(ദ്രാവിഡ സംസ്ക്കാരമനുസരിച്ച് പ്രായം കുറഞ്ഞ മാതുലനും പ്രായം കൂടിയ അനന്തരവനുമുണ്ടാകും. അതിനെയവലംബിച്ച് മാരീചനേയും രാവണനേയും സങ്കല്പ്പിക്കുന്നു . മാരീചന് അഞ്ചും, രാവണന് ഇരുപതും പ്രായം. ഇളംമാന്‍ കണക്കെ തുള്ളിച്ചാടിയോടുന്ന പൊന്‍ നിറം പൂണ്ട മാരീചനെന്ന പൈതലിനെ കാണുമ്പോള്‍ ഭര്‍തൃമതിയായ സീതയിലെ നിഷ്ഫല മാതൃത്വം തുടിക്കുന്നു .)
ദേവി ഒരിക്കല്‍ കൂടി ആ മുഖത്തേക്കു നോക്കി രാമഭദ്രന്‍ മയങ്ങുകയാണ് .
‘വേണ്ട….. ഉണര്‍ത്തണ്ട’
ശാന്തമായ മുഖം ഒരു കുഞ്ഞിന്റെ പോലെ.
തെല്ലകലെ ചെറിയ ഒരനക്കം. ഒരിളമാനിനെന്നപോലെ പൂവമ്പഴത്തിന്റെ നിറം വിതറിക്കൊണ്ട് ഒരു കോമളപ്പൈതല്‍ ഓടിച്ചാടി നടക്കുന്നു. ദേവി അവന്റെയോട്ടം മതിയാവോളം നുകര്‍ന്നു.
അവന്‍ മറഞ്ഞ ദിക്കു നോക്കി ദേവി പ്രതീക്ഷയോടേ കുറച്ചു നേരം കാത്തു നിന്നു.
‘അവന്‍…… ഇനി വരുമോ?’
പരിസരങ്ങളില്‍ അവന്‍ ചിറ്റോളമിളക്കുന്നതും പാര്‍ത്തു ദേവിയിരുന്നു.
പുറത്തേക്കിറങ്ങുമ്പോള്‍ ഭദ്രന്‍ പതിവായിത്തിരക്കാറുണ്ട്
” ഇന്നെന്താ ഭവതിക്ക്?….”
മനസ്സ് വിഷാദത്തിന്റെ കരിമേഘ മലയില്‍ നനയുമ്പോഴും ഒരു പുഞ്ചിരിയായി മഴവില്ലു തീര്‍ക്കുവാന്‍ അവള്‍ ശ്രമിച്ചു.
‘ഒരിളമാനിനെ മതി…… അതുകൊ…..ണ്ടു വര…..ണം’
ദേവി ലജ്ജാഭാരത്തോടെ പറഞ്ഞു നിര്‍ത്തി.
രാമന്‍ അമ്പും വില്ലും ശ്രദ്ധയോടെ തുടച്ചപ്പോള്‍ അവള്‍ ഭയന്നു.
അവളിലെ ദാഹാര്‍ത്തമായ മനസിന്റെ പുല്‍മേട്ടിലെവിടെയോ ഒരു മാന്‍കിടാവിന്റെ തേങ്ങല്‍ അവള്‍ കേട്ടു.
അതു പിടയുകയാണ്
‘ അമ്മേ… ‘എന്ന് ഒരു മാന്‍കുട്ടി വിളിക്കുന്നുവോ?
ഭദ്രന്‍ മയക്കം തുടരുകയാണ്. ആ മുഖം പതുക്കെ പതുക്കെ ചെറുതായി തീരുകയാണൊ! ആ കൊച്ചു മുഖം അവള്‍ കോരിയെടുത്തുമ്മവച്ചു.