എം.ഗോവിന്ദന്റെ കവിത

untitled-1
എം. ഗോവിന്ദന്റെ കവിതകളെപ്പറ്റി കവിയും,നോവലിസ്റ്റുമായ കരുണാകരൻ പങ്കുവെച്ച കുറിപ്പ്:

‘ഈയിടെ, എം ഗോവിന്ദന്റെ കവിതകളുടെ സമ്പൂര്‍ണ കവിതകളുടെ സമാഹാരം ഡി സി യില്‍ നിന്നും ഇറങ്ങുന്നതിനു തൊട്ടു മുമ്പാണ്, കവി സുഹൃത്ത് ഗോവിന്ദനെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ല, ഞാന്‍ പറഞ്ഞു. പക്ഷെ ഇവിടെയൊക്കെ ഉണ്ട്. രണ്ട്‌ രാജ്യങ്ങളിലിരുന്ന് രണ്ട്‌ നേരമുള്ള ഒരു രാത്രിയില്‍ ഞങ്ങള്‍ ഗോവിന്ദനെ പറ്റിയും ഗോവിന്ദന്‍റെ കവിതയെപ്പറ്റിയും പറഞ്ഞു.

എഴുതുന്നവരുടെയും വായിക്കുന്നവരുടെയും ഓര്‍മ്മയില്‍, എഴുത്തുകാര്‍, മരിച്ചവരും ജീവിക്കുന്നവരും, ട്രാഫിക്ക് സിഗ്നലില്‍ റോഡ്‌ ക്രോസ് ചെയ്യാന്‍ നില്‍ക്കുന്ന ചെറിയ ആള്‍ക്കൂട്ടംപോലെയാണ്. കലര്‍ന്നുള്ള ആ നില്‍പ്പില്‍ മരിച്ചവരും ജീവിച്ചവരും അപ്പുറത്തേക്ക് ഒരുപോലെ നോക്കി നില്‍ക്കുന്നു. ഗോവിന്ദനെ ഓര്‍ക്കുമ്പോള്‍ പക്ഷെ മരിച്ചതുപോലെ തോന്നില്ല. ആ ആള്‍ പക്ഷെ ജീവിച്ചിരിക്കുന്നുമില്ല. ഗോവിന്ദനെ കണ്ടും കേട്ടും പരിചയമുള്ളവരോട് അദേഹത്തെപ്പറ്റി ഞാന്‍ ചോദിച്ചിട്ടുണ്ട്. ഗോവിന്ദന്‍ എങ്ങനെയായിരുന്നുവെന്നതിനേക്കാള്‍ ആ ആള്‍ അവരെ നേരിട്ടവിധമാണ് പലരും പറഞ്ഞത്. അവരുമായി ഇടപെടുകയല്ല അവരെ കാണുകയാണ് ഗോവിന്ദന്‍ ചെയ്തത് എന്ന് അപ്പോഴൊക്കെ തോന്നുകയും ചെയ്തു. ഗോവിന്ദനെപ്പറ്റി എനിക്ക് ഓര്‍മ്മയുള്ള രണ്ടു കവിതകള്‍ എഴുതിയത് കണിശമായും രണ്ടു സ്വഭാവമുള്ള കവികളാണ് എന്ന് പറയുമ്പോള്‍ ആ ‘കാണല്‍’ ബോധ്യമാവുന്നു. ആറ്റൂര്‍ രവിവര്‍മ്മയും മേതില്‍ രാധകൃഷ്ണനുമാണ് ആ കവികള്‍. ആ രണ്ടു കവിതകളെപ്പറ്റിയും ആ രണ്ടു കവികളുടെയും സമാഹാരങ്ങളില്‍ എഴുതാന്‍ എനിക്ക് അവസരവും കിട്ടി : ഒരാളെ ഓര്‍ക്കുക എന്നാല്‍ വേറെയും ആളുകളെ ഓര്‍ക്കലാണ് എന്ന വിധം. പിന്നൊരിക്കല്‍, ഗോവിന്ദന്റെ ‘സര്‍പ്പം’ എന്ന കഥയെക്കുറിച്ചും എഴുതി ആ ഓര്‍മ്മയിലേക്ക് പോയി.

എഴുത്തിന് അധികാരവുമായുള്ള സമ്പര്‍ക്കം സാമൂഹികമായ ഒരു ഇടപാടല്ല; മറിച്ച്, വ്യക്തിയുടെ തന്നെ സാമൂഹികമായ ഘടനയോടുള്ള അഭിമുഖീകരണമാണ്. അങ്ങനെയാണ് അത് എഴുത്തുകാരില്‍ പ്രകടിപ്പിക്കപ്പെടുന്നത്. ആ നിമിഷം ദീര്‍ഘമായിരുന്നു ഗോവിന്ദനില്‍. തെരുവില്‍നിന്നുമുള്ള അനവധി ശബ്ദങ്ങള്‍ ജനലിലൂടെ വരുന്നുണ്ടാകും ഗോവിന്ദന്‍ സംസാരിക്കുമ്പോള്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരിക്കല്‍ ഗോവിന്ദനെപ്പറ്റി ചോദിച്ചപ്പോള്‍ തന്റെ ‘കാണല്‍’ പറഞ്ഞു. മദ്രാസിലെ ഹാരിസ് റോഡിലുള്ള ഗോവിന്ദന്റെ വീട്ടിലെ കണ്ടുമുട്ടലാണ് പറയുന്നത്. ജനലിനഭിമുഖമായിട്ടാണ് ഇരിക്കുക, ചെറിയ ശബ്ദത്തിലാണ് സംസാരിക്കുക, പറയുന്നത് കേള്‍ക്കാന്‍ നല്ല ശ്രദ്ധ വേണം. തന്റെ ആ ഇരിപ്പ്‌ അടൂര്‍ അഭിനയിച്ചു കാണിച്ചു.

മേതിലിന്റെ എം. ഗോവിന്ദന്‍ എന്ന കവിതയില്‍, “ഋതുക്കള്‍ പഠിപ്പിക്കാന്‍ അദ്ദേഹം ഇറയത്തൊരു ചെടി നട്ടുപോയിരിക്കുന്നു” എന്ന് കാണാം. എഴുത്തിനെ ആശയങ്ങളുടെകൂടി ആവിഷ്കാരം (മാധ്യമം എന്ന് മനസ്സിലാക്കരുത്) എന്ന നിലയില്‍ കണ്ടുമുട്ടുമ്പോള്‍ സര്‍ഗാത്മകമാവുന്ന ഒരു ചൊടി ഗോവിന്ദന്റെ എഴുത്തിലൊക്കെയുണ്ട് എന്ന് തോന്നാറുണ്ട്, അതിനാല്‍ പലപ്പോഴും കണ്ടുമുട്ടുന്നു. തൊട്ടുമുമ്പേയും.’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here