ജിദ്ദ: അറേബ്യയും കേരളവുമായുള്ള ബന്ധം ഇസ്‌ലാമിൻറെ ആവിർഭാവത്തിനും നൂറ്റാണ്ടുകൾക്ക് മുമ്പുള്ളതാണെന്നും മലയാള ഭാഷയ്ക്കും സംസ്കാരത്തിനും അറബികൾ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്നും എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എൻ.കാരശ്ശേരി അഭിപ്രായപ്പെട്ടു. വാണിജ്യാവശ്യങ്ങൾക്ക് കോഴിക്കോട്ടെത്തിയ അറബികളുമായുള്ള സമ്പർക്കത്തിലൂടെ സാസ്കാരിക വിനിമയം സാദ്ധ്യമാകുകയും ഭാഷയ്ക്ക് നിരവധി വാക്കുകൾ ലഭിക്കുകയും ചെയ്‌തു. മലയാളത്തിലുള്ള കലാശം, കത്ത്, ബാക്കി, ഹൽവ, ആമേൻ, ഹാജർ, മയ്യിത്ത്, ഇബ്‌ലീസ് തുടങ്ങി നിരവധി വാക്കുകളും കേരളത്തിനു പകരമായി ഉപയോഗിച്ചിരുന്ന ‘മലബാർ’ എന്ന പേര് തന്നെ അറബികൾ നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു. മലയാളം മിഷൻ ആഗോള തലത്തിൽ നടത്തുന്ന ‘ഭൂമിമലയാളം’ ഭാഷാ-സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി സൗദി ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച വെർച്വൽ സാംസ്‌കാരിക സംഗമവും ഭാഷാ പ്രതിജ്ഞയും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറേബ്യൻ സംഗീതത്തിൻറെയും ദ്രാവിഡ സംഗീതത്തിന്റെയും മിശ്രമായ മാപ്പിളപ്പാട്ടും സമ്പന്നമായ എഴുത്തുഭാഷയായ അറബി മലയാളത്തിൽ 1607 ൽ എഴുതപ്പെട്ട മൊഹിയുദ്ദീൻ മാലയടക്കമുള്ള മാപ്പിള സാഹിത്യ കൃതികളും മലയാളത്തിലെ ശക്തമായ അറേബ്യൻ സ്വാധീനം അടയാളപ്പെടുത്തുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്‌ത നോവലിസ്റ്റ് കെ.പി.രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി. മലയാളിയുടെ എല്ലാ നേട്ടങ്ങൾക്കും സിദ്ധികൾക്കും ശേഷികൾക്കും അടിസ്ഥാനപരമായി കടപ്പെട്ടിരിക്കുന്നത് മാതൃഭാഷയായ മലയാളത്തോടാണെന്നും ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്ത് മലയാളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളി അവൻറെ മതേതരത്വ ബോധവും സമത്വഭാവനയും നീതിബോധവുമെല്ലാം പടുത്തുയർത്തിയിരിക്കുന്നത് മാതൃഭാഷയുടെ ഉണ്മയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളം മിഷൻ ഡയറക്‌ടറും എഴുത്തുകാരിയുമായ പ്രൊഫ.സുജ സൂസൻ ജോർജ്ജ് മാതൃഭാഷാ സന്ദേശം നൽകി.
സാംസ്‌കാരിക സംഗമത്തിൽ മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസിഡൻറ് എം.എം.നഈം അധ്യക്ഷത വഹിച്ചു. വിദഗ്‌ധ സമിതി ചെയർമാൻ ഡോ.മുബാറക്ക് സാനി മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത് സാംസ്‌കാരിക സംഗമത്തിൽ സ്വാഗതം ആശംസിച്ചു. ലോകകേരള സഭ അംഗങ്ങളായ കെ.പി.എം.സാദിഖ്, പവനൻ മൂലിക്കീൽ, നന്ദിനി മോഹൻ, മലയാളം ന്യൂസ് എഡിറ്റർ മുസാഫിർ, എഴുത്തുകാരി ബീന, കഥാകൃത്തുക്കളായ ജോസഫ് അതിരുങ്കൽ, റഫീഖ് പന്നിയങ്കര, എഴുത്തുകാരൻ എം.ഫൈസൽ, മാധ്യമ പ്രവർത്തകരായ സാജിദ് ആറാട്ടുപുഴ, ഷക്കീബ് കൊളക്കാടൻ, ജാഫർ അലി പാലക്കോട്, കനക ലാൽ, അക്ബർ പൊന്നാനി, ജയൻ കൊടുങ്ങല്ലൂർ, റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറിയും മലയാളം മിഷൻ ചാപ്റ്റർ ജോയിൻറ് സെക്രട്ടറിയുമായ നൗഷാദ് കോർമത്ത്, ചാപ്റ്റർ കൺവീനർ ഷിബു തിരുവനന്തപുരം, ചാപ്റ്റർ കമ്മിറ്റി അംഗം സീബ കൂവോട്,മേഖലാ കോ-ഓർഡിനേറ്റർമാരായ റഫീഖ് പത്തനാപുരം, രമേശ് മൂച്ചിക്കൽ, ജിതേഷ് പട്ടുവം, ഉബൈസ് മുസ്തഫ, നാടക നടനും സംവിധായകനുമായ കെ.പി.എ.സി അഷറഫ് സാംസ്കാരിക പ്രവർത്തകരായ നസീർ വാവകുഞ്ഞു, നിബു മുണ്ടികപ്പള്ളി, വെന്നിയൂർ ദേവൻ, മനാഫ് പാലക്കാട്, ഷാനവാസ് എന്നിവരും മലയാളം മിഷൻ പ്രവർത്തകരും വെർച്വൽ സാംസ്‌കാരിക സംഗമത്തിലും ഭാഷാപ്രതിജ്ഞയിലും പങ്കെടുത്തു. മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്‌ധസമിതി അംഗം ഷാഹിദ ഷാനവാസ് പരിപാടികൾ നിയന്ത്രിച്ചു. മലയാളം മിഷൻ വിദ്യാർത്ഥികളായ ടി.എം.ഖദീജ, ശ്രേയ സുരേഷ് എന്നിവർ മലയാള ഭാഷയെക്കുറിച്ചുള്ള കവിതകൾ ആലപിച്ചു. സൗദി ചാപ്റ്റർ വൈസ് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ നന്ദി പറഞ്ഞു.