സ്കൂളിൻ്റെ പടികെട്ടിന് താഴെ എത്തിയപ്പോഴേക്കും നേരം വൈകിയിരുന്നു. ധൃതിയിൽ മകളെ സ്കൂളിലേക്ക് കയറ്റിവിട്ട്, ഓട്ടോയ്ക്കും മറ്റുമായി വന്നിറങ്ങുന്ന കുട്ടികൾക്കിടയിലൂടെ ലളിത ശ്രമപ്പെട്ട് നടന്നകന്നു. അഞ്ചു മിനിറ്റിനകം പുറപ്പെടുന്ന സെൻറ് തോമസ് ആണ് ലളിതയുടെ ഈ ധൃതിക്ക് കാരണം. എന്നത്തെയും പോലെ അവസാനനിമിഷം അവൾ എങ്ങനെയൊക്കെയോ അതിൽ കയറിക്കൂടി. അപരിചിതർക്കും പരിചിതർക്കും ഒരുപോലെ വാതിലുകൾ തുറന്നുകൊടുത്ത് ബസ്സ് സാവധാനം നിരത്തിലൂടെ നീങ്ങി. ഒടുവിൽ നാൽപത്തിയഞ്ചു മിനുട്ടിൻ്റെ യാത്രക്ക് ശേഷം ബസ്സ് സ്റ്റാൻ്റിലേക്ക് പ്രവേശിച്ചു.
പ്രഭാതത്തിൻ്റെ തിരക്കിൽ എല്ലാവരും അതിവേഗം ബസ്സൊഴിഞ്ഞു. ധൃതിയുണ്ടായിരുന്നെങ്കിലും മറ്റുള്ളവരുടെ തിരക്കിന് വിലമതിച്ച് ലളിത ഏറ്റവും പിന്നിലായി പുറത്തിറങ്ങി. പരിചതമായ പല മുഖങ്ങളിലും പുഞ്ചിരി വിരിഞ്ഞു. പുഞ്ചിരിയുടെ കനിവുതോന്നിയ മുഖങ്ങൾക്ക് മറുചിരിയേകി അവൾ ഏജൻസിയെ ലക്ഷ്യമാക്കി അതിവേഗം നടന്നു. ലളിതയുടെ ഈ പ്രഭാതസവാരി ആ സ്റ്റാൻ്റിലെ സ്ഥിരക്കാർക്ക് ഒരു പതിവ് കാഴ്ചയാണ്. ഈ നടത്തം അവസാനിച്ചിരുന്നത് മഹാലക്ഷമി ലക്കി സെൻററിനു മുൻപിലാണ്. ലളിതയെ കണ്ടമാത്രയിൽ ബാബുവേട്ടൻ്റെ മുഖം പ്രസന്നമായി.
” ലളിതേ, ഇങ്ങനെ ഓടിവരണ്ട. എല്ലാം ഞാനെടുത്ത് അടുക്കി വച്ചിട്ടുണ്ട് “
ബാബുവേട്ടൻ്റെ കരുതൽ അളവറ്റതാണ്. ചിലപ്പോൾ അതിരു കടക്കാറുണ്ടെന്നു മാത്രം. അതുകൊണ്ട് കരുതലോടെ ഒരു നന്ദിയറിയിച്ച ശേഷം ലളിത എടുത്തുവച്ചിരിക്കുന്ന ലോട്ടറികളിലൂടെ കണ്ണോടിച്ചു. അന്നുച്ചകഴിഞ്ഞ് നറുക്കെടുകേണ്ടിയിരുന്ന കാരുണ്യതൊട്ട് നാലഞ്ചുതരം ലോട്ടറികൾ നിരത്തിവച്ചിരുന്നു. അവയെല്ലാം പല അടുക്കുകളാക്കി ബാഗിൽ ഇട്ടശേഷം അവിടുത്തെ ഇടപാടുകൾ അതിവേഗം പൂർത്തിയാക്കി. ബാബുവേട്ടൻ്റെ കണ്ണുകളുടെ അകമ്പടിയോടെ ലളിത തിരികെ സ്റ്റാൻ്റിൻ്റെ തിരക്കിലേക്ക് നടന്നുകയറി. ബാഗിലെ ലോട്ടറി കെട്ടുകൾ ഓരോന്നായി പുറത്തെടുത്ത് വിരലുകൾക്കിടയിൽ തിരുകി അവൾ ആ വാക്യങ്ങൾ ഉച്ചത്തിൽ ഉരുവിട്ടു
“ഇന്നത്തെ കാരുണ്യ
ഇന്നത്തെ കാരുണ്യ”
ലളിത ആ ബസ്സ് സ്റ്റാൻ്റുകാർക്ക് ഭാഗ്യദേവതയാണ്. ഭാഗ്യമുള്ളവൾ എന്നല്ല, ഭാഗ്യം കൊണ്ടുനടക്കുന്നവൾ എന്നുമാത്രം. തന്നിൽ അടിച്ചേൽപിക്കപ്പെട്ട പേരിന് നേർ വിപരീതമായി കൈവിട്ട സൗഭാഗ്യങ്ങളുടെ കഥയേ അവൾക്കിന്ന് പറയുനുള്ളു. തരക്കേടില്ലാത്ത ചുറ്റുപാടിൽ വളർന്നുവന്ന ലളിത പന്ത്രണ്ടുവരെ പഠിച്ചതാണ്. അതിനു ശേഷമായിരുന്നു സതീശനുമായുള്ള പ്രണയം. ഒന്നിക്കാൻ വീട്ടുകാർ വിലങ്ങുതടിയായപ്പോൾ നാടുവിട്ടു. പ്രാരംഭത്തിലെ ബുദ്ധിമുട്ടുകൾ ഒന്നൊന്നായി തളളി നീക്കിയപ്പോൾ മുൻപോട്ട് അധികം കഠിനമാകില്ലെന്ന് നിനച്ചു. വായ്പ്പയും, പണയവും, സഹായവുമെല്ലാം ചേർത്തുവച്ച് അവർ പണികഴിച്ച രണ്ടുമുറികളുള്ള കൊച്ചു വീട് അവർക്ക് സ്വർഗ്ഗം തന്നെയായിരുന്നു. പ്രാരാബ്ദങ്ങൾക്കിടയിലും വലിയ സന്തോഷവുമായി ആദ്യം ഒരു മകനും പിന്നീട് ഒരു മകളും കടന്നുവന്നു. വിയർപ്പുതുള്ളിക്കൊണ്ട് ജീവിതം പച്ചപിടിപിച്ചു കൊണ്ടിരുന്നപ്പോഴാണ് ദൗർഭാഗ്യം പ്രളയത്തിൻ്റെ രൂപത്തിൽ ലളിതയുടെ ലോകത്തെ കാർന്നുതിന്നാനെത്തിയത്. കർക്കിടകത്തിലെ ഒരു മഴ പെയ്തു തോർന്നപ്പോൾ ലളിതക്ക് നഷ്ടമായത് അവളുടെ പ്രിയതമനേയും പൊന്നോമന മകനേയുമാണ്. ജീവിതത്തിൻ്റെ കൈപ്പുനിര് കുടിച്ചിറക്കാൻ വിധി ലളിതയേയും മകളേയും ബാക്കിവച്ചു. എന്നിട്ടും അവൾ ഇന്ന് ഒരു ഭാഗ്യദേവതയാണ്. യാദൃശ്ചികം.
സതീശൻ ലോട്ടറിവിറ്റിരുന്ന അതേ സ്റ്റാൻ്റിലാണ് ഇപ്പോൾ ലളിതയും ജീവിതം തുന്നിചേർക്കുന്നത്. രാവിലെ തുടങ്ങുന്ന അലച്ചിൽ അവസാനിപ്പിക്കുന്നത് നാലരയുടെ ഓർഡിനറിയാണ്. അതിലും വൈകികൂടാ, മകൾ ഒറ്റക്കാണ്. ഭാഗ്യം കച്ചവടം ചെയ്യുന്ന ലളിതയുടെ വരുമാനവും ഭാഗ്യത്തിൻ്റെ കരങ്ങളിലായിരുന്നു. ചില ദിവസം ഓർഡിനറി യുടെ ജനാലക്കരികിലിരിക്കുമ്പോൾ സംതൃപതിയുടെ ഒരു പുഞ്ചിരി മുഖത്തുണ്ടാകും, മറ്റുചിലപ്പോൾ ആശങ്കയുടെ ചുളിവുകൾ നെറ്റിയിൽ പ്രകടമായി.
ഇന്നും ആശാവഹമായ ഒരു ദിനമല്ല. ഊഴം കാത്തു കിടന്ന ബസ്സുകളിലോരോന്നും കയറിയിറങ്ങിയിട്ടും മുന്നു നാലു ടിക്കറ്റുകൾ മാത്രമാണ് വിൽക്കാനായത്. അതും സ്ഥിരക്കാർക്ക്. പുതുതലമുറക്ക് ലോട്ടറിയുടെ ലഹരിയേതുമില്ല. പഴയതലമുറക്കാകട്ടേ മുൻ കാലങ്ങളിലെ ദൗർഭാഗ്യങ്ങളുടെ ശക്തമായ താക്കീതും. ഉച്ചകഴിഞ്ഞാണ് ഒരു വിഭാഗം ലോട്ടറിയുടെ നറുക്കെടുപ്പ് . അതിനു ശേഷം തൻ്റെ കൈയ്യിലെ ടിക്കറ്റുകളിൽ പലതും വെറും കടലാസ്സു കഷ്ണങ്ങൾ മാത്രമാകുമെന്നുള്ള തിരിച്ചറിവ് ലളിതയുടെ ക്ഷീണം മറച്ചു. അവൾ പകലിൻ്റെ ചൂടിലേക്ക് തീക്ഷണതയോടെ ഇറങ്ങി.
കയറിയിറങ്ങിയുള്ള നടത്തവും , വാതോരാതെ ഉച്ചത്തിലുള്ള വിളിച്ചുപറയുമെല്ലാം ലളിതയെ തെല്ലൊന്നുമല്ല തളർത്തിയത്. അവൾ അൽപ നേരത്തെ വിശ്രമത്തിനായി യാത്രക്കാർക്കായി ക്രമികരിച്ചിരുന്ന ബഞ്ചുകളൊന്നിൽ ഇരുന്നു. സമയം നിർദ്ദയം മുന്നോട്ടോടുന്നത് വാച്ചിലെ സൂചികൾ ഓർമ്മിപ്പിച്ചു. അപ്പോഴാണ് സറ്റാൻ്റിലെ മറ്റൊരു പരിചിത മുഖമായ സേവ്യ റേട്ടൻ അതുവഴി വന്നത്. വറുത്ത കടല വിൽപനക്കാരനാണ് അയാൾ. വിടർന്ന പുഞ്ചിരിയുമായി പ്രഭാതം മുതൽ തൻ്റെ വലിയ പെട്ടി നിറയെ കടലാസ്സിൽ പൊതിഞ്ഞ ചൂടുക ടലയുമായി അയാൾ ഓടി നടന്നു. വെയിൽചൂട് കൂടുതലായിരുന്നെങ്കിലും സേവ്യറേട്ടൻ്റെ പുഞ്ചിരിയിൽ കടല പായ്ക്കറ്റുകൾ പലത് വിറ്റുപോയി.
ബഞ്ചിൽ വിഷമിച്ചിരുന്ന ലളിതയുടെ മനസ്സ് സേവ്യറേട്ടന് മനസ്സിലായി. അൽപം ദൂരത്തു നിന്ന് അയാൾ വിളിച്ചു പറഞ്ഞു
” ലളിതേ, എനിക്ക് ഇന്നത്തെ രണ്ടു ടിക്കറ്റ് മാറ്റി വെച്ചേരേ, പൈസ വൈകിട്ടു തന്നേക്കാം”
ഇതു പറഞ്ഞുകൊണ്ടയാൾ പുറപ്പെടാൻ തുടങ്ങിയ ഒരു ബസ്സിലേക്ക് ചാടിക്കയറി. അയാൾക്ക് ലോട്ടറിയുടെ സൗഭാഗ്യങ്ങളിൽ വിശ്വാസമുണ്ടായിട്ടല്ല, മറിച്ച് ലളിതയുടെ മുഖത്ത് തെല്ലൊരു ആശ്വസം വരുത്താൻ വേണ്ടി മാത്രം. അയാളിത് പലപ്പോഴും ചെയ്യാറുണ്ട്. അതുകൊണ്ടാണയാൾ ഏവർക്കും പ്രിയങ്കരനാകുന്നത്. ഭാഗ്യം തുണക്കാത്ത ഇന്നു കിട്ടിയ ഈ ചെറിയ ആശ്വാസവും ലളിതക്ക് വലുതായിരുന്നു. അവൾ ഏറ്റവും മുൻപിലിരുന്ന രണ്ടു ടിക്കറ്റുകൾ ഭദ്രമായി ബാഗിലേക്ക് എടുത്തുവച്ചു. ക്ഷീണം അൽപം മാറിയിരുന്നതിനാൽ വീണ്ടും അലച്ചിൽ ആരംഭിച്ചു.
നേരം നട്ടുച്ച കഴിഞ്ഞിരിക്കുന്നു. സ്റ്റാൻ്റ് ഉച്ചയുണിൻ്റെ ഇടവേളയിലായിരുന്നു. ബസ്സുകൾ പലത് വന്നും പോയുമിരുന്നു. ഉച്ചഭാഷിണിയിലൂടെയുള്ള അറിയിപ്പുകൾ സദാ മുഴങ്ങിക്കൊണ്ടിരുന്നു. രാവിലെ വീട്ടിൽ നിന്നെത്തിച്ച പൊതിച്ചോറ് ഒരു ബഞ്ചിലിരുന്ന് കഴിച്ച് ലളിതയും വിശപ്പടക്കി. ഇന്നത്തെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുന്നു. കുറേ ലോട്ടറികൾ കൂടെ വിലയില്ലാതായി. ഇങ്ങനെയെല്ലാം ചിന്തിച്ച് കൈകഴുകാനായി പൈപ്പിനടുതെത്തിയപ്പോഴാണ് പൊടുന്നനെ ഫോൺ ശബ്ദിച്ചത്. ബാബുവേട്ടനായിരുന്നു. അവൾ തെല്ലു സങ്കോജത്തോടെ ഫോണെടുത്ത് ചെവിയോടടുപിച്ചു.
” ലളിതേ, നീയിതെവിടെയാ , ഞാൻ സ്റ്റാൻ്റിൽ നോക്കീട്ട് കണ്ടില്ലല്ലോ?”
“ഞാൻ ചോറുണ്ണുവായിരുന്നു “
അയാളുടെ വാക്കുകളിലെ ആവേശത്തിൽ അൽഭുതപ്പെട്ട് ലളിത മറുപടി പറഞ്ഞു.
” ലളിതേ, ഞാൻ രാവിലെ നിനകെടുത്തുവച്ച സീരീസ്സിലെ ഒരു ലോട്ടറിക്കാ ഇന്ന് ഒന്നാം സമ്മാനം. എൺപതുലക്ഷം. നമ്പർ വേണമെങ്കിൽ എഴുതിയെടുത്തോ P – P – 4 – 8 -7-4-7-8 . കിട്ടിയില്ലേ? നീയതാർക്കാ വിറ്റേന്ന് ഓർക്കുന്നുണ്ടോ? അതോ അതിപോഴും നിൻ്റെ കയ്യിലുണ്ടോ? എന്തായാലും നീ നോക്കിയിട്ട് വേഗം വിളിക്കുട്ടോ”
ഇങ്ങേതലക്കൽ നിന്ന് മറുപടിക്ക് കാത്തു നിൽകാതെ അയ്യാൾ ഫോൺവെച്ചു. തനിക്ക് കൈവരാൻ പോകുന്ന ചെറുതല്ലാത്ത ഒരു തുക അയാളെ ആവേശത്തിൻ്റെ കൊടുമുടി കയറ്റിയിരുന്നു.
ഫോൺ വെച്ച നിമിഷം ലളിതയുടെ ഹൃദയം ഒരു നിമിഷത്തേക്ക് മിടിക്കാൻ മടിച്ചു. അധികം ടിക്കറ്റുകളൊന്നും വിറ്റുപോയിട്ടില്ല. അതു കൊണ്ടു തന്നെ ആ ടിക്കറ്റ് എവിടെയാണെന്ന് മനസ്സിലാക്കാൻ ലളിതക്ക് അധികം നേരം വേണ്ടിവന്നില്ല. വിറയാർന്ന കൈ പതിലെ ബാഗിലേക്ക് താഴ്ന്നു. അവസാനം വികലമായ ഓർമ്മയുടെ ശകലങ്ങൾ കണ്ണുകൾ ശരിവച്ചു. അതെ അവതന്നെ. താൻ സേവ്യറേട്ടനായി മാറ്റിവച്ച ടിക്കറ്റുകളിൽ ഒന്ന്. വല്ലാത്തൊരു മരവിപ്പ് ശരീരമാകെ മൂടുന്നതായി അവർക്ക് തോന്നി. ആ ലോട്ടറി നേഞ്ചോടു ചേർത്ത് ആരാലും ശ്രദ്ധിക്കപെടാതെ അവൾ അതിവേഗം സ്റ്റാൻ്റിനു പുറത്തേക്കോടി. പുഴക്കുകുറുകേയുള്ള പാലത്തിലാണ് ആ ഓട്ടം ചെന്നവസാനിച്ചത്.
” എൺപതു ലക്ഷം”. തനിക്കു ചുറ്റുമുള്ളതെല്ലാം ആ ഒരു സംഖ്യ മാത്രം മന്ത്രിക്കുന്നതായി അവൾക്കു തോന്നി. ദിവസേന താൻ മറ്റുള്ളവർക്ക് വാഗദാനം ചെയ്തിരുന്ന സൗഭാഗ്യം ഒടുവിൽ തൻ്റെ കൈകളിൽ തന്നെ വന്നുചേർന്നിരിക്കുന്നു. സേവ്യറേട്ടൻ ടിക്കറ്റുകൾ കണ്ടിട്ടില്ല പണം നൽകിയിട്ടുമില്ല. നീയമപരമായി ടിക്കറ്റിപ്പോഴും തൻ്റെയാണ്. ഇത്തരത്തിൽ നൂറു കാരണങ്ങൾ ലളിതയുടെ മനസ്സ് ചികഞ്ഞെടുത്തുകൊണ്ടിരുന്നു. ഒടുവിൽ, തനിക്കും ഈ സൗഭാഗ്യത്തിനുമിടയിൽ ഒന്നു മാത്രം നിൽക്കുന്നതായി അവർ കണ്ടു. മനസ്സാക്ഷി.
മനസ്സിൽ തെളിഞ്ഞ മകളുടെ മുഖം മനസ്സാക്ഷിയുടെ സ്വരം ദുർബലമാക്കി. ഭർത്താവിൻ്റെയും മകൻ്റെയും ഓർമ്മകളും തകർന്ന വീടും മനസ്സാക്ഷിയുടെ മൊഴികൾക്കു നേരെ നിർദാക്ഷണ്യം ചെവിയടച്ചു. എല്ലാത്തിനും മീതെ സേവ്യറേട്ടൻ്റെ പുഞ്ചിരിക്കുന്ന മുഖവും തെളിഞ്ഞു നിന്നു.
ആശ്വാസത്തിനായി ചുറ്റും നോക്കിയ ലളിതയുടെ തിരച്ചിൽ ചെന്നവസാനിച്ചത് പുഴയിലെ സ്വന്തം പ്രതിബിംബത്തിലാണ്. അത് തന്നോടായി സംസാരിക്കുന്നതായി അവൾക്കു തോന്നി. മനസ്സാക്ഷിയുടെ ശബ്ദം. അതവളോട് ഇങ്ങനെ മന്ത്രിച്ചു “ഇതു നിൻ്റേതല്ല. നിന്നെ സഹായിച്ച മറ്റൊരാളുടേതാണ്. നീ ഭാഗ്യദേവതയാകാൻ വിധിക്കപെട്ടവളാണ്. ഭാഗ്യമുള്ളവളല്ല, ഭാഗ്യം വിൽക്കുന്നവൾ. ഈ സൗഭാഗ്യം തട്ടിയെടുത്ത് ദൗർഭാഗ്യത്തിൻ്റെ ദുർദേവതയാകരുത്.”
മനസ്സിൽ അടിഞ്ഞുകൂടിയ പലതരം ചിന്തകളെ മനസ്സാക്ഷി ധീരതയോടെ നേരിട്ട് വിജയം വരിച്ചു. മനസ്സ് ശാന്തമാക്കി ലളിത സ്റ്റാൻ്റ് ലക്ഷ്യമാക്കി നടന്നു. ആശങ്കകളുടെ കാർമേഘമെല്ലാം മനസ്സിൻ്റെ മാനത്തുനിന്നും നീങ്ങിപോയിരുന്നു. ഈ സമയത്തിനകം തന്നെ സ്റ്റാൻ്റിൽ ഇതൊരു വാർത്തയായിരുന്നു. ലളിതയുടെ വരവ് പല മുഖങ്ങളും പലവിധ ഭാവങ്ങളുടെ അരങ്ങായി. അവളെ കണ്ടതും ഓടിയെത്തിയവരിൽ ബാബുവേട്ടനും, സേവ്യറേട്ടനുമൊക്കെയുണ്ടായിരുന്നു. തനിക്ക് കൈവന്ന സൗഭാഗ്യത്തിൻ്റെ ഒരു സൂചന പോലും അയാൾക്കുണ്ടയിരുന്നില്ല. ലളിത ഒട്ടും മടിച്ചില്ലാ, തനിക്കു ചുറ്റും ഓടികൂടിയവരെ സാക്ഷി നിർത്തി ലളിത സേവ്യറേട്ടനോടായി പറഞ്ഞു
” സേവ്യറേട്ടാ, അത് നിങ്ങടെ ടിക്കറ്റാ “
കൈളിൽ സുരക്ഷിതമായി പിടിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ആ കടലാസ്സുകഷണം അവർ അയാളുടെ നേർക്ക് നീട്ടി. അവിശ്വസനീയതയോടെ , വിറയാർന്ന കൈകളാൽ അയാളത് ഏറ്റുവാങ്ങി. ആൾക്കൂട്ടം അയാളെ ഒരൽഭുത ജീവിയെന്നോണം ഉറ്റുനോക്കി. കണ്ണുകൾ ഓരോന്നായി തന്നിൽ നിന്നടരുന്നത് മനസ്സിലാക്കിയ ലളിത പതിയെ തിരിഞ്ഞു നടന്നു. ഭാഗ്യദേവത തൻ്റെ ഉദ്യമം വിജയകരമാക്കിയിരിക്കുന്നു. ദേവതയുടെ കണ്ണുകളിൽ നിന്നടർന്ന കണ്ണുനീർതുള്ളികൾ ഒരു പുഷ്പാർച്ചനയായി ഭവിച്ചു.
ഭാഗ്യം കനിയാത്ത ഏതാനും കടലാസ്സുകഷ്ണങ്ങൾ ചുരുട്ടിപിടിച്ച്, പതിയെ ചലിച്ചു തുടങ്ങിയ ഓർഡിനറിക്കു പിന്നാലെ ലളിത ഓടി. സംതൃപ്തിയോടെ.