മാതൃസ്നേഹം

 

 

 

 

 

ചൂടുള്ളയുറവയിൽ
നീരാട്ടിനിറങ്ങിയോർ
കാനനസീമയെ
മാറ്റിമറിക്കുന്നോർ
കാടിന്റെ സംഗീതം
കേൾക്കാൻ മടിക്കുന്നോർ
കാടിന്റെ ഛായയിൽ
കാനനം കൊയ്യുവോർ
അമ്മതന്നമ്മിഞ്ഞ
ഊറ്റി കുടിക്കുമ്പോൾ
ചൂടുള്ള നെഞ്ചിലായ്
കത്തിയിറക്കുന്നോർ.

നല്ല പച്ചില കാടിന്റെയുള്ളിൽ
വെന്തമാംസം രുചിച്ചു നോക്കുന്നോർ
സ്വന്തം അമ്മതൻ മക്കളെയെല്ലാം
കൊന്നെടുത്തിട്ട് തോലുരിഞ്ഞിട്ട്
മാതൃഭൂഷണം ചൂഷണം ചെയ്തു
കോൺക്രീറ്റ് സൗധങ്ങൾ കെട്ടി ഉയർത്തി.

എന്തേ ഇന്നെന്റെ ലോകത്തിൻ പച്ച
മഞ്ഞളിച്ച് വിളറിയ പോലെ
മാറാരോഗം പിടിപെട്ട പോലെ
നീറി നീറി പുകയുന്നുവല്ലോ
എത്രകാലം ഈ ജീവൻ തുടിക്കും
അമ്മതൻ അന്ത്യം ഒരിക്കൽ ഉണ്ടാകും.

എത്ര സുന്ദരിയായിരുന്നന്ന്
ആദ്യ ജീവൻ കിളിർത്തയാ കാലം
ആൾക്കുരങ്ങ് ജനിച്ചയാ കാലം
എത്രയോ സുന്ദര ശീതളമന്ന്
സുന്ദര ഗന്ധിയാമമ്മയാണന്ന്‌
നല്ല പച്ചിളം പട്ടുമുടുത്ത്
മെല്ലെ മെല്ലെ കുണുങ്ങി ചിരിച്ച്
നിഷ്കളങ്ക പരിലാളനത്തിൽ
സ്വന്തം മക്കളെ പോറ്റി വളർത്തി
ബുദ്ധി വെച്ചവർ നോക്കി രസിച്ചു
എത്ര സുന്ദരിയാണെന്റെയമ്മ
സ്വന്തം താല്പര്യം മുന്നിൽ കണ്ടിട്ട്
സ്വന്തം അമ്മയെ ചൂഷണം ചെയ്തു

എന്തേ ഇങ്ങനെ തോന്നുവാൻ ആയി
ബുദ്ധിയേറി തകിടം മറിഞ്ഞോ

അല്ല അല്ലല്ല ദൈവവിധി പോൽ
അന്ത്യം എന്നത് ഒരിക്കൽ ഭവിക്കും
വേണ്ടേ വേണ്ട മക്കളെ നമ്മൾക്ക്
മാതൃസ്നേഹം കുറച്ചൊക്കെ വേണം
അല്ലേൽ നമ്മുടെ കാലം കഴിഞ്ഞ്
കുഞ്ഞു മക്കളോ വെള്ളത്തിലാകും

പാട്ടുപാടി രസിച്ചു കൊള്ളട്ടവർ
തുമ്പി തുള്ളി നടന്നു കൊള്ളട്ടെ
ഇത്ര സുന്ദര ശില്പ കലയെ
തച്ചുടക്കുവാൻ ആർക്കിന്നു തോന്നും.

ഇല്ലൊരിക്കലും അന്ത്യമില്ലിനി
നല്ല നാളെകൾ പൊട്ടി വിടരും
നല്ല മാരുതൻ വീശി അടിക്കും
വർണ്ണരാജി ചൊരിയും പ്രപഞ്ചം
പച്ച പൂന്തളിർ എത്തി നോക്കിടും
നല്ല മേനി വിളവ് കൊയ്‌തിടും
എത്ര സന്തുഷ്ടജീവിതം ആകും
നിഷ്കളങ്കമാം
ആ ഗ്രാമാന്തരീക്ഷം.


അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here