ഏറ്റവും അധികം സ്വാധീനിച്ചതെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.പുസ്തകങ്ങൾക്കൊപ്പം സിനിമകൾക്കും എഴുത്തിന്റെ വഴിയിൽ പ്രകാശം പരത്താൻ കഴിഞ്ഞതായി രാജേന്ദ്രൻ നായർ സാക്ഷ്യപ്പെടുത്തുന്നു. പിങ്ക്, ഡങ്കൽ, നഖക്ഷതങ്ങൾ ക്ലോസ് എൻകൗണ്ടേഴ്സ് ഓഫ് തേർഡ് കൈൻഡ് തുടങ്ങിയവയാണ് ഇഷ്ട ചിത്രങ്ങൾ
എഴുത്തുകാരന്റെ ഏറ്റവും പുതിയ കവിത താഴെ വായിക്കാം:
ഞാന്‍ നാരായണന്‍
നിങ്ങളെന്നെയൊരു കാടനാക്കി
ഭ്രാന്തനാക്കി, ആദിവാസിയാക്കി
പിന്നെ ദളിതനാം മര്‍ദ്ദിതനും
അന്ത്യത്തില്‍ ഹിന്ദുവുമാക്കി മാറ്റി
വ്യത്യസ്തകാചങ്ങള്‍ വച്ചുനോക്കി
അവയില്‍ നിറങ്ങള്‍ കലര്‍ത്തിനോക്കി
കക്ഷിതാല്‍പര്യസംതൃപ്തി നേടാന്‍
വിപ്ളവം പാടി, മതമിറക്കി
രോഷം കൊണ്ടുച്ചവിലാപം ചെയ്തു
വിഷലിപ്തമാകുമൊളിയമ്പാക്കി
നിര്‍ലജ്ജമെന്നെ തൊടുത്തുവിട്ടു
ദില്ലിയിലേക്കുമനന്തപുരിയിലേക്കും
അന്ത്യോപഹാരശതങ്ങളേന്തി
കുഴിമാടവക്കില്‍ തിരക്കിനിന്നു
എന്‍ മുഖം പൊക്കി തെരുവുതോറും
നെഞ്ചത്തടിച്ചു ബഹളം വച്ചു
മിണ്ടാപ്രാണിപോല്‍ ഞാനൊരു പാവം
ആരും ചോദിക്കാനില്ലാത്ത ജന്മം
ഈ മഹാരാജ്യസംസ്കൃതിയെന്നെ
നാരായണനെന്നു വിളിച്ചുവത്രെ
നാരായണനെ നിങ്ങള്‍ കണ്ടതില്ല
കാരണം നിങ്ങടെ കണ്ണടയില്‍
മതവര്‍ഗ്ഗവിദ്വേഷകാളകൂടം
കഴുകുവാനാവാതെ പടര്‍ന്നിരുന്നു
എന്നെക്കുറിച്ചിനി കരയവേണ്ട
കരയുക നിങ്ങടെയുള്ളിനുള്ളില്‍
വിരമിച്ച നാരായണദൈവികത്തെ
തിരികെപ്പിടിക്കാന്‍ വരത്തിനായി
അന്ധരെ, വിപ്ലവപണ്ഡിതരെ,
മതവിദ്വേഷതാല്‍പര്യകോവിദരെ,
നിങ്ങടെയുള്ളിലെ കുഴിമാടത്തില്‍
തിരയുക പോയ്പോയ ദൈവികത്തെ
അത് ഞാനത്രെ പാവമാം നാരായണന്‍
ബാപുവിന്‍ ദാരിദ്രനാരായണന്‍
അവനില്ലാതെ നിങ്ങള്‍ക്ക് മോക്ഷമില്ല
തല പുണ്ണാക്കി നിങ്ങള്‍ കരയവേണ്ട
സര്‍വ്വവും നാരായണനെന്ന സത്യം
ഭൂതദയയൂറൂം പ്രേമാമൃതം
ഉള്ളത്തില്‍ നിര്‍ഗ്ഗളിക്കുമ്പോള്‍ മാത്രം
നിങ്ങള്‍ക്ക് കൈവരും ശാപമോക്ഷം
വിദ്വേഷവഹ്നിയിലല്ല സ്നേഹത്തിന്‍
മാധുര്യമൂറുമകക്കിണറില്‍
വീണുറങ്ങുന്നുണ്ട് നാരായണന്‍
പൂവിളിച്ചവനെയുണര്‍ത്തീടുക
എന്‍റെ പേര്‍ ചൊല്ലിക്കരയവേണ്ട
നാരായണന് മരണമില്ല
സത്യത്തിലിവിടെ മരിച്ചതാര്?
മുതലക്കണ്ണീരൊഴുക്കും ജഡങ്ങളല്ലെ?
നാരായണന്‍ വിട്ടൊരിന്ത്യയല്ലെ?
കവിത Vaichu Valare ishtappattu
വളരെ നന്ദി, ജി!