എം. മുകുന്ദന്‍റെ പ്രശസ്തമായ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ഡി. മനോജിന്‍റെ -മയ്യഴിയിലൂടെ- ഫോട്ടോ പ്രദർശനം എറണാകുളം ദർബാർ ഹാളിൽ നടന്നു. എം. മുകുന്ദൻ ഉദ്ഘാടനം ചെയ്ത പ്രദർശനത്തിന് ഏറെ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവർ പങ്കെടുത്തു.ഒന്നരവർഷം നീണ്ട പ്രയത്നത്തിലൂടെയാണ് മയ്യഴിപ്പുഴയിലെ വിവിധ കഥാസന്ദർഭങ്ങൾ ഫ്രെയിമിലാക്കിയത്. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ വൈസ്രവണൻ ചെട്ടിയാർ കുഞ്ഞിമാണിക്യത്തെ പ്രാപിച്ച സ്ഥലവും ഷണ്ഡൻ സായ്‌വ് ദുഃഖഗാനം ആലപിച്ച മാളികയും അടങ്ങുന്ന പ്രദേശങ്ങളെ പുനർജനിപ്പിക്കുകയാണ് മനോജിന്‍റെ ഫോട്ടോപ്രദർശനം. വടക്കൻ പറവൂർ സ്വദേശിയായ മനോജ് ചിത്രകാരനും മാധ്യമപ്രവർത്തകനുമാണ്.