മലയാളത്തിന്റെ മഹാഭാഗ്യമായ എംടി വാസുദേവൻനായരുടെ ജീവിതവും കൃതികളും വീണ്ടും അരങ്ങിലേക്ക്. പ്രശാന്ത‌് നാരായണൻ സംവിധാനം ചെയ്യുന്ന നൂതന രംഗാവിഷ‌്കാരം മഹാസാഗരം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട‌് 6.30ന‌് തിരുവനന്തപുരം വൈലോപ്പിള്ളി സംസ‌്കൃതിഭവൻ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ അരങ്ങേറും. വായനയുടെ പ്രപഞ്ചത്തിലേക്കും എം ടിയുടെ കഥാസാഗരത്തിലേക്കും പുതുതലമുറയെ ആകർഷിക്കാൻ എം ടിയുടെ തെരഞ്ഞെടുത്ത രചനകൾ നാടകീയ മുഹൂർത്തങ്ങളിലൂടെ ആവിഷ‌്കരിക്കുകയാണ‌് മഹാസാഗരം.
മാർച്ച‌് 19ന‌് ടാഗോർ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ച മഹാസാഗരംപ്രേക്ഷകരുടെ താൽപ്പര്യപ്രകാരമാണ‌് വീണ്ടും അവതരിപ്പിക്കുന്നത‌്. നാടകരംഗത്തെ പ്രമുഖർ അരങ്ങത്തെത്തും. പ്രേക്ഷകനിർദേശങ്ങൾ സ്വീകരിച്ച‌് നിരന്തരം പരിഷ‌്കരിക്കുന്ന രീതിയിലാണ‌് തുടരവതരണങ്ങൾ ഉദ്ദേശിക്കുന്നതെന്ന‌് പ്രശാന്ത‌് നാരായൺ പറഞ്ഞു. ഒാരോ അവതരണത്തിനും ശേഷം ക്രിയാത്മകമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പ്രേക്ഷകർക്ക‌് അവസരമൊരുക്കും. പ്രഥമാവതരണത്തെ തുടർന്ന‌് കലാസ്വാദകർ പങ്കുവച്ച നിർദേശങ്ങൾ കൂടി പരിഗണിച്ച‌് പുതിയ രൂപത്തിലുള്ള അവതരണമാണ‌് ഇപ്പോൾ നടക്കുന്നത‌്. ഫോൺ: 8593033111, 8593011177.