നീയാണിന്നെന്നേകതോഴി
എങ്കിലും സഖീ നിന്നെതന്നെയാണല്ലോ
ഇന്നു ഞാനേറെ ഭയക്കുന്നതും വെറുക്കുന്നതും
ഒത്തിരി നാളായില്ലേ നീയെന്നൊപ്പം കൂടീട്ട്
മടുപ്പായി തുടങ്ങീയെനിക്ക്
തീരാസങ്കടങ്ങളിലലമുറയിട്ടു ഞാൻ
തീർന്നിടുമ്പോളതിനേകസാക്ഷി
നീമാത്രമതു ലോകതത്ത്വം
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ
ആയിരംപേരതു പഴമൊഴി
ഇന്നെൻ മനസ്സിൽ മധുരം നിറയുമ്പോളുമതു
പങ്കിട്ടെടുത്തു രസിപ്പാൻ നീയേ കൂട്ടുളളൂ
നിന്നെ ഞാനിഷ്ടപ്പെട്ടേനെ
ഞാനൊരു കവിയായിരുന്നെങ്കിൽ
ഒരു ചിത്രകാരനായിരുന്നങ്കിൽ
ഞാനിതൊന്നുമല്ലല്ലോ
മടുപ്പിച്ചു ചേർന്നുനില്ക്കും നിന്നെ
എന്നിൽ നിന്നും പറിച്ചെറിയുവാൻ,
നാളേറെയായി പദസ്പർശമറിയാത്തയീ
വഴികളെ നിബിഡമായി കാണുവാൻ,
ഈ പൂക്കാമരം പൂത്തൊന്നു കാണുവാൻ,
പൊട്ടിയടർന്നയെൻ തന്ത്രികളെ
പിന്നെയും തൊട്ടുണർത്തി നോക്കി
കരിഞ്ഞു തുടങ്ങിയ പൂക്കൾക്കു
പുനർജനിയേകി നോക്കി
തനിച്ചല്ലെന്നോടുതന്നോതുവാൻ
ആരെയൊക്കെയോ ചേർത്തു നിർത്തുവാൻ
ഞാനെന്നെ തന്നെ മറന്നുനോക്കി
ആവുന്നതൊക്കെ ചെയ്തു നോക്കി
എങ്കിലുമീതിക്കിലും തിരക്കിലും
ഞാനിന്നൊറ്റയ്ക്കാണ്
എന്തിനോയണിഞ്ഞയീ മൂടുപടമഴിച്ചാൽ
നിന്നിലേക്കേറെയലിയേണ്ടി വരും ഞാൻ
അതിനുമുമ്പേ നിന്നെയൊന്നു
കഷ്ടപ്പെട്ടിഷ്ടപ്പെടട്ടെ………….