നോവലിസ്റ്റും ചെറുകഥാകൃത്തുമായ എം.നന്ദകുമാറിന്റെ പുതിയ നോവൽ ‘നീറേങ്കൽ ചെപ്പേടുകൾ’ പുറത്തിറങ്ങി.പുസ്തകത്തിന് അവതാരിക എഴുതിയത് ടി.ടി. ശ്രീകുമാർ ആണ്.
വരകൾ ഇ. പി. ഉണ്ണി. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന് 110 രൂപയാണ് വില
പുസ്തകത്തിലെ പിൻകുറിപ്പ് വായിക്കാം
കൗമാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും അലച്ചിലുകളുടെയും പ്രതീകാത്മകദേശമാണ് എനിക്കു നീറേങ്കൽ. ഇതിലെ സ്ഥലപ്പേരുകൾ ജന്മസ്ഥലംപോലെ യാഥാർത്ഥമാണെങ്കിലും. എന്റെ ഉട്ടോപ്പിയ /ഡിസ് ട്ടോപിയ
പിളർപ്പിന്റെ ഭൂമിശാസ്ത്രമായ നീറേങ്കലിൽ ഇട്ടിനാനും ലൂയിയും ഊടുവഴികളിൽ ആടിയാടി നടക്കുന്നു. ചെറോണയും കുറുമ്പയും ഇടുപ്പിൽ കൈകുത്തിനിന്നു ലോകത്തെ നേരിടുന്നു. അക്കാലത്തെ ചങ്ങാതിമാർക്കുകൂടിയാണ് ഈ പുസ്തകം.
‘നവമലയാളി’ ഓൺലൈൻ പത്രികയുടെ തേരാളികളായ രവി വർമ്മ, മുരളി വെട്ടത്ത് മുതലായവരുടെ സ്‌നേഹപൂർണ്ണമായ ശാസനയും ഭീഷണിയും ഇല്ലായിരുന്നെങ്കിൽ ഈ ചെപ്പേടു നിർമ്മാണം തുടരുമായിരുന്നില്ല. നവമലയാളിയിലെ ചെപ്പേടുകൾക്കു വരച്ച സ്വാതി ജോർജ്ജ്, അടുത്ത ചെപ്പേട് ഓർമ്മപ്പെടുത്തുന്ന വേലായുധൻ, സോണി ജോസ് എന്നിവർക്കും സ്നേഹത്തിന്റെ ചിയേഴ്സ്!
കഴിഞ്ഞ പരിയാനമ്പറ്റ പൂരക്കാലത്ത് എനിക്കും ശുഭക്കുമൊപ്പം നീറേങ്കൽ പരിസരങ്ങളിൽ ഊരുചുറ്റി ഉഗ്രൻ വരകൾ പുസ്തകത്തിനു സമ്മാനിച്ച കാർട്ടൂണിസ്റ്റ് ഇ.പി.ഉണ്ണി, ആമുഖമെഴുതിയ ടി.ടി. ശ്രീകുമാർ, സർഗാത്മക നിർദ്ദേശങ്ങൾ നൽകിയ കലാചരിത്രകാരൻ ആർ.നന്ദകുമാർ എന്നിവർക്ക് അളവറ്റ കടപ്പാടുകൾ.