പ്രണയം

ഒരു പ്രണയമുണ്ടെനിക്ക്, 

അത്രമേൽ പ്രണയിക്കുന്നൊരു പ്രണയം

അടുക്കളയ്ക്ക് പകരം ആകാശത്തേക്ക് നോക്കാൻ പഠിപ്പിച്ച 

ആണും പെണ്ണും അല്ല മനുഷ്യനാണ് എന്ന് പറയാൻ പഠിപ്പിച്ച,  

പൊന്നിന് പകരം സ്വപ്നങ്ങളണിയാൻ പഠിപ്പിച്ചൊരു പ്രണയം… 

എന്റെ രാത്രി യാത്രകളെ തടയാത്ത

 എവിടേക്ക് പോയെന്നു ചോദിക്കാത്ത

എന്റെ വസ്ത്രസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാത്ത

നോട്ടങ്ങൾ കൊണ്ട് ഭയപ്പെടുത്താത്ത,  

എന്റെ സൗഹൃദങ്ങളെ സംശയിച്ചിട്ടില്ലാത്ത

ഒരു പ്രണയം… 

ഉള്ളതൊക്കെ സമയം മാത്രമെന്നും, അസമയം എന്നൊന്നില്ലെന്നും 

 അതിരുകളില്ലെന്നും, അനന്തത മാത്രമെന്നും 

 എല്ലാം സഹിക്കേണ്ടതില്ലെന്നും, ചിലതൊക്കെ പൊട്ടിച്ചു കളയാമെന്നും കാട്ടിതന്നൊരു പ്രണയം… 

ചിറക് തളരുമ്പോൾ, തല ചുറ്റുമ്പോൾ,  

ചിന്തകൾ സ്വപ്നങ്ങൾക്കു വിലയിടുമ്പോൾ

മാത്രം ഞാൻ പരതുന്നൊരു പ്രണയം

എന്നെ ഞാനാക്കിയ, നിന്നെ നീയാക്കിയോരു പ്രണയം… 

സ്വപ്നങ്ങൾക്ക് പിറകെ ഊർജ്ജത്തോടെ വീണ്ടും എന്നെ പറക്കാൻ

ചിറകുകൾക്ക് മൂർച്ചകൂട്ടി തരുന്നൊരു 

പ്രണയം

ഞാൻ അത്രമേൽ പ്രണയിച്ച പ്രണയം… 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here