കവി എം.എൻ പാലൂർ(86) അന്തരിച്ചു. കോഴിക്കോട് കോവൂരെ വസതിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലയിൽ പാറക്കടവിൽ 1932 ലാണ് പാലൂർ ജനിച്ചത്. യഥാർഥ പേര് പാലൂർ മാധവൻ നമ്പൂതിരി. എയർ ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു.
അദ്ദേഹത്തിന്‍റെ ഉഷസ് എന്ന കവിതയാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പേടിത്തൊണ്ടൻ, കലികാലം, തീർഥയാത്ര,സുഗമ സംഗീതം, കവിത ഭംഗിയും അഭംഗിയും, പച്ചമാങ്ങ, കഥയില്ലാത്തവന്‍റെ കഥ(ആത്മകഥ) തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേന്ദ്ര, കേരള പുരസ്കാരങ്ങളും ആശാൻ സാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2013 ലാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.
ഭംഗിയും അഭംഗിയും
എം.എൻ.പാലൂർ
മഴ പെയ്തപ്പോളെന്റെ
മുറ്റത്തു പേരില്ലാത്ത
ചെടികളോരോന്നായി
മുളച്ചു, പൂവുണ്ടായി.
പൂവിലെത്തേനുണ്ണുവാൻ
പറന്നു വന്നൂ തൊട്ടാൽ
നോവുന്ന നാനാവർണ്ണ-
പ്പൂമ്പട്ടു കുപ്പായക്കാർ
അവരെച്ചൂണ്ടിക്കാട്ടി-
യെൻ മകൾ തുള്ളിച്ചാടി-
യവിടേക്കെത്തീ, മുറ്റ-
ത്തേക്കു ഞാനൊപ്പം ചെന്നു.
അര മാത്രകൊണ്ടവൾ
പിടിച്ചൂ നാലഞ്ചു ഷഡ് –
പദമക്കുഞ്ഞിക്കയ്യിൽ
പിടഞ്ഞു മരിക്കുന്നു.
പിന്നെയാ നിറമേറും
ചിറകോരോന്നായെടു-
ത്തെന്നുടെ മകളതു
കാട്ടിത്തന്നേവം ചൊല്ലി:
“എനിക്കീ നിറങ്ങളിൽ
കുപ്പായം വാങ്ങിക്കേണം
എടുത്തു വയ്ക്കാം, നാളെ
മകളും കൂടെപ്പോരാം “
ആട്ടെ,യെന്നല്ലാതെന്തു
ചൊല്ലും ഞാൻ, ചൊല്ലീ, കര-
യട്ടെ, യിങ്ങനെയാണീ
ലോകത്തിലെല്ലാമെന്നോ !