ഭാഗ്യം

 

 

ഒന്ന്

പിന്നിലേയ്ക്കൊരു മാത്ര നോക്കവേ, കുഞ്ഞിളം
കൺകളിൽ കാൺമൂ, പ്രതീക്ഷ തൻ തിരിവെട്ടം.
കുഞ്ഞുടുപ്പുമായ് അച്ഛന്‍ വരുമെന്നൊരാശ –
യാണാ മിഴികളില്‍ കാൺമത്.
കൈവീശി നിൽക്കുന്ന നിൽപ്പുമാ-    മോഹവും നെഞ്ചിലേറ്റി നടന്നയാൾ മെല്ലവേ.

ഒരു പുഞ്ചിരിപ്പൂവ് ഏവർക്കുമേകി,തൻ
മെയ്യോടു ഭാഗ്യക്കുറികൾ അടുക്കിയ
കൊച്ചുപലകയും ചേർത്തു പിടിച്ചയാൾ
നഗരവീഥീകൾ പിന്നിട്ടു പോകയായ്.

രണ്ട്

ആരുമെ വാങ്ങിയില്ലൊരു കുറി പോലുമേ,
താരുപോലെ തളർന്നയാൾ വേനലിൽ …
ചിലര്‍ ചിരിച്ചു, ചിലർ തല ചെരിച്ചു ,
ചിലരവഗണിച്ചു, ചിലരോ നോക്കി നിന്നു.
തനു തളരുമ്പൊഴും തണലു തേടീടാതെ
തപ്തമാം കാറ്റിലൂടൊഴുകി നടന്നയാൾ.

തെല്ലു മുഷിഞ്ഞ വേഷം ധരിച്ചോരു
യാചകനുനേർക്കു നീളുന്ന കാരുണ്യം,
വെയിലതിൽ രക്തവും വേർപ്പാക്കുവോനു
നേർക്കു നീളാത്ത നിയതിയോർത്തീടവെ,
തെല്ലിടനിന്നു പോകുന്നോ പാദങ്ങള്‍ ?
ഇല്ലില്ല … പിന്നെയും മുന്നോട്ടു നീങ്ങുന്നു.

മൂന്ന്

ദിനമിതൊന്നു കൊഴിഞ്ഞു വീണീടുന്നു,
കുടിലു നോക്കി നടന്നയാൾ ഖിന്നനായ്;
വിറ്റഴിക്കുവാനാകാത്ത ഭാഗ്യത്തിൻ
വിത്തുകള്‍ പേറി, ഇടറുന്ന ചുവടുമായ്.

“എന്തു ചൊല്ലേണ്ടു ഇന്നു ഞാന്‍, നിന്നിലെ
മോഹപുഷ്പങ്ങള്‍ വാടാതിരിക്കുവാൻ?
അമ്മയില്ലാത്ത കുഞ്ഞല്ലയോ നീ,
അച്ഛനാവതില്ല നിൻ മോഹങ്ങള്‍…”
പാതി മുറിയുന്ന വാക്കിന്‍റെ മൂർച്ചയിൽ
പാത വെട്ടിത്തെളിയ്ക്കുന്നു ചിന്തകൾ.

നാല്

അകലെയാരെയൊ പരതുന്ന കണ്ണുകൾ
അവിടെയാരെയോ കണ്ടു കൺചിമ്മുന്നു.
ഓടി വന്നവൾ ചാരെ നിന്നീടുന്നു ,
മോടി കൂട്ടുന്ന പാൽനിലാച്ചിരിയുമായ് …
ഒരു നിമിഷം… ചിരി നേർത്തു മായുന്നു
കണ്ണുനീര്‍പ്പുഴ കവിയാൻ തുടങ്ങുന്നു.

കരഞ്ഞു കരളിന്റെ ഭാരമൊന്നൊഴിയവേ
തിരഞ്ഞിടുന്നവൾ എന്തോ പതിവുപോൽ …
കരപുടത്തിങ്കൽ അച്ഛൻ ഒളിപ്പിച്ച,
കടലാസുപൊതിയിലാ കണ്ണൊന്നുടക്കുന്നു.
കൊച്ചുമിടുക്കിയതു മെല്ലെ തുറക്കുന്നു,
പിന്നെ,യച്ഛന്‍റെ നേർക്കവൾ നോക്കുന്നു.

മിഴികൾ പറയുന്നു പറയാതെ മൗനമായ്,
പറയുവാനുളളതെല്ലാം പരസ്പരം.
കുഞ്ഞുടുപ്പ് മോഹിച്ച മനസ്സൊരു,നുള്ള്
മധുരത്തിലെല്ലാം മറക്കുന്നു,
കണ്ണുനീര്‍ മായ്ച്ച് മൃദുവായ് ചിരിക്കുന്നു
കണ്ണിലെ കടൽത്തിരയൊടുങ്ങീടുന്നു.

അഞ്ച്

അന്നേരമതിലെ കടന്നു പോയൊരു കാറ്റ് ,
അരുമയാം മുല്ല തൻ കാതിലായ് ‍ ചൊല്ലുന്നു:
“അല്ലലിൻ ആഴികൾ തന്നിലും, ചിരിമുത്തു
കണ്ടെത്തിടുന്നവർ ഭാഗ്യമുള്ളോർ.”
അതുകേട്ടു മുല്ലയോ പൂത്തുലഞ്ഞാടുന്നു,
കാറ്റിലാ, ഗന്ധം പരക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here