വല്യ വായിട്ടലച്ചലമ്പു കാട്ടി
കുറുമ്പ് നോറ്റ് ശണ്ഠ കൂടി
തിണ്ണ കേറിയിറങ്ങി നടക്കും
കുഞ്ഞു വഴക്കാളിയൊന്നു
കോട്ടുവായിട്ടു കണ്ണും തിരുമ്മി
ചിന് ചിനെ ചിനച്ചിരിക്കുന്നേരം,
അക്കുസൃതിക്കുരുത്തക്കേടിൻ
കുഞ്ഞു നെറുകയിലൊന്നു മുത്തി
വലംകൈയാൽ ചേർത്തണച്ചു
ഇടങ്കാലിൽ താളമിട്ടു
കാവലായ് കൂടെ ചേർന്ന്
കെട്ടിപ്പിടിച്ചുമ്മവെച്ചുറക്കുന്നൊരു
മുത്താച്ചിത്താരാട്ടു താളം
ഓർമ്മയിലുണ്ടാക്കാലമിന്നും
ഉറക്കം പുല്കാതക്ഷികൾ തളരവേ
കേൾപ്പതുമുണ്ടാ താളമിന്നും
എങ്കിലും മോഹിച്ചു പോകുന്നെൻ മനം
ഓർമ്മയാകാതിരുന്നെങ്കിലെന്ന്
ചന്ദനത്തിരിമണമായ്
മാഞ്ഞു പോകാതിരുന്നെങ്കിലെന്ന്
കൂടെയിന്നും കണ്ടെങ്കിലെന്ന്
വൃഥാ പിന്നെയും
മോഹിച്ചു പോകുന്നുണ്ടെൻ മനം