കലികാലം






ന്യൂന മര്‍ദ്ദത്തിന്റെ ചിറകിലേറി മഴ. ഒന്നിനു പിറകെ മറ്റൊന്നായി മഴയുടെ കളിയാട്ടങ്ങള്‍.ചിന്നിച്ചിതറിയും, പൊടുന്നനെ രൂപം മാറി കാറ്റിന്റെ കൂട്ട് പിടിച്ച് കലിതുള്ളിയും . മഴയുടെ ഒരോരോ തരം കളിയാട്ടങ്ങള്‍.

മഴയൊന്നടങ്ങി ചുറ്റുപാടുകള്‍ തെളിഞ്ഞ തക്കം. കടയിലേക്ക് പോകാന്‍ ഇടവേള തന്നതാവും മഴ. മെഡിക്കല്‍ ഷോപ്പില്‍ പോകണം . മരുന്ന് ഒരു മാസത്തേക്കെങ്കിലും വാങ്ങണം. ഡബിള്‍ മാസ്ക്കിന്റെ ഉറപ്പില്‍ കുട ചുരുട്ടി ഗോപി പിള്ള ഇറങ്ങി.

‘സാനിറ്ററൈസ് കൊണ്ടു പോണില്ലേ ?’

ഭാര്യയുടെ പിന്‍ വിളി . ഗോപി പിള്ള നിന്നു.

‘അവിടെത്തന്നെ നിന്നോ. മടങ്ങണ്ട. കൊണ്ടത്തരാം.’

സാനിറ്ററൈസ് വാങ്ങി ജുബ്ബയുടെ പോക്കറ്റിലിട്ട് ഗോപിപിള്ള നടന്നു.

ഗോപിപിള്ളേ , ഞാനുമുണ്ടെന്ന് പറഞ്ഞ് ‘രേവതി’യിലെ വാസുദേവനും ഗേറ്റ് കടന്ന് പുറത്തിറങ്ങി.മാസ്ക്ക് വിരലില്‍ തൂക്കിയാണ് പുറപ്പാട്.

‘അടുത്ത മഴക്ക് മുന്‍പേ , തിടുക്കത്തിലൊന്ന് കടയില്‍ പോയിവരാമെന്ന് കരുതി. ’
മൂക്ക് സ്വതന്ത്രമാക്കി നിറുത്തി വാസുദേവന്‍ മാസ്ക്ക് ചെവിയില്‍ കൊളുത്തി പറഞ്ഞു.

‘പണ്ടത്തെ കാലത്ത് ഇത് വല്ലതുമുണ്ടോ. ’

‘തനിക്ക് കുടയുണ്ടല്ലോ, അതു മതി.’

വാസുവേട്ടന്‍ അങ്ങനെയാണ്. കുട അവശ്യ വസ്തുവല്ല. മഴയോട് കൂസലില്ലായ്മ. വെച്ചുപിടിക്കും മഴയത്തും. തീരെ നിവൃത്തിയില്ലെങ്കില്‍ കട വരാന്തേല്‍ കേറി നില്‍ക്കും. നാട്ട് വിശേഷം പങ്കു വെക്കാന്‍ അവിടെ ആരെങ്കിലുമൊക്കെ കാണും , മഴ മാറും വരെ.

‘എന്തൊരു കാലം !’

ടൗണെത്തും വരെ മിണ്ടിയും പറഞ്ഞു നേരം പോകണമല്ലോ. വാസുദേവന്‍ തുടക്കമിട്ടു.

‘കലികാലം . അല്ലാതെന്തു പറയാന്‍. ’ ഗോപിപിള്ള പ്രതികരിച്ചു.

‘മൂന്നാം ലോക യുദ്ധമാണടോ ! ചത്തൊടുങ്ങകയല്ലേ ആളുകള്‍ ലോകമെമ്പാടും. ഇതെവിടെത്തീരും ?’

‘വാസ്വേട്ടാ, വാക്സിന്‍ രണ്ടാമത്തെയെടുത്തോ ?’ ഗോപിപിള്ള ചോദിച്ചു.

‘ഗോപീ, തന്നോട് ഞാനത് പറഞ്ഞല്ലോ. നാലഞ്ച് ദിവസമായല്ലോയെടുത്തിട്ട്.’

കണ്ടോ. ഇതാണ് വാസുവേട്ടന്റെ സൂത്രം. ചില കാര്യങ്ങളില്‍ നിഗൂഢതകളുണ്ട്. സര്‍ക്കാരാശുപത്രിയില്‍ സ്വന്തത്തില്‍ പെട്ടവരാരോ ഉണ്ടെന്നാണ് കേള്‍വി. അങ്ങനെ കാര്യം നടത്തി, കേമന്‍ !

കോടതി വളപ്പില്‍ വെച്ച് രണ്ടു പേരും പോകുമ്പോ കാണാമെന്ന് പറഞ്ഞ് , രണ്ട് വഴിക്ക്. വാസുദേവന്‍ പച്ചക്കറിക്കടയിലേക്കും, ഗോപിപിള്ള മെഡിക്കല്‍ ഷോപ്പിലേക്കും .

ഇടതടവില്ലാതെ വാഹനങ്ങള്‍ പോകുന്ന റോഡാണ്. ആരവമില്ലാതെ കിടക്കുന്നു. ഇരുചക്രവാഹനങ്ങള്‍ പോകുന്നുണ്ട്.

കടകളില്‍ നല്ല തിരക്ക്. ട്രിപ്പിള്‍ ലോക്ക്ഡൗണിനു് മുന്‍പ് സാധനങ്ങള്‍ കരുതി വെക്കുന്നതിനുള്ള തിരക്കാവും. മെഡിക്കല്‍ ഷോപ്പിലും ആളുകളുടെ നീണ്ട നിരയുണ്ട്.


ഒരു മാസത്തേക്കുള്ള മരുന്നുകള്‍ വാങ്ങിച്ചു. മെഡിക്കല്‍ ഷോപ്പിലെ പെണ്‍കുട്ടി ഏതാനം കറന്‍സി നോട്ടുകള്‍ ബാലന്‍സ് തിരിച്ചു തന്നത് വാങ്ങി കീശയിലിട്ട് ഗോപിപിള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്നിറങ്ങി.

മഴ പെയ്യുന്നുണ്ട്.

കീശക്കൊരു കനം അനുഭവപ്പെട്ടു ഗോപിപിള്ളക്ക്. മെഡിക്കല്‍ ഷോപ്പിലെ പെണ്‍കുട്ടി ബാക്കി തന്ന നോട്ടിനൊപ്പം കീശയില്‍ കയറിപ്പറ്റിയത് കൊറോണയാകുമോ ? ഒട്ടേറെ അജ്ഞാതരുടെ കൈകളെ സ്പര്‍ശിച്ച് പോക്കറ്റിലിടം പിടിച്ചിരിക്കുന്ന നോട്ടുകള്‍ ! സാനിറ്ററൈസെടുത്തത് നന്നായെന്ന് കരുതി. പോക്കറ്റില്‍ നിന്ന് കുപ്പിയെടുത്ത് പോക്കറ്റിലേക്ക് ചീറ്റിച്ചു. കൈകളും നന്നായി ശുചിയാക്കിയപ്പോള്‍ താല്‍ക്കാലികമായി ഒരു മനസ്സമാധാനം.

കുട നിവര്‍ത്തി റോഡിലേക്കിറങ്ങിയപ്പോള്‍ ഒരാള്‍ കുടക്കീഴിലേക്ക് ഓടിക്കയറി.

‘ചേട്ടാ , ഓട്ടോസ്റ്റാന്റ് വരെ .’

‘വരാല്ലോ .’ ഗോപിപിള്ള ആഗതനെ കുട ചൂടിച്ച് ഓട്ടോസ്റ്റാന്റിലേക്ക് നടന്നു.

കുടക്കീഴിലെ അതിഥി മഴയേല്‍ക്കാതിരിക്കാന്‍ ഗോപിപിള്ളയോടടുത്ത് നടന്നു. അയാള്‍ ഒരു കൈ ഗോപിപിള്ളയുടെ തോളിലും പിടിച്ച് .

അപരിചിതന്റെ അടുപ്പം അമിതമാകുന്നോ?

ഗോപിപിള്ളക്ക് ആധിയായി. കൊറോണ തലങ്ങും വിലങ്ങും പതുങ്ങി നടക്കുമ്പോള്‍ തോളത്ത് കൈവെച്ച് , ചങ്ങാതികളെപ്പോലെ മുട്ടിച്ചേര്‍ന്ന് മഴനനഞ്ഞ് ഒരു നടത്തം.
സംഗതി പെട്ടു. ഗോപിപിള്ള പരിതപിച്ചു.

‘വേറൊന്നും തോന്നരുത്. തോളത്ത് കൈ വെക്കണ്ട. കൊറോണക്കാലമല്ലേ. പോരാത്തതിന് മഴയും. നമ്മള്‍ സൂക്ഷിക്കണ്ടെ?’



ഗോപിപിള്ള അങ്ങനെ പറഞ്ഞില്ല.

വീടെവിടെയെന്ന് മാത്രം ചോദിച്ചു.

അയാള്‍ സ്ഥലം പറഞ്ഞു. തൊട്ടടുത്ത പഞ്ചായത്ത്. കണ്ടെയ്ന്‍മെന്റ് സോണായി ആഴ്ചകള്‍ക്ക് മുന്‍പേ അടച്ചിട്ടിരിക്കുന്ന സ്ഥലം. ഗോപിപിള്ളക്ക് തൃപ്തിയായി.

ഓട്ടോ സ്റ്റാന്റെത്തി. അപരിചിതന്‍ ഓട്ടോയില്‍ കയറിയിരുന്നു.
നന്ദി പറഞ്ഞകൂട്ടത്തില്‍ ഓട്ടോ വിടുന്നതിന് മുന്‍പ് അയാള്‍ ഇതും പറഞ്ഞത് ഗോപി പിള്ള കേട്ടു.

‘വീട്ടിലാര്‍ക്കെങ്കിലും കോവിഡുണ്ടോ ചേട്ടാ ? എങ്കില് പണിയായല്ലോ. ‍’

ഓട്ടോ ഡ്രൈവറോട് ഇങ്ങനെയും പറയുന്നത് ഗോപിപിള്ള കേട്ടു.

‘ആളുകള്‍ക്ക് ഒന്നിനും ഒരു ശ്രദ്ധയുമില്ലാത്ത കാലം , അല്ലേ?’

ഗോപിപിള്ളയുടെ ശിരസ്സില്‍ നിന്നും ഒരു കിളി ചിറക് വീശി പറന്നു പോയി.

‘എന്തൊരു കാലം ? ഈ കെട്ടകാലത്ത് പുറത്തിറങ്ങിയതാണബദ്ധം !’
വാസുവേട്ടന്‍‍ പച്ചക്കറികള്‍ വാങ്ങി മടങ്ങാന്‍ റെഡിയായി കടയുടെ വരാന്തയില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

‘പോവാല്ലേ , ഗോപീ.’

ഗോപിപിള്ള , വാസുവേട്ടന് കയറാനായി കുട നീട്ടി.

ചാറ്റല്‍ മഴ പെയ്യുന്നുണ്ട്.



അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഓൺലൈൻ കാലത്തെ ഓഫ്‌ലൈൻ കാഴ്ച്ചകൾ
Next articleജീവിതയാത്ര
പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളില്‍ പ്രധാന അധ്യാപകനായിരുന്നു.സ്വദേശം ചെറായി.ഇപ്പോള്‍ നോര്‍ത്ത് പറവൂരില്‍ താമസിക്കുന്നു.പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു.ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്. ' വസന്തത്തിന്റെ ഓര്‍മ്മക്ക് ' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു.ഈ പുസ്തകത്തിന് കോട്ടയം കേന്ദ്രമായുള്ള "പരസ്പരം വായനക്കൂട്ടം പുരസ്ക്കാരം 2020 " ലഭിച്ചു. ഭാര്യ - വി.വി.സിന്ധു ( അധ്യാപിക ) മക്കള്‍ - ഹരിശങ്കര്‍, ഗൗരിലക്ഷ്മി ( വിദ്യാര്‍ത്ഥികള്‍ ) വിലാസം എം എന്‍ സന്തോഷ് മണിയാലില്‍ ഹൗസ് കേസരി കോളേജ് റോഡ് നോര്‍ത്ത് പറവൂര്‍ എറണാകുളം ഫോണ്‍ 9946132439

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here