{അന്തരിച്ച കവി പാലൂരിനെ സുഭാഷ് ചന്ദ്രൻ ഓർക്കുകയാണിവിടെ }
ആദരവോടെയുള്ള കൂപ്പുകൈയ്ക്ക് സംസ്‌കൃതത്തില്‍ പറയുന്ന ഒറ്റവാക്കാണ് ആദരാഞ്ജലി. മലയാളത്തില്‍ പക്ഷേ അതൊരു മരണാനന്തരവാക്കാണ്.ജീവിച്ചിരിക്
വേദിയിലേക്ക് കയറാന്‍ നേരത്ത് അദ്ദേഹം പറഞ്ഞു:’ ഒന്നു പിടിക്കൂ. എനിക്ക് മുട്ടുമടക്കാന്‍ വയ്യ!’
ഞാന്‍ അദ്ദേഹത്തിന്റെ കൈയില്‍ പിടിച്ചു. പേനമാത്രമല്ല, ഒരു കാലത്ത് ഡ്രൈവിങ് വളയവും പിടിച്ച കൈയാണല്ലോ ഇദ്ദേഹത്തിന്റേത് എന്നോര്‍ത്തു. കവിതയുടെ മുഗ്ദ്ധത മാത്രമല്ല, ജീവിതക്‌ളേശങ്ങളോട് പടപൊരുതിയതിന്റെ ദാര്‍ഢ്യവും അതില്‍ തഴമ്പായി കിടപ്പുണ്ട്. അദ്ദേഹത്തെ കസേരയില്‍ ഇരുത്തിയ ശേഷം ഞാന്‍ മൈക്കിനടുത്തുവന്ന് മുന്നില്‍ സാകൂതം ഇരിക്കുന്ന യുവപ്രതിഭകളോടായി പറഞ്ഞു :’ ഇത് നമ്മുടെ കാലഘട്ടത്തിലെ ഒരു വലിയ കവിയാണ്. ശ്രീ എം.എന്‍. പാലൂര്. കഥയില്ലാത്തവന്റെ കഥ എന്ന പകരംവയ്ക്കാനില്ലാത്ത ആത്മകഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കി ആദരിച്ച എഴുത്തുകാരന്‍. കാസറ്റ് കവികളുടെ പെരുമഴയില്‍നിന്ന് ഒഴിഞ്ഞകന്ന് ഈ നഗരപ്രാന്തത്തില്‍ എത്രയോ വര്‍ഷങ്ങളായി ശാന്തനായി ജീവിക്കുന്ന ഒരു ഒറിജിനല്‍ കവി. നിങ്ങളുടെ തലമുറയ്ക്ക് ഒരു പക്ഷേ അജ്ഞാതന്‍. എന്നാല്‍ മലയാളകവിതയെ സ്‌നേഹിക്കുന്നവര്‍ക്കൊക്കെയും സമാരാധ്യന്‍!’
അതൊന്നും കേട്ടമട്ടില്ലാതെ ഇരിക്കുന്ന കവിയെ ഞാന്‍ കുട്ടികളോട് സംസാരിക്കാനായി ക്ഷണിച്ചു. കൈപിടിച്ച് എഴുന്നേല്‍പിച്ച് മൈക്കിനു മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് വാര്‍ധക്യം തീണ്ടാത്ത ഒരു മന്ദഹാസം വിരിഞ്ഞു. അതില്‍ വേദന ഊറിനിന്നിരുന്നു.
മാതൃഭൂമി സ്റ്റഡിസര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്ന സാഹിത്യശില്പശാലയുടെ അവസാനദിവസമാണ്. അഖില കേരളാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന നൂറ് കോളേജ് വിദ്യാര്‍ഥീവിദ്യാര്‍ഥിനികളാണ് ക്യാമ്പിലെ അംഗങ്ങള്‍. മലയാളത്തിലെ പ്രഗല്‍ഭരായ മിക്കവാറും എല്ലാ എഴുത്തുകാരും വന്ന് മുട്ടയില്‍നിന്ന് വിരിഞ്ഞുവരുന്ന പ്രതിഭാശാലികളോട് സംസാരിക്കും. കഴിഞ്ഞ മൂന്നാല് വര്‍ഷങ്ങളായി എന്നെയാണ് ക്യാമ്പിന്റെ ഡയറക്ടറായി മാതൃഭൂമി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ പാലൂരിനെ കൊണ്ടുവരണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. വിളിച്ചപ്പോള്‍ അദ്ദേഹത്തിന് ചടങ്ങുകള്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നു. വയസ്സ് എണ്‍പത് കഴിഞ്ഞിരിക്കുന്നു. അല്‍ഷിമേഴ്‌സിന്റെ അസ്‌ക്യത ആരംഭിച്ചിട്ടുണ്ട്. പിന്നെ മുട്ടുമടക്കാനും ബുദ്ധിമുട്ട്. സ്‌നേഹത്തോടെ നിര്‍ബന്ധിച്ചപ്പോഴാണ് സമ്മതിച്ചത്. ‘അക്കിത്തം തിരുമേനി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയല്ലേ, അതില്‍ പങ്കെടുക്കുന്നത് എന്റേയും സുകൃതം’, എന്ന് ഫോണില്‍കൂടി മുഖ്യ സംഘാടകന്‍ ഷെനിത്തിനോട് അദ്ദേഹം പറഞ്ഞിരുന്നു.
മൂന്നുദിവസമായി കുട്ടികള്‍ മുപ്പതിലേറെ എഴുത്തുകാരുടെ പ്രസംഗങ്ങള്‍ കേട്ടുകഴിഞ്ഞിരുന്നു. എഴുത്തിലെന്ന പോലെ മൈക്കിനുമുന്നിലും മിടുക്കുള്ളവര്‍. എന്നാല്‍ ഓര്‍മക്കുറവും മുട്ടുവേദനയുമായി നില്‍ക്കുന്ന ഈ മനുഷ്യനെ ഞങ്ങള്‍ കൊണ്ടുവന്നത് കുട്ടികള്‍ക്ക് അദ്ദേഹത്തെ ഒന്നു കാണാമല്ലോ എന്ന വിചാരത്തോടെയായിരുന്നു. മിണ്ടാനും പ്രസംഗിക്കാനുമെല്ലാം അദ്ദേഹത്തിനു പ്രയാസമാണെന്ന് മുന്നറിവുകിട്ടിയിരുന്നതുതന്നെ കാരണം.
‘എനിക്ക് കുറേ വയസ്സായി’, അദ്ദേഹം ഇടറുന്ന ശബ്ദത്തില്‍ പറഞ്ഞുതുടങ്ങി: ‘ എണ്‍പതോ മറ്റോ കഴിഞ്ഞിട്ടുണ്ടാവും. എത്രയെന്ന് കൃത്യമായി ഓര്‍ക്കാന്‍ പറ്റുന്നില്ല. ഓര്‍മക്കുറവു വരുന്ന ഒരു രോഗമുണ്ടല്ലോ, ഓ, അതിന്റെ പേരും ഓര്‍മവരുന്നില്ല!’
അങ്ങനെ സങ്കടനിര്‍ഭരമായ ആ സംസാരം അധികം മുന്നോട്ടുപോകില്ലെന്ന് എനിക്ക് തോന്നി. അദ്ദേഹത്തിന്റെ സ്വരം കൂടുതല്‍ ഇടറുന്നു. വാക്കുകള്‍ ഓര്‍മകിട്ടാത്തതുകൊണ്ടാണോ മുട്ടുവേദനകൊണ്ടാണോ എന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിയാതിരുന്ന ഒരു യാതന കണ്ണടയ്ക്കുള്ളില്‍ മുനിയുന്നു. അടുത്തുചെന്ന് ഞാന്‍ അദ്ദേഹത്തോട് സ്വരം താഴ്ത്തിപ്പറഞ്ഞു:’ കുട്ടികള്‍ക്ക് കേള്‍ക്കാന്‍ ഉഷസ്സ് എന്ന കവിത ഒന്നു ചൊല്ലാമോ?’
പൊടുന്നനെ ആ മുഖം വിടര്‍ന്നു. കൗമാരത്തില്‍ മുതിര്‍ന്ന കവികള്‍ ആ കവിത ചൊല്ലുന്നതുകേട്ട് പുളകം കൊണ്ടിട്ടുണ്ട്. പുതിയ യുവാക്കള്‍ അതെങ്ങനെയാകും സ്വീകരിക്കുക എന്നുറപ്പില്ല. എന്നാല്‍ എക്കാലത്തേയും പുതിയ തലമുറയോട് ജീവിതമെന്തെന്നറിഞ്ഞ ഒരു വലിയ മനുഷ്യന്റെ നിവേദനമാണല്ലോ ആ കവിത!
അദ്ദേഹം കണ്ഠശുദ്ധിവരുത്തുന്നതുകണ്ടപ്പോ ള്‍ സന്ദേഹിച്ചു. സ്വന്തം വയസ്സ് ഓര്‍മകിട്ടാത്ത ഒരാള്‍ താന്‍ പണ്ടെപ്പോഴോ എഴുതിയ കവിത മനപ്പാഠം ചൊല്ലി പൂര്‍ത്തിയാക്കുമോ?
അപ്പോള്‍ ആ അത്ഭുതം സംഭവിച്ചു: എണ്‍പതുപിന്നിട്ട ഒരു വൃദ്ധന്റെ യാതൊരു ലാഞ്ഛനയുമില്ലാതെ എം.എന്‍. പാലൂര്‍ ആ കവിത ഉറക്കെ ചൊല്ലിത്തുടങ്ങുന്നു!
‘ഉഷസ്സേ മനുഷ്യന്റെ സൗന്ദര്യസങ്കല്പമാകെ കുഴച്ചാരു നിര്‍മിച്ചുനിന്നെ?’ ആ ശബ്ദനദി സമ്മേളനഹാളിന്റെ ചുമരുകളെ ഭേദിച്ച് പുറത്തേക്ക് കുതിക്കുന്നു. വൃദ്ധന്‍ എന്ന വാക്കിനര്‍ഥം വര്‍ധിച്ചവന്‍ എന്നു മാത്രമാണെന്ന് തിരുത്തിക്കൊണ്ട് വര്‍ധിതോല്ലാസം ആ കവിത നിര്‍ബാധം ഒഴുകുന്നു. ഒരു വരി പോലും തെറ്റാതെ, ഒരക്ഷരം പോലും ഇടറാതെ, ഒരായുഷ്‌കാലം കൊണ്ട് താന്‍ നേടിയെടുത്ത ജീവിതദര്‍ശനം അതാ ഉഷസ്സുപോലെ ഈ മുത്തച്ഛനില്‍നിന്ന് ഉദിച്ചുപൊങ്ങുന്നു.
അസ്തമയം താന്‍ കണ്ടുതുടങ്ങുന്നുവെന്നും എന്നാല്‍ തനിക്കതില്‍ പരാതിയോ ദുഃഖമോ ഇല്ലെന്നും തന്റെ ഇത്തിരിപ്പോന്ന ഈ മൃണ്‍മയശരീരമാകുന്ന ചെരാതില്‍ ഒരു ദീപം തെളിയിച്ചിട്ട് കൃതാര്‍ഥനായാണ് താന്‍ മടങ്ങുന്നതെന്നും ആ കവിതയിലൂടെ അദ്ദേഹം പുതിയ തലമുറയോട് വിളിച്ചുപറയുന്നു!
അവസാന വരികളിലെത്തിയപ്പോഴേക്കും ആ ശബ്ദത്തിന് ഒരലൗകിക ധ്വനികൂടി കൈവരുന്നതുപോലെ ഞങ്ങള്‍ക്ക് തോന്നാന്‍ തുടങ്ങി. വീര്യവും പ്രതീക്ഷയും ചോരാതെ മനുഷ്യജീവിതം തുടര്‍ന്നുകാണാനുള്ള ഉല്‍ക്കടാഭിലാഷമായിരുന്നു ആ ഈരടി: ‘ഇതാണെന്റെ മോഹം, ഇതാണെന്റെ മോഹം, ഇതാണെന്റെ തീരാത്ത തീരാത്ത ദാഹം!’
അവിടെയെത്തിയപ്പോള്‍ ആന്തരികമായ ഒരു തള്ളലിന്റെ ബലത്തില്‍ നൂറുകുട്ടികളും കസേരയില്‍നിന്ന് താനേ എഴുന്നേറ്റു. അവര്‍ കണ്ണീരോടെ കൈയടിച്ചുകൊണ്ടേയിരുന്നു.
എം.എന്‍. പാലൂര്‍ എന്ന വൃദ്ധന് അവരെ കാണാനാകുമായിരുന്നില്ല. കട്ടിക്കണ്ണടയ്ക്കും സഹായിക്കാനാവാതെ കണ്ണീര് അദ്ദേഹത്തിന്റെ കാഴ്ചയ്ക്ക് മറക്കുട പിടിച്ചിരുന്നു.
മണ്‍മറഞ്ഞുപോയ മുഴുവന്‍ എഴുത്തുകാരേയും ഓര്‍ത്ത് അപ്പോള്‍ എന്റെ ആത്മാവും വാവിട്ടുനിലവിളിക്കാന്‍ തുടങ്ങി.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘പാഠപുസ്തകം’ എന്ന സുഭാഷ് ചന്ദ്രന്റെ ഓർമക്കുറിപ്പുകളില്‍ നിന്ന്)